ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായി ബിജെപിയെ വളർത്തിക്കൊണ്ടുവന്നതിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് മുഖ്യസ്ഥാനമുണ്ട്. 1989ലെ പ്രകടന പത്രിക മുതൽ പാർട്ടിയുടെ വാഗ്ദാനമാണ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം എന്നത്. ഏതാണ്ടു മൂന്നു പതിറ്റാണ്ട് വാഗ്ദാനമായി നിലനിന്ന വിഷയം തെരഞ്ഞെടുപ്പു കാലത്ത് "ഹിന്ദുത്വ' വോട്ടുകൾ സമാഹരിക്കാനുള്ള ആയുധം മാത്രമാണെന്ന് ആക്ഷേപിച്ചവർ വരെയുണ്ട്.
1990ലെ എൽ.കെ. അഡ്വാനിയുടെ രഥയാത്ര, അതു ബിഹാറിൽ ലാലു പ്രസാദ് യാദവ് തടഞ്ഞതിനെത്തുടർന്ന് വി.പി. സിങ് സർക്കാരിന്‍റെ തകർച്ച, 1991ൽ ഉത്തർപ്രദേശിൽ കല്യാൺ സിങ് സർക്കാരിന്‍റെ സ്ഥാനാരോഹണം, 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്, തുടർന്നുണ്ടായ നീണ്ട നിയമ യുദ്ധങ്ങൾ, അതിനിടയിൽ ക്ഷേത്ര നിർമാണത്തിനായുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ ഒരുക്കങ്ങൾ.... ഇന്ത്യൻ രാഷ്‌ട്രീയത്തെ സ്പർശിക്കാതെ ഇതൊന്നും കടന്നുപോയിട്ടില്ല. വരുന്ന ജനുവരി മധ്യത്തോടെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നിർമാണ കമ്മിറ്റി അംഗങ്ങൾ വെളിപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ എന്തെന്ത് ഓർമകളാണ് രാഷ്‌ട്രീയ ചരിത്രം പിന്തുടരുന്നവരിൽ ഉയർത്തുക.
ക്ഷേത്രം നിർമിച്ചു കഴിഞ്ഞാൽ ബിജെപിക്ക് അയോധ്യാ വിഷയവും ഇല്ലാതാവും എന്ന പഴയ ആരോപണം എന്തായാലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രസക്തമേയല്ല. ഏതാണ്ട് ഏപ്രിൽ- മേയ് കാലയളവിലാണ് പൊതുതെരഞ്ഞെടുപ്പു നടക്കേണ്ടത്. അയോധ്യാ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദൃശ്യങ്ങൾ ജനങ്ങളുടെ മനസിൽ നിന്നു മായാതെ സൂക്ഷിക്കാൻ ബിജെപി ശ്രമിക്കുമെന്നുറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപി- സംഘപരിവാർ നേതാക്കൾ തീർച്ചയായും ഉദ്ഘാടന ചടങ്ങുകളിൽ സജീവമായിരിക്കും. 25,000ലേറെ ഹിന്ദുമത നേതാക്കളെയും സംന്യാസിമാരെയും ചടങ്ങിലേക്കു ക്ഷണിക്കാനാണ് രാമക്ഷേത്ര ട്രസ്റ്റിന്‍റെ പദ്ധതി എന്നാണു പറയുന്നത്. പല ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണു ചടങ്ങുകൾ. ഓരോ ദിവസവും ലക്ഷക്കണക്കിനാളുകൾ അയോധ്യയിലെത്തുമെന്നാണു പ്രതീക്ഷ.
ഉദ്ഘാടനത്തിന് ഒരു മാസം മുൻപു തന്നെ എല്ലാ ദിവസവും സന്യാസിമാർ ഉൾപ്പെടെ ഒരു ലക്ഷം പേർക്ക് അന്നദാനം നൽകാൻ ട്രസ്റ്റ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിലൊന്നും യാതൊരു രാഷ്‌ട്രീയവുമില്ലെന്ന് അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ പറയുമായിരിക്കും. ക്ഷേത്രത്തെ രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കുന്നതു ശരിയല്ലെന്ന് ബിജെപിയും സംഘപരിവാറും പരസ്യമായി വാദിക്കുകയും ചെയ്യും. പക്ഷേ, മോദി സർക്കാരിനും യോഗി സർക്കാരിനും ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ പല മടങ്ങ് ഊർജം പകരുമെന്നതിൽ സംശയം വേണ്ട. പരമാവധി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ബിജെപിയുടെ ബുദ്ധിശാലയിൽ ഒരാലോചനയും നടക്കുന്നില്ലെന്ന് കരുതാനാവുമോ.
