ഇ.എം.എസ്. നമ്പൂതിരിപ്പാട് 
Special Story

ഏക സിവിൽ കോഡ്: ഇഎംഎസ് OUT, എംവിആർ IN

ഷാബാനു കേസിലെ നിലപാടിന്‍റെ പേരിൽ ഇഎംഎസ് ശരീഅത്ത് അനുകൂലികളുടെ രോഷത്തിനു പാത്രമായി. ''ഒന്നും കെട്ടും നാലും കെട്ടും, പിന്നെ ഇഎംഎസിന്‍റെ ഓളേം കെട്ടും'' എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം അന്നുണ്ടായതാണ്.

അജയൻ

''ഒപി ഒളശ്ശ, ഒളശ്ശ പിഒ'' എന്നാണ് ബോയിങ് ബോയിങ് എന്ന സിനിമയിൽ ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം സ്വയം പരിചയപ്പെടുത്തുന്നത്. തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒരുപോലെ വായിക്കാം എന്നാണ് ആ കഥാപാത്രം തന്‍റെ പേരിനു നൽകുന്ന വിശേഷണം. ഇങ്ങനെ മുന്നിൽനിന്നും പിന്നിൽനിന്നും ഒരുപോലെ വായിക്കാൻ കഴിയുന്ന വാക്കുകൾക്ക് ഇംഗ്ലിഷിൽ പാലിൻഡ്രോം എന്നു പറയും; എന്തും തലതിരിച്ചു ചെയ്യാനുള്ള പ്രവണതയ്ക്ക് പാലിൻഡ്രോം സിൻഡ്രോം എന്നും. ഇനി അതിനൊരു ഉദാഹരണം വേണമെങ്കിൽ ഏകീകൃത സിവിൽ കോഡിന്‍റെ കാര്യത്തിലെ സിപിഎമ്മിന്‍റെ നിലപാട് നോക്കിയാൽ മതി. എൺപതുകളിൽ പാർട്ടിയുടെ സ്ഥാപക നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ട നിയമത്തെയാണ് സിപിഎം ഇപ്പോൾ എതിർക്കുന്നത്.

മുസ്‌ലിം സമുദായത്തിലും വലിയൊരു വിഭാഗം വിശ്വസിക്കുന്നത് (മറിച്ചു ചിന്തിക്കാൻ സിപിഎമ്മിന് എല്ലാ അവകാശവുമുണ്ട്) നവോത്ഥാനമുണ്ടാകണമെന്നും തുല്യത ഉറപ്പാക്കാനും സമയം അതിക്രമിച്ചിരിക്കുന്നു എന്നു തന്നെയാണ്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നത് ഏതു പാർട്ടിയായാലും, ലിംഗനീതിയും സമത്വവും ഉറപ്പാകണം എന്നുമാത്രമായിരിക്കും പുരോഗമനാത്മകമായും മതേതരമായും ചിന്തിക്കുന്ന ഏതു പൗരനും ആഗ്രഹിക്കുന്നത്.

ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട്, ഈ കൊച്ചു കേരളത്തിൽ മാത്രം ശക്തി പ്രകടനം നടത്താൻ നിർബന്ധിതമായ ഒരു പാർട്ടിയെ സംബന്ധിച്ച്, പഴയ പ്രത്യയശാസ്ത്രങ്ങളുടെ സ്ഥാനത്ത് 'തന്ത്രപരമായ ഭൗതികവാദം' പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിൽ, മഹാ തന്ത്രജ്ഞനായിരുന്ന ഇഎംഎസിനെ പോലും മാറ്റിനിർത്താൻ സാധിക്കുന്നതിൽ അദ്ഭുതമില്ല.

പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്, കൊച്ചിയിൽ വച്ചൊരു വാർത്തസമ്മേളനത്തിൽ നേരിട്ടൊരു ചോദ്യമുണ്ട്: പാർട്ടി നയങ്ങളെ താത്വികമായി ന്യായീകരിക്കുന്ന കാര്യത്തിൽ ഇഎംഎസിനെപ്പോലൊരു താത്വികാര്യന്‍റെ അഭാവം പ്രകടമാകുന്നുണ്ടോ എന്ന്. പിണറായി ഇഎംഎസ് അല്ലെന്നൊരു മറുപടിയാണ് അന്നദ്ദേഹം പെട്ടെന്നു നൽകിയത്. ഏക സിവിൽ കോഡ് വിരുദ്ധ പ്രചാരണത്തിന്‍റെ നടുനായകത്വം വഹിക്കാൻ സിപിഎം കഠിന പ്രയത്നം നടത്തുമ്പോൾ ആ വാക്കുകൾ സത്യമായി ഭവിക്കുകയാണ്.

ലിംഗ നീതി, നവോത്ഥാനം, 1985ലെ ഷാബാനു കേസിന്‍റെ പശ്ചാത്തലത്തിൽ ഇഎംഎസ് ഏക സിവിൽ നിയമത്തിന്‍റെ കാര്യത്തിൽ സ്വീകരിച്ച നിലപാട് തുടങ്ങി ധാർമികമായ കാര്യങ്ങളിൽ പഴയ പല നയങ്ങളും ഉപേക്ഷിക്കാനാണ് പാർട്ടി ഇപ്പോൾ ആഗ്രഹിക്കുന്നത്.

മുസ്‌ലിം പുരുഷൻ വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് ഷാ ബാനു കേസിൽ സുപ്രീം കോടതി 1985ൽ വിധി പ്രഖ്യാപിച്ചപ്പോൾ, സിപിഎം അതിനൊപ്പം നിലകൊണ്ടു. കോൺഗ്രസ് നിന്നില്ല; വിവിധ മുസ്‌ലിം സംഘടനകൾ ശക്തമായി എതിർക്കുകയും ചെയ്തു. ബുദ്ധിമുട്ടേറിയതും, എന്നാൽ, സാമൂഹികവും രാഷ്‌ട്രീയവുമായി ശരിയുമായ നിലപാടാണ് മുസ്‌ലിം വ്യക്തി നിയമ പരിഷ്കരണത്തിന്‍റെ കാര്യത്തിലും, ഏക സിവിൽ കോഡ് എന്ന ആവശ്യത്തിന്‍റെ കാര്യത്തിലും ഇഎംഎസ് സ്വീകരിച്ചത്. അതിന്‍റെ പേരിൽ ശരീഅത്ത് അനുകൂലികളുടെ രോഷത്തിന് അദ്ദേഹം പാത്രമായി. ''ഒന്നും കെട്ടും നാലും കെട്ടും, പിന്നെ ഇഎംഎസിന്‍റെ ഓളേം കെട്ടും'' എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം അന്നുണ്ടായതാണ്. എന്നാൽ, അന്നത്തെ സിപിഎം ഇന്നത്തേതിൽനിന്നു വ്യത്യസ്തമായി, അചഞ്ചലമായി നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്.

1985ലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ എം.വി. രാഘവൻ അവതരിപ്പിച്ച 'ബദൽ രേഖ' നിരാകരിക്കപ്പെട്ടു, അദ്ദേഹത്തെ പാർട്ടിയിൽനിന്നു തന്നെ പുറത്താക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷമാണ്, ഈ വിഷയത്തിന്‍റെ പേരിൽ അതൃപ്തിയുള്ള മുസ്‌ലിം സമുദായാംഗങ്ങൾ, വിശേഷിച്ച് മലബാറിൽ, പാർട്ടിയിൽ നിന്ന് അകലുന്നതിനെക്കുറിച്ച് അന്നത്തെ തീപ്പൊരി നേതാവ് എം.വി. രാഘവന്‍റെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടിക്കു മുന്നറിയിപ്പ് നൽകിയത്. 1985ലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ച് എംവിആർ അവതരിപ്പിച്ച 'ബദൽ രേഖ' നിരാകരിക്കപ്പെട്ടു, അദ്ദേഹത്തെ പാർട്ടിയിൽനിന്നു തന്നെ പുറത്താക്കുകയും ചെയ്തു. അന്നത്തെ ബദൽ രേഖയ്ക്കു പിന്നിലുണ്ടായിരുന്ന മറ്റൊരു 'പ്രമുഖൻ' പിന്നീട് നിലപാട് മാറ്റി, തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായി- പേര് ഇ.കെ. നായനാർ.

അന്നത്തെ ബദൽ രേഖയ്ക്കു പിന്നിലുണ്ടായിരുന്ന മറ്റൊരു 'പ്രമുഖൻ' പിന്നീട് നിലപാട് മാറ്റി, തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായി- പേര് ഇ.കെ. നായനാർ.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിന്‍റെ ജനപിന്തുണ തെളിയിച്ചുകൊണ്ട് ഇടതു മുന്നണി 140-അംഗ നിയമസഭയിൽ 78 സീറ്റുമായി അധികാരത്തിലേറി. സിപിഎമ്മിന്‍റെ ശരീഅത്ത്-വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് അന്നു യുഡിഎഫിലേക്കു മാറിയിരുന്നു എന്നോർക്കണം! തെരഞ്ഞെടുപ്പ് വിജയത്തിലുപരി, പാർട്ടി മതേതരത്വത്തിനും നവോത്ഥാനത്തിനും വേണ്ടി നിലകൊണ്ടു എന്നാണ് ഇഎംഎസ് അന്നു പ്രഖ്യാപിച്ചത്.

പിന്നീട് പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയിലടക്കം വെള്ളം ഒരുപാട് ഒഴുകിപ്പോയി. ബംഗാളിലും ത്രിപുരയിലും പാർട്ടി തുടച്ചുനീക്കപ്പെട്ടു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയുടെ കാര്യത്തിലാണ് രണ്ടാംവട്ടം 'സധൈര്യം' മറ്റൊരു നിലപാട് സ്വീകരിക്കപ്പെട്ടത്. അന്നും അധികാരത്തിലുണ്ടായിരുന്ന സിപിഎം, 'നവോത്ഥാന' സിദ്ധാന്തം ഉയർത്തിപ്പിടിച്ച്, 'മനുഷ്യമതിൽ' തീർത്തു, രണ്ടു സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

എന്നാൽ, ആ മതിൽ ഇന്നു തകർക്കപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തിൽ ആദ്യമായി അധികാരം നിലനിർത്തിയ മുന്നണിക്ക് തുടർന്നുള്ള പ്രയാണം ഒട്ടും സുഗമമായിരുന്നില്ല. തെരഞ്ഞെടുപ്പുകൾക്ക് അപ്പുറത്തേക്കു ചിന്തിച്ച പഴയ ഇഎംഎസ് നിലപാടിൽനിന്നു വ്യത്യസ്തമായി, ഇപ്പോഴത്തെ നിലപാട് തെരഞ്ഞെടുപ്പ്-കേന്ദ്രീകൃതമായി മാറി. എം.വി. രാഘവന്‍റെ ബദൽ രേഖ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു! വലിയ വിഭാഗം മുസ്‌ലിം വോട്ടാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരായ പ്രചരണ പരിപാടിയിൽ മുസ്‌ലിം ലീഗിന്‍റെ സഹകരണം എങ്ങനെയായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ദേശീയ തലത്തൽ കോൺഗ്രസ് ഈ വിഷയത്തിൽ ഔദ്യോഗികമായൊരു നിലപാട് ഇനിയും സ്വീകരിച്ചിട്ടില്ല. ഷാബാനു കേസിലെ വിധി ചരിത്രപരമായി അട്ടിമറിച്ചത് രാജീവ് ഗാന്ധി സർക്കാരായിരുന്നു എന്നത് മറക്കാറായിട്ടില്ല.

ഏക സിവിൽ കോഡ് വിഷയത്തിൽ യുഡിഎഫിൽ വിള്ളലുണ്ടാക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. അങ്ങനെ കോൺഗ്രസിനെ ത്രിശങ്കുവിൽ നിർത്താം, മറ്റൊരു രീതിയിൽ പറഞ്ഞാൽ, കോൺഗ്രസ്-മുക്ത കേരളം എന്ന 'സ്വപ്നം' യാഥാർഥ്യമാക്കാം!

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി