Special Story

കായികതാരങ്ങളെ കായികമായല്ല നേരിടേണ്ടത്..

ലൈംഗികാതിക്രമ കേസിൽ ബിജെപി എംപി ബ്രിജ്ഭൂഷണെതിരെ വ്യക്തമായ ആരോപണങ്ങളാണ് സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ പുറത്തുകൊണ്ടുവന്നത്.

ജ്യോത്സ്യൻ

ഇന്ത്യൻ കായികരംഗത്തെ കറുത്ത ദിനങ്ങളിലൂടെ നാം കടന്നുപോവുകയാണ്. ലൈംഗിക അതിക്രമങ്ങൾ ആരു ചെയ്താലും ആർക്കെതിരെയാണെങ്കിലും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കായിക രംഗത്ത്.

ഇന്ത്യയ്ക്ക് അഭിമാനമായി രാജ്യത്തിനു വേണ്ടി ഒളിംപിക് മെഡൽ നേടിയ ആദ്യ വനിതാ ഗുസ്തി താരമായ സാക്ഷി മാലിക് ഡൽഹിയിലെ പ്രസ് ക്ലബ്ബിൽ പത്രപ്രവർത്തകരുടെ മുമ്പിൽ പൊട്ടിക്കരഞ്ഞുകൊണ്ടും തന്‍റെ ബൂട്ടുകൾ ഉയർത്തിക്കാട്ടിയും നടത്തിയ പ്രസ്താവന എല്ലാവരെയും വേദനിപ്പിച്ചു. ലൈംഗികാതിക്രമ കേസിൽ ബിജെപി എംപി ബ്രിജ്ഭൂഷണെതിരെ വ്യക്തമായ ആരോപണങ്ങളാണ് സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ പുറത്തുകൊണ്ടുവന്നത്.

കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ അവർക്ക് നൽകിയ ഉറപ്പ്, ബ്രിജ്ഭൂഷനോ അദ്ദേഹത്തിന്‍റെ അനുയായികളോ ഗുസ്തി ഫെഡറേഷന്‍റെ തലപ്പത്ത് വരില്ലെന്നായിരുന്നു. കായിക താരങ്ങൾ അത് വിശ്വസിച്ചു. എന്നാൽ വിശ്വാസം തകർത്തുകൊണ്ട് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായിരുന്ന ബ്രിജ്ഭൂഷന്‍റെ അടുത്ത അനുയായി സഞ്ജയ് കുമാർ സിങ് തന്നെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി. 2010ലെ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സഞ്ജയ് സിങ് ദേശീയ പ്രസിഡന്‍റാകുന്നത്. ഇത് ഭരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ശക്തമായ പിന്തുണയോടെയായിരുന്നു എന്നാണ് പൊതുവെ സംസാരം. അതിനു കാരണം മുൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍റെ യുപിയിലെ സ്വാധീനം തന്നെയാണ്.

ആറു തവണ എംപിയായ ബ്രിജ്ഭൂഷനെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരുന്ന ഈ സന്ദർഭത്തിൽ പിണക്കിക്കൂടാ എന്ന ബിജെപി തീരുമാനം രാഷ്‌ട്രീയ കണ്ണാടിയിലൂടെ നോക്കുമ്പോൾ തെറ്റായി കാണാൻ കഴിയില്ല. എന്നാൽ സ്പോർട്സ് മേഖലയിലെ ശക്തമായ എതിർപ്പ് ബിജെപിയ്ക്ക് കാണാതിരിക്കാനും വയ്യ.

സാക്ഷി മാലിക്കിന് പിന്നാലെ ഒളിംപിക് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയ തനിക്ക് ലഭിച്ച പദ്മശ്രീ പുരസ്കാരം ഡൽഹിയിലെ കർത്തവ്യപഥിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. കൂടാതെ കത്തിലൂടെ തന്‍റെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുമുണ്ട്. പിന്നാലെ കൂടുതൽ സ്പോർട്സ് താരങ്ങളും എതിർപ്പുമായി അണിനിരന്നിട്ടുണ്ട്.

സർക്കാരിന്‍റെ പൂർണ പിന്തുണയോടു കൂടി കായിക രംഗം പിടിച്ചടുക്കിയ ധാരാളം സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഒളിംപിക് അസോസിയേഷന്‍റെയും ദേശീയ തലത്തിലുള്ള വിവിധ സ്പോർട്സ് ഫെഡറേഷനുകളുടെയും തലപ്പത്തിരിക്കുന്നവരെല്ലാം ഭരിക്കുന്ന സർക്കാരിന്‍റെ പിന്തുണയുള്ള പ്രതിനിധികളാണെന്ന പരാതി പണ്ടു മുതലേ ഉള്ളതാണ്. കായിക രംഗം സർക്കാർ

നിയന്ത്രണത്തിലായതുകൊണ്ടാണ് 133 കോടി ജനങ്ങളുള്ള ഇന്ത്യയിൽ കായിക മേഖലയ്ക്കു വളരാൻ കഴിയാത്തത്. . ഇന്ത്യയേക്കാൾ വളരെ കുറച്ച് ജനസംഖ്യയുള്ള പല രാജ്യങ്ങളും കായിക രംഗത്ത് അസൂയാർഹമായ നേട്ടങ്ങളാണ് കൊയ്യുന്നത്.

കായിക രംഗത്ത് നിറഞ്ഞു നിൽക്കുന്നവരെ തള്ളിമാറ്റിക്കൊണ്ട് രാഷ്‌ട്രീയ സ്വാധീനമുള്ളവർ കായികരംഗം പിടിച്ചടക്കിയിരിക്കുന്നു. സ്പോർട്സ് താരങ്ങളുടെ വിലാപം കൊണ്ട് സർക്കാരിന്‍റെ കണ്ണ് ആദ്യം തുറന്നില്ലെങ്കിലും സ്പോർട്സിനെ സ്നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളും മാധ്യമങ്ങളും സർക്കാരിന്‍റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു എന്നാണ് ഗുസ്തി ഫെഡറേഷൻ പിരിച്ചു വിട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ നടപടി സൂചിപ്പിക്കുന്നത്.

മാത്രമല്ല, ഹരിയാനയിലെ പ്രബലമായ ജാട്ട് സമുദായത്തിന്‍റെ പിന്തുണയും ഗുസ്തിക്കാർക്കൊപ്പമാണ്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലാണ് കേന്ദ്ര സർക്കാർ. എന്തായാലും സ്ത്രീകളുടെ മാന്യതയും അന്തസും നിലനിർത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ് എന്നാണ് ജോത്സ്യന് പറയാനുള്ളത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?