ചെറുശ്ശേരി കുട്ടൻ മാരാർ 
Special Story

ഊരകം മേളത്തിന്‍റെ 25 ചെറുശ്ശേരി വർഷങ്ങൾ

മഹാരഥൻമാർ പലരും നയിച്ച മേളത്തിന്‍റെ പ്രമാണം വെറും മുപ്പത്തിരണ്ട് വയസിൽ ഏറ്റെടുക്കേണ്ടി വന്നതിന്‍റെ സമ്മർദങ്ങളെക്കുറിച്ച് ചെറുശ്ശേരി കുട്ടൻ മാരാർ മെട്രൊ വാർത്ത പ്രതിനിധിയുമായി സംസാരിക്കുന്നു...

VK SANJU

അജയൻ

പെരുവനം-ആറാട്ടുപുഴ പൂരം പടിവാതിൽക്കൽ എത്തിനിൽക്കുന്നു. മേളപ്പെരുക്കങ്ങളുടെ താളത്തിമിർപ്പുകൾ കൊണ്ട് അന്തരീക്ഷം മുഖരിതമാകാൻ പോകുകയാണ്. മാർച്ച് 17ന് രാത്രി ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ മകയിരം പുറപ്പാടിനു കൊട്ടുന്ന പാണ്ടിമേളം കേൾക്കാൻ മേളപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നു.

ഇവിടത്തെ പാണ്ടിമേളത്തിൽ ചെറുശ്ശേരി കുട്ടൻ മാരാരുടെ പ്രാമാണികത്വം 25 വർഷം പൂർത്തിയാക്കുകയാണ് ഇത്തവണ. മഹാരഥൻമാർ പലരും നയിച്ച മേളത്തിന്‍റെ പ്രമാണം വെറും മുപ്പത്തിരണ്ട് വയസിൽ ഏറ്റെടുക്കേണ്ടി വന്നതിനെക്കുറിച്ച് ചെറുശ്ശേരി അനുസ്മരിക്കുന്നു.

''വലിയ സമ്മർദം തന്നെയായിരുന്നു അത്. എങ്കിലും, മഹാന്മാരായ കലാകാരന്മാർക്കൊപ്പം പരിപാടികൾ അവതരിപ്പിച്ചതിന്‍റെ അനുഭവസമ്പത്തും, അച്ഛൻ കുമാരപുരം അപ്പു മാരാർ പകർന്നുനൽകിയ പാഠങ്ങളുമാണ് എന്‍റെ വിജയത്തിനു പിന്നിൽ. ദൈവാനുഗ്രഹത്താൽ കാര്യങ്ങൾ നന്നായി നടന്നു, ഇന്നുവരെ മേളം കേൾക്കാൻ വലിയ ജനക്കൂട്ടം തന്നെ തടിച്ചുകൂടുന്നു'', ചെറുശ്ശേരി പതിവുപോലെ വിനയാന്വിതനാണ്.

വംശപരമ്പരയുടെ പെരുമ

ചെറുശ്ശേരി കുട്ടൻ മാരാർ

മേളത്തിന്‍റെ സങ്കീർണമായ ലോകത്തേക്ക് ചെറുശ്ശേരിയെ നയിച്ചത് അച്ഛൻ തന്നെയാണ്. മൂന്നാം വയസിൽ ആരംഭിച്ചതാണ് വാദ്യകലയിലൂടെയുള്ള യാത്ര. അച്ഛന്‍റെ ഉപദേശം തേടി വീട്ടിൽ വരുന്ന മഹാൻമാരായ കലാകാരൻരെ കണ്ടും അവർ തമ്മിലുള്ള ചർച്ചകൾ കേട്ടും രൂപപ്പെട്ടതായിരുന്നു ചെറുശ്ശേരിയുടെ കുട്ടിക്കാലം. അദ്ദേഹത്തിന്‍റെ കലാവൈഭവത്തെ രൂപപ്പെടുത്തുന്നതിൽ ഈ അനുഭവങ്ങൾ അമൂല്യ സംഭാവന നൽകി. പെരുവനം നടവഴിയിലെ പഞ്ചാരിമേളത്തിന്‍റെ ശ്രദ്ധേയമായ അവതരണ‌ത്തിലേക്കു വരെ നയിച്ചു. അത് അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കലാജീവിതത്തിലെ കാലാതീതമായ ക്ലാസിക്കുകളിലൊന്നായി നിലകൊള്ളുന്നു.

താളവാദ്യകലയിൽ പ്രാഗൽഭ്യം തെളിയിച്ച വംശപരമ്പരയുടെ പെരുമയുമുണ്ട് ചെറുശ്ശേരി കുട്ടൻ മാരാർക്ക്. അച്ഛൻ അപ്പു മാരാർ മേളങ്ങളുടെ കാര്യത്തിൽ ഒരു വിജ്ഞാനകോശം തന്നെയായിരുന്നു. മേളം കലാകാരൻ, ജ്യോതിഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്‍റെ ഉപദേശനിർദേശങ്ങൾ ചിതലി രാമ മാരാർ, പെരുവനം അപ്പു മാരാർ, മാക്കോത്ത് നാണു മാരാർ, തൃപ്പേക്കുളം അച്യുത മാരാർ തുടങ്ങിയ പ്രമുഖർ ഏറെ വിലമതിച്ചിരുന്നു.

അമ്മവഴിക്ക്, പ്രസിദ്ധമായ പണ്ടാരത്തിൽ കുടുംബത്തിന്‍റെ പിൻമുറക്കാരനാണ് ചെറുശ്ശേരി. പഞ്ചാരി മേളത്തിന്‍റെ ഇന്നത്തെ രൂപത്തിന്‍റെ ഉദ്ഭവം 500 വർഷം മുൻപാണ്. പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായിരുന്ന മഴമംഗലത്ത് നാരായണൻ നമ്പൂതിരിയുടെ മഹത്തായ കലാ ദർശനത്തിന് യഥാർഥ ശ്രാവ്യരൂപം നൽകിയത് പണ്ടാരത്തിൽ രാമ മാരാരാണ്. അക്കാലത്ത് ഊരകം ക്ഷേത്രത്തിന്‍റെ അടിയന്തിരക്കാരനായിരുന്നു രാമ മാരാർ. ഊരകത്തമ്മയുടെ കടുത്ത ഭക്തനായിരുന്ന മഴമംഗലം, അമ്മയ്ക്കു തന്നെയാണ് ഈ കലാരൂപം സമർപ്പിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

കാരാഴ്മയുടെ ഭാഗമായി ചെറുശ്ശേരി കുട്ടൻ മാരാർ ചെറുപ്പം മുതലേ ക്ഷേത്രങ്ങളിലെ വിവിധ പൂജകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും പതിവായി ചെണ്ട കൊട്ടിയിരുന്നു. എന്നാൽ, ഒരു ചെണ്ട കലാകാരനു കിട്ടാവുന്ന മിതമായ വരുമാനത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അച്ഛൻ, കലയിലേക്ക് പൂർണമായി സ്വയം അർപ്പിക്കും മുൻപ് ബിരുദം പൂർത്തിയാക്കണമെന്ന് അദ്ദേഹത്തോടു നിർദേശിച്ചു. കുട്ടൻ മാരാർ അനുസരിക്കുകയും ചെയ്തു. ബിരുദം പൂർത്തിയാക്കിയ ശേഷം, 1988ൽ ഊരകത്തിനടുത്ത് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ അരങ്ങേറ്റവും നടത്തി.

അച്ഛന്‍റെ വിയോഗത്തെത്തുടർന്നുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ, സഹോദരിമാരുടെയും അമ്മയുടെയും ചുമതല പൂർണമായി കുട്ടൻ മാരാരുടെ ഉത്തരവാദിത്വമായി. ഇതോടെ മുഴുവൻസമയ താളവാദ്യ കലാകാരനായി മാറുകയായിരുന്നു അദ്ദേഹം. അതിനായി വിപുലമായ യാത്രകൾ നടത്തുകയും നിരവധി പ്രതിഭകളുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. മഹാപ്രതിഭകൾക്കൊപ്പമുള്ള ഈ അനുഭവപരിചയമാണ് തന്‍റെ കലയെ തേച്ചുമിനുക്കിയെടുത്തതെന്ന് അദ്ദേഹം പറയും.

താളാത്മകമായ ഒത്തൊരുമ

ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും.

വിജയകരമായ ഒരു മേളം വ്യക്തിഗതമായ പ്രകടനത്തിലുപരി, അതിൽ ഉൾപ്പെടുന്ന എല്ലാ കലാകാരൻമാരുടെയും താളാത്മകമായൊരു ഒത്തൊരുമയാണ്. കുറുംകുഴലിൽ കൊമ്പത്ത് അനിൽ, കൊമ്പിൽ മച്ചാട് മണികണ്ഠൻ, വലംതലയിൽ തലോർ പീതാംബരൻ, ഇലത്താളത്തിൽ കുമ്മത്ത് നന്ദനൻ തുടങ്ങിയ കലാകാരന്മാർ തന്‍റെ സംഘത്തിലെ അവിഭാജ്യ അംഗങ്ങളായുള്ളത് ഭാഗ്യമായി അദ്ദേഹം കരുതുന്നു.

കുട്ടനെല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, എറണാകുളം, ചോറ്റാനിക്കര, കൊടുന്തരപ്പിള്ളി, പുതുക്കോട്, നെന്മാറ, ചെനക്കത്തൂർ, അങ്ങാടിപ്പുറം, തിരുനക്കര, ശബരിമല, ശ്രീപത്മനാഭസ്വാമി തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ചെറുശ്ശേരി കുട്ടൻ മാരാർ മേളപ്രമാണിയായിട്ടുണ്ട്.

