#മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി
സാർവത്രിക ആരോഗ്യ പരിരക്ഷയെന്ന നിർണായക ആവശ്യത്തിനു പ്രതിവിധിയായാണ് 2017ലെ ദേശീയ ആരോഗ്യ നയം അനുസരിച്ച് 2018ൽ ‘ആയുഷ്മാൻ ഭാരത്’ പദ്ധതിക്ക് രാജ്യം തുടക്കംകുറിച്ചത്. എവിടെയാണു വസിക്കുന്നതെങ്കിലും, സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ, ഏവർക്കും സമഗ്ര ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനാണു പദ്ധതി ലക്ഷ്യമിടുന്നത്. അന്തരങ്ങളുണ്ടായിരുന്ന ആരോഗ്യപരിരക്ഷാ സംവിധാനത്തിൽ നിന്ന് സമഗ്രവും ആവശ്യകത അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിലേക്കുള്ള മാറ്റമാണ് ‘ആയുഷ്മാൻ ഭാരത്’. ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങൾ (എച്ച്ഡബ്ല്യുസി), പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎം- ജെഎവൈ) എന്നിവയിലൂടെ പ്രാഥമിക – ദ്വിതീയ - തൃതീയ തലങ്ങളിലുടനീളം രോഗപ്രതിരോധം, പ്രോത്സാഹനം, പരിചരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്ത് ഏവർക്കും ഇതിന്റെ പ്രയോജനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആയുഷ്മാൻ ഭവ’ എന്ന പുതിയ യജ്ഞം വരുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് 2023 സെപ്റ്റംബർ 13ന് ‘ആയുഷ്മാൻ ഭവ’യ്ക്ക് തുടക്കം കുറിച്ചത്. പിഎം-ജെഎവൈയെക്കുറിച്ചുള്ള അവബോധത്തോടെ സമ്പൂർണ ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കൽ; ക്ഷയം, രക്തസമ്മർദം, അരിവാൾ കോശ രോഗം, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങൾ കൈകാര്യം ചെയ്യലും രോഗപരിശോധനയും എന്നിങ്ങനെ നമ്മുടെ ഗ്രാമങ്ങളിലും നഗര വാർഡുകളിലും ഈ യജ്ഞം വിവിധ ആരോഗ്യ സേവനങ്ങൾ നൽകുന്നു.
രാജ്യത്തുടനീളമുള്ള 6.45 ലക്ഷം ഗ്രാമങ്ങളിലും 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും എത്തിച്ചേരുക എന്നതാണ് ‘ആയുഷ്മാൻ ഭവ’യുടെ പ്രാഥമിക ദൗത്യം. ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങളെക്കുറിച്ചു മനസിലാക്കാനും അവ ലഭ്യമാക്കാനും കഴിയുമെന്ന് പദ്ധതി ഉറപ്പാക്കുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കായുള്ള അന്വേഷണത്തിൽ ആരും പിന്തള്ളപ്പെടാതിരിക്കാൻ ‘അന്ത്യോദയ’ തത്വത്തിന് അനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമ്പൂർണ ആരോഗ്യ പരിരക്ഷ സുഗമമാക്കുന്നതിന്, ഈ ക്യാംപെയ്നിൽ അവയവദാന യജ്ഞങ്ങൾ, ശുചിത്വ യജ്ഞങ്ങൾ, രക്തദാന സംരംഭങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടും.
‘ആയുഷ്മാൻ ആപ്കെ ദ്വാർ 3.0’, ആയുഷ്മാൻ സഭ, ആയുഷ്മാൻ മേള എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളിലൂടെ ‘ആയുഷ്മാൻ ഭാരതി’ന്റെ വ്യാപ്തി ഈ ക്യാംപെയ്നിലൂടെ വർധിപ്പിക്കുന്നു. ഈ സ്തംഭങ്ങൾ സമഗ്രമായ പരിരക്ഷ, സഹകരണ അവബോധം, സാമൂഹ്യ കേന്ദ്രീകൃത ശ്രമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സേവനവിതരണം മെച്ചപ്പെടുത്തുന്നു.
