വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് സാന്നിധ്യം കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാലയിലെ(കുഫോസ്) 10 പ്രൊഫസർമാരുൾപ്പെടെ 22 ശാസ്ത്രജ്ഞർ 5 വർഷമെടുത്ത് പഠിച്ചതിന്റെ റിപ്പോർട്ട് കേരളത്തിനെ ഞെട്ടിക്കേണ്ടതായിരുന്നു. അത്രമാത്രം ഗുരുതരമായ കണ്ടെത്തലുകളാണ് ആ പഠനത്തിൽ കണ്ടെത്തിയത്.
ആ റിപ്പോർട്ട് ഒരു കമ്മിറ്റിക്കു കൈമാറി നാം പരിസ്ഥിതി ദിനാചരണത്തിലേയ്ക്ക് എടുത്തുചാടി. ആചരണങ്ങൾക്കും ഉത്സവങ്ങൾക്കും കിട്ടുന്ന ഒരവസരവും വിടില്ലല്ലോ. അതിനാൽ തന്നെ ജൂൺ 5ന് ലോക പരിസ്ഥിതിദിനം കൊണ്ടാടാൻ പ്ലാസ്റ്റിക് കവറുകളിൽ തൈകൾ മുളപ്പിച്ചു വച്ചത് മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ലോറികളിൽ കേരളമെമ്പാടും കയറ്റിവിടാൻ ഉത്സാഹക്കമ്മിറ്റിക്കാർ തയ്യാർ. വനം വകുപ്പ് ഇത്തവണ വിതരണം ചെയ്യുന്നത് 20,91,200 തൈകൾ.
ഇതുപോലൊരു പരിസ്ഥിതി ദിനത്തിൽ വനം വകുപ്പ് വിതരണം ചെയ്ത മഞ്ഞക്കൊന്ന ഇപ്പോൾ കാടിനു മാത്രമല്ല നാടിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നത് പുതുകഥ. കഴിഞ്ഞ 25 കൊല്ലത്തിനിടെ വനം വകുപ്പ് വിതരണം ചെയ്ത തൈകളത്രയും മുളച്ചിരുന്നെങ്കിൽ കേരളമാകെ കൊടുങ്കാടായേനെ!
പ്ലാസ്റ്റിക് വിപത്താണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന വിഷയം. കേരളം കൊല്ലങ്ങൾക്കു മുമ്പേ മൈക്രൊ പ്ലാസ്റ്റിക് ഉൾപ്പെടെ പഠിയ്ക്കാൻ രംഗത്തിറങ്ങിക്കഴിഞ്ഞു. 5 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് ശാസ്ത്രലോകം വിളിക്കുന്നത്. 2021ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് നിർമിക്കുന്നതും ഉപയോഗിക്കുന്നതും. അതിനാൽ, "മുമ്പേ പറക്കുന്ന പക്ഷി'കളാണ് നമ്മുടെ ശാസ്ത്രജ്ഞർ എന്ന് ഉറപ്പു പറയാം.
2017ൽ മഹാത്മാഗാന്ധി സർവകലാശാലയിലെ പരിസ്ഥിതി വിഭാഗം പ്രൊഫസർ ഡോ. ഇ.വി. രാമസ്വാമിയും ഗവേഷകയായ ശ്രുതിയും ചേർന്നാണ് കേരളത്തിലെ കായലുകളിലെ മൈക്രോ പ്ലാസ്റ്റിക് കണങ്ങളെപ്പറ്റി ആദ്യ പഠനങ്ങളിലൊന്ന് നടത്തിയത്. അവരുടെ പഠന റിപ്പോർട്ട് ലോകോത്തര സയൻസ് ജേണലായ "എൻവയേൺമെന്റൽ പൊലൂഷനി'ൽ പ്രസിദ്ധീകരിച്ചു. പോളി എഥിലിൻ വിഭാഗത്തിൽപ്പെട്ട മൈക്രോ പ്ലാസ്റ്റിക്കുകളാണ് അവർ വേമ്പനാട് കായലിൽ കണ്ടെത്തിയത്. കഷണങ്ങളായും നാരുകളായും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളെ കായലിൽ നിന്ന് കണ്ടെടുത്തു. ജലജീവികളിലും മത്സ്യങ്ങളിലും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ വരുത്തുന്ന പ്രത്യാഘാതങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ തമിഴ്നാട് തീരത്ത് പ്രവർത്തിക്കുന്ന "നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ മാനെജ്മെന്റ് ' എന്ന ഗവേഷണ കേന്ദ്രത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ബീച്ചുകളിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ കാര്യമായ സാന്നിധ്യം കണ്ടെത്തി. നദികൾ കടലുമായി ചേരുന്ന ഭാഗത്തെ കടൽ തീരങ്ങളിലാണ് ഇവയുടെ സാന്നിധ്യം വളരെക്കൂടുതലുള്ളത്. കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിഞ്ഞ് വിവിധ രൂപത്തിൽ കടലിലെത്തുകയാണ് എന്നായിരുന്നു നിഗമനം. 2017ൽ "സയൻസ് ഒഫ് ദി ടോട്ടൽ എൻവയേൺമെന്റ് 'എന്ന അന്താരാഷ്ട്ര ജേണലിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അതിൽ അവർ പരിശോധിച്ച മിക്കവാറും മത്സ്യങ്ങളിൽ മൈക്രൊ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക പ്രാധാന്യമുള്ള മത്സ്യങ്ങളാണ് ഇങ്ങനെ പരിശോധിച്ചതെന്ന വസ്തുത എടുത്തുപറയണം.
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ തടാകവുമാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിലേക്ക് അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ, പമ്പാനദി, പെരിയാർ എന്നിവ ഒഴുകിയെത്തുന്നു. വിസ്തീർണം 1512 ച. കി. മീ. ഏറ്റവും കൂടിയ വീതി 14 കി. മീ. കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനെജ്മെന്റ് ആൻഡ് കൺസർവേഷൻ പ്രൊഫസർ ഡോ. വി.എൻ. സഞ്ജീവന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നിർദേശപ്രകാരം തെക്കൻ വേമ്പനാട്ടു കായലിന്റെയും മധ്യ വേമ്പനാട്ടു കായലിന്റെയും പ്രവർത്തനക്ഷമതയാണു പഠനവിധേയമാക്കിയത്. അതിനായി കായലിന്റെ ഇരു ഭാഗവും 138 മേഖലകളായി തിരിച്ച് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചു. കായലിന്റെ തോപ്പുംപടി മുതൽ അഴിമുഖം വരെയുള്ള ഭാഗത്തെ പഠനം നടന്നു വരുന്നതേയുള്ളൂ.
വേമ്പനാട്ടു കായൽ മനുഷ്യ ഇടപെടലുകളും കാലാവസ്ഥാ മാറ്റങ്ങൾ മൂലവും നശിക്കുന്നതിന്റെ നേർചിത്രമാണ് ഗവേഷണഫലം. 120 വർഷം കൊണ്ട് വേമ്പനാട്ടു കായലിന്റെ ജലസംഭരണ ശേഷി കുറഞ്ഞത് 15 ശതമാനമായാണ്. കായലിൽ അടിഞ്ഞുകൂടിയത് 3,005 ടൺ മാക്രോ പ്ലാസ്റ്റിക്. എന്നുവച്ചാൽ 200 എംഎംനു മുകളിലുള്ള പ്ലാസ്റ്റിക്. റാംസർ ഉടമ്പടി അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കവേയാണ് ലോകത്തിലെ സമാനമായ ആവാസ വ്യവസ്ഥകളേക്കാൾ വളരെക്കൂടുതൽ പ്ലാസ്റ്റിക് കണ്ടെത്തിയത്. ഇതിൽ 2,767 ടൺ പ്ലാസ്റ്റിക് മാലിന്യവും തെക്കൻ വേമ്പനാട്ടു കായലിലാണ്.
മധ്യ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് മാലിന്യം 238 ടൺ ആണ്. ഈ മേഖലയിൽ കൂടുതലും വെള്ളത്തിൽ ലയിക്കാത്ത മൈക്രോ പ്ലാസ്റ്റിക് മാലിന്യമാണ്. അതിൽ 70 ശതമാനത്തിൽ കൂടുതലും നാര് രൂപത്തിലുള്ളവ. വ്യവസായ കേന്ദ്രങ്ങളിൽ നിന്നു പുറന്തള്ളുന്ന പദാർഥങ്ങൾ, നൈലോൺ കയറുകളും വലകളും, ഡിറ്റർജന്റുകൾ, നൈലോൺ- ഫൈബർ തുണിത്തരങ്ങൾ എന്നിവയിൽ നിന്നുള്ള ചെറു നാരുകളും തരികളുമാണ് മൈക്രോ പ്ലാസ്റ്റിക് കണങ്ങളിലേറെയും. നീല, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് തരിമാലിന്യമാണ് കൂടുതൽ. ഇത്തരം പ്ലാസ്റ്റിക് കൂടുതൽ ഉപയോഗിക്കുന്നതു മീൻപിടിത്ത വലകളിലും കുപ്പികളുടെ അടപ്പ് നിർമിക്കാനുമാണ്. മധ്യ വേമ്പനാട്ടു കായലിലെ മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തോത് അനുവദനീയമായതിലും ഏറെ മുകളിലാണെന്ന് ഡോ. വി.എൻ. സഞ്ജീവൻ ചൂണ്ടിക്കാട്ടി.
കക്കളിലും മീനുകളിലും നീല, ചുവപ്പ് നിറങ്ങളിലുള്ള അതേ മൈക്രോ പ്ലാസ്റ്റിക് അംശം കണ്ടെത്തി. തെക്കൻ വേമ്പനാട്ടു കായലിൽ നിന്നുള്ള ഒരു ഗ്രാം കറുത്ത കക്കയുടെ ശരീരകലയിൽ 0.15 മുതൽ 0.25 മൈക്രോ ഗ്രാം മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തിയപ്പോൾ, മധ്യ വേമ്പനാട്ടു കായലിൽ അത് 0.14 മുതൽ 0.9 മൈക്രോ ഗ്രാം വരെയാണ്. പഠനത്തിന് വിധേയമാക്കിയ വരത്തൻ കക്കകളിലും കല്ലുമ്മെക്കായയിലും മൈക്രോ പ്ലാസ്റ്റിക് അംശം കൂടുതലാണെന്നാണ് കണ്ടെത്തിയത്. സ്വാഭാവികമായും ഇവ ആഹാരമാക്കുന്ന മനുഷ്യരിലും ഒരു പങ്ക് എത്തിച്ചേരുമെന്ന് ഉറപ്പാണ്.
ഇതുവരെയുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ മാർച്ചിലാണ് "കുഫോസ്' സർക്കാരിന് നൽകിയത്. സാധാരണഗതിയിൽ ഒന്നോ രണ്ടോ കൊല്ലം ആ റിപ്പോർട്ടിൽ അടയിരുന്ന് കുംഭകർണ സേവ നടത്തുന്നതാണ് രീതിയെങ്കിലും ഇത്തവണ അത് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. നല്ല കാര്യം. പക്ഷെ, വിദഗ്ധരാവണമെങ്കിൽ കണ്ണുകെട്ടിയ കുതിരകളാവണമെന്നതാണ് പുതിയ കാലത്തെ രീതി.
കേരളത്തിൽ ഒരുവർഷമുണ്ടാകുന്ന മാലിന്യം 43,37,718. 6 ടണ്ണെന്നാണ് ശുചിത്വ മിഷന്റെ റിപ്പോർട്ട്. ഇതിൽ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് സംബന്ധിച്ച പഠനങ്ങൾ കേരളത്തിൽ നടത്തിയ വിദഗ്ധരുണ്ട്. അവർ പക്ഷെ, കണ്ണു കെട്ടിയ കുതിരകളാവണമെന്നില്ല. അവരുടെ സേവനവും മികവും പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ നാടിനാണ് പ്രയോജനമെന്ന് അധികാരികൾ തിരിച്ചറിയണം.
""പായല്ച്ചുരുള് ചുറ്റി
ദാഹനീര് തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?''
- അയ്യപ്പപ്പണിക്കർ.