തിരുവനന്തപുരം: ശുചിയാക്കുന്തോറും ഒഴിയാത്ത തരം മാലിന്യമാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപം ആമയിഴഞ്ചാൻ തോടിനെ മലിനമാക്കി നിർത്തുന്നത്. ഇതിനു പ്രധാന കാരണം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും പുറത്തിറങ്ങുന്നവരടക്കം മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ കടകളിലെയും ഹോട്ടലുകളുടെ വേസ്റ്റുമടക്കം ഒഴുകിയെത്തുന്നതും റെയ്ൽവേ സ്റ്റേഷന് സമീപമെത്തുമ്പോൾ തോടിന്‍റെ വീതി കുറയുന്നതും വെല്ലുവിളിയാകുന്നു.
റെയ്ൽവേയുടെ അധീനതയിലുള്ള തോടിന്‍റെ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയ്ൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ അനുവദിക്കാറില്ലെന്നാണ് തൊഴിലാളിയെ കാണാതായ സ്ഥലം സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടിയത്. മുൻപ് തിരുവനന്തപുരം മേയർ കൂടിയായിരുന്നു ശിവൻകുട്ടി.
1995ൽ താൻ മേയറായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഈ യോഗങ്ങളോടെല്ലാം നിഷേധാത്മക നിലപാടാണ് റെയ്ൽവേ സ്വീകരിച്ചത്. ഇപ്പോഴുണ്ടായ അപകടത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയ്ൽവേയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറയുന്നു.
തോട്ടിൽ ഒരാളെ കാണാതായിട്ടും റെയ്ൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്‍റെ വിളിപ്പാടകലെ മാത്രമാണ് റെയ്ൽവേ ഡിവിഷണൽ ഓഫീസ്.
അതേസമയം, ഇത്തവണ ശുചീകരണത്തിനു വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടത്ര സുരക്ഷാസംവിധാനവും കരാറുകാരൻ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നത്.
റെയ്ൽവേ ലൈനിന് അടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ചാൻ തോടിന്‍റെ ടണലിൽ 40 മീറ്റർ വരെയാണ് സ്കൂബ ഡൈവിങ് സംഘത്തിന് തുടക്കത്തിൽ ഉള്ളിലേക്കു പോകാൻ സാധിച്ചത്. എന്നാൽ, ടണലിൽ മുട്ടുകുത്തി നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. അത്രയധികമാണ് മാലിന്യക്കൂമ്പാരം.
റെയ്ൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന തൊഴിലാളിയെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാണാതായത്.