‘ആയുഷ്മാൻ ഭാരത്’ സേവനങ്ങളുടെ വിപുലമായ വിനിയോഗത്തോടെ ആയുഷ്മാൻ കാർഡ് വിതരണം വിപുലീകരിച്ച്, വ്യാപകമായ പരിരക്ഷ ഉറപ്പാക്കി മുൻ പതിപ്പുകളുടെ (1.0, 2.0) വിജയത്തെ അടിസ്ഥാനമാക്കി ‘ആയുഷ്മാൻ ആപ്കെ ദ്വാർ 3.0’ സജ്ജമാക്കും. ഇന്ത്യയിൽ ലഭ്യമായ വിവിധ ആരോഗ്യ പരിരക്ഷാ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള അവബോധം വളർത്തുകയാണ് ആയുഷ്മാൻ സഭ ലക്ഷ്യമിടുന്നത്. ഗ്രാമ ആരോഗ്യ- ശുചിത്വ- പോഷകാഹാര സമിതി (വിഎച്ച്എസ്എൻസി) ഇതിന് നേതൃത്വം നൽകും. ‘ആയുഷ്മാൻ ഭവ’ സംരംഭം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്, വിശാലമായ ആരോഗ്യ ആശങ്കകൾ കൈകാര്യം ചെയ്യുന്നതിനും വലിയ ജനവിഭാഗത്തിലേക്ക് കാര്യക്ഷമമായി എത്തിച്ചേരുന്നതിനും ആരോഗ്യ സേവന വിനിയോഗം വർധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനമായി ആയുഷ്മാൻ മേളകൾ പ്രവർത്തിക്കും.
പിഎം-ജെഎവൈ പദ്ധതിക്കു കീഴിൽ 60 കോടിയോളം ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ കാർഡുകളുടെ ഉയർന്ന വിതരണം ഉറപ്പാക്കുന്ന ‘ആയുഷ്മാൻ - ആപ്കെ ദ്വാർ’ സംരംഭം, സെപ്തംബർ 17ന് രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആരംഭിച്ച് ഡിസംബർ 31 വരെ തുടരും. ‘ആയുഷ്മാൻ ആപ്കെ ദ്വാർ’ വഴി, രാജ്യത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും ആയുഷ്മാൻ കാർഡുകൾക്കായി രജിസ്റ്റർ ചെയ്യാനാകും. എബി-പിഎംജെഎവൈ പദ്ധതിക്കു കീഴിൽ ആരോഗ്യ കാർഡുകൾ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും. അർഹരായ ഓരോ ഗുണഭോക്താവിനും ആയുഷ്മാൻ കാർഡ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഈ സ്തംഭത്തിന്റെ പ്രാഥമിക ലക്ഷ്യം. താങ്ങാനാകുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഇതിലൂടെ ഏവർക്കും ലഭ്യമാകും.
ആയുഷ്മാൻ സഭകൾ 2023 ഒക്റ്റോബർ രണ്ടിനു ചേരും. തുടർന്നുള്ള പരിപാടികൾ 2023 ഡിസംബർ 31ന് മുമ്പ് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും നഗര വാർഡുകളിലുമായി നടക്കും. ആയുഷ്മാൻ സഭകൾ പൗരന്മാർക്ക് സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളെക്കുറിച്ച് അറിവ് നേടുന്നതിനും ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിനും, ‘ജൻ ഭാഗീദാരി സേ ജൻ കല്യാൺ’ (പൊതുജന പങ്കാളിത്തത്തിലൂടെ പൊതുജനക്ഷേമം) മാതൃകയാക്കുന്നതിനുമുള്ള വേദിയായി വർത്തിക്കും. എംപിമാർ/എംഎൽഎമാർ, പിഎംജെഎവൈ ഗുണഭോക്താക്കൾ, ആയുഷ്മാൻ ഭാരത് ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ ഗുണഭോക്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ, പിഎംജെഎവൈ കാർഡുകൾ വിതരണം ചെയ്യുക, എംപാനൽ ചെയ്ത ആശുപത്രികൾ പ്രദർശിപ്പിക്കുക, ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കുക, രോഗനിർണയ സേവനങ്ങളെയും വിവിധ രോഗങ്ങളെക്കുറിച്ചും കുറിച്ച് അവബോധം വളർത്തുന്നതിനായി ആരോഗ്യ ചർച്ചകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഒത്തുചേരലുകളിൽ ഉൾപ്പെടും.
