ബിജു  
Special Story

മുക്കൂട്ടുതറയുടെ സ്നേഹഗാഥ

വാക്കുകൾക്കതീതമായ ഒരു സ്നേഹഗാഥയാണ് ബിജുവിന്‍റെയും ജൂബിയുടേതും

അപരിമേയമായ സ്നേഹത്തിന്‍റെയും കരുണയുടെയും ദിവസമാണ് ലോകത്തിന് സെപ്റ്റംബർ 30.

അനശ്വര പ്രേമമെന്നോ അഗാപെയെന്നോ എന്തേ പറയേണ്ടൂ എന്നറിയാത്ത... വാക്കുകൾക്കതീതമായ, ഒരു സ്നേഹഗാഥയാണ് ബിജുവിന്‍റെയും ജൂബിയുടേതും.

സാധാരണക്കാരായ ബിജുവും ജൂബിയും അസാധാരണമായ ജീവിതാനുഭവങ്ങളിലൂടെ ഉരുക്കി വാർക്കപ്പെട്ടതോടെയാണ് ലോകം അവരെ അറിഞ്ഞു തുടങ്ങിയത്. ഇന്ത്യയുടെ പ്രതീക്ഷയായി സിഎൻഎൻ-ഐബിഎൻ തെരഞ്ഞെടുത്ത ഈ മനുഷ്യനെ ഇന്ത്യയുടെ രണ്ടു രാഷ്ട്രപതിമാർ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ളതാണ്.

ബിജു വർഗീസ് എന്ന മുക്കൂട്ടുതറക്കാരൻ- ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ കൺകണ്ട ദൈവം.ഏതാണ്ട് രണ്ടായിരത്തിലധികം ഭിന്നശേഷിക്കാർക്കായി അവരുടെ പ്രത്യേകതകൾക്കനുസരിച്ച് വാഹനങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട് നാളിതു വരെ ബിജു.

പുരസ്‌കാരം നൽകിയ ശേഷം തോളിൽ തട്ടി എപിജെ അബ്ദുൾ കലാം നൽകിയ അംഗീകാരം...നിറപുഞ്ചിരിയോടെ പ്രതിഭാപട്ടേൽ നൽകിയ ആദരവ്...

അവിടെ തീരുന്നില്ല ബിജുവിന്‍റെ ചരിത്ര നേട്ടം. പോസിറ്റീവായി ചിന്തിക്കുന്നവരെ കണ്ടെത്താൻ ഇന്ത്യ മുഴുവൻ സിഎൻഎൻ-ഐബിഎൻ നടത്തിയ തെരഞ്ഞെടുപ്പിൽ ജേതാവ്...അഭിമാനിക്കാൻ ഇന്ത്യയ്ക്കിനി എന്തു വേണം?

കാറുകളിൽ അഡീഷണൽ തുളകളോ നട്ടോ ബോൾട്ടോ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് ബിജു ഈ യന്ത്രം കേബിളുകളുടെ സഹായത്താൽ സുരക്ഷിതമായി ഫിറ്റ് ചെയ്യുന്നത്.

യൂറിൻ ബാഗ് ഘടിപ്പിച്ച് വീൽചെയർ സഹായത്തിലാണ് ബിജു കാര്യങ്ങൾ നീക്കുന്നത്. എന്തിനും ഏതിനും പരസഹായം വേണം.

ജൂബി

ജൂബി: വിധി തട്ടിയെടുത്ത നിധി

25ാം വയസിൽ അപകടത്തെ തുടർന്ന് അരയ്ക്കു താഴെ തളർന്ന ബിജുവിന്‍റെ അവസ്ഥകളെല്ലാം കണ്ട് അറിഞ്ഞ് സ്നേഹിച്ചു വിവാഹം കഴിച്ചതാണ് മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ലാബ് ടെക്നിഷ്യനായിരുന്ന ജൂബി.ബിജുവിന്‍റെ ആത്മാവിന്‍റെ സ്പന്ദനം ആയിരുന്നവൾ.അവളുടെ കരം പിടിച്ച് ബിജു പുതിയ കണ്ടെത്തലുകളിലേയ്ക്ക് ഊളിയിട്ടു.രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നെത്തുന്നവരിൽ നിന്നും ലഭിച്ച ചെറിയ തുക കൊണ്ടു തന്‍റെ ചികിത്സയും സ്വന്തമായി ഒരു വർക്ക് ഷോപ്പ് എന്ന സ്വപ്നവും പാതി വഴിയിൽ എത്തിയപ്പോഴാണ് വെള്ളിടി പോലെ ബിജുവിനെ തേടി മറ്റൊരു ദുരന്തം എത്തിയത്. കിടക്കയിൽ നിന്നെണീക്കാനാവാതെ വേദനിച്ച ബിജുവിന്‍റെ എല്ലാമായിരുന്ന ഭാര്യയുടെ ബ്രെയിൻ ട്യൂമർ.ഇന്നിപ്പോഴിതാ, അന്ത്യം വരെ കൂട്ടിനായി ഒരു ജന്മത്തിന്‍റെ മുഴുവൻ സ്നേഹവും പകർന്നു കടന്നു വന്നവളെയും വിധി തട്ടിയെടുത്തിരിക്കുന്നു. ജൂബി മരണത്തിനു കീഴടങ്ങിയിരിക്കുന്നു.

ജൂബിയെ മരണത്തിനു വിട്ടു കൊടുത്തത് നമ്മളോ?

2007ലാണ് മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ലാബ് ടെക്നിഷ്യനായിരുന്ന ജൂബി ബിജുവിന്‍റെ ജീവിതത്തിലേയ്ക്കു കൈ പിടിച്ച് എത്തിയത്.ആ ദാമ്പത്യത്തിന് ജോർജുകുട്ടിയെന്ന മകനെ നൽകി ദൈവം അനുഗ്രഹിച്ചു.പക്ഷേ, കഴിഞ്ഞ 2016ൽ ജൂബിയ്ക്ക് ബ്രെയ്ൻ ട്യൂമർ സ്ഥിരീകരിച്ചതോടെ ബിജു തകർന്നു പോയി. വിദേശ രാജ്യങ്ങളിലെവിടെയായിരുന്നെങ്കിലും ഇത്രയധികം കണ്ടെത്തലുകൾ നടത്തിയ ഒരു പ്രതിഭയ്ക്ക് സ്വന്തം ഭാര്യയെ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. പക്ഷേ, ബിജുവിന് ആദ്യം തന്‍റെ ഭാര്യയ്ക്ക് ആഗ്രഹിച്ച ചികിത്സ പോലും നൽകാനായില്ല. പണത്തിന്‍റെ ബുദ്ധിമുട്ടു മൂലം ഇന്ത്യൻ മെഡിസിനാണ് ആദ്യം ചെയ്തിരുന്നത്.പിന്നീടാണ് വെല്ലൂർ മെഡിക്കൽ കോളെജിൽ ജൂബിയ്ക്കു ചികിത്സ നേടാനായത്. എന്തിനേറെ പറയണം?ഭിന്നശേഷിക്കാർക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്തുകൾക്ക് കടമയുണ്ടെങ്കിലും ബിജുവിന്‍റെ വീട്ടിലേയ്ക്കുള്ള റോഡും വഴിയും സാധാരണക്കാർക്കു പോലും സുഗമമായ യാത്രയ്ക്ക് ഉപയുക്തമല്ല ഇന്നും.

ചേർത്തു നിർത്തേണ്ടവർ കണ്ണടയ്ക്കുമ്പോൾ...

നന്ദിയും നന്ദികേടും സ്നേഹവും സ്വാർഥതയും ഒരുപോലെ അനുഭവിച്ച മനുഷ്യൻ. മഹാനായ ഒരു യുവ സംരംഭകൻ.ഒപ്പം നിൽക്കേണ്ടവർ കൈയൊഴിയുന്നതാണ് നേരിൽ കണ്ടപ്പോൾ മനസിലാക്കാനായത്.

ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് രണ്ടു കാലുകളുമില്ലാത്ത ജോബിയ്ക്കും രണ്ടു കൈകളുമില്ലാത്ത ജിലുമോൾക്കും മറ്റു പല ഭിന്നശേഷിക്കാർക്കും അവരുടെ പ്രത്യേകതകൾക്കനുസരിച്ച് ഉള്ള വാഹനങ്ങൾ നിർമിച്ചു നൽകി.

രണ്ടു കാലുകളുമില്ലാത്ത ലോക ചാമ്പ്യൻ ജോബിയ്ക്ക് കൺകണ്ട ദൈവമാണ് ബിജു ഇന്നും.എന്നാൽ രണ്ടു കൈകളുമില്ലാത്ത ജിലുമോൾക്കാകട്ടെ, ബിജുച്ചേട്ടൻ അത്യാവശ്യം വേണ്ട കാര്യങ്ങൾ തന്‍റെ വണ്ടിയിൽ ചെയ്തു തന്ന ഓട്ടോ ഇലക്‌ട്രിഷ്യൻ മാത്രമാണ്.

ജിലുമോൾക്കു വേണ്ടി പുതിയ കണ്ടെത്തൽ തന്നെ നടത്തിയ ബിജുവിനെ അംഗീകരിക്കാൻ തയാറായില്ല എന്നു മാത്രമല്ല, ആ കണ്ടെത്തലിന്‍റെ ക്രെഡിറ്റത്രയും കേരളത്തിലെ എംവിഡിയും മന്ത്രിമാരും കൈയടക്കുകയും ചെയ്തു.

ബിജു

ഏനാത്തു പാലത്തിൽ നിന്ന് രാഷ്ട്രപതിയിലേയ്ക്ക് വളർന്ന സഹനം

1997 മാർച്ച് 2. പൂർണാരോഗ്യവാനായിരുന്ന, മുക്കൂട്ടുതറയിലെ മുഖ്യ ഇലക്‌ട്രീഷ്യനായിരുന്ന ബിജുവിന്‍റെ ജീവിതം മാറി മറിഞ്ഞ കറുത്ത ദിവസം.സുഹൃത്തിന്‍റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ കൊട്ടരക്കരയ്ക്ക് സമീപം ഏനാത്ത് പാലത്തിൽ

നിന്നും പുഴയിലേയ്ക്ക് വീണ ആഘാതത്തിൽ നട്ടെല്ലിനേറ്റ ക്ഷതം ഏഴു വർഷമാണ് ബിജുവിനെ കിടപ്പു രോഗിയാക്കിയത്.

തളരാൻ തയാറല്ലായിരുന്നു ബിജു.വിവിധ ഇംഗ്ലീഷ് ചാനലുകളിലെ വ്യത്യസ്ത തരത്തിലുള്ള യന്ത്രവത്കൃത ഉപകരണങ്ങളെക്കുറിച്ചുള്ള കാഴ്ചകളുമായി ബിജുവിന്‍റെ മനസ് സംവദിച്ചു തുടങ്ങി.

മുഴുവൻ അംഗപരിമിതർക്ക് എങ്ങനെ എല്ലാം അംഗങ്ങളുമുള്ളവരെപ്പോലെ സ്വാതന്ത്ര്യത്തോടെ നടക്കാം എന്നതായി പിന്നെ ചിന്ത. കൈകൊണ്ട് ഓടിക്കുന്ന കാർ സ്വപ്‌നം കണ്ടു. ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, ഹാർഡ് വെയർ വിഭാഗങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ബിജു കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു യന്ത്രത്തെ സ്വപ്നം കണ്ടു. ആ യന്ത്രം ഉപയോഗിച്ച് കാർ ഓടിക്കാനായാൽ താനും തന്നെ പോലുള്ള കുറച്ച് പേർക്കെങ്കിലും ജീവിതത്തിൽ അടിസ്ഥാന ആവശ്യങ്ങൾക്കെങ്കിലും സ്വന്തമായി സഞ്ചരിക്കാമല്ലോ എന്ന ആഗ്രഹം സഫലമായത് 2004 ൽ.

കേരളത്തിൽ അങ്ങോളമിങ്ങോളം ബിജു തന്നെ താൻ നിർമിച്ച കാർ ഓടിച്ച് യാത്ര ചെയ്തു. വിജയകരമായ ആ കണ്ടെത്തലിനെ കുറിച്ചറിഞ്ഞ് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾ ബിജുവിനെ തേടിയെത്തി.

ബിജു അവരുടെ കാറുകളിൽ ഈ ഉപകരണം ഘടിപ്പിച്ച് കൊടുക്കുകയും ചെയ്തു. രണ്ടു കാലുമില്ലാത്തവർക്കും, അരയ്ക്ക് കീഴ്പ്പോട്ട് തളർന്നവർക്കും ഒരു കാലിന് മാത്രം ബുദ്ധിമുട്ടുള്ളവർക്കും അനായാസമായി ഓടിക്കുവാൻ പറ്റിയ വിധത്തിൽ ഉപകരണം സജ്ജീകരിച്ച് 2011 മെയിൽ ഇന്ത്യൻ നിരത്തിൽ ഏത് വാഹനം ഇറങ്ങണം, ഇറങ്ങരുത് എന്ന് നിശ്ചയിക്കുന്ന പുനെ ആസ്ഥാനമായ എആർഎഐയുടെ (ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ) ലൈസൻസും നേടി ബിജു.

സ്വയം മറന്ന ദാമ്പത്യസ്നേഹം

ബിജുവിനെ കാണാൻ മുക്കൂട്ടുതറയിലെ വീട്ടിൽ എത്തിയപ്പോൾ ജൂബി തീരെ അവശയായി വീട്ടിലുണ്ടായിരുന്നു.പെയിന്‍റിളകിപ്പോയ ആ വീട് ഒരു പാടു സങ്കടങ്ങൾ പറയുന്നതായി തോന്നി.ജൂബിയ്ക്കായി മുറിയിൽ ബിജു ഒരുക്കിയ ഊഞ്ഞാൽ കണ്ണു നിറച്ചു.സുന്ദരിയായ ജൂബിയുടെ അപ്പോഴത്തെ അവസ്ഥ എന്നെയും കരയിച്ചു.

"അവൾക്കു വേണ്ടി ഞാൻ ഏതറ്റം വരെയും പോകും....'

ബിജു എന്ന സ്നേഹാത്മാവിന്‍റെ വാക്കുകൾ ഇപ്പോഴും ചെവിയിൽ പ്രതിധ്വനിക്കുന്നു....മരിക്കാത്ത ദാമ്പത്യമേ ....നിങ്ങളെ ഞാൻ അഗാപ്പെ എന്നു വിളിച്ചോട്ടെ...

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