രാസലായനി ചേർത്ത മത്സ്യവിൽപ്പന വ്യാപകം; ഉദരരോഗം പടരുന്നു 
Special Story

രാസലായനി ചേർത്ത മത്സ്യവിൽപ്പന വ്യാപകം; ഉദരരോഗം പടരുന്നു

കുന്നത്തുകാൽ മണികണ്ഠൻ

നെയ്യാറ്റിൻകര: ഗ്രാമീണമേഖലയിൽ വിറ്റഴിക്കുന്നത് രാസലായനി ചേർത്ത പഴക്കമേറിയ മത്സ്യമാണെന്നും ഇതു കഴിച്ച് ഉദരരോഗം പടരുന്നതായും ആരോപണം. ഫോർമാലിൻ, അമോണിയ ഉൾപ്പെടെയുള്ള മാരക രാസലായനികളിൽ മുക്കി മാസങ്ങളോളം ഫ്രീസറിൽ സൂക്ഷിക്കുന്ന ചൂര, കൊഴിയാള, അയല, കൊഞ്ച് ഉൾപ്പെടെയുള്ളവയാണ് മത്സ്യക്ഷാമം നേരിടുന്ന സമയത്ത് ഗ്രാമീണ മേഖലയിലെ മാർക്കറ്റുകളിലെത്തിച്ച് വിറ്റഴിക്കുന്നത്. ഇത്തരത്തിൽ ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യം കണ്ടുകഴിഞ്ഞാൽ ചീഞ്ഞതായി തോന്നില്ല.

അതിരാവിലെ ഗ്രാമങ്ങളിലെ വീടുകളിൽ വാഹനങ്ങളിലെത്തിച്ച് വിൽക്കുന്നതും ഈ മത്സ്യമാണെന്ന് പരാതിയുണ്ട്. പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മാർക്കറ്റുകളിൽ നിന്നു ദിനംപ്രതി വലിയ അളവിലാണ് ഇത്തരത്തിലുള്ള മത്സ്യങ്ങൾ വിറ്റുപോകുന്നത്. രാസലായനി കലർന്ന മത്സ്യം ഉദരരോഗങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് വകവയ്ക്കാതെയാണ് കച്ചവടം പൊടിപൊടിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന് മൈൻഡില്ല

ഉദരരോഗം പതിവായതോടെ പലരും ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിപ്പെട്ടെങ്കിലും വിൽപ്പന തടയാൻ നടപടിയുണ്ടായില്ല. ചെറുകിട മാർക്കറ്റുകളിലും വാഹനങ്ങളിലും എത്തിച്ച് കച്ചവടം ചെയ്യുന്ന മത്സ്യം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.

ലേലം ഒഴിവാക്കി മത്സ്യം നേരിട്ട് സംഭരിച്ച് വിതരണം ചെയ്യുമെന്ന ഫിഷറീസ് വകുപ്പിന്‍റെ പ്രഖ്യാപനവും നടപ്പാക്കാനായില്ല.

രാസവസ്തുകലർത്തിയ മത്സ്യവിൽപ്പന പിടികൂടാനായി മുമ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് ചെക്കുപോസ്റ്റുകളിൽ കർക്കശപരിശോധന ഏർപ്പെടുത്തിയിരുന്നു. അത് നിർത്തലാക്കിയതും ഇക്കൂട്ടർക്ക് സഹായമായി. വിഷമീൻ പലയിടങ്ങളിലും പിടികൂടുന്നുണ്ടെങ്കിലും കർശന നിയമ നടപടിയിലേക്ക് നീങ്ങാത്തത് വിൽപ്പന പ്രോത്സാഹിപ്പിക്കുന്നു.

വിഷ മത്സ്യം വരുന്നത് അയൽ സംസ്ഥാനങ്ങളിൽനിന്ന്

കാലാവസ്ഥ പ്രതികൂലമായതോടെ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും കടലിൽ പോകുന്നില്ല. അതിനാലാണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് രാസലായനി ചേർത്ത മത്സ്യം കേരളത്തിലേക്ക് വലിയതോതിൽ എത്തുന്നത്.

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലും കർണാടകയിലെ മംഗലാപുരത്തും ഗോഡൗണുകളിൽ മാസങ്ങളോളം സൂക്ഷിച്ച പഴക്കമുള്ള മത്സ്യമാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്. ആറുമാസത്തിൽ കൂടുതൽ പഴക്കമുള്ള മത്സ്യം വരെ വിതരണത്തിന് എത്താറുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ഏജന്‍റ് മുഖേനെ എത്തുന്ന മത്സ്യം വൻകിട മുതലാളിമാരാണ് മാർക്കറ്റിലെത്തിക്കുന്നത്. വിൽക്കുന്നതാകട്ടെ കൂലിക്കാരും.

അടിയന്തര നടപടി അനിവാര്യം

രാസവസ്തുകലർത്തിയ മീൻ കഴിക്കുന്നത് അർബുദം പോലുള്ള ഗുരുതരരോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന ചന്തകളിലും മീൻ വണ്ടികളിലും കൂടി വ്യാപിപ്പിച്ചാൽ മാത്രമേ ഈ കച്ചവടം അവസാനിപ്പിക്കാനാകൂ. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിക്കും ഇറച്ചിക്കോഴിക്കും വില വർധിച്ചതോടെ സാമ്പത്തികപ്രതിസന്ധിയിലായ ഗ്രാമീണർക്ക് മത്സ്യത്തെ ആശ്രയിക്കേണ്ടി വരുന്നത് മുതലെടുക്കുകയാണ് വിഷമത്സ്യക്കച്ചവടക്കാർ.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