ഗ്രാമങ്ങളിലെ 1.6 ലക്ഷം ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ എല്ലാ ആഴ്ചയും പതിവായി ആയുഷ്മാൻ മേളകൾ നടക്കും. ബ്ലോക്ക് തലത്തിൽ സാമൂഹ്യാരോഗ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകൾ സംഘടിപ്പിക്കുന്ന മേള നടക്കും. നിരാലംബരും ദരിദ്രരുമായ ജനങ്ങൾക്കിടയിൽ സമ്പൂർണ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിൽ ഈ സ്തംഭം നിർണായകമാകും. ബ്ലോക്ക് തലത്തിൽ ഇഎൻടി – കണ്ണ് - സൈക്യാട്രിക് പരിരക്ഷ തുടങ്ങിയ പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ മേളകൾ, പ്രത്യേക പരിചരണത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കൽ, പരിചരണത്തിന്റെ തുടർച്ച ശക്തിപ്പെടുത്തൽ, സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും ഇടയിലുള്ള വിശ്വാസം വളർത്തൽ, ആരോഗ്യം കാംക്ഷിക്കുന്ന പെരുമാറ്റം വളർത്തൽ, മെഡിക്കൽ കോളേജുകളുമായി കൂടുതൽ ഇടപഴകൽ, ആവശ്യമുള്ള ഓരോ രോഗിക്കും ആരോഗ്യ സേവനങ്ങൾ വ്യാപിപ്പിക്കൽ തുടങ്ങിയവയാണു ലക്ഷ്യമിടുന്നത്.
എല്ലാ ഗ്രാമങ്ങളും നഗര വാർഡുകളും ‘ആയുഷ്മാൻ ഗ്രാമപഞ്ചായത്ത്’ അല്ലെങ്കിൽ ‘ആയുഷ്മാൻ നഗര വാർഡ്’ ആയി രൂപാന്തരപ്പെടുന്നതിലൂടെ അടിസ്ഥാന തലത്തിൽ സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ആയുഷ്മാൻ കാർഡുകളുടെ വിതരണം, ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കൽ, ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന, സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളുടെ പരിശോധനയും ചികിത്സയും എന്നിവയുൾപ്പെടെ, ഓരോ സ്തംഭത്തിനു കീഴിലും തെരഞ്ഞെടുത്ത പദ്ധതികളുടെ 100% പരിരക്ഷ നേടിയ ഗ്രാമങ്ങളെ സാക്ഷ്യപ്പെടുത്തുക എന്നതാണ് പരമമായ ദൗത്യം.
ബൃഹദാരണ്യക ഉപനിഷത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, “ഏവരും സന്തുഷ്ടരാകട്ടെ; ഏവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ; ഏവർക്കും ശുഭകരമായ അവസ്ഥയുണ്ടാകട്ടെ; ആരും ഒരുതരത്തിലും കഷ്ടപ്പെടാതിരിക്കട്ടെ” എന്ന രീതിയിൽ സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രകടമായ രൂപമാണ് ‘ആയുഷ്മാൻ ഭവ’. ഒപ്പം പൗരന്മാർക്കും, രാഷ്ട്രത്തിനു മൊത്തത്തിലും, ദീർഘായുസിന്റെയും കരുത്തുറ്റ ആരോഗ്യത്തിന്റെയും സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.