priyanka gandhi 
Special Story

ഒടുവിൽ പ്രിയങ്കയും

കോൺഗ്രസ് രാഷ്‌ട്രീയത്തിലെ മറ്റൊരു നിർണായക മുഹൂർത്തത്തിനു സമയമായിരിക്കുന്നു. തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ ആദ്യ മത്സരത്തിന് അവരുടെ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്നതാണ്. രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട്ടിൽ നിന്ന് പ്രിയങ്ക ലോക്സഭയിലേക്കു മത്സരിക്കുമ്പോൾ ഈ കാത്തിരിപ്പിനാണ് അന്ത്യമാവുന്നത്. ഇക്കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം സോണിയ ഗാന്ധി ലോക്സഭയിലുണ്ടായിരുന്നു. 1999 മുതൽ തെരഞ്ഞെടുപ്പു ജയിച്ചു വന്ന സോണിയ ഇത്തവണയാണ് രാജ്യസഭയിലേക്കു മാറിയത്. രണ്ടു പതിറ്റാണ്ടായി രാഹുൽ ഗാന്ധിയും ലോക്സഭാംഗമാണ്. ഇത്തവണ റായ്ബറേലിയിലും വയനാട്ടിലും നല്ല ഭൂരിപക്ഷത്തിനു തന്നെയാണു രാഹുൽ തെരഞ്ഞെടുക്കപ്പെട്ടതും.

നെഹ്റു കുടുംബത്തിൽ നിന്ന് ഇവർ രണ്ടുപേരും എംപിമാരായിരിക്കുമ്പോഴും പ്രിയങ്കയ്ക്കു വേണ്ടിയുള്ള ശബ്ദം പാർട്ടിയിൽ ഉയർന്നുകൊണ്ടേയിരുന്നു. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും പ്രിയങ്ക മത്സരിക്കണമെന്നു നിർദേശിച്ചവർ നിരവധിയാണ്. ഇന്ദിര ഗാന്ധിയുമായുള്ള സാദൃശ്യം പ്രിയങ്കയുടെ രാഷ്‌ട്രീയ ഗ്രാഫ് ഉയർത്താൻ സഹായിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ പ്രവചിച്ചവരുണ്ട്. പ്രിയങ്കയിൽ ഇന്ദിരയെ കണ്ട ആരാധകരിൽ നല്ലൊരു പങ്കും അവർ മത്സര രംഗത്തെത്താൻ തയാറാവാത്തതിൽ നിരാശരായിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുന്നതിൽ നിന്നു വിട്ടുനിന്ന പ്രിയങ്ക അമ്മയ്ക്കും സഹോദരനും വേണ്ടിയുള്ള പ്രചാരണത്തിലും പ്രവർത്തനത്തിലുമാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒപ്പം രാജ്യത്തു വിവിധയിടങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടി വോട്ടുപിടിക്കാനും എത്തിയിരുന്നു.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോൾ അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യത്തിനു പതിവിൽ കൂടുതൽ ശബ്ദമുണ്ടായിരുന്നു. റായ്ബറേലിയിൽ സോണിയ മത്സരത്തിനില്ലാത്ത സാഹചര്യത്തിൽ പ്രിയങ്ക ഇറങ്ങാനുള്ള സാധ്യത പലരും കാണുകയും ചെയ്തതാണ്. അപ്പോഴും നെഹ്റു കുടുംബം അനുകൂല അഭിപ്രായം പ്രകടിപ്പിച്ചില്ല. രാഹുൽ രണ്ടിടത്തും തെരഞ്ഞെടുക്കപ്പെട്ടാൽ വയനാട്ടിൽ നിന്നാവാം പ്രിയങ്കയുടെ കന്നി മത്സരമെന്ന് കുടുംബം നേരത്തേ തീരുമാനിച്ചിരുന്നോ എന്നു വ്യക്തമല്ല. എന്തായാലും രാഹുൽ വയനാട് ഒഴിയുമ്പോൾ തന്നെ പ്രിയങ്കയുടെ സ്ഥാനാർഥിത്വവും പ്രഖ്യാപിച്ച് എല്ലാ സസ്പെൻസുകളും അവസാനിപ്പിച്ചിരിക്കുകയാണു പാർട്ടി.

1998 ജനുവരിയിലാണു സോണിയ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംപതൂരിൽ സോണിയയുടെ ആദ്യത്തെ രാഷ്‌ട്രീയ പൊതുയോഗം നടക്കുമ്പോൾ പ്രിയങ്കയും സമീപത്തുണ്ടായിരുന്നു. എല്ലാവരും കോൺഗ്രസിനു വോട്ടു ചെയ്യണമെന്ന പ്രിയങ്കയുടെ വാക്കുകൾ പാർട്ടി പ്രവർത്തകർ ആരവങ്ങളോടെയാണ് അന്നു സ്വീകരിച്ചത്. പിന്നീട് സോണിയ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച 1999ലും അമ്മയ്ക്കൊപ്പം മകളും പ്രചാരണത്തിനുണ്ടായിരുന്നു. അമേഠിയിലും ഉത്തര കർണാടകയിലെ ബെല്ലാരിയിലും സ്ഥാനാർഥിയായിരുന്നു കന്നിയങ്കത്തിൽ സോണിയ. രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കടുത്ത തെരഞ്ഞെടുപ്പു പോരാട്ടങ്ങളിലൊന്നാണ് അന്നു ബെല്ലാരിയിൽ കണ്ടത്. അന്നുവരെ പാർട്ടി തോറ്റിട്ടില്ലാത്ത സുരക്ഷിത സീറ്റായിരുന്നു കോൺഗ്രസിനു ബെല്ലാരി. അവിടെയാണ് ബിജെപി നേതാവ് സുഷമ സ്വരാജ് ശക്തമായ ഭീഷണി ഉയർത്തിയത്. 56,000 വോട്ടിന് ബെല്ലാരിയിൽ ജയിച്ച സോണിയ അമേഠി നിലനിർത്തി ഈ സീറ്റ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് അമ്മയ്ക്കൊപ്പം ബെല്ലാരിയിൽ പ്രിയങ്കയും പ്രചാരണത്തിനിറങ്ങി. സോണിയയും പ്രിയങ്കയും പങ്കെടുത്ത തെരഞ്ഞെടുപ്പു റാലി ബെല്ലാരിയിലെ ഗ്രാമങ്ങളെയിളക്കി. പിന്നീട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്രയോ റാലികളിൽ പ്രവർത്തകരുടെ ആവേശമായി പ്രിയങ്ക.