ഒരിക്കൽക്കൂടി "അയോധ്യാ ഫാക്റ്റർ' തിരിച്ചറിഞ്ഞ് അതു കവർ ചെയ്യാനുള്ള തന്ത്രങ്ങൾ കൂടി ആവിഷ്കരിക്കേണ്ടിവരും പ്രതിപക്ഷത്തിന് എന്നാണ് ഇതിനർഥം. പ്രത്യേകിച്ച് ഉത്തർപ്രദേശിലും ബിഹാറിലും രാമക്ഷേത്രത്തിന്‍റെ പ്രസക്തി ബിജെപി ഇതര രാഷ്‌ട്രീയ കക്ഷികൾക്ക് എഴുതിത്തള്ളാനേ കഴിയില്ല. അഖിലേഷ് യാദവും നിതീഷ്കുമാറും തേജസ്വി യാദവും എങ്ങനെ പിടിച്ചുനിൽക്കുന്നു എന്നതിനനുസരിച്ചിരിക്കും പ്രതിപക്ഷത്തിന്‍റെ കരുത്ത്. 80 ലോക്സഭാ മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 62 സീറ്റിലും കഴിഞ്ഞ തവണ ജയിച്ചതു ബിജെപിയാണ്. രണ്ടിടത്ത് സഖ്യകക്ഷി അപ്നാ ദളും വിജയിച്ചു. എസ്പിയും ബിഎസ്പിയും ആർഎൽഡിയും മഹാസഖ്യമുണ്ടാക്കിയിട്ടും 15 സീറ്റേ നേടാനായുള്ളൂ. കോൺഗ്രസിനു കിട്ടിയതാകട്ടെ ഒരേയൊരു സീറ്റും. 2022ൽ സംസ്ഥാനത്ത് രണ്ടാം തവണയും യോഗി ആദിത്യനാഥിന്‍റെ സർക്കാർ അധികാരത്തിലെത്തിയത് 41 ശതമാനം വോട്ടു നേടിക്കൊണ്ടാണ് എന്നു കൂടി ഓർക്കണം. എസ്പി- ബിഎസ്പി സഖ്യം ഉണ്ടാവാൻ ഇടയില്ലാത്ത ഇക്കുറി രാമക്ഷേത്രത്തിന്‍റെ തിളക്കം കൂടിയാവുമ്പോൾ സാധ്യതകൾ ശോഭനമാണ് എന്നു തന്നെയാവും ബിജെപി കരുതുന്നത്. അതല്ലെങ്കിൽ മറ്റു വിഷയങ്ങൾ വച്ച് മോദി, യോഗി സർക്കാരുകൾക്കെതിരേ വലിയ തോതിലുള്ള വിരുദ്ധവികാരം ഉയർത്തിക്കൊണ്ടുവരാൻ അഖിലേഷിനു കഴിയണം.
