ലോക ശാസ്ത്ര- സാങ്കേതിക- ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ എപ്പോഴും ശ്രദ്ധാ കേന്ദ്രമായിരുന്നു. നമ്മുടെ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയതോടെ ലോകം കൈയടിച്ചാണ് ഇന്ത്യയുടെ ശാസ്ത്ര ലോകത്തെ വരവേറ്റത്. ഇതോടെ നമ്മള് എലീറ്റ് സ്പേസ് ക്ലബ്ബില്‍ അംഗമായി എന്നു നിസംശയം പറയാം. യുഎസ്, റഷ്യ (പഴയ സോവ്യറ്റ് യൂണിയന്), ചൈന എന്നീ രാജ്യങ്ങളുടെ നിലയിലാണ് ഇന്നിപ്പോള്‍ ഇന്ത്യയുള്ളത് എന്നുള്ളത് അഭിമാന നേട്ടമായി തന്നെ കാണണം.
ഇന്ത്യക്കാരൻ സ്പേസ് ക്ലബിന്റെ വാതിലില്‍ പശുവുമായി പോയി മുട്ടുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഏതാനും നാൾ മുന്‍പ് നമ്മെ ചില വിദേശ മാധ്യമങ്ങൾ ആക്ഷേപിച്ചതിനു മറുപടിയാണ് ചന്ദ്രയാന്‍- 3ന്റെ വിജയം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഇന്ത്യ എന്ന ബഹുമതിയും ഇതോടെ ഇന്ത്യ നേടിയിരിക്കുന്നു. ചന്ദ്രനില്‍ ഇന്ത്യയെത്തി എന്നുള്ള വിവരം ലോക ശാസ്ത്രരംഗം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് സൂര്യനിലേക്കും നമ്മള് പുറപ്പെട്ടിരിക്കുന്നത്. ചന്ദ്രയാന്‍- 3ന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി കേവലം 10 ദിവസങ്ങള്‍ മാത്രം പൂർത്തിയാകുമ്പോഴാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ സൂര്യനിലേക്കും ആദിത്യ എന്ന പേടകം അയച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ- എൽ1 ഹൈദരാബാദിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി- സി57 എക്സ്എല്‍ റോക്കറ്റിലേറിയാണ് കുതിച്ചത്. വിക്ഷേപണം വന്‍ വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ പിഎസ്എല്‍വി എന്ന ലോകോത്തര റോക്കറ്റിന്റെ നാലാം ഘട്ടത്തില്‍ നിന്ന് വേര്‍പെട്ടതിന് ശേഷമാണ് ഐഎസ്ആര്‍ഒ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ചത്. സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്താന്‍ 7 വ്യത്യസ്ത പേലോഡുകളാണ് ആദിത്യയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ആദിത്യ- എല്‍1 സൂര്യന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഉണ്ടാക്കിയ രാജ്യത്തിന്റെ കന്നി ബഹിരാകാശ- അധിഷ്ഠിത നിരീക്ഷണ- ക്ലാസ് സോളാര്‍ ദൗത്യമാണ്.വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്യുഐടി), സോളാര്‍ ലോ എനര്‍ജി എക്സ് റേ സ്പെക്ട്രോമീറ്റര്‍ (എസ്ഒഎല്ഇഎക്സ്), ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിങ്ങ് സ്പെക്ട്രോ മീറ്റര്‍ (എച്ച്ഇഎല്‍ 1ഒഎസ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ ആദിത്യ (പിഎപിഎ.), സോളാര്‍വിൻഡ് ആന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ് (എഎക്സ്പിഇഎക്സ്), മാഗ്നോമീറ്റര്‍ (എംഎജി) എന്നിവയാണ് എഴ് പേലോഡുകള്‍. ഇവയില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കാനാണ്. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ കാന്തിക വലയം എന്നിവയെ കുറിച്ച് പഠനങ്ങള്‍ നടത്തും. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് എന്ന പേടകം പ്രതിദിനം 1,440 ചിത്രങ്ങള്‍ പകര്‍ത്തി അയയ്ക്കും. ഏകദേശം 4 മാസങ്ങള്‍ക്ക് ശേഷം അത് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1ല്‍ എത്തും.
ഏഴു പേലോഡുകളും നിർമിച്ചിരിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ് എന്നത് അഭിമാനത്തിന് വക നല്കുന്നു. വിഇഎല്‍സി നിർമിച്ചത് ബംഗളൂരു ഇന്‍സ്ട്രുമെന്റ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലാണ്. എസ്യുഐടിയുടെ നിർമാണം നടന്നത് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് പൂനയിലായിരുന്നു. എഎക്സ്പിഇഎക്സ് ഇന്‍സ്ട്രുമെന്റ് അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലാണ് നിർമിച്ചിട്ടുള്ളത്. പിഎപിഎ പേലോഡ് കേരളത്തിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയായ തുമ്പ വിക്രം സാരഭായി സ്പേസ് സെന്ററിൽ നിർമിച്ചു. എസ്ഒഎല്ഇഎക്സും എച്ച്ഇഎല്‍1ഒഎസും ബംഗളൂരു യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലും മാഗ്നോമീറ്റര്‍ ബംഗളൂരുവിരില്‍ തന്നെയുള്ള ലബോറട്ടറി ഫോര്‍ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസിലും നിർമിച്ചു. എല്ലാ നിർമാണവും ഐഎസ്ആര്‍ഒ നേരിട്ടു നിരീക്ഷിക്കുകയും ചെയ്തു. ശാസ്ത്രം എറെ പുരോഗതി പ്രാപിച്ചിട്ടും സൂര്യനിലേക്കുള്ള പഠന ദൗത്യം ആദ്യമായിട്ടാണ് ഇന്ത്യ നടത്തുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ആദിത്യ ദൗത്യത്തിന് വിജയിക്കാന്‍ കഴിഞ്ഞാല്‍ ബിഹാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യ ഒന്നാം നിരയിലെത്തും. ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്റെ സ്ഥാനം. 1976 യുഎസ് - ജര്‍മന്‍ സംയുക്ത സംരഭമായി അയച്ച ഫില്ലിയോസ് 2 പേടകം സൂര്യന്റെ 4.35 കോടി കിലോമീറ്റര്‍ അടുത്ത് വരെ പോയി എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 2018ൽ നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് സൗരോപരിതലത്തിന് 78 കിലോമീറ്റര്‍ അടുത്ത് എത്തി ചരിത്രം സൃഷ്ടിച്ചു. പാര്‍ക്കര്‍ സോളര്‍ പ്രോബ് ഇപ്പോഴും സൂര്യന്റെ ഭ്രമണപഥത്തില്‍ തന്നെ പ്രവര്‍ത്തനം തുടരുകയാണ്. സൂര്യന് ചുറ്റും വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന മനുഷ്യ നിർമിത വസ്തുവാണ് നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ്. സൂര്യനില്‍നിന്ന് 14.85 കൂടി കിലോമീറ്റര്‍ അകലെയുള്ള പോയിന്റ് ലഗ്രാഞ്ച് ഒന്നില്‍ ആയിരിക്കും ആദിത്യ നിലയിറപ്പിക്കുക. സൂര്യന്- ഭൂമി വ്യവസ്ഥിതിയില്‍ ഗുരുത്വാകര്‍ഷണ സന്തുലിതാവസ്ഥയുടെ ഒരു പോയിന്റാണ് ലഗ്രാഞ്ച് വണ്‍.
ഭൂമിക്കും സൂര്യനും ഇടയില്‍ അഞ്ച് ലഗ്രാഞ്ച് പോയിന്റുകളുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതില്‍ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് വണ്‍ പോയിന്റിലേക്കാണ് ഇന്ത്യയുടെ ആദിത്യ എൽ1 വിക്ഷേപിച്ചിരിക്കുന്നത്. സൂര്യന് എന്ന നക്ഷത്രവും ഭൂമിയെന്ന ഗ്രഹവും ഗുരുത്വാകര്‍ഷണത്തില്‍ അധിഷ്ഠിതമായ ആകാശഗോളങ്ങളാണല്ലോ. ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പേടകം സ്ഥാപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണബലത്തില്‍ പെടാതെ ആദിത്യക്ക് ഹോലോ ഓര്‍ബിറ്റിലൂടെ സഞ്ചരിക്കാന്‍ ഇതു വഴി സാധിക്കും. കൂടാതെ ലഗ്രാഞ്ച് വണ്‍ പോയിന്റില്‍ നിന്നുകൊണ്ട് ആദിത്യക്ക് സൂര്യനെ മികച്ച രീതിയില്‍ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും. സൂര്യന്റെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന ചൂട്, അന്തരീക്ഷം, കാലാവസ്ഥ, മാറ്റങ്ങള്‍ എന്നിവ പ്രധാനമായും ആദിത്യ പഠിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ, കാലാവസ്ഥാ വ്യതിയാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.
ലഗ്രാഞ്ച് വണ്‍ സൂര്യന്റെ തുടര്‍ച്ചയായ കാഴ്ച പ്രദാനം ചെയ്യുന്നതിനാല്‍, സൗര പ്രവര്‍ത്തനവും ബഹിരാകാശ കാലാവസ്ഥയും നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പോയിന്റാണിത്. ഭൂമിയുടെ സാങ്കേതിക വിദ്യയെയും ബഹിരാകാശ പരിസ്ഥിതിയെയും സ്വാധീനിക്കുന്ന സൗരജ്വാലകള്‍, കൊറോണല്‍ മാസ് എജക്ഷനുകള്‍, മറ്റ് സൗര സംഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് നല്കാന് ലഗ്രാഞ്ച് വണിലെ സോളാര്‍ ദൗത്യങ്ങള്‍ക്ക് കഴിയും. ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് വണ്‍ പോയിന്റിലെത്താന്‍ പേടകം 125 ദിവസം സഞ്ചരിക്കണമെന്ന് മുന്‍പേ പറഞ്ഞിരുന്നുവല്ലോ. ചന്ദ്രനിലും സൂര്യനിലും ഇന്ത്യയുടെ പതാക പാറിയതോടെ ലോക ബഹിരാകാശ ശാസ്ത്രരംഗത്ത് ഇന്ത്യ ശ്രദ്ധാ കേന്ദ്രമായി. നമ്മുടെ സൗരയൂഥത്തിലെ ഏക നക്ഷത്രത്തിന്റെ രഹസ്യങ്ങള്‍ ഐഎസ്ആര്‍ഒ ആവരണം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര രംഗത്തേക്കാകും എന്നതിലും ഒരു സംശയവുമില്ല.