Budget 2024, Represenative graphics 
Special Story

ബജറ്റുകൾ ബ്രേക്കിങ് ന്യൂസ് അല്ലാതാകുന്ന കാലം

അജയൻ

ബജറ്റ് പ്രസംഗങ്ങൾ പൊതുജനങ്ങളെ ആകാംക്ഷയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയിരുന്ന നാളുകൾ കടന്നുപോയിരിക്കുന്നു. നയരൂപീകരണത്തിന്‍റെ ഭാഗമായ പല നിർണായക തീരുമാനങ്ങളും ഇപ്പോൾ ബജറ്റിൽ അല്ലാതെ തന്നെ പ്രഖ്യാപിക്കപ്പെടുകയാണ്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റ് ഇടക്കാല ബജറ്റ് അല്ലെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. ക്ഷേത്ര പ്രതിഷ്ഠയായാലും, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആഹ്വാനം ആയാലും ഏതാനും മാസങ്ങളായി വാക്‌ചാതുരിയിലൂടെ ബിജെപി നടത്തുന്ന ബിൽഡപ്പ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു തന്നെയാകുമ്പോൾ, ബജറ്റ് അതിനൊരു ഉപകരണം അല്ലാതായി മാറിയിരിക്കുന്നു. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസം കൂടി ഇതിനു പിന്നിലുണ്ട്.

ബജറ്റിന് പുറത്ത് ശ്രദ്ധേയമായ സാമ്പത്തിക പ്രഖ്യാപനങ്ങൾ നടത്തുന്ന പ്രവണത മോദി സർക്കാരിന്‍റെ കാലഘട്ടത്തിലുടനീളം ദൃശ്യമാണ്. ക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച്, ഒരു കോടി കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച, മേൽക്കൂര സൗരോർജ പദ്ധതി അത്തരത്തിലൊന്നാണ്. അതിന് അംഗീകാരം നൽകുക എന്ന സാങ്കേതിക മാത്രമാണ് ബജറ്റിൽ ശേഷിച്ചിരുന്നത്. എന്നാൽ, ഈ സംരംഭത്തിന് പൂർണമായ ധനസഹായം നൽകണോ അതോ മുൻകാല സമ്പ്രദായങ്ങളുമായി യോജിപ്പിച്ച് സബ്‌സിഡികൾ വിപുലീകരിക്കണോ എന്ന കാര്യത്തിൽ ബജറ്റ് വ്യക്തത വരുത്തിയിട്ടുമില്ല.

ഇടത്തരക്കാരും ശമ്പള വരുമാനക്കാരും പ്രതീക്ഷിച്ചിരുന്ന ആദായ നികുതി സ്ലാബ് വർധന ബജറ്റിലുണ്ടായില്ല. ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങൾക്ക് ഗണ്യമായ ഇളവ് നൽകാനുള്ള ഉദ്ദേശ്യത്തെ ഊന്നിപ്പറയുന്ന ആവേശകരമായ പ്രസംഗം നടത്തിയിട്ടും, നികുതി ഇളവുകളൊന്നും ധനമന്ത്രി പ്രഖ്യാപിച്ചില്ല.

ഇതിനൊപ്പം, തൊഴിലും കാർഷിക മേഖലയും ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിഹിതത്തിൽ ശ്രദ്ധേയമായ വർധനയും ഇടക്കാല ബജറ്റിൽ കാണാനില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ച വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായത് ആശങ്കാജനകവുമാണ്. രണ്ട് സാമ്പത്തിക വർഷങ്ങളിലായി 73,000 കോടി രൂപ ഈയിനത്തിൽ വകയിരുത്തിയിരുന്നെങ്കിൽ, ഇക്കുറി 60,000 കോടി മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. ഗ്രാമീണ ഉൾപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പദ്ധതിയുടെ അനിഷേധ്യമായ സംഭാവന കാണാതിരിക്കുന്ന നിലപാടായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.

വിശാലമായ വീക്ഷണകോണിൽ, മൊത്തത്തിലുള്ള ചെലവിൽ പ്രതീക്ഷിക്കുന്ന ഉയർച്ച 6.1 ശതമാനം മാത്രമാണ്. ഈ വർധന, നിർഭാഗ്യവശാൽ, പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ കൂടുതലാണ്. ഇത് മൊത്തത്തിലുള്ള സാമ്പത്തിക ചുറ്റുപാടിന് അത്ര ആശ്വാസകരമല്ല.

വിവിധ മേഖലകളിൽ ഗണ്യമായ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ സർക്കാർ വെല്ലുവിളികൾ നേരിട്ടു. സർക്കാർ ചെലവുകൾ, പ്രത്യേകിച്ച് മൂലധനച്ചെലവുകൾ വഴിയുള്ള വളർച്ചയെക്കുറിച്ചുള്ള ധനമന്ത്രിയുടെ വാദം, അത്തരമൊരു മാർഗത്തിന്‍റെ സുസ്ഥിരതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. മൂലധനച്ചെലവ് ലക്ഷ്യം 10 ലക്ഷം കോടിയായി ഉയർത്തുന്നതിനുള്ള മുൻവർഷത്തെ ഏറെ കൊട്ടിഘോഷിച്ച പ്രഖ്യാപനം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ, പുതുക്കിയ എസ്റ്റിമേറ്റ് ഇപ്പോൾ 9.5 ലക്ഷം കോടിയാണെന്നു കാണാം. ഈ ക്രമീകരണം നടപ്പ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 5.8 ശതമാനമായി കുറയ്ക്കുന്നതിന് കാരണമായി. ഇതുവഴി തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്ന 5.9 ന് താഴെയെത്തിക്കാൻ സാധിച്ചു. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 5.1 ശതമാനവുമാണ്.

ഓഹരി വിറ്റഴിക്കൽ ലക്ഷ്യത്തിൽ വരുത്തിയ കുറവാണ് ബജറ്റിലെ കൗതുകകരമായ വസ്തുതകളിലൊന്ന്. ഈ സാമ്പത്തിക വർഷത്തിൽ 50,000 കോടി രൂപയുടെ ഓഹരി വിൽക്കാനുള്ള ലക്ഷ്യം 30,000 കോടിയായാണ് പുനർനിർണയിച്ചിരിക്കുന്നത്.

പ്രധാന മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 2 കോടി വീടുകൾ കൂടി നിർമിക്കാൻ ഉദ്ദേശിക്കുന്നുവെന്ന പ്രഖ്യാപനം അനുരണനം ചെയ്യുന്ന ഗ്രാമീണ ഭവന മേഖലയാണ് ശ്രദ്ധ നേടിയ മേഖലകളിലൊന്ന്.

എന്നാൽ, ബിജെപി സർക്കാർ അധികാരം നിലനിർത്തിയാൽ, ഇപ്പോൾ അവതരിപ്പിച്ചത് ഒരു ഇടക്കാല ബജറ്റ് മാത്രമാണെന്ന് പിന്നീട് സുരക്ഷിതമായി അവകാശപ്പെടാൻ സാധിക്കും. പുതിയ സർക്കാരിനു കീഴിൽ അവതരിപ്പിക്കുന്ന പുതിയ ബജറ്റിലാകും യഥാർഥ സാമ്പത്തിക കാഴ്ചപ്പാട് പ്രകടമാകുക. വേതന വർധനയിലെ മുരടിപ്പ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദുർബലമായ രൂപ തുടങ്ങി നിലവിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ പുതിയ ബജറ്റിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിന്‍റെ സൂചനകളൊന്നും ഇടക്കാല ബജറ്റിൽ ലഭ്യമല്ല. സമ്പദ്‌വ്യവസ്ഥയെ വിഭാവനം ചെയ്ത ഉയരങ്ങളിലേക്ക് നയിക്കാനുള്ള പ്രതിജ്ഞാബദ്ധത യാഥാർഥ്യമാകണമെങ്കിൽ ഈ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനുള്ള അടിയന്തരവും ശക്തമായ നടപടികളുടെ ആവശ്യകതയ്ക്കാണ് അടിവരയിടേണ്ടത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം