അജയൻ
വൈവിധ്യമാർന്ന പദവികളുടെയും നേട്ടങ്ങളുടെയും ആകെത്തുകയാണ് ബൈജു തിട്ടാലയുടെ ഇതുവരെയുള്ള വഴികൾ. നിയമ വിദ്യാർഥിയായി തുടങ്ങി ക്രിമിനൽ ലോയറും ലേബർ ലോയറുമായി പേരെടുത്തു, കൗൺസിലറായി, ഡെപ്യൂട്ടി മേയറായി, ഇപ്പോഴിതാ മേയറും. കേംബ്രിഡ്ജിന്‍റെ സാമൂഹിക ജീവിതത്തിലെ സജീവ സാന്നിധ്യമാണ് കഴിഞ്ഞ തവണ ഹൗസ് ഓഫ് കോമൺസിലേക്കുള്ള ലേബർ പാർട്ടി സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക വരെ അദ്ദേഹത്തെ എത്തിച്ചത്. ഇന്ത്യൻ വർക്കേഴ്സ് യൂണിയന്‍റെ അധ്യക്ഷ പദവും വഹിക്കുന്നു.
കേബ്രിഡ്ജിലെ വിദ്യാഭ്യാസ കാലത്ത് ഇന്ത്യയിലെ സിപിഎമ്മുമായി അഫിലിയേറ്റ് ചെയ്ത ഇന്ത്യൻ വിദ്യാർഥികളുടെ സംഘടനയിൽ അംഗമായിരുന്നു ബൈജു. ആ സമയത്താണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. പാർട്ടിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും തമ്മിൽ വൈരുദ്ധ്യം തോന്നിയപ്പോൾ നേരിട്ട് യെച്ചൂരിക്കു തന്നെ രാജിക്കത്തയച്ചു, എന്നിട്ട് ബ്രിട്ടനിലെ ലേബർ പാർട്ടിയിൽ സജീവമായി.
കൗൺസിൽ യോഗങ്ങളിൽ പോലും ധരിക്കാറുള്ള മുണ്ടും കുർത്തയും ധരിച്ച് കേംബ്രിഡ്ജിലെ വസതിയിൽ അദ്ദേഹം മെട്രൊ വാർത്ത പ്രതിനിധിയുമായി സംഭാഷണത്തിനിരുന്നു; രാഷ്‌ട്രീയത്തിലേക്കു തന്നെ നയിച്ച വഴികളെക്കുറിച്ചും, നഗരത്തിന്‍റെ ആദ്യ ഇന്ത്യൻ മേയറെന്ന നിലയിൽ മുന്നിൽ കാണുന്ന ലക്ഷ്യങ്ങളെക്കുറിച്ചും ഔപചാരികതകളുടെ മേലങ്കിയില്ലാതെ മനസ് തുറന്നു സംസാരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകനും അച്ഛന്‍റെ വാക്കുകൾ സസൂക്ഷ്മം കേട്ടുകൊണ്ട് അടുത്തിരുന്നു.
അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
വിദ്യാഭ്യാസത്തിന്‍റെ മുന്തിയ കേന്ദ്രമായി ആഘോഷിക്കപ്പെടുകയും, ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്യുന്ന ഈ നഗരത്തിനു വേണ്ടിയുള്ള പദ്ധതികൾ എന്തൊക്കെയാണ്?