സോണിയയ്ക്കും രാഹുൽ ഗാന്ധിക്കും ഇപ്പോൾ പ്രിയങ്കയ്ക്കും മാത്രമല്ല സാക്ഷാൽ ഇന്ദിര ഗാന്ധിക്കും മത്സരിക്കാൻ ഇടം നൽകിയിട്ടുണ്ട് ദക്ഷിണേന്ത്യ. 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയുടെ തിരിച്ചുവരവ് കർണാടകയിലെ ചിക്കമംഗളൂരിലൂടെയായിരുന്നു. ഇന്ദിരയ്ക്കു മത്സരിക്കാൻ വേണ്ടി ഡി.ബി. ചന്ദ്രഗൗഡ എംപിസ്ഥാനം രാജിവച്ചു. 1978ലെ ഉപതെരഞ്ഞെടുപ്പിൽ വീരേന്ദ്ര പാട്ടീലിനെ ഇന്ദിര തോൽപ്പിക്കുന്നത് 77,333 വോട്ടിന്. 1980ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിക്കൊപ്പം ഒരു ദക്ഷിണേന്ത്യൻ മണ്ഡലത്തിലും ഇന്ദിര മത്സരിച്ചു. വിഭജനത്തിനു മുൻപുള്ള ആന്ധ്രപ്രദേശിലെ മേഡക്കിൽ (ഇപ്പോൾ തെലങ്കാനയിൽ). ഏതു മണ്ഡലം ഉപേക്ഷിക്കണമെന്ന പ്രശ്നം ഇന്ദിരയ്ക്കു മുന്നിലുമുണ്ടായി. റായ്ബറേലി ഒഴിഞ്ഞ് മേഡക്ക് നിലനിർത്തുകയായിരുന്നു അവർ. ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സ്വാധീനം ഉറപ്പിച്ചുനിർത്താൻ മേഡക്ക് എംപി സ്ഥാനം ഉപകരിക്കുമെന്ന് ഇന്ദിര കരുതി. എന്നാൽ, വ്യത്യസ്തമായ രാഷ്‌ട്രീയ സാഹചര്യത്തിൽ റായ്ബറേലി നിലനിർത്തി ദക്ഷിണേന്ത്യൻ സീറ്റ് (വയനാട്) ഉപേക്ഷിക്കുകയാണു രാഹുൽ. പക്ഷേ, പകരം വരുന്നത് പ്രിയങ്കയാണ് എന്നതിനാൽ നെഹ്റു കുടുംബം സീറ്റ് ഉപേക്ഷിക്കുന്നു എന്ന പരാതിയുണ്ടാവില്ല. 1980ൽ ഇന്ദിര റായ്ബറേലി ഉപേക്ഷിച്ചപ്പോഴും നെഹ്റു കുടുംബത്തിൽ നിന്നു തന്നെയുള്ള നേതാവാണ് (അരുൺ നെഹ്റു) പകരം മത്സരിച്ചു വിജയിച്ചത് എന്ന പ്രത്യേകതയുണ്ട്.

ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ നഷ്ടപ്പെട്ട മുഖം തിരിച്ചെടുക്കാനുള്ള ചുമതലയിൽ വർഷങ്ങളായി അധ്വാനിക്കുന്ന നേതാവാണ പ്രിയങ്ക. 2019 ജനുവരിയിൽ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഉത്തർപ്രദേശിന്‍റെ മുഴുവൻ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. മറ്റു സംസ്ഥാനങ്ങളിലും പ്രതിസന്ധി ഘട്ടത്തിൽ പ്രശ്നപരിഹാരത്തിനു കോൺഗ്രസിനെ സഹായിക്കുന്നുണ്ട് അവർ. രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഹിമാചൽ പ്രദേശിലും പാർട്ടിയിലെ തർക്കങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തി. വിമത നീക്കങ്ങളിൽ നിന്ന് ഹിമാചലിലെ സുഖ്‌വിന്ദർ സിങ് സുഖു സർക്കാരിനെ രക്ഷിച്ചത് പ്രിയങ്കയുടെ ഇടപെടലാണ്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ റോഡ് ഷോകളും റാലികളുമായി 107 പൊതു പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ 108 പൊതുപരിപാടികളിൽ പ്രിയങ്ക പങ്കെടുത്തുവെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ പുറത്തുവിട്ട കണക്ക്. 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പ്രിയങ്ക പ്രചാരണത്തിനെത്തി. റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും പ്രിയങ്കയായിരുന്നു. വയനാട്ടിൽ നിന്ന് ലോക്സഭയിലെത്തിയാൽ കൂടുതൽ സജീവമാകും അവർ എന്നു തന്നെ കരുതണം. കേരളത്തിലെ കോൺഗ്രസിന് പ്രത്യേകിച്ച് ആവേശം പകരാൻ പ്രിയങ്കയുടെ വയനാട് എംപി സ്ഥാനം സഹായിക്കും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്പെടും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു