'ചരിത്രപരമായ' ബജറ്റിൽ കണ്ണുംനട്ട് 
Special Story

'ചരിത്രപരമായ' ബജറ്റിൽ കണ്ണുംനട്ട്

ഈ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല സീതാരാമൻ ഒരു ചരിത്രം കുറിക്കും

നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്‍റെ ആദ്യ ബജറ്റ് അടുത്ത മാസമാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിക്കുന്നത്. അതു ചരിത്രപരമായിരിക്കുമെന്നാണ് പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചത്. സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങൾ ബജറ്റിൽ കാണാനാവുമെന്ന് രാഷ്‌ട്രപതി അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കു വേഗം കൂട്ടുന്നതാവും ബജറ്റ് എന്നാണ് ഇതിൽ നിന്ന് ഊഹിക്കാൻ കഴിയുന്നത്. രാഷ്‌ട്രപതിയുടെ മുൻകൂർ പ്രഖ്യാപനം കൊണ്ടുതന്നെ ഈ ബജറ്റിൽ എന്തു വിപ്ലവമാണു ധനമന്ത്രി കരുതിവച്ചിരിക്കുന്നതെന്ന ആകാംക്ഷ ഉയർന്നിട്ടുണ്ട്.

എന്തായാലും ഈ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല സീതാരാമൻ ഒരു ചരിത്രം കുറിക്കും. തുടർച്ചയായി ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്നതാണത്. മൊറാർജി ദേശായി ആറു ബജറ്റുകൾ അവതരിപ്പിച്ചു നേടിയ ചരിത്രത്തിനൊപ്പമാണ് ഇപ്പോൾ നിർമല സീതാരാമനുള്ളത്. മോദിയുടെ മൂന്നു സർക്കാരിലും മന്ത്രിയായിട്ടുള്ള നിർമല 2014 മുതൽ 2017 വരെ ധനകാര്യം, കോർപ്പറേറ്റ് കാര്യം, വാണിജ്യകാര്യം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. 2017 മുതൽ 2019 വരെ പ്രതിരോധ മന്ത്രി. അതിനു ശേഷം ധനമന്ത്രി. ഈ രണ്ടു വകുപ്പുകളിലും രാജ്യത്ത് മുഴുവൻ സമയ മന്ത്രിയാകുന്ന ആദ്യത്തെ വനിതയാണു നിർമല. പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഇന്ദിര ഗാന്ധി ഈ വകുപ്പുകളുടെ ചുമതലയും വഹിച്ച സമയമുണ്ടായിട്ടുണ്ട്. നൂറ്റാണ്ടിന്‍റെ മഹാമാരിയായ കൊവിഡ് ലോകത്തെ രോഗശയ്യയിലാക്കിയ കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്ത്രി എന്നതും എടുത്തുപറയേണ്ടതാണ്.

അടുത്ത അഞ്ചു വർഷത്തെ സർക്കാരിന്‍റെ സാമ്പത്തിക മുൻഗണനാ വിഷയങ്ങൾ പുതിയ ബജറ്റിൽ ധനമന്ത്രി വ്യക്തമായി അവതരിപ്പിക്കുമെന്നാണു ധരിക്കേണ്ടത്. അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കു കൂടുതൽ പ്രാധാന്യം നൽകിയുള്ളതാണ് മോദി സർക്കാരിന്‍റെ സാമ്പത്തിക നയം. അതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നു തന്നെ കരുതണം. യുവാക്കളുടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതാണ് സർക്കാരിനു മുന്നിലുള്ള വെല്ലുവിളി. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനു സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകേണ്ടതുണ്ട്. സർക്കാർ ജോലികളിലെ ഒഴിവുകൾ എത്രയും വേഗം നികത്തുകയെന്നതും പ്രധാനമാണ്. നൈപുണ്യ വികസനത്തിന് കൂടുതൽ ഫണ്ട് നീക്കിവയ്ക്കണമെന്ന ആവശ്യം തൊഴിൽ- വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഉയരുന്നുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളോടുള്ള പ്രിയം കൂടിവരുകയാണ്. രാജ്യത്തെ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തുകയെന്ന വെല്ലുവിളി അതിനാൽ തന്നെ സർക്കാരിന്‍റെ മുന്നിലുണ്ട്. ദേശീയ പരീക്ഷകളിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ ലക്ഷക്കണക്കിനു വിദ്യാർഥികളെ ഞെട്ടിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യുന്നതാണ്. പരീക്ഷകൾക്ക് കുറ്റമറ്റ സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്.

ഏതു ബജറ്റിലും സ്ഥിരമായി ഉയരുന്ന ആവശ്യമാണ് ആദായ നികുതിയിലെ ഇളവുകൾ. ഇത്തവണയും ഇതേ ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ശമ്പള വിഭാഗക്കാർക്ക് നികുതിയിൽ ആശ്വാസം അനുവദിക്കുന്നത് സർക്കാരിന്‍റെ ജനപ്രീതി വർധിപ്പിക്കാൻ ഉതകുമെന്നാണു പൊതുവിലുള്ള വിശ്വാസം. ആദായ നികുതി റിബേറ്റ് വർധിപ്പിക്കുക, പഴയ പെൻഷൻ സ്കീം (ഒപിഎസ്) തിരിച്ചുകൊണ്ടുവരുക, എട്ടാം ശമ്പള കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ശമ്പളവിഭാഗക്കാരുടെ പക്ഷത്തുനിന്നുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പുതിയ പെൻഷൻ സമ്പ്രദായം (എന്‍പിഎസ്) 2004 ജനുവരിയിലാണു കൊണ്ടുവന്നത്. പഴയതിലേക്കു തിരിച്ചുപോകണമെന്ന ആവശ്യം അന്നു മുതൽ ഉയരുന്നതാണ്. രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പഴയ പെൻഷൻ സംവിധാനം തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

സാധാരണ നിലയിൽ പുതിയ ശമ്പളക്കമ്മിഷന്‍റെ ശുപാർശകൾ പത്തുവർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ നടപ്പാക്കാറുള്ളത്. കഴിഞ്ഞ ശമ്പളക്കമ്മിഷൻ രൂപവത്കരിച്ചത് 2014ലാണ്. 2016 ജനുവരിയിൽ അതിന്‍റെ ശുപാർശകൾ നടപ്പാക്കി. ഇപ്പോൾ പുതിയ കമ്മിഷനെ നിയോഗിച്ചാൽ 2026ൽ അതിന്‍റെ നിർദേശങ്ങൾ നടപ്പാക്കാനാവും. ആദായ നികുതി ഒഴിവുപരിധി ഉയർത്തുക, സ്ലാബുകൾ ആശ്വാസകരമായ രീതിയിൽ മാറ്റുക തുടങ്ങിയ കാര്യങ്ങളിൽ എന്തെങ്കിലും നീക്കം ധനമന്ത്രിയിൽ നിന്നുണ്ടാവുമോയെന്നു വ്യക്തമല്ല. ഉപഭോഗം വർധിപ്പിക്കുന്നതിന് വ്യക്തിഗത നികുതിയിൽ ഇളവു വേണമെന്ന വാദം സാമ്പത്തിക വിദഗ്ധരും വിവിധ വ്യവസായ സംഘടനകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. എത്ര കുറച്ചു നികുതി പിടിക്കുന്നോ അത്രയും കൂടുതൽ പണം പലവിധ സാധനങ്ങൾ വാങ്ങുന്നതിനായി വിപണിയിലെത്തും. വാങ്ങൽ ആവശ്യം വർധിക്കുന്നത് സാമ്പത്തിക വ്യവസ്ഥയുടെ മൊത്തം പുരോഗതിക്കു വഴി തുറക്കുകയും ചെയ്യും. രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ 2023-24ൽ 8.2 ശതമാനം വളർച്ച കാണിച്ചിട്ടുണ്ടെങ്കിലും ഉപഭോഗം അതിനൊത്തുള്ള വളർച്ച കാണിക്കുന്നില്ല.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ പ്രതിഫലം നൽകണമെന്ന നിർദേശം കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി മുന്നോട്ടുവയ്ക്കുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുകയെന്ന നിർദേശം വിവിധ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഒരു തിരിച്ചുപോക്ക് ഉണ്ടാവുമെന്നു കരുതാനാവില്ല. കർഷകരെ സഹായിക്കുന്നതിനായി കാർഷിക വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കണമെന്ന നിർദേശവും ധനമന്ത്രിക്കു മുന്നിലെത്തിയിട്ടുള്ളതാണ്. രാജ്യത്ത് ആദ്യമായി വെൽത്ത് ടാക്സ് അവതരിപ്പിച്ച ടി.ടി. കൃഷ്ണമാചാരിയുടെ 1957-58ലെ ബജറ്റ്, സാമ്പത്തിക പരിഷ്കാരങ്ങളുടെ കെട്ടഴിച്ച മൻമോഹൻ സിങ്ങിന്‍റെ 1991-92ലെ ബജറ്റ്, ആദായ നികുതിയും കോർപ്പറേറ്റ് നികുതിയും വെട്ടിക്കുറച്ച ചിദംബരത്തിന്‍റെ 1997-98ലെ സ്വപ്ന ബജറ്റ്, ഐടി മേഖലയിൽ വിപ്ലവത്തിനു വഴിതെളിച്ച യശ്വന്ത് സിൻഹയുടെ 2000-01ലെ ബജറ്റ്, റെയ്‌ൽവേ ബജറ്റ് കേന്ദ്ര ബജറ്റിന്‍റെ ഭാഗമാക്കിയ അരുൺ ജയ്‌റ്റ്ലിയുടെ 2017-18ലെ ബജറ്റ് എന്നിങ്ങനെ ചരിത്രം കുറിച്ച ബജറ്റുകൾ പലതുണ്ട് രാജ്യത്ത്. അതിലേക്കു കൂട്ടിച്ചേർക്കാൻ നിർമല എന്താണു കൊണ്ടുവരുന്നതെന്ന് കണ്ടുതന്നെ അറിയാം.

വരും വർഷങ്ങളിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ വേഗം കൂട്ടുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. വികസിത രാഷ്‌ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പരിഷ്കാരങ്ങൾക്കു പ്രധാന പങ്കുണ്ട്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇനിയും ആവശ്യമാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2021 മുതൽ 2024 വരെ ശരാശരി 8 ശതമാനം വളർച്ച സാമ്പത്തിക വ്യവസ്ഥ കാണിക്കുന്നുണ്ട്. ആഗോള വളർച്ചയുടെ 15 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നാണ് രാഷ്‌ട്രപതി ചൂണ്ടിക്കാണിച്ചത്. ഇപ്പോൾ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയായി രാജ്യത്തെ മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഈ ലക്ഷ്യം നടപ്പായാൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കും അതിവേഗം എത്താനാവും. കഴിഞ്ഞ പത്തുവർഷക്കാലവും സ്ഥിരതയുള്ള സർക്കാരുണ്ടായത് സാമ്പത്തിക മേഖലയുടെ കരുത്തു വർധിപ്പിച്ചുവെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. ഇക്കുറി ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ഇല്ലെങ്കിലും എന്‍ഡിഎ സർക്കാരിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്നാണ് ഭരണപക്ഷത്തിന്‍റെ ശുഭപ്രതീക്ഷ. സാമ്പത്തിക മേഖലയിലെ ധീരമായ നടപടികൾ തടയാൻ എൻഡിഎ സഖ്യകക്ഷികൾ ഒരുങ്ങില്ല എന്നു തന്നെയാണു കരുതേണ്ടതും.

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം