ചരിത്രത്തിന്‍റെ അമൂല്യ നിധിശേഖരം; പുതുവഴി തേടുന്ന പഴയ പുസ്തകങ്ങൾ 
Special Story

ചരിത്രത്തിന്‍റെ നിധിശേഖരം; പുതുവഴി തേടുന്ന പഴയ പാഠപുസ്തകങ്ങൾ

പഴയകാല സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുക എന്ന ഭഗീരഥ പ്രയത്നമാണ് വിക്കിഗ്രന്ഥശാല ഏറ്റെടുത്തിരിക്കുന്നത്. രണ്ടു മാസം നീളുന്ന ദൗത്യത്തിലൂടെ ചരിത്രത്തെ വർത്തമാനത്തിൽ അടയാളപ്പെടുത്താമെന്ന് പ്രതീക്ഷ

അജയൻ

സ്കൂളിൽ പോയിരുന്ന കാലത്ത് ഭാരമായി തോന്നിയ പാഠപുസ്തകങ്ങൾ പോലും വർഷങ്ങൾക്കിപ്പുറം ഗൃഹാതുര ഗന്ധം പേറുന്ന സ്മൃതിപേടകങ്ങളായി മാറാറുണ്ട്. ആ പഴയ പേടിസ്വപ്നങ്ങൾ യഥാർഥത്തിൽ വിജ്ഞാനത്തിന്‍റെ നിധി ശേഖരങ്ങളായിരുന്നു എന്ന തിരിച്ചറിവിന് ചിലപ്പോൾ പതിറ്റാണ്ടുകൾ വേണ്ടി വന്നേക്കും. ക്ലാസിക് സ്വഭാവമുള്ള അത്തരം ചില പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുക എന്ന ദൗത്യം ഏറ്റെയുത്തിരിക്കുകയാണ് വിക്കിഗ്രന്ഥശാല.പള്ളിക്കൂടം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇവ സൗജന്യമായി ഓൺലൈനിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ തലമുറയ്ക്ക് 'പഴമക്കാരുടെ' കാലാതിവർത്തിയായ വിജ്ഞാനശേഖരം ആധുനിക രൂപത്തിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

നവംബർ ഒന്നിനു തുടക്കം കുറിച്ച പദ്ധതി രണ്ട് മാസം കൊണ്ടു പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇവയുടെ സ്കാൻ ചെയ്ത രൂപം മാത്രമല്ല, ട്രാൻസ്ക്രൈബ് ചെയ്ത് അക്ഷരരൂപത്തിലും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഡിജിറ്റൈസേഷനോടുള്ള അഭിനിവേശം കൊണ്ട് ഈ ഉദ്യമത്തിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് എസ്. അഖിൽ കൃഷ്ണൻ എന്ന ഐടി എൻജിനീയറാണ്. വിദ്യാഭ്യാസ പൈതൃകത്തെ ഡിജിറ്റൽ ശേഖരത്തിൽ നാശമില്ലാതെ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.

എസ്. അഖിൽ കൃഷ്ണൻ, ടോണി ആന്‍റണി

നൂറ്റാണ്ട് പഴക്കമുള്ള പാഠപുസ്തകങ്ങൾ പോലും ഉൾപ്പെടുന്ന അപൂർവ ശേഖരത്തിന് ഉടമയായ മുൻ പ്രിൻസിപ്പൽ ടോണി ആന്‍റണിയും പള്ളിക്കൂടം പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. കൊവിഡ്-19 മഹാമാരിക്കാലമാണ് ഈ ദൗത്യത്തിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം മെട്രൊ വാർത്തയോടു പറഞ്ഞു. ഷിജു അലക്സ് തുടങ്ങിവച്ച ഗ്രന്ഥപ്പുരയുമായി നേരത്തെ തന്നെ സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ നിന്നുള്ള ചില നാലാം ക്ലാസ് പാഠപുസ്തകങ്ങൾ അമ്പരപ്പിക്കും വിധം 'ആധുനിക'മാണെന്ന് ടോണി ആന്‍റണി സാക്ഷ്യപ്പെടുത്തുന്നു. അവയുടെ ഉള്ളടക്കം ഇന്നത്തെ പ്ലസ് 1, പ്ലസ് 2 പാഠപുസ്തകങ്ങളുമായി കിടപിടിക്കുന്നതത്രെ!