വാരാണസിയിൽ മോദിക്കെതിരേ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും, യുപി കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക നയിക്കും എന്നൊക്കെ പ്രചാരണമുണ്ടെങ്കിലും അഖിലേഷ് ഇല്ലാതെ കോൺഗ്രസിനു യുപിയിൽ കാര്യമായൊന്നും ചെയ്യാനില്ല എന്നു തന്നെയാണു കരുതേണ്ടത്. പ്രിയങ്ക രാജ്യവ്യാപക പ്രചാരണത്തിനിറങ്ങണോ യുപിയിൽ കേന്ദ്രീകരിക്കണോ എന്നതിനെച്ചൊല്ലി കോൺഗ്രസുകാർക്കിടയിൽ തന്നെ രണ്ടഭിപ്രായമാണുള്ളത്. പ്രിയങ്ക മുന്നിൽ നിന്നു നയിച്ച കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടേ രണ്ടു സീറ്റാണ് യുപിയിൽ ലഭിച്ചത്. അതിനു മുൻപ് ഏഴു സീറ്റുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ വോട്ടിലേക്കും (2.33 ശതമാനം) ഏറ്റവും വലിയ തകർച്ചയിലേക്കും യുപിയിലെ പാർട്ടി എത്തിയതു പ്രിയങ്ക നയിച്ചപ്പോഴാണ് എന്നാണു കണക്കുകൾ കാണിക്കുക. ഇവിടെ നിന്നു വേണം കോൺഗ്രസിന് ഇനി തിരിച്ചുവരാനുള്ള ആയുധങ്ങൾ സമാഹരിക്കാൻ.
ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിന്‍റെ സ്വാധീന വലയത്തിൽ അകപ്പെടാറുള്ള സംസ്ഥാനമാണ് ബിഹാർ. അവിടെയുള്ള നാൽപ്പതിൽ മുപ്പത്തൊമ്പതു സീറ്റും ബിജെപി-ജെഡിയു- എൽജെപി സഖ്യം തൂത്തുവാരിയതാണ് കഴിഞ്ഞ തവണ. ഇപ്പോൾ ബിജെപി ബന്ധം അവസാനിപ്പിച്ച് പ്രതിപക്ഷ മുന്നണിയെ നയിക്കുകയാണ് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ. ബിഹാറിൽ നിന്നു ബിജെപി തൂത്തുമാറ്റപ്പെടുമെന്നാണ് നിതീഷ്കുമാർ അവകാശപ്പെടുന്നത്. "ഇന്ത്യ' സഖ്യത്തിനു മുന്നിൽ മോദിക്കു പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അപ്പോഴും ബിഹാറിലെ സീറ്റുകൾ തങ്ങൾക്കു തൂത്തുവാരാൻ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാവും ബിഹാർ എന്നതിൽ തർക്കമില്ല. യുപിയിൽ ബിജെപി കൂടുതൽ സീറ്റുകൾ പിടിച്ചാൽ പോലും ബിഹാറിൽ അവർക്കു കനത്ത തോൽവി നൽകി വേണം പ്രതിപക്ഷ സഖ്യത്തിന് ഡൽഹിയിൽ ബദൽ സർക്കാരിനെക്കുറിച്ച് ആലോചിക്കാൻ. ഈ രണ്ടു സംസ്ഥാനങ്ങൾക്കു പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അയോധ്യയുടെ സ്വാധീനം അവഗണിക്കാനാവില്ല. മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഡും ഹരിയാനയും ഹിമാചലും അടക്കം സംസ്ഥാനങ്ങളിൽ "ക്ഷേത്രതരംഗം' സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കും.
അടുത്തിടെ അയോധ്യ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ഉന്നതതല യോഗത്തിൽ വിലയിരുത്തുകയുണ്ടായി. അയോധ്യയിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ക്ഷേത്രത്തിനുള്ള സുരക്ഷാ ഏർപ്പാടുകൾ തുടങ്ങിയവ സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്നാണു റിപ്പോർട്ടുകൾ. അയോധ്യാ നഗരം മോടിപിടിപ്പിക്കാനും കർശന സുരക്ഷ ഏർപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടത്രേ. ഉദ്ഘാടനം ഏറ്റവും ഭംഗിയായി നടക്കുകയെന്നത് യോഗി സർക്കാരിന്‍റെ പ്രസ്റ്റീജ് വിഷയമാവും. ഉദ്ഘാടന കാലത്ത് അയോധ്യയിലെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകർക്കു മുന്നിൽ ഉത്തർപ്രദേശിന്‍റെ ഏറ്റവും നല്ല മുഖമായി അയോധ്യയെ അവതരിപ്പിക്കാനാവും യോഗി ശ്രമിക്കുക. അതിൽ വിജയിക്കുന്നതു തന്നെ രാഷ്‌ട്രീയമായി ബിജെപിക്കു ഗുണം ചെയ്യുന്നതാവും.