കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെ മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര് എംപി ഉള്‍പ്പെടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുകയാണ്. പുതിയ രാഷ്ട്രീയ അടവുകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഉയിര്‍പ്പ് ദിനം മുതല്‍ ക്രൈസ്തവ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും ബിഷപ്പുമാരെ കണ്ട് അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യാന്‍ ബിജെപി ഇറങ്ങിയതാണ് ആദ്യ ചുവടുവയ്പ്പ്.
കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ തറ വില 300 രൂപയാക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കും എന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചതാണ് ബിജെപിയുടെ തുറുപ്പ് ചീട്ട്. സിറോ മലബാർ സഭ അധ്യക്ഷൻ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി കുറെക്കൂടി തുറന്നു പറഞ്ഞു, "ബിജെപിയോട് അയിത്തമില്ല, നരേന്ദ്ര മോദി നല്ല ഭരണാധികാരി'.
ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസ് നേതാക്കള്‍ മുണ്ടും ഷര്‍ട്ടുമിട്ട് മെത്രാസന മന്ദിരങ്ങളിലേക്ക് മാധ്യമ പടയോടൊപ്പം ഇറങ്ങി. മാർ പാംപ്ലാനിയെ കണ്ടാണ് കെപിസിസി പ്രസിഡന്റ് തന്നെ പരിപാടിക്ക് തുടക്കം കുറിച്ചത്. മെത്രാസനങ്ങളില്‍ ചെന്ന് കസേരയില്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് വ.ഡി. സതീശന് ഇപ്പോള്‍ മൗനത്തിലാണ്..!
കോണ്‍ഗ്രസിന്റെ പഴയ ചരിത്രം കോണ്‍ഗ്രസ് നേതാക്കളുടെ മറവിയില്‍ ഒന്നുകില്‍ മൂടിക്കിടക്കുന്നുണ്ടാവും, അല്ലെങ്കില്‍ മനപ്പൂര്‍വം മറന്നു കാണും. കേരളത്തിലെ സ്വകാര്യ കോളെജുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കണമെന്നുള്ള ആവശ്യത്തിന് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ടായപ്പോള്‍, മെത്രാന്മാരെ പിന്തുണച്ച കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിര ഗന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം ബഹിഷ്കരിച്ച എ.കെ. ആന്റണിയെ മറക്കരുത്. "ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം' എന്ന് ആന്റണിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം അന്ന് ഇറങ്ങിത്തിരിച്ചിരുന്നു. മെത്രാസനങ്ങളിലേക്ക് ആന്റണി കാറില്‍ നേരിട്ടോ അല്ലാതെയോ പോയിട്ടില്ല, ചിലപ്പോള്‍ ഉമ്മന്‍ചാണ്ടി, കെ.സി. ജോസഫ് എന്നിവരെ തലയില്‍ മുണ്ടിട്ട് അയച്ചിരിക്കാം.
കരുണാകരന് കുറേക്കൂടി വ്യത്യസ്തനായിരുന്നു. കര്‍ദിനാള്‍ മാർ ജോസഫ് പാറേക്കാട്ടിലിനെ നേരില്‍ കണ്ട് നിലയ്ക്കല്‍ പ്രശ്നം പരിഹരിച്ചത് കരുണാകരനാണ്. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ പോയി മാർ ജോസഫ് കുണ്ടുകുളം ഉള്‍പ്പെടെയുള്ളവരെ നേരില്‍ കാണുന്നതിന് കരുണാകരന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
എല്ലാ ബിഷപ്പുമാരെയും കരുണാകരന് നേരില്‍ പോയി കാണാറില്ലായിരുന്നു. തന്റെ ഗ്രൂപ്പിലെ എം.എം. ജേക്കബ്, പി.പി. ജോര്‍ജ്, കെ.വി. തോമസ് എന്നിവരെ തരാതരം അയയ്ക്കും, വിവരങ്ങള്‍ അറിയും, പിന്നീട് വരുത്തി കൊത്തിക്കും. മന്ത്രിസഭാ രൂപീകരണത്തില്‍ എ.എല്‍. ജേക്കബിനെ മാറ്റി നിര്‍ത്തിയപ്പോള്‍ ലത്തീന്‍ സഭ ഒന്ന് ഇടഞ്ഞു. ഉടനെ എ.എല്‍. ജേക്കബിനെ കെപിസിസി പ്രസിഡന്റും പിന്നീട് മന്ത്രിയുമാക്കി.
ഒരിക്കല്‍ സിപിഎമ്മിന് മെത്രാന്മാര് "നികൃഷ്ടജീവികളും, കടക്കു പുറത്ത് ' ഗണത്തില്‍പ്പെട്ടവരും ആയിരുന്നു. എന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ ചരിത്രം മാറി. ബിഷപ്പുമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിക്കാം, കാണാം, കാര്യവും നടത്താം. എസ്. ശര്‍മ, പി. രാജീവ്, സാബു ചെറിയാന്, ഡോ. തോമസ് ഐസക്ക് എന്നീ സഖാക്കള്‍ക്ക് ബിഷപ്പുമാരുമായി ചങ്ങാത്തം പങ്കിടാം. ഇപ്പോള്‍ എല്ലാ മെത്രാസനങ്ങളിലും മുന്‍കൂട്ടി അറിയിക്കേണ്ട ആവശ്യമില്ലാത്ത കെ.വി. തോമസ് മുഖ്യമന്ത്രിയുടെ വിശ്വസ്ത വക്താവുമായി.
ഇതെല്ലാം കാണുമ്പോള്‍ കോണ്‍ഗ്രസ് ക്യാംപില്‍ സ്വാഭാവികമായും അസ്വസ്ഥത കൂടും. അതുകൊണ്ടു തന്നെയാണ് കെപിസിസി അധ്യക്ഷന്‍ തന്നെ സാന്ത്വനത്തിന് ഇറങ്ങിത്തിരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എവിടെ ജനപ്രിയ ക്രൈസ്തവ നേതാക്കള്‍ എന്ന ചോദ്യത്തിന് മറുപടിയില്ല. ജാതിയും മതവും പ്രായവും നോക്കി നേതാക്കളെ സൃഷ്ടിക്കുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ തൊട്ടുകൂട്ടാന്‍ പോലും ക്രൈസ്തവരില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ലത്തീന്‍ സഭയിലും സിപിഎം കയറിക്കഴിഞ്ഞു. അവര്‍ക്ക് ലത്തീന്‍ സമുദായംഗങ്ങളായ എംഎല്‍എമാര്‍ വരെയുണ്ട്.
പണ്ട് ആനപ്പുറത്തിരുന്നതിന്റെ തഴമ്പുണ്ട് എന്ന് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ സമൂഹം പൊട്ടിച്ചിരിക്കും. ഗൃഹപാഠം നന്നായി ചെയ്താല്‍ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2026ലെ അസംബ്ലി തെരഞ്ഞെടുപ്പിലും നാണം കെടാതെ നോക്കാം എന്നാണ് ജോത്സ്യന് പറയാനുള്ളത്.