പന്ത്രണ്ടാം ക്ലാസ് മുതൽ പണിക്കിറങ്ങിയ പയ്യൻ. തന്‍റെ പഠനത്തിനു വേണ്ടി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്നു ഭീഷ്മശപഥമെടുത്തവൻ. ഇന്നവൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽകാണാൻ കാത്തിരിക്കുകയാണ്. സ്വജനതയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന രാഷ്ട്രപതിയെ കാണാൻ മാർച്ച് പതിനേഴിന് 17 ന് രാഷ്‌ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണവുമുണ്ട്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ചരിത്ര ഗവേഷക വിദ്യാർത്ഥി പ്രതിനിധിയായാണ് എരുമേലി തുമരംപാറ സ്വദേശിയായ ഈ യുവാവ് പങ്കെടുക്കുന്നത്.
കേരളത്തിൽ എത്തുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം ഉദയ ഓഡിറ്റോറിയത്തിൽ വെച്ച് ആദിവാസി, പട്ടിക വർഗ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 400 ഓളം പ്രതിനിധികളുമായി സംവദിക്കുന്നുണ്ട്. ഈ പരിപാടിയിലേക്കാണ് അനീഷിന് ക്ഷണം. തന്‍റെ ജീവിതത്തിൽ ലഭിച്ച വലിയ അംഗീകാരമായി ഇതിനെ കാണുന്നെന്ന് അനീഷ് പറയുന്നു.
പട്ടിക വർഗ ആദിവാസി ഉള്ളാട വിഭാഗത്തിൽ തുമരംപാറ ആഞ്ഞിലിമൂട്ടിൽ കുഞ്ഞുമോൻ (വിജയൻ )- ആലീസ് ദമ്പതികളുടെ പുത്രനാണ് അനീഷ്. രാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടിയിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്നത് സ്വന്തം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥയാണെന്ന് പറയുന്നു അനീഷ്. കേരളത്തിൽ ആകെ അര ലക്ഷത്തോളം ജനസംഖ്യയുള്ള ഉള്ളാട സമുദായത്തിൽ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ല. ഈ പിന്നോക്കാവസ്‌ഥക്ക് മാറ്റം വരുന്നതിന് പദ്ധതികൾ ഉണ്ടാകണമെന്നാണ് അനീഷിന്‍റെ ആഗ്രഹം.
കനലെരിഞ്ഞ പാതയിൽ കവിത തീർത്ത്...
ഇന്നിവിടം വരെയെത്തിയെങ്കിലും അത്ര പൂ വിരിച്ച പാതയായിരുന്നില്ല അനീഷിനു ജീവിതം. ഗവേഷക വിദ്യാർഥിയായി സ്കൂൾ ഒഫ് ലെറ്റേഴ്സിൽ എത്തിയപ്പോൾ ഉത്തമർണ്യ രാഷ്ട്രീയ മേലാളന്മാരുടെ ഭാഷയിൽ "സ്റ്റൈപൻഡ് മേടിക്കാൻ ഓടി നടന്ന് കോഴ്സ് ചെയ്യുന്ന ഒരുത്തൻ" ആയിരുന്നു അനീഷ് അവർക്ക്.
അതൊന്നും കേൾക്കാൻ പക്ഷേ, തുമരംപാറക്കാരൻ എ.വി.അനീഷിന് സമയമുണ്ടായിരുന്നില്ല. കല്ലും മുള്ളും കാലുക്കു മെത്തയായി തന്നെയാണ് അവന്‍റെ പഠനം മുന്നേറുന്നത്. കഠിനജീവിതയുദ്ധത്തിൽ പ്ലസ് ടുക്കാലത്തെ ടാപ്പിങും കൂലിപ്പണിയും വാഴക്കൃഷിയുമൊക്കെ കൂടി അവന്‍റെ പഠനത്തിന് ഇടങ്കോലിട്ടു. അങ്ങനെ പ്ലസ് ടു നാലു വിഷയത്തിനു തോറ്റു. ഉള്ളം നീറി അവനിരുന്നത് മൂന്നു വർഷം. താനുൾപ്പെടുന്ന ആദിവാസി ഗോത്രമായ ഉള്ളാട സമുദായത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവരാരും ഇല്ലെന്ന തിരിച്ചറിവ് അവനെ തട്ടിയുണർത്തി. തന്‍റെ സമുദായത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ പഠിച്ചു വളരുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലെന്ന ദിശാബോധം അവന്‍റെ സ്വപ്നങ്ങൾക്കു ചിറകു നൽകി. അങ്ങനെ മൂന്നു വർഷത്തെ മൗനനൊമ്പര വത്മീകം തട്ടിയെറിഞ്ഞ് അനീഷ് വീണ്ടും പഠിക്കാനിറങ്ങി. ടാപ്പിങും വാഴകൃഷിയും കൂലിപ്പണിയും ഒന്നുമവൻ വിട്ടു കളഞ്ഞില്ല. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ ബി എസ് സി ഫിസിക്സിന് ചേർന്നു.
ജീവിതസാഹചര്യങ്ങളോട് പടവെട്ടി
വീട്ടിലെ വാഴ കൃഷിയും അതിലെ വരുമാനവും ചെറിയ തോതിലുള്ള ടാപ്പിങ്ങും മുടക്കാതെയും സുഹൃത്തായ നാട്ടിലെ വൈദ്യന്‍റെ സഹായിയായും പഠിത്തം മുന്നോട്ടുപോയി. പാസായ ശേഷം എം ജി യൂണിവേഴ്‌സിറ്റി ക്യാംപസിൽ എംഎസ് സി ഫിസിക്സിന് ചേർന്നു. പക്ഷെ, കാറും കോളും വിതച്ച പ്രതികൂല ജീവിത സാഹചര്യങ്ങൾ വില്ലൻ വേഷം കെട്ടിയപ്പോൾ പാതിവഴിയിൽ പഠനം മുടങ്ങി. . പി എസ് സി യുടെ വെരിഫിക്കേഷന് വേണ്ടി പിന്നീട് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോഴാണ് ഒരു നിമിത്തം പോലെ എംഎ മലയാളം കോഴ്‌സിന് യൂണിവേഴ്‌സിറ്റി ക്യാംപസിൽ സ്കൂൾ ഓഫ് ലെറ്റഴ്സിൽ പട്ടിക വർഗ വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് അനീഷിനെ തേടി അവസരമെത്തിയത്. പഴയ സഹപാഠികൾ നിർബന്ധിച്ചു അഡ്മിഷൻ ഒരുക്കി. സുഹൃത്ത് അഖിൽ കെ ശശിയാണ് അന്ന് ഫീസ് അടച്ചതെന്ന് ഹൃദയപൂർവം അനുസ്മരിക്കുന്നു അനീഷ്.ദിവസവും എരുമേലിയിൽ നിന്ന് മണിക്കൂറുകൾ നീളുന്ന യാത്രയും ടാപ്പിംങും പഠനത്തെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു . 500 റബർ മരങ്ങൾക്കായി ആഴ്ചയിൽ മൂന്നോ നാലോ ടാപ്പിംഗ് നടത്തണം. ഇതിനിടയിൽ കോളെജിൽ പോയി വരണം. സഹപാഠികളാണ് നോട്ടുകൾ എഴുതി നൽകിക്കൊണ്ടിരുന്നത്. എം എ പാസായ ശേഷം സ്കൂൾ ഒഫ് ലെറ്റേഴ്സിൽ എംഫിൽ ന് അഡ്മിഷൻ ലഭിച്ചു. ഇതോടെ നാട്ടിലെ ടാപ്പിംഗ് ജോലി ഉപേക്ഷിച്ച് യൂണിവേഴ്‌സിറ്റി റോഡിൽ ബജിക്കടയിൽ തൊഴിലാളിയായി. എംഫിൽ പൂർത്തിയായപ്പോൾ സ്വന്തം സമുദായത്തിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ സംബന്ധിച്ച് എം ജി യൂണിവേഴ്‌സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പിഎച്ച്ഡി ഗവേഷക വിദ്യാർത്ഥിയാണ് ഇപ്പോൾ.