Special Story

കാംപസ് ഷോ: എവിടെയോ എന്തോ തകരാറ് പോലെ...

കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ 100% വിജയം സംഘടനയ്ക്കു കിട്ടിയ മഹത്തായ അംഗീകാരമാണെന്ന് ചില പാർട്ടി നേതാക്കൾ പറയുമ്പോൾ, പൊതുജനങ്ങൾക്ക് അത് അത്രവേഗം ദഹിക്കില്ലെന്നു കൂടി ഓർക്കണം

അജയൻ

''കാംപസിലെ മുഴുവൻ വിദ്യാർഥികളും എസ്എഫ്ഐയിൽ ചേർന്നാൽ, എവിടെയോ എന്തോ തകരാറുണ്ടെന്നു വേണം മനസിലാക്കാൻ.''

തൊണ്ണൂറുകളിൽ എസ്എഫ്ഐ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ സിപിഎം സൈദ്ധാന്തികനും ചിന്തകനുമായിരുന്ന എം.എൻ. വിജയൻ പറഞ്ഞ പ്രവചനാത്മകമായ വാക്കുകളാണിത്. ആരോപണങ്ങളുടെ പെരുമഴയിൽ സ്റ്റുഡന്‍റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും അതിന്‍റെ മാതൃസംഘടനയായ സിപിഎമ്മിന്‍റെയും സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്‍റെയും പ്രകടനം മോശമാകുമ്പോൾ മൂന്നു കൂട്ടർക്കും കാര്യങ്ങൾ അത്ര പന്തിയല്ലെന്നു വേണം മനസിലാക്കാൻ. മുകൾത്തട്ടിലിരിക്കുന്ന ചിലരൊക്കെ എം.എൻ. വിജയന്‍റെ പൂർവ വിദ്യാർഥികളുമാണെന്നത് വിരോധാഭാസം.

''കാംപസിലെ മുഴുവൻ വിദ്യാർഥികളും എസ്എഫ്ഐയിൽ ചേർന്നാൽ, എവിടെയോ എന്തോ തകരാറുണ്ടെന്നു വേണം മനസിലാക്കാൻ.''
എം.എൻ. വിജയൻ

ആരോപണങ്ങൾ അപ്പാടെ വിസ്മരിച്ചുകൊണ്ട്, കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ നൂറു ശതമാനം വിജയം സംഘടനയ്ക്കു കിട്ടിയ മഹത്തായ അംഗീകാരമാണെന്ന് ചില പാർട്ടി നേതാക്കൾ വീമ്പ് പറയുമ്പോൾ, പൊതുജനങ്ങൾക്ക് അത് അത്രവേഗം ദഹിക്കില്ലെന്നു കൂടി ഓർക്കേണ്ടതുണ്ട്.

2019ൽ രണ്ട് എസ്എഫ്ഐ നേതാക്കൾ പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ 'ഹൈ-ടെക്' തട്ടിപ്പ് നടത്തിയതിനു പിടിക്കപ്പെട്ടതോടെ തുടങ്ങിയതാണ് ഇന്നും തുടരുന്ന ആരോപണങ്ങളുടെ പരമ്പര. അന്നു പിടിക്കപ്പെട്ടവരിലൊരാൾ കോളെജ് കാംപസിൽ വച്ച് സ്വന്തം പാർട്ടിക്കാരനെ കുത്തിയ കേസിൽ പ്രതിയുമായിരുന്നു!

എസ്എഫ്ഐയെയും പാർട്ടിയെയും സമ്പൂർണ പ്രതിരോധത്തിലാക്കുന്നവയാണ് ഏറ്റവും ഒടുവിലത്തെ ആരോപണങ്ങൾ. കാട്ടാക്കട കോളെജിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത എസ്എഫ്ഐ നേതാവിന്‍റെ പേര് ജയിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടു; യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്ത്. സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനയുടെ ചെയർമാൻ സ്ഥാനാർഥി കൂടിയായിരുന്നത്രെ ടിയാൻ! 39 വിദ്യാർഥികളെ സർവകലാശാ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കിയെന്നത് ഒഴികെ ആ കേസ് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

സംഘടനയുടെ പ്രതിസന്ധി അവിടെ അവസാനിച്ചില്ല. എസ്എഫ്ഐയുടെ മുൻ പ്രവർത്തക വ്യാജ രേഖ കേസിൽ രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ ശേഷം അറസ്റ്റിലായി. മഹാരാജാസ് കോളെജിൽ പഠിപ്പിച്ചിരുന്നു എന്നതിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തയാറാക്കി രണ്ടു കോളെജുകളിൽ ഗസ്റ്റ് ലക്ചററർ ഉദ്യോഗത്തിനു ശ്രമിച്ചെന്നാണ് കേസ്. ഇപ്പോൾ സംഘടനയിൽ അംഗമല്ലെന്നു പറഞ്ഞ് എസ്എഫ്ഐയും പാർട്ടിയും കൈകഴുകി.

സംസ്കൃത സർവകലാശാലയിൽ അവർ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണ ചട്ടങ്ങൾ ലംഘിച്ചാണെന്നും ആരോപണമുയർന്നു. തന്‍റെ 'മുൻ' പാർട്ടി പറയുന്നതുപോലെ, പ്രതിച്ഛായ നശിപ്പിക്കാൻ കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നും, താൻ വ്യാജരേഖ ചമച്ചിട്ടില്ലെന്നും അവർ പറയുന്നു. എന്നാൽ, മഹാരാജാസ് കോളെജിൽ രണ്ടു വർഷം വിസിറ്റിങ് ഫാക്കൽറ്റി ആയിരുന്നു എന്നാണ് അവർ കൈയൊപ്പിട്ട അപേക്ഷയിൽ അവകാശപ്പെടുന്നത്.

ഈ വിഷയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ടക്കു മുന്നിൽ മറ്റൊരു ആരോപണമുയർന്നു. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പിജി മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാതെ പാസായെന്നായിരുന്നു കെഎസ്‌യുവിന്‍റെ ആരോപണം. കൊലപാത ശ്രമ കേസിലും, മർദനമേറ്റ വിദ്യാർഥിനിയെ അവഹേളിച്ചു സംരാരിച്ച കേസിലും വിചാരണ നേരിടുന്ന എസ്എഫ്ഐ നേതാവ് ഉടൻ തന്നെ പൊലീസ് തലപ്പത്തേക്ക് നേരിട്ട് പരാതി നൽകി, തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി. സാങ്കേതികപ്പിഴവായിരുന്നു എന്നും, സർട്ടിഫിക്കറ്റിലെ മാർക്ക് എല്ലാം പൂജ്യമായിരുന്നു എന്നും കോളെജ് അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടും അദ്ദേഹം പരാതിയുമായി മുന്നോട്ടുപോയി. ടിവി ചാനൽ റിപ്പോർട്ടർ അടക്കം ഗൂഢാലോചന കേസിൽ പ്രതികളുമായി.

മറ്റൊരു എസ്എഫ്ഐ നേതാവ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാരജാക്കി പിജി അഡ്മിഷൻ സമ്പാദിച്ചെന്ന ആരോപണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇത്തവണ വെളിപ്പെടുത്തലിനു പിന്നിൽ മാധ്യമങ്ങളുമായിരുന്നില്ല.

ഡിഗ്രിക്കു പഠിച്ച കോളെജിൽ തന്നെ പിജി അഡ്മിഷൻ നേടുമ്പോൾ അവിടെ പഠിച്ച ഡിഗ്രി പാസായിട്ടില്ലെന്നത് പരിഗണിക്കപ്പെട്ടില്ല. കാരണം, മറ്റൊരു സംസ്ഥാനത്തുള്ള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇതേ ബിരുദം നേടിയതിന്‍റെ സർട്ടിഫിക്കറ്റ് ഇദ്ദേഹം ഹാജരാക്കിയിരുന്നു; രണ്ടു കോളെജുകളിൽ റെഗുലർ കോഴ്സുകൾ അറ്റൻഡ് ചെയ്തത് ഒരേ സമയത്തും! സിപിഎം നേതാവിന്‍റെ ശുപാർശയിൽ മാനെജ്മെന്‍റ് ക്വോട്ടയിലാണ് ഈ വിദ്യാർഥിക്ക് പിജി അഡ്മിഷൻ കൊടുത്തതെന്ന് പിന്നീട് കോളെജ് അധികൃതർ തന്നെ വെളിപ്പെടുത്തി. ആദ്യം ഇയാളെ സംരക്ഷിക്കാൻ ശ്രമിച്ച പാർട്ടി, ഇങ്ങനെയൊരു വിദ്യാർഥി അവിടെ പഠിച്ചിട്ടില്ലെന്ന ഇതര സംസ്ഥാന യൂണിവേഴ്സിറ്റിയുടെ വെളിപ്പെടുത്തൽ വന്നതോടെ കൈവിട്ടു. ഒളിവിൽ പോയ വിദ്യാർഥി പിന്നീട് പൊലീസിനു പിടികൊടുത്തു.

ഇയാളുടെ എല്ലാ സർട്ടിഫിക്കറ്റുകളും താൻ പരിശോധിച്ച് യഥാർഥമാണെന്നു ബോധ്യപ്പെട്ടതാണെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം അപഹാസ്യമായി ശേഷിച്ചു. പ്രതിപക്ഷ വിദ്യാർഥി സംഘടനകളല്ല, സ്വന്തം സംഘടനക്കാരാണ് ഈ വിദ്യാർഥിയെ കുടുക്കിയത് എന്നതും വിചിത്രം!

പരാതി നൽകിയതിൽ കാലതാമസം; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

കാലുവേദനയുമായി വന്ന യുവതിക്ക് ലഭിച്ചത് മാനസിക രോഗത്തിനുളള ചികിത്സ; യുവതി മരിച്ചു

പാലക്കാട് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച

സ്വർണ വില കൂടുന്നു; പവന് 560 രൂപ കൂടി 56,520 രൂപ

ആലപ്പുഴയിൽ സ്ത്രീയെ കൊന്നു കുഴിച്ചു മൂടിയതായി സംശയം; കരൂർ സ്വദേശി പിടിയിൽ