ഐഎഎസുകാർക്ക് ഒരു എല്ല് കൂടുതലുണ്ടോ? 
Special Story

ഐഎഎസുകാർക്ക് ഒരു എല്ല് കൂടുതലുണ്ടോ?

സിവിൽ സർവീസിനൊപ്പം അപൂർവം ചിലരിലെങ്കിലും മുളച്ചു വരുന്ന ആ എക്സ്ട്രാ ബോൺ ഒടിച്ചു കളയാൻ തോന്നുന്നവരെ തെറ്റു പറയാനാകുമോ?

യെസ് ഐ ഹാവ് ആൻ എക്സ്ട്രാ ബോൺ... ദ കിങ് എന്ന ഷാജി കൈലാസ് - രൺജി പണിക്കർ - മമ്മൂട്ടി കൾട്ട് സിനിമയിൽ ഗംഭീര പശ്ചാത്തല സംഗീതത്തിനൊപ്പം തട്ടും തടവുമില്ലാതെ ജോസഫ് അലക്സ് ഉറപ്പിച്ചു പറയുമ്പോൾ, സിവിൽ സർവീസുകാരോടുള്ള ആരാധന മൂത്ത് കോരിത്തരിച്ചവരാണ് പലരും. പക്ഷേ, എന്തിനാണ് ആ എക്സ്ട്രാ ബോൺ? കലക്റ്റർ ബ്രോ എന്ന പേരിൽ കണ്ണടച്ചു തുറക്കും മുൻപേ ജനകീയനായി മാറിയ എൻ. പ്രശാന്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുമ്പോൾ, സിവിൽ സർവീസിനൊപ്പം അപൂർവം ചിലരിലെങ്കിലും മുളച്ചു വരുന്ന ആ എക്സ്ട്രാ ബോൺ ഒടിച്ചു കളയാൻ തോന്നുന്നവരെ തെറ്റു പറയാനാകുമോ?

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് അവരിലൊരാളായി മാറുന്ന ഐഎഎസുകാരും ഐപിഎസുകാരും സിനിമാ താരങ്ങളേക്കാൾ ജനകീയരായി മാറാറുണ്ട്. അതിൽ ചിലരെല്ലാം തീരാത്ത വിവാദങ്ങളിലേക്ക് വീണു പോകാറുമുണ്ട്. ടി.എൻ. ശേഷൻ, സമീർ വാംഘഡെ, എൻ. പ്രശാന്ത്, ശ്രീറാം വെങ്കട്ടരാമൻ, രാജു നാരായണ സ്വാമി എന്നിവരെല്ലാം ഇത്തരത്തിൽ പ്രശസ്തിയിൽ നിന്ന് അതിദ്രുതം വിവാദങ്ങളിലേക്ക് വീണു പോയ ചിലരാണ്.

ടി.എൻ. ശേഷൻ

കടുംപിടിത്തം കൊണ്ട് ജനങ്ങൾക്കിടയിൽ പ്രിയം നേടിയ ഐഎഎസുകാരനായിരുന്നു ടി.എൻ. ശേഷൻ. 1990 മുതൽ 1996 വരെ ആറു വർഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു അദ്ദേഹം. അക്കാലത്ത് തെരഞ്ഞെടുപ്പു പ്രക്രിയയെ അപ്പാടെ ഉഴുതു മറിക്കുക തന്നെയായിരുന്നു ശേഷൻ. രാജ്യത്ത് ആദ്യമായി വോട്ടർ ഐഡി കാർഡ് നടപ്പിലാക്കിയത് ശേഷനായിരുന്നു. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിനായി വിനിയോഗിക്കുന്ന പണത്തിനും അദ്ദേഹം പരിധി ഏർപ്പെടുത്തി. എന്നാൽ, ഇതേ കടും പിടിത്തം കൊണ്ട് തന്നെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായും അദ്ദേഹം മാറി.

രാജു നാരായണ സ്വാമി

അഴിമതി വിരുദ്ധപ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ അതി പ്രശസ്തനായി മാറിയ ഐഎസുകാരനായിരുന്നു രാജു നാരായണ സ്വാമി. എസ്എസ്എൽസി മുതൽ എഴുതിയ എല്ലാ പരീക്ഷയിലും ഒന്നാം റാങ്ക് നേടിയ അതീവ ബുദ്ധിശാലി. 1991ൽ ഐഎഎസ് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് അദ്ദേഹം സർവീസിൽ കയറിയത്. മൂന്നാർ ദൗത്യവും രാജകുമാരി ഭൂമിയിടപാടിലുള്ള അന്വേഷണവുമെല്ലാം അദ്ദേഹത്തിന്‍റെ ജനകീയത ഇരട്ടിയാക്കി. നിറം നോക്കാതെ എലിയെ പിടിക്കുന്ന പൂച്ച എന്നായിരുന്നു അദ്ദേഹത്തിനെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ, സകലരെയും ഞെട്ടിച്ചു കൊണ്ട് 10 വർഷം സർവീസ് ശേഷിക്കേ സംസ്ഥാന സർക്കാർ അദ്ദേഹത്തെ പിരിച്ചു വിടാൻ കേന്ദ്രത്തിനു ശുപാർശ നൽകി. കേന്ദ്ര, സംസ്ഥാന സർവീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയാണ് പിരിച്ചു വിടാൻ തീരുമാനമെടുത്തത്. നിരുത്തരവാദമായി പെരുമാറി, അച്ചടക്കമില്ലാതെ പ്രവർത്തിച്ചു, ഓഫിസിൽ ഹാജരായില്ല, നാളികേര വികസന ബോർ‌ഡ് ചെയർമാൻ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് രേഖകളില്ല എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നിരത്തിയാണ് പിരിച്ചു വിടാൻ ശുപാർശ ചെയ്തത്.

സമീർ വാംഘഡെ

കരിയറിലുടനീളം ലഹരി മരുന്നുകൾക്കെതിരേ കർശന നടപടി സ്വീകരിച്ച ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനാണ് വാംഘഡെ. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്റ്ററായും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലും പ്രവർത്തിച്ചു. ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി ചിങ്കു പഠാനെതിരായ കേസ്, മതവിദ്വേഷം പ്രചരിപ്പിച്ചതിന്‍റെ പേരിൽ ഇസ്ലാമിക പ്രഭാഷകർ സാക്കിർ നായിക്കിനെതിരായ കേസ് എന്നിവയിലെല്ലാം വാംഘഡെ കർശന നിലപാട് സ്വീകരിച്ചു. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസിനു പിന്നാലെയാണ് വാംഘഡെയ്ക്ക് പുറകേ വിവാദങ്ങൾ അണി ചേർന്നത്. മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കുറ്റത്തിനാണ് ആര്യൻ ഖാനെ പിടികൂടിയത്. 26 ദിവസത്തോളം ജയിലിലുമടച്ചു. എന്നാൽ, പിന്നീട് ആര്യനെതിരേയുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കി. വാംഘഡെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന ആരോപണവും ഉയർന്നു. 2023ൽ ഷാരുഖ് ഖാനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ വാംഘഡെക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.

ശ്രീറാം വെങ്കിട്ടരാമൻ

മൂന്നാറിൽ അനധികൃതമായി നിർമിച്ച 92 കെട്ടിടങ്ങൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിച്ചു കൊണ്ടാണ് ദേവികുളം സബ് കലക്റ്ററായിരുന്ന കാലത്ത് ‌ശ്രീറാം വെങ്കിട്ടരാമൻ വാർത്തകളിൽ ഇടം പിടിച്ചത്. ദേവികുളത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നൂറോളം റിസോർട്ടുകൾക്കും അനധികൃത നിർമാണങ്ങൾക്കും നോട്ടീസും നൽകി. മൂന്നാറിലെ ഒരു ഹോംസ്റ്റേ ഏറ്റെടുത്ത് വില്ലേജ് ഓഫിസാക്കി മാറ്റിയതും ശ്രദ്ധേയമായി.

2019 ഓഗസ്റ്റ് 3ന് സർവേ വകുപ്പ് ഡയറക്റ്ററായിരുന്ന കാലത്ത് പത്രപ്രവർത്തകൻ കെ.എം. ബഷീർ ‌ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മരിച്ചു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യാ കേസിൽ വെങ്കിട്ടരാമനെതിരേ കേസെടുത്തു. അപകട സമയത്ത് ‌ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നടക്കം നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സുഹൃത്ത് വഫ ഫിറോസിന്‍റെ വാഹനമാണ് ഇടിച്ചത്. തുടർന്ന് പത്രപ്രവർത്തക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയോടെ ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും 2020 മാർച്ചിൽ ആരോഗ്യവകുപ്പിലേക്ക് തിരിച്ചെടുത്തു.

എൻ. പ്രശാന്ത്

ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ഇടം പിടിക്കുന്ന ഐഎഎസുകാരനാണ് എൻ. പ്രശാന്ത്. കോഴിക്കോട് ജില്ലാ കലക്റ്റർ ആയിരിക്കുന്ന സമയത്താണ് പ്രശാന്ത് കലക്റ്റർ ബ്രോ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ജനകീയനായി മാറിയത്. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കിയിരുന്നു. ഓപ്പറേഷൻ സുലൈമാനി, സവാരി ഗിരിഗിരി തുടങ്ങി നിരവധി പദ്ധതികളും പ്രശാന്തിന്‍റെ ജനകീയത ഉയർത്തി. എന്നാൽ, നിലവിൽ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് വീഴുകയാണ് പ്രശാന്ത്.

2021ൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി ആയിരിക്കുന്ന കാലത്ത് അമെരിക്കൻ കമ്പനിയുമായി ആഴക്കടലർ ട്രോളർ നിർമാണത്തിന് കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികൾ അയച്ചതും വിവാദമായി മാറി. ഇതിനെല്ലാം പുറമേ ഇപ്പോൾ ഓഫിസിൽ ഹാജരാകാറില്ലെന്ന‌ത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതോടെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പോസ്റ്റുകളിട്ട് വിവാദനായകനായി മാറുകയാണ് പ്രശാന്ത്.

സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്

ഉരുൾപൊട്ടൽ ധനസഹായം: കേന്ദ്ര കേരളത്തെ വെല്ലുവിളിക്കുന്നു എന്ന് റവന്യൂ മന്ത്രി

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു