പി.വി. അൻവറും പിണറായി വിജയനും File photo
Special Story

അൻവറിന്‍റെ ചായക്കോപ്പയിലെ രാഷ്ട്രീയ കൊടുങ്കാറ്റുകൾ

കപ്പും സോസറുമായിരുന്നു അൻവറിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം. ഇപ്പോൾ അദ്ദേഹത്തിന്‍റെ ചായക്കപ്പിൽ തിളയ്ക്കുന്നത്, മുഖ്യമന്ത്രിയെയും അനുചരൻമാരെയും ലക്ഷ്യമിടുന്ന രാഷ്‌ട്രീയ കൊടുങ്കാറ്റുകൾ

അജയൻ

എൽഡിഎഫിന്‍റെ പഴയ നിലമ്പൂർ പോരാളി പി.വി. അൻവറിന്‍റെ ഇപ്പോഴത്തെ ആക്രോശങ്ങൾ സിപിഎമ്മിനെയും, പൊതുവേ കുലുക്കമുണ്ടാകാത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നു തളർത്തിയതുപോലെ. വാക്ചാതുരിയുടെ കൂടി ആചാര്യനായ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പോലും വാക്കുകളും ആശയങ്ങളും കിട്ടാതെ തപ്പിത്തടയുന്ന അവസ്ഥ. പോർവിളിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ട പ്രത്യാക്രമണം ദീനരോദനം പോലെയായെങ്കിലും, പാർട്ടി കേഡർമാർ അൻവറിനെതിരേ പല്ലും നഖവും ഉപയോഗിച്ച് പോരാടാനുള്ള ആഹ്വാനമായി അതേറ്റെടുത്തിട്ടുണ്ട്. കൂടുതൽ യുക്തിഭത്രമായ പ്രതികരണം പലരും പ്രതീക്ഷിച്ചിരിക്കും, പക്ഷേ, ഉത്തരം മുട്ടിയ പാർട്ടി നേതൃത്വം അൻവറിനെതിരേ നടത്തിയ കലാപാഹ്വാനം മാത്രമാണ് പുറത്തുവന്നത്.

പാർട്ടി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളല്ല, ഇരുണ്ട യുഗത്തെ പ്രതിധ്വനിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി, പാർട്ടിയുടെ വിശ്വസ്തരായ പാദസേവകർ തെരുവിലിറങ്ങി. അൻവറിന്‍റെ കൈയും കാലും വെട്ടി കബന്ധം വലിച്ചെറിയുമെന്ന മുദ്രാവാക്യം അച്ചടക്കത്തിനോ മാന്യതയ്ക്കോ യോജിക്കുന്നതല്ല. വിരോധാഭാസമെന്നു പറയട്ടെ, കുറച്ചുകാലം മുമ്പ് ഒരു മുസ്‌ലിം സംഘടനയുടെ റാലിയിൽ ഒരു കൊച്ചുകുട്ടി ആർഎസ്എസിനെതിരെ സമാനമായ ഭീഷണി ഉയർത്തിയ കുപ്രസിദ്ധ നിമിഷത്തിന്‍റെ ഓർമകളാണ് അത് ഉണർത്തുന്നത്. ആ പൊട്ടിത്തെറി കേരളത്തിന്‍റെ അതിലോലമായ സംവേദനക്ഷമതയെ ഞെട്ടിക്കുകയും, സംസ്ഥാനത്തെ സ്വയം പ്രഖ്യാപിത 'സംസ്‌കാരിക ശുചീകരണക്കാർക്കി‌ടയിൽ' ഒരു കോലാഹലത്തിനു കാരണമാകുകയും ചെയ്തു. പക്ഷേ, ഇപ്പോൾ സിപിഎം കേഡറുകൾ സമാനമായ പ്രാകൃത ഭീഷണികൾ മുഴക്കുമ്പോൾ ഈ സദാചാര സംരക്ഷകരുടെ ശബ്ദം നഷ്ടപ്പെട്ട മട്ടാണ്. കോടതികൾ ഈ വിഷയം ഏറ്റെടുത്ത് ഈ തീപ്പൊരി സഖാക്കളെ പ്രതിക്കൂട്ടിൽ നിർത്തുമോ എന്നു നോക്കാം. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകത്തിൽ കണ്ടതുപോലെ, ഈ മുദ്രാവാക്യങ്ങൾ ഭയാനകമായ യാഥാർഥ്യമായി പരിവർത്തനം ചെയ്യപ്പെടുന്നത് കേരളത്തിന് അപരിചിതമായ കാഴ്ചയൊന്നുമില്ല.

അൻവറിന്‍റെ വിഴുപ്പ് ഭാണ്ഡം - അത് ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി അറിയേണ്ടിയിരുന്ന എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയാകട്ടെ, ഈ പൊലീസ് ഉദ്യോഗസ്ഥനും കുപ്രസിദ്ധനായ പി. ശശിയും ചേർന്ന് സർക്കാരിനെ നിയന്ത്രിക്കുന്നതാകട്ടെ, സ്വർണക്കടത്ത് ആരോപണങ്ങളാകട്ടെ, മുഖ്യമന്ത്രിയുടെ മകളെ ആരോപണങ്ങളിൽനിന്നു സംരക്ഷിക്കുന്നതാകട്ടെ, അല്ലെങ്കിൽ പിണറായിയുടെ മരുമകന്‍റെ ഉദയമാകട്ടെ - ഒന്നും കേരളത്തിൽ ഇപ്പോൾ ചൂട് വാർത്തകളല്ലാതായിരിക്കുന്നു. ഈ അവകാശവാദങ്ങൾ പ്രതിപക്ഷം ഉന്നയിക്കുകയും മാധ്യമങ്ങൾ പിന്തുടരുകയും ചെയ്തു പോരുന്നുണ്ട് ഏറെക്കാലമായി. ആദ്യമൊക്കെ, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രൂപകൽപ്പന ചെയ്ത വലതുപക്ഷ കുപ്രചരണങ്ങളായി സിപിഎം അവയെല്ലാം തള്ളിക്കളഞ്ഞു, അവയെ പ്രതിരോധിക്കാൻ അൻവറിനെ പോലും നിയോഗിച്ചു. എന്നാൽ ഇപ്പോൾ, അതേ ആരോപണങ്ങൾ ആവർത്തിച്ച് തെളിവുകൾ നിരത്തുന്ന അൻവർ 'വലതുപക്ഷ റിവിഷനിസ്റ്റുകളുടെ ഉപകരണം' എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു. വിരോധാഭാസം കഠിനമാണ്, പ്രത്യേകിച്ച് ഈ വിഷയങ്ങളിൽ പലതും സർക്കാരിന്‍റെ അന്വേഷണത്തിലിരിക്കുന്നത് പ്രതിപക്ഷത്തെയും 'വലതുപക്ഷം' എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെയും ന്യായീകരിക്കാൻ പര്യാപ്തമാകുമ്പോൾ.

എം.വി. രാഘവനോ കെ.ആർ. ഗൗരിയോ ആകട്ടെ, വിമതരെ സിപിഎം എങ്ങനെ നേരിട്ടുവെന്നത് പരിഗണിക്കുമ്പോൾ, അൻവർ വ്യത്യസ്തനാണെന്നു കാണാം. മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് അൻവറിനെ അനുനയിപ്പിക്കാൻ പാടുപെട്ടത്. സ്വമേധയാ വിട്ടുപോകാൻ തീരുമാനിച്ച അൻവറുമായി പാർട്ടിക്കും എൽഡിഎഫിനും ഒരു ബന്ധവുമില്ലെന്ന എം.വി. ഗോവിന്ദന്‍റെ പ്രഖ്യാപനം ഏറെക്കുറെ ചിരിയുണർത്തുന്നതുമായി. പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ഇത്രയും സൗമ്യമായ പ്രതികരണം ഇങ്ങനെയൊരു വിഷയത്തിൽ കണ്ടിട്ടില്ല. ഒരുകാലത്ത് അചഞ്ചലമായ സിപിഎമ്മിനുള്ളിൽ ശിഥിലീകരണം ഉടലെടുക്കുമെന്ന ഭയം വർധിക്കുന്നതിന്‍റെ സൂചന കൂടിയാണിത്.

പുതിയൊരു 'അന്വേഷണം' വാഗ്ദാനം ചെയ്തുകൊണ്ട് എഡിജിപിയെ സംരക്ഷിക്കാൻ പിണറായിയും പാർട്ടിയും നടത്തിയ ശ്രമം, എക്കാലവും അപകീർത്തികൾ മാത്രം കേട്ടിട്ടുള്ള പി. ശശിക്ക് മുഖ്യമന്ത്രി നൽകിയ തിളങ്ങുന്ന ക്ലീൻ ചിറ്റുമെല്ലാം സിപിഎമ്മിന്‍റെ തികച്ചും ദയനീയമായൊരു ചിത്രമാണ് രാഷ്‌ട്രീയ കേരളത്തിൽ വരച്ചിടുന്നത്. ശശിക്കെതിരായ ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന ഗോവിന്ദന്‍റെ അർധമനസോടെയുള്ള ഉറപ്പ് പോലും ഗൗരവമേറിയ ഉത്തരവാദിത്വം എന്നതിലുപരി കണ്ണിൽ പൊടിയിടൽ പോലെ മാത്രമാണ് തോന്നിച്ചത്. എംഎൽഎ എന്ന നിലയിലുള്ള ആദ്യ ഊഴത്തിൽ അൻവറിന്‍റെ പ്രകടനം ദയനീയമായിരുന്നു എന്ന സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ കുമ്പസാരം കൂടുതൽ വിചിത്രമാണ്. ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകളെക്കാളുപരി സ്വന്തം വ്യവസായ സംരംഭങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ എന്നായിരുന്നു പരാമർശം. എന്നിട്ടും പാർട്ടി എന്തിന് അദ്ദേഹത്തിന് നിയമസഭയിലേക്കു മത്സരിക്കാൻ വീണ്ടും സീറ്റ് നൽകി ജയിപ്പിച്ചെന്ന് അദ്ദേഹം വിശദീകരിച്ചില്ല. പാർട്ടി പറയുന്നതു പോലെ ഒരു 'ദുരന്തമാണ്' അൻവറെങ്കിൽ, ആ ദുരന്തത്തിനു രണ്ടാമൂഴം നൽകിയതിന്‍റെ ഉത്തരവാദിത്വം ആർക്കാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം ദുരൂഹമായി തുടരുന്നു.

അന്തർലീനമായ നാശത്തിന്‍റെ വിത്തുകളെക്കുറിച്ചുള്ള പതിവ് പാർട്ടി പ്രഭാഷണം മുതലാളിത്ത വ്യവസ്ഥിതിയെയാണ് ലക്ഷ്യം വയ്ക്കാറുള്ളത്. എന്നാൽ, ഇതേ മാതൃകയിൽ ഇപ്പോൾ പാർട്ടിക്കുള്ളിൽ തന്നെയാണ് നാശത്തിന്‍റെ വിത്തുകൾ പൊട്ടിമുളച്ചിരിക്കുന്നത്. ഇത്തവണ വിള്ളലുകൾ കൂടുതൽ അപകടകരമാണ്. സിപിഐ ഇപ്പോഴെങ്കിലും തുറന്നുപറച്ചിലുകൾക്കു ധൈര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും തൃശൂർ പൂരം കലക്കലിലും ദുരൂഹത ആരോപിക്കപ്പെടുന്ന എഡിജിപിക്കെതിരേ ശക്തമായ രാഷ്‌ട്രീയ നിലപാട് തന്നെ അവർ സ്വീകരിച്ചിട്ടുണ്ട്. തൃശൂർ പൂരവും ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാർഥിയുടെ പരാജയവും കൂടി ഇതുമായി ചേർത്തു വായിക്കാം. മറ്റ് സഖ്യകക്ഷികളായ ആർജെഡി, കേരള കോൺഗ്രസ് (എം) എന്നിവയും ദുർബലമായെങ്കിലും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. അതെ, വിമതരുടെ കൂടാരത്തിൽ തിരക്കേറുകയാണ്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിന്‍റെ രാഷ്ട്രീയ ചക്രവാളത്തിൽ ഉരുണ്ടുകൂടുന്നത് പശ്ചിമ ബംഗാളിൽ കണ്ടതിനു സമാനമായ കാർമേഘങ്ങളാണ്. എന്നാൽ, ഈ 'വലിയ പോരാട്ട'ത്തിലെ യഥാർഥ ഭീഷണി പാർട്ടിയിലെ ആഭ്യന്തരമായ കലുഷിതാവസ്ഥയല്ല - അൻവറിലൂടെ ജ്വലിച്ചുയരാവുന്ന അപകടകരമായ വർഗീയ വിഭജനവും അതിനു സിപിഎം നൽകാനിടയുള്ള, അക്രമം എന്ന പരിചിതമായ പ്രതികരണവുമാണ്. സംസ്ഥാനത്ത് പലരും വിശ്വാസത്തിലെടുക്കുന്ന കാര്യങ്ങൾ അൻവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ട്. എന്നാൽ, ശക്തമായ വർഗീയ അജൻഡയുടെ ചരിത്രമുള്ള ശക്തികളിൽ നിന്ന് അൻവറിന് ഇപ്പോൾ ലഭിക്കുന്ന പിന്തുണയും, ഒപ്പം സിപിഎമ്മിന്‍റെ അക്രമാസക്തമായ ഭീഷണികളും തീർച്ചയായും കേരളത്തെ സംബന്ധിച്ച് ആശങ്കാജനകം തന്നെയാണ്.

'തെളിവുകളുണ്ട്'; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

ദിവ‍്യയ്ക്ക് ജാമ‍്യം ലഭിച്ചതിൽ വളരെയധികം സന്തോഷം: പി.കെ. ശ്രീമതി

ബാങ്ക് എടിഎമ്മുകൾക്ക് ശനിദശ; തുരുതുരേ അടച്ചു പൂട്ടൽ

അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

നവീൻ ബാബു ആത്മഹത‍്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല, ജുഡീഷ‍്യൽ അന്വേഷണം വേണം: മലയാലപ്പുഴ മോഹനൻ