പരമ്പരാഗതശൈലിയുടെ പ്രമാണം

തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ പാണ്ടിമേളം വൻ ജനപ്രീതി നേടിയപ്പോഴും, ഈ കലാരൂപത്തിന്‍റെ ക്ലാസിക് ആസ്വാദകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഊരകത്തെ മകയിരം പുറപ്പാട് മേളമാണ്. ചെമ്പട കഴിഞ്ഞ് പറയെടുപ്പ്. അതിനു ശേഷം രാത്രി 11 മണിയോടെ ദേവിയെ ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളിക്കും. ഏകദേശം 50 മിനിറ്റ് വരുന്ന കൊലുമ്പലോടെയാണ് അവിടെ പാണ്ടിമേളത്തിന്‍റെ തുടക്കം. കുഴലും കൊമ്പും മേളപ്രമാണിയുടെ താളവുമായി സമന്വയിച്ച്, ഓരോ അണുവിലും നിറയുന്ന ശബ്ദഘോഷത്തിലേക്കുയരുന്നതാണ് ഈ ഘട്ടത്തിന്‍റെ പരകോടി.

തുടർന്ന് വിളംബകാലമാണ്. പെരുവനം, ആറാട്ടുപുഴ, തൃശൂർ പൂരങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ രചയിതാവായ വിനോദ് കണ്ടംകാവിലിന്‍റെ അഭിപ്രായത്തിൽ, ലോഡ് നിറച്ച ഒരു ട്രക്ക് മുറുക്കത്തോടെ കയറ്റം കയറുന്നതു പോലെയാണ് ഈ വിളംബകാലം. പിന്നെ തുറന്നുപിടിക്കലാണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രകടനത്തെ, വരണ്ട കുംഭമാസ രാത്രിയെ കുളിരിണിയിക്കുന്ന പെരുമഴയോട് ഉപമിക്കാം.

വിനോദിന്‍റെ അഭിപ്രായത്തിൽ, ചെറുശ്ശേരി ഈ മേളങ്ങളുടെ സാരാംശത്തെ പ്രതിനിധീകരിക്കുന്നു. ആരോഹണത്തിന്‍റെ മൂർധന്യത്തിലെത്തിച്ച് പരിസമാപ്തിയിലെത്തുവോളം കലാപരമായ കൃത്യതയോടെ ആ സിംഫണിയെ മുന്നോട്ടു നയിക്കുന്നത് അദ്ദേഹമാണ്. മുൻഗാമികളിൽ നിന്ന് ആർജിച്ച ജനിതകജ്ഞാനവും മഹാപ്രതിഭകളോടൊപ്പം കൊട്ടിയതിന്‍റെ അനുഭവജ്ഞാനവും സമ്പന്നമാക്കിയ പശ്ചാത്തലമാണ് ചെറുശ്ശേരിയുടേത്. പ്രചോദനാത്മകമാണ് അദ്ദേഹത്തിന്‍റെ പ്രകടനങ്ങൾ.

കാർക്കശ്യമുള്ള നിലപാടും ആരോഹണത്തിലേക്കുള്ള മേളത്തിന്‍റെ ഗതിയറിയാനുള്ള ജ്ഞാനവും ആ വഴിക്ക് തന്‍റെ സംഘത്തെ നയിക്കാനുള്ള ശേഷിയുമാണ് ചെറുശ്ശേരിയെ വേറിട്ടുനിർത്തുന്നത്. ഊരകത്തു ചെന്ന് ചെറുശ്ശേരിയുടെ ഒരു മേളം കേട്ടാൽ, ഒരു വർഷത്തേക്കുള്ള ഊർജം കിട്ടുമെന്നു പറയുന്നു, വിനോദ്.

മുൻ ദേവസ്വം ഉദ്യോഗസ്ഥനും മേളങ്ങളിൽ തത്പരനുമായ കോരപ്പത്ത് ഗോപിനാഥ്, വർഷങ്ങളായി ആർജിച്ച പരമ്പരാഗത അറിവുകളുടെ പ്രയോഗത്തിലാണ് ചെറുശ്ശേരിയുടെ അനന്യത ദർശിക്കുന്നത്. പരമ്പരാഗത ശൈലിയിൽ ഉറച്ചുനിന്നുകൊണ്ട് മേളത്തിന്‍റെ പ്രൗഢിയെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്കു നയിക്കുകയാണ് ചെറുശ്ശേരിയുടെ രീതി. താളനിബദ്ധമായ ആരോഹണ അവരോഹണങ്ങൾക്കിടയിലും പ്രകടനപരതയില്ലാതെ നിലകൊള്ളുകയാണ് അദ്ദേഹം ചെയ്യുന്നതെന്നാണ് ഗോപിനാഥിന്‍റെ വിലയിരുത്തൽ.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