അതേസമയം, അമിതമായ ഭാരം വിദ്യാർഥികൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ അനാവശ്യമാണെന്നും, അധ്യാപക പരിശീലകൻ എന്ന നിലയിലുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കേരളത്തിലെ സാക്ഷരതാ നിരക്ക് 1920കളിൽ 15 ശതമാനമായിരുന്നത് ഇപ്പോൾ 100 ശതമാനത്തിനടുത്തേക്ക് വളർന്നിട്ടുണ്ട്. എന്നാൽ, ഭാഷയിലും സാഹിത്യത്തിലും ആഴത്തിൽ താത്പര്യമുള്ളവർ ഇപ്പോഴും പഴയ 15 ശതമാനത്തിൽ തന്നെ നിൽക്കുകയാണെന്നും ടോണി ആന്‍റണി. എങ്കിലും എഴുതാനും വായിക്കാനുമുള്ള അടിസ്ഥാന ശേഷി എല്ലാവരും ആർജിച്ചിരിക്കുന്നത് എന്നത് ഹൃദയാവർജകം തന്നെ.

പാഠപുസ്തകങ്ങൾ ഡിജറ്റൈസ് ചെയ്യാനുള്ള ശ്രമം തുടങ്ങിവച്ചത് ഷിജു അലക്സ് തന്നെയായിരുന്നു എന്ന് അഖിൽ കൃഷ്ണൻ. അവ സ്കാൻ ചെയ്ത് PDF രൂപത്തിൽ ഗ്രന്ഥപ്പുരയിലൂടെ പങ്കുവയ്ക്കുകയാണ് ചെയ്തത്. ഇതിൽനിന്ന് ഒരു പടി കൂടി കടന്ന്, ഒപ്റ്റിക്കൽ കാരക്റ്റർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യ ഉപയോഗിച്ച് പിഡിഎഫിൽ നിന്ന് അക്ഷരങ്ങൾ തന്നെ ഒപ്പിയെടുക്കുന്ന രീതിയാണ് വിക്കിഗ്രന്ഥശാലയിൽ ചെയ്യുന്നത്. ഈ ടെക്സ്റ്റ് എഡിറ്റ് ചെയ്യാനും സെർച്ച് ചെയ്യാനുമെല്ലാം സാധിക്കും. പുസ്തകങ്ങളുടെ ഡിജിറ്റൽ രൂപം കൂടുതൽ ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇതൊരു തുടക്കം മാത്രമാണ്. പൊതുജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും അടിസ്ഥാനമാക്കി കൂടുതൽ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതു പരിഗണിക്കും. ആദ്യ ഘട്ടത്തിൽ രണ്ടു മാസം കൊണ്ട് 15-20 പാഠപുസ്തകങ്ങൾ മാത്രമായിരിക്കും വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കുക. പകർപ്പവകാശ കാലാവധി പിന്നിട്ട മലയാളം കൃതികളുടെ അമൂല്യ ശേഖരമാണ് വിക്കിഗ്രന്ഥശാല.

വിഭവസമൃദ്ധമായ ചരിത്രമെന്നാണ് പഴയ പാഠപുസ്തകങ്ങളെ അഖിൽ വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, 1878ലെ തിരുവിതാംകൂറിന്‍റെ ഭൂമിശാസ്ത്ര പാഠപുസ്തകത്തിൽ ചില പുഴകളുടെ ഉദ്ഭവ സ്ഥാനങ്ങളായി ചൂണ്ടിക്കാണിക്കുന്ന ചില കൊടുംകാടുകളുണ്ട്. ഇവയിൽ പലതും ഇന്ന് തോട്ടം മേഖലകളാണ്. അച്ചൻകോവിലാറിന് 'കുളക്കടയാർ' എന്ന പേരാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മേഖലകളുടെ പൈതൃകത്തിലും ഭൂമിശാസ്ത്രത്തിലും വന്ന മാറ്റങ്ങളുടെ പ്രതിഫലനം ഇതിലൊക്കെ നിഴലിക്കുന്നു.