വിദ്യാഭ്യാസത്തിന്‍റെയും സാംസ്കാരികതയുടെയും പ്രകാശഗോപുരമായ കേംബ്രിഡ്ജ് ഒരു ബഹുമുഖ നഗരമാണ്. അതിനൊപ്പം തന്നെ, വിവേചനവും അസമത്വവും ഏറ്റവും ആഴത്തിൽ വേരോടുന്ന ബ്രിട്ടീഷ് നഗരങ്ങളിലൊന്നു കൂടിയാണിത്. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം ഈ നഗരത്തിൽ അവിശ്വസനീയമാണ്. ബിസിനസ് ഹബ് കൂടിയായ ഈ നഗരത്തിന് വരേണ്യവർഗത്തിന്‍റെ പ്രശ്നങ്ങൾ കൃത്യമായി അഭിസംബോധന ചെയ്യുന്ന പാരമ്പര്യമാണുള്ളത്. നഗരവാസികൾക്കെല്ലാം നിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്നതാണ് പ്രധാനം. വീടില്ലാത്തവർക്കും തെരുവിൽ താമസിക്കുന്നവർക്കും വേണ്ടി ഫണ്ട് സമാഹരണം നടത്തണം. എല്ലാത്തരം വിവേചനങ്ങളും ഉന്മൂലനം ചെയ്യുകയും, സാമുദായിക ഐക്യത്തിനു വേണ്ടി കൂടുതൽ ഹരിത മേഖലകൾ സൃഷ്ടിക്കുകയും വേണം. ആഴത്തിലുള്ള നാനാത്വവും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയുമാണ് എന്‍റെ മേയറൽ പ്രമേയം.
തൊഴിലാളി പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുക്കുകയും, ഇന്ത്യയിലെ ലേബർ കോൺക്ലേവുകളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ്. അഭിഭാഷകൻ എന്ന നിലയിൽ, ഇന്ത്യയിലെയും യുകെയിലെയും നിയമത്തിന്‍റെ ചട്ടക്കൂടുകളിൽ താങ്കൾ കാണുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും പൊതുജനാരോഗ്യ സംവിധാനത്തിലും കർക്കശമായ പൊളിച്ചെഴുത്ത് അടിയന്തര ആവശ്യമാണ്. ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ പഴകിയതാണ്. കാലഹരണപ്പെട്ട കൊളോണിയൽ രീതികളിലാണ് അതിന്‍റെ അടിസ്ഥാനം. ഇന്ത്യയിലും യുകെയിലും മിനിമം വേതനം നൽകാതിരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ, പ്രധാന വ്യത്യാസം അതിനെതിരായ നടപടികളിലാണ്. യുകെയിൽ അത്തരം നിയമലംഘനങ്ങളെ ശക്തമായി നേരിടുന്നുണ്ട്. ഇന്ത്യയിൽ, നിയമം നടപ്പാക്കുന്നതിനു തീരെ വേഗമില്ല. ഇരുരാജ്യങ്ങളിലെയും ക്രിമിനൽ നടപടിച്ചട്ടങ്ങൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. ഇന്ത്യയിൽ, പൊലീസിനു മുന്നിൽ നൽകുന്ന മൊഴികൾ കോടതിയിൽ നിർണായകമല്ല. കൊളോണിയൽ കാലത്ത് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലാതെ ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ രീതിയുടെ തുടർച്ചയാണിത്. എന്നാൽ, യുകെയിൽ പൊലീസിനു മുന്നിൽ നൽകുന്ന മൊഴിക്ക് കോടതി നടപടികളിൽ നിർണായക പ്രാധാന്യമുണ്ട്. സമൂഹം പുരോഗമിക്കുന്നതിനൊത്ത് നിയമത്തിന്‍റെ ചട്ടക്കൂടുകളിലും പുരോഗതിയുണ്ടാകണം.
മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലവസരങ്ങളും തേടി വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത കേരളത്തിൽ ശക്തമാണ്. കേംബ്രിഡ്ജ് ആകട്ടെ, യുകെയിലെ പ്രധാന എജ്യുക്കേഷൻ ഹബ്ബും. കേരളത്തിൽനിന്നുള്ളവർക്ക് നൽകാനുള്ള മുന്നറിയിപ്പ് എന്താണ്?
കേരളത്തിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിദ്യാർഥികളെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, ദൂരെ നിന്നു നോക്കുന്നത്ര സമൃദ്ധമല്ല കാര്യങ്ങൾ. വിദേശത്തു ചേരാൻ പോകുന്ന കോളെജിനെക്കുറിച്ചും കോഴ്സിനെക്കുറിച്ചും വ്യക്തമായി മനസിലാക്കിയ ശേഷം മാത്രമേ നിർണായക ചുവടുവയ്പ്പ് നടത്താൻ പാടുള്ളൂ. അപ്രതീക്ഷിതമായ കുഴപ്പങ്ങളിൽ പെട്ടുപോയ നിരവധി ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദ്ധയോടെ വേണം ഓരോ ചുവടും വയ്ക്കാൻ.
കഴിഞ്ഞ തവണ ഹൗസ് ഓഫ് കോമൺസിലേക്കുള്ള ലേബർ പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടികയിൽ താങ്കൾ ഉൾപ്പെട്ടിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. താങ്കൾ മത്സരരംഗത്തുണ്ടാകുമോ?
കഴിഞ്ഞ തവണ രണ്ടുമൂന്ന് മണ്ഡലങ്ങളിൽ എന്‍റെ പേര് ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. അങ്ങനെയൊരു ഓഫർ ഞാനിപ്പോൾ സ്വീകരിക്കുകയും എംപിയാകുകയും ചെയ്താൽ എന്നെ യുകെയിൽ കെട്ടിയിട്ടതുപോലെയാകും. ഞാൻ ആഗ്രഹിക്കുന്നത് അതല്ല. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ഒരു തൊഴിലാളി കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. പതിനെട്ടാം വയസിൽ ഡൽഹിക്കോ പോയി. പല ജോലികൾ ചെയ്തു, വിവാഹം കഴിച്ചു. പിന്നീട് യുകെയിൽ ജോലി ചെയ്യുന്ന ഭാര്യക്കൊപ്പം ഇങ്ങോട്ടു പോന്നു. നിയമത്തോടുള്ള പ്രതിപത്തിയാണ് ഇവിടെ നിയമ ബിരുദമെടുക്കുന്നതിലേക്കു നയിച്ചത്. പിന്നീട് ബിരുദാനന്തര ബിരുദം നേടുകയും തൊഴിൽ നിയമങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്തു.
ഇവിടെയുള്ള മറ്റു പല ഇന്ത്യക്കാരെയും പോലെ സൗകര്യമായി ജീവിക്കാൻ എനിക്കും സാധിക്കും. അഭിഭാഷകൻ എന്ന നിലയിലുള്ള മികച്ച കരിയറും രാഷ്‌ട്രീയത്തിലെ സ്ഥാനവുമെല്ലാം അതിനു സഹായകം തന്നെയാണ്. എന്നാൽ, ഗാന്ധിജി എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ഏറ്റവും ആദരിക്കുന്ന വ്യക്തിത്വം. അദ്ദേഹത്തിനു ദക്ഷിണാഫ്രിക്കയിൽ തുടരാമായിരുന്നിട്ടും ഇന്ത്യയിലേക്കു മടങ്ങാനാണ് താത്പര്യപ്പെട്ടത്. ചരിത്രത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു അത്. അതാണ് എന്‍റെ പ്രചോദനം. ഏതാനും വർഷങ്ങൾക്കുള്ളിൽ എന്‍റെ വേരുകളിലേക്കു മടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായ പങ്ക് വഹിക്കാനും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ രാഷ്‌ട്രീയ കോൺക്ലേവുകളെ ഞാൻ ഇതിനകം തന്നെ അഭിസംബോധന ചെയ്തിട്ടുണ്ട്, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിരുന്നു. ഗാന്ധിയൻ, നെഹ്റുവിയൻ തത്വശാസ്ത്രങ്ങളാണ് എന്നെ നയിക്കുന്നത്. ഇന്ത്യിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യുന്നു.
എന്‍റെ രാഷ്‌ട്രീയ യാത്ര കേംബ്രിഡ്ജിൽനിന്ന് ഇന്ത്യയിലേക്കു തിരിച്ചുവിടുക എന്നതാണ് എന്‍റെ ആത്യന്തിക ലക്ഷ്യം. ദേശീയ രാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കണമെന്നാണ് ആഗ്രഹം. ഒട്ടും വൈകാതെ എന്‍റെ പ്രയത്നങ്ങൾ എന്‍റെ ജന്മനാടിനു വേണ്ടി സമർപ്പിക്കും; അവിടെ അർഥവമത്തായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും എന്‍റെ വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും രൂപപ്പെടുത്തിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നുമാണ് ആഗ്രഹം.