അനുര കുമാര ദിസനായകെ 
Special Story

ശ്രീലങ്കയിൽ ആധിപത്യം ഉറപ്പിച്ച് ദിസനായകെ

ലേഖകന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428

അഡ്വ. ജി. സുഗുണന്‍

സിലോണ്‍ എന്നും സരണ്‍ദ്വീപം എന്നുമാണ് നേരത്തേ ശ്രീലങ്ക അറിയപ്പെട്ടിരുന്നത്. ഈ രാജ്യം 1948 ഫെബ്രുവരി 4നാണ് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്. ഇന്ത്യയ്ക്ക് തൊട്ടുതാഴെ കണ്ണുനീര്‍ക്കണത്തിന്‍റെ ആകൃതിയില്‍ കാണപ്പെടുന്നതിനാല്‍ ഇന്ത്യയുടെ കണ്ണുനീര്‍ എന്ന അപരനാമവുമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത് എന്ന പേരിലും ഈ രാജ്യം അറിയപ്പെടുന്നു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായിരുന്ന ഡോണ്‍ സ്റ്റീഫനാണ് ലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രി. 1956ല്‍ സോളമന്‍ ബണ്ഡാരനായകെ പ്രധാനമന്ത്രിയായി. ഇദ്ദേഹം സിംഹള ഭാഷയെ രാഷ്‌ട്രഭാഷയായി പ്രഖ്യാപിച്ചു. 1959ല്‍ ബണ്ഡാരനായകെ കൊല്ലപ്പെട്ടു. 1960ല്‍ ബണ്ഡാരനായകയുടെ ഭാര്യ സിരിമാവോ ബണ്ഡാരനായകെ പ്രധാനമന്ത്രിയായി. ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു അവര്‍. 1977ല്‍ ജെ.ആര്‍. ജയവർധനെ പ്രധാനമന്ത്രിയായി.

ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക തമിഴ് രാഷ്‌ട്രം എന്ന ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഗ്രൂപ്പാണ് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ). 1972ല്‍ വേലുപ്പിള്ള പ്രഭാകരന്‍റെ നേതൃത്വത്തിലാണ് ഈ സംഘടന രൂപവത്രിച്ചത്. മഹീന്ദ്ര രാജപക്ഷെയുടെ കാലത്ത് നടന്ന ആഭ്യന്തര യുദ്ധത്തിലാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്.

1983ല്‍ 1, 000ലധികം തമിഴര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതോടെ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി. പതിനായിരക്കണക്കിന് തമിഴര്‍ക്ക് വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ സിംഹളരായിരുന്നു. 13ഓളം ശ്രീലങ്കന്‍ പട്ടാളക്കാരെ എല്‍ടിടിഇവധിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. എല്‍ടിടിഇയും ശ്രീലങ്കന്‍ സര്‍ക്കാരുമായുള്ള പോരാട്ടം ഇതോടെയാണ് ആരംഭിക്കുന്നത്. എല്‍ടിടിഇയും സിംഹളരും തമ്മിലുള്ള ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു. രാജീവ് ഗാന്ധിയായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യന്‍ സൈന്യത്തിന്‍റെ ഇടപെടലോടെ എല്‍ടിടിഇ ഇന്ത്യാവിരുദ്ധമായി. 1991ല്‍ രാജീവ് ഗാന്ധിയെ എല്‍ടിടിഇ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തി.

ശ്രീലങ്കന്‍ ഭരണത്തിലെ കുടുംബാധിപത്യത്തിനും കടുത്ത അഴിമതികള്‍ക്കും കെടുകാര്യസ്ഥതകള്‍ക്കും എതിരായുള്ള വന്‍ ജനകീയ വികാരത്തിന്‍റെ ഭാഗമായിട്ടാണ് 2022 ജൂലൈ13 ന് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ജനങ്ങൾ ഇരച്ചുകയറിയത്. രാജപക്‌സെ കുടുംബത്തിന്‍റെ കുടുംബ വീടു പോലും ആക്രമിക്കപ്പെട്ടു. ഒടുവില്‍ അവര്‍ നാടുവിട്ടു. രാജപക്‌സെകള്‍ക്ക് ഇങ്ങനെ ഒരു ഗതിവരുമെന്ന് 2022ന് മുമ്പ് ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. ലങ്കന്‍ രാഷ്‌ട്രീയം അവരുടെ നിയന്ത്രണത്തിലായിരുന്നു. എല്ലാത്തിന്‍റേയും നിയന്ത്രണം മഹീന്ദക്കായിരുന്നു. പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍റെ ആദ്യ ടേമില്‍ തമിഴ് പുലികള്‍ക്കെതിരെ അദ്ദേഹം കടുത്ത നിലപാടെടുത്തു. അതോടെ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് രക്തരൂഷിതമായ അന്ത്യമുണ്ടായി. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. ഇതോടെ അദ്ദേഹത്തെ തങ്ങളുടെ രക്ഷകനും, അവിടുത്തെ ചക്രവര്‍ത്തിക്ക് തുല്യമായി അംഗീകരിക്കുകയും ചെയ്തു. പക്ഷെ ഇതെല്ലാം ഒരു പഴങ്കഥയായി. പ്രസിഡന്‍റിനു തന്നെ ഒളിച്ചോടേണ്ടിവന്ന സാഹചര്യമാണ് അവിടെയുണ്ടായത്.

ജനകീയ പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഒന്നര മാസം മുമ്പ് നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും രാഷ്‌ട്രീയ അസ്ഥിരതയ്ക്കും ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായതിനാൽ ദ്വീപ് രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് അതിപ്രധാനമായ ഒന്നുമായിരുന്നു. നേരത്തേ തെരഞ്ഞെടുപ്പുകള്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സ്വതന്ത്രനായി മത്സരിച്ച നിലവിലെ പ്രസിഡന്‍റ് റെനിന്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവും സമാജിജനബലവെഗായ പാര്‍ട്ടി നേതാവുമായ സജിത്ത് പ്രേമദാസ, നാഷണല്‍ പീപ്പിള്‍സ് പവര്‍ മുന്നണി നേതാവ് അനുരകുമാര ദിസനായകെ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം നടന്നത്.

ഈ തെരഞ്ഞെടുപ്പോടെ ചുവന്ന തുരുത്തായി ശ്രീലങ്ക മാറിയിരിക്കുകയാണ്. ഇടതുപക്ഷ സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവര്‍ സ്ഥാനാർഥിയും മാര്‍ക്‌സിസ്റ്റ് ജനത വിമുക്തി പരമുന (ജെവിപി) നേതാവുമായ അനുരകുമാര ദിസനായകെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെണ്ണലിലാണ് അനുര കുമാര ദിസനായകെ വിജയമുറപ്പിച്ചത്. ഈ ദ്വീപ് രാഷ്‌ട്രത്തിന്‍റെ പത്താമത്തെ പ്രസിഡന്‍റാണ് 55കാരനായ ദിസനായകെ. ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ആദ്യഘട്ടത്തില്‍ വിജയത്തിനായവശ്യമായ 50%ത്തിലേറെ വോട്ട് ലഭിക്കാതെ രണ്ടാംഘട്ട വോട്ടെണ്ണലിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ ദിസനായകെയ്ക്ക് 56, 34, 915 വോട്ടുകളാണ് ലഭിച്ചത്. 42.31%പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 43, 63035 വോട്ടുകളാണ് (32.76%) പ്രേമദാസ നേടിയത്. നിലവിലെ പ്രസിഡന്‍റ് റെനിന്‍ വിക്രമസിംഗെയ്ക്ക് 17.27%വോട്ട് മാത്രമാണ് നേടാനായത്. പോളിങ് 76%ആയിരുന്നു.

38 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1, 2, 3 എന്നിങ്ങനെ മുന്‍ഗണനാക്രമത്തിലാണ് വോട്ട്. ആര്‍ക്കും 50%ത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാം പരിഗണന വോട്ട് എണ്ണണമെന്നാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇത് ‌പ്രകാരം കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ത്ഥികളൊഴികെ വിക്രമസിംഗെ ഉള്‍പ്പെടെയുള്ള മറ്റെല്ലാവരും വോട്ടെണ്ണലില്‍ നിന്ന് പുറത്തായി. പുറത്തായ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്തവരുടെ രണ്ടാം പരിഗണനാ വോട്ടുകളെണ്ണി വിജയിയെ നിശ്