നൂറ്റാണ്ട് പഴക്കമുള്ള തിരുവിതാംകൂർ അറ്റ്ലസിൽ ആ കാലഘട്ടത്തിന്‍റെ സാമ്പത്തിക മുൻഗണനകൾ വ്യക്തമാണ്. മേഖലയിലെ ചരിത്രപരമായ വ്യാപാരത്തിന്‍റെ കൗതുകകരമായ വിശദാംശങ്ങൾ ഇതിലുണ്ട്. തേയില ആയിരുന്നു ഒരുകാലത്ത് ഇവിടെനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തിരുന്നതെന്നു കാണാം. ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തിരുന്നത് നെല്ലും!

1963ലെ സംഗീത പുസ്തകം ഇന്നും കർണാടക സംഗീത പഠിതാക്കൾക്കും ഗായകർക്കും ഒരുപോലെ അമൂല്യവും ആധികാരികവുമായ വിവരങ്ങൾ നൽകാൻ പോന്നതാണ്. കഥകളിയെക്കുറിച്ചുള്ള ഒരു പുസ്തകം ഈ കലാരൂപത്തെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ്. ഇപ്പോഴും അതൊരു മികച്ച റഫറൻസ് ഗ്രന്ഥമായി തുടരുകയും ചെയ്യുന്നു. കൃഷിക്കു മാത്രമായുമുണ്ടായിരുന്നു ഒരു പാഠപുസ്തകം. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പ്രായോഗിക വിജ്ഞാനത്തെ എങ്ങനെ പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിരുന്നു എന്ന് ഇതിൽനിന്നു വ്യക്തമാണ്.

1952ലെ ഗണിതശാസ്ത്ര പുസ്തകത്തിൽ വിവിധ സംജ്ഞകൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഭാഷാശൈലി തന്നെ അനുപമമാണ്. പരമാവധിക്ക് മഹിസ്തം, പോളിനോമിയലിന് കൃതിപടം, പെർമ്യൂട്ടേഷന് പ്രസ്താരവം എന്നിങ്ങനെ പോകുന്ന പ്രയോഗങ്ങൾ.

2018ലെ മഹാപ്രളയത്തിൽ ഇത്തരത്തിലുള്ള വിജ്ഞാനത്തിന്‍റെ അപൂർവശേഖരങ്ങൾ പലതും എന്നേയ്ക്കുമായി നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു നഷ്ടം ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഡിജിറ്റൈസേഷൻ പദ്ധതിക്ക്. കാരണം, ഈ പഴയ പുസ്തകത്താളുകളിൽ നിറം മങ്ങിയും മങ്ങാതെയും കിടക്കുന്നത് ഈ നാടിന്‍റെ ചരിത്രം തന്നെയാണ്.

''നമ്മൾ ഇന്ന് എത്തിനിൽക്കുന്നിടത്തേക്ക് നമ്മളെ നയിച്ച ഭൂതകാലത്തിന്‍റെ പ്രതിധ്വനികളും വിശ്വാസങ്ങളും മൂല്യങ്ങളും പാഠങ്ങളും ശരിതെറ്റുകളുമെല്ലാമാണ് ഈ പഴയ പാഠപുസ്തകങ്ങളിലുള്ളത്'', അഖിൽ പറഞ്ഞുനിർത്തുന്നു.

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും ബിജെപി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിവസത്തെ ശമ്പളവിഹിതം നോര്‍ക്ക നല്‍കും

രാമേശ്വരത്ത് മേഘവിസ്ഫോടനം; മഴയിൽ മുങ്ങി തമിഴ്നാട്

തെലുങ്കർക്കെതിരായ വിദ്വേഷ പരാമർശം; നടി കസ്തൂരിക്ക് ജാമ്യം

വാട്സാപ്പ് ഗ്രൂപ്പ് മതസ്പർധ വളർത്താൻ കാരണമായി; ഗോപാലകൃഷ്ണനെതിരേ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം