"നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽ നിന്ന് അവസാനം ഞാൻ മാത്രമായി അവശേഷിക്കാൻ പോകുകയാണ്, ഞാൻ മാത്രം...'
"ഭാർഗവീനിലയ'ത്തിലെ സാഹിത്യകാരന്റെ വാക്കുകൾ മലയാള പ്രേക്ഷക സമൂഹം ഏറ്റുവാങ്ങുകയായിരുന്നു. അതുവരെ മലയാള സിനിമയിൽ അത്തരമൊരു കഥാപാത്രം ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ഏറ്റവും പ്രഗത്ഭനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ആ സിനിമ മലയാളത്തിന്റെ അതുവരെയുള്ള തിരക്കാഴ്ചകളിൽ പുതുമയുള്ളതുമായിരുന്നു.
മലയാള സിനിമയിൽ പുതിയൊരു കാഴ്ചയ്ക്കു തുടക്കം കുറിച്ച "നീലക്കുയില്‍' നിര്‍മിച്ചുകൊണ്ടാണ് 1954ല്‍ ചന്ദ്രതാരയുടെ തുടക്കം. ആര്.എസ്. പ്രഭുവായിരുന്നു ചന്ദ്രതാരയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. "നീലക്കുയിലി'ന്റെ പത്താം വാർഷികത്തിൽ അതിനെക്കാൾ വ്യത്യസ്തവും നവീനവുമായ സിനിമ വേണം എന്ന താല്പര്യമാണ് വൈക്കം മുഹമ്മദ് ബഷീറിലേയ്ക്കെത്തിയത്. തിരക്കഥയെഴുതാൻ അദ്ദേഹത്തിന് രണ്ടു വ്യവസ്ഥകൾ: സംവിധായകനായി എ. വിൻസന്റ് വേണം എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. നായകനായ എഴുത്തുകാരന്റെ റോൾ മധുവിന് നൽകണമെന്നതാണ് അടുത്ത ഉപാധി. മധുവിനായുള്ള ബഷീറിന്റെ ഉപാധി ആർ.എസ്. പ്രഭുവിനെ ഉദ്ധരിച്ച് ഗാന നിരൂപകനും മാധ്യമ പ്രവർത്തകനുമായ രവി മേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രേം നസീറാണ് അക്കാലത്തെ മിനിമം ഗ്യാരണ്ടിയുള്ള നടൻ. നസീർ ഉണ്ടെങ്കിൽ പടത്തിന്റെ ബോക്സോഫീസ് വിജയ സാധ്യത മെച്ചപ്പെടുമെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടി. എങ്കിൽ, ഫ്ലാഷ് ബാക്കിൽ വരുന്ന കാമുകന്റെ വേഷം നസീറിനാവട്ടെ എന്നായി ബഷീർ. ബഷീറിന്റെ ആ വ്യവസ്ഥകൾ രണ്ടും മലയാളത്തിലെ നാഴികക്കല്ലായ സിനിമയ്ക്ക് നിമിത്തമാവുകയായിരുന്നു. "ഭാർഗവീനിലയ'ത്തിലെ സാഹിത്യകാരന്റെ ഉടലാർന്ന രൂപമായി മധു ജീവിക്കുകയായിരുന്നു... ചിത്രത്തിന്റെ ആദ്യപകുതി മുഴുവന്‍ മധുവും അദൃശ്യയായ പ്രേതവും തമ്മിലുള്ള സംഭാഷണങ്ങളായിട്ടു പോലും പ്രേക്ഷകര്‍ക്ക് അത് അരോചകമായില്ലെന്നു മാത്രമല്ല, "പൂത്തിരിക്കൊച്ചമ്മേ' പൊലുള്ള പ്രയോഗങ്ങളും സംഭാഷണങ്ങളും ആസ്വാദകർ ഏറ്റെടുക്കുകയും ചെയ്തു.
നസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് മധു വ്യത്യസ്തമായ വേഷങ്ങളിലൂടെ, സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയത്. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം തിരയിൽ നിറഞ്ഞാടിയപ്പോഴും നടനപ്പുറം താരമാകാൻ ഒരിക്കലും ശ്രമിച്ചതേയില്ല.
മലയാള ചലച്ചിത്ര രംഗത്തേക്ക് മധു കടന്ന് വന്നത് 1962ലാണ്. ആദ്യ ചിത്രം രാമു കാര്യാട്ടിന്റെ "മൂടുപടം' ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത "നിണമണിഞ്ഞ കാല്പാടുകൾ'. ഈ ചിത്രത്തിൽ നായകൻ പ്രേം നസീർ ആയിരുന്നെങ്കിലും അഭിനയ മികവിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സത്യനു വേണ്ടി മാറ്റി വച്ച വേഷത്തിലേക്ക് അദ്ദേഹത്തിന്റെ സമയക്കുറവു മൂലം മധുവിന് നറുക്കുവീഴുകയായിരുന്നു.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി മാധവൻ നായർ എന്ന മധു 1933 സെപ്റ്റംബർ 23ന് ജനിച്ചു. കുന്നുകുളം എൽപി സ്കൂൾ, എസ്എംവി സ്കൂൾ, പേട്ട മിഡിൽ സ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എംജി കോളെജിൽ നിന്നും പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ഹിന്ദിയിൽ ബിരുദവും നേടി. വിദ്യാർഥിയായിരിക്കെ നാടക രംഗത്ത് സജീവമായി പ്രവർത്തിച്ചു. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദ്ദേഹം നാഗർകോവിൽ സ്കോട് ക്രിസ്റ്റ്യൻ കോളെജിൽ അധ്യാപകനായി.
1959ൽ അധ്യാപക ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു അദ്ദേഹം. ആ പഠന കാലത്താണ് രാമു കര്യാട്ടുമായി അടുപ്പത്തിലായത്. അതോടെ, മൂടുപടത്തിലേക്ക് വഴിതുറന്നു. ക്വാജ അഹ്മദ് അബ്ബാസ് 1969ൽ ഒരുക്കിയ "സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും പ്രവേശിച്ചു. ബോളിവുഡിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമായിരുന്നു അത്.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന "ചെമ്മീനാ'ണ് മധുവിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായത്. കറുത്തമ്മയെന്ന പ്രണയിനിക്കായി "കടാപ്പുറത്ത് ' പാടിനടക്കുന്ന കാമുകനെ തലമുറ വ്യത്യാസം കൂടാതെ മലയാള പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. "ഭാർഗവീനിലയ'ത്തിന് പുറമെ "മുറപ്പെണ്ണ് ', "ഓളവും തീരവും', "ഉമ്മാച്ചു', "അശ്വമേഥം', "തുലാഭാരം' തുടങ്ങി സാഹിത്യ സൃഷ്ടികളിലൂടെ മലയാളി അറിഞ്ഞ കഥാപാത്രങ്ങൾ മധുവിന്റെ കൈയിൽ പൂർണമായും സുരക്ഷിതമായി. അടൂർ ഗോപാലകൃഷ്ണന്റെ "സ്വയംവരം' ഈ നടന്റെ മറ്റൊരു മുഖമാണ് കാട്ടിത്തന്നത്. താരജാടയോട് എല്ലാ കാലത്തും മുഖം തിരിച്ചുനിന്ന അദ്ദേഹം സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങിയ വേഷങ്ങളിലും തിളങ്ങി.
മലയാള സിനിമയെ ചെന്നൈയിൽ നിന്നും കേരളത്തിലേക്കു പറിച്ചു നടുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. അതിന്റെ പേരിൽ വലിയ വേട്ടയാടലുകൾക്ക് വിധേയനായി. അവിടത്തെ ഒരു തൊഴിലാളിയെ കാണാതായതിന്റെ പേരിലായിരുന്നു അത്. കൊല ചെയ്യപ്പെട്ടു എന്ന് പ്രചരിപ്പിച്ച ആ തൊഴിലാളിയെ കൊല്ലങ്ങൾക്കു ശേഷം ജീവനോടെ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു.
സി. രാധാകൃഷ്ണന്റെ "തേവിടിശ്ശി' എന്ന നോവലിന്റെ ചലച്ചിത്രരൂപമായ പ്രിയയുടെ സംവിധായകനായാണ് മധു ക്യാമറയ്ക്കു പിന്നിൽ അരങ്ങേറുന്നത്. സംവിധായകന് ഏത് വേഷവും ചെയ്യാമെന്നിരിക്കേ അതിൽ വില്ലൻ വേഷം ചെയ്ത് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. തുടർന്ന് മലയാള സിനിമയിലെ ലക്ഷണമൊത്ത ആദ്യത്തെ ആനക്കഥയെന്ന് വിളിക്കാവുന്ന "സിന്ദൂരച്ചെപ്പ് ', ഒഎൻവിയുടെ കാവ്യത്തെ ആസ്പദമാക്കി "നീലക്കണ്ണുകൾ', നർമത്തിന്റെ മേമ്പൊടിയിൽ "മാന്യശ്രീ വിശ്വാമിത്രൻ' എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങൾ സംവിധാനം ചെയ്തതിൽ പലതും ഹിറ്റുകളുമായി. മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമം ക്രോധം മോഹം തുടങ്ങിയ സാഹിത്യസൃഷ്ടികളും സിനിമയാക്കിയപ്പോൾ തിരക്കഥയിൽ വലിയ പങ്ക് വഹിച്ചെങ്കിലും രചനയുടെ ക്രെഡിറ്റ് പൂർണമായും എഴുത്തുകാർക്ക് വിട്ടുനൽകുകയായിരുന്നു.
സംവിധാനത്തിൽ നിന്ന് 1977നു ശേഷം ഇടവേളയെടുത്ത മധു നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പി. ചന്ദ്രകുമാറുമൊത്ത് ഒരുപിടി ചിത്രങ്ങൾ. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലൊരുങ്ങിയ "വൈകി വന്ന വസന്ത'വും പി.എൻ. മേനോന്റെ "അർച്ചന ടീച്ചറും' എം. കൃഷ്ണൻ നായരുടെ "ഗൃഹലക്ഷ്മി'യും നിർമിച്ചു. ഇതിൽ അർച്ചന ടീച്ചർ തന്നെ സഹായിക്കാനായി മധു എടുത്തതാണെന്ന് പി.എൻ. മേനോൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി. "ഒരു യുഗസന്ധ്യ' എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. "രമണനി'ൽ 3 ഗാനങ്ങൾ ആലപിച്ച ഗായകനുമായി. ഇരുപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. 2004ൽ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ജെ.സി. ഡാനിയൽ അവാർഡ് നേടിയ മധുവിനെ 2013ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
മലയാള സിനിമയുടെ തലയെടുപ്പാണ് മധു. എന്നും മണ്ണിൽ നിലയുറപ്പിച്ചിട്ടുള്ള നടൻ. ഈ 23ന് 90 തികയുമ്പോഴും നടനത്തിന്റെ വസന്തകാലമാവാൻ സന്നദ്ധമാണെന്ന് അദ്ദേഹം പറയുന്നു. പക്ഷെ, അപ്പനായും അപ്പൂപ്പനായും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വേഷങ്ങൾക്ക് ഇനിയില്ല. വെല്ലുവിളിയുള്ള വേഷങ്ങൾ കൊണ്ടുവരൂ എന്നാണ് നടന്റെ ആവശ്യം. പ്രേക്ഷകർ ഇനിയും ഈ നടനവിസ്മയത്തിന്റെ മികച്ച വേഷങ്ങൾക്ക് കാത്തിരിക്കുന്നു. മലയാള സിനിമയുടെ ഈ അഭിമാനത്തിന് നവതി പ്രണാമം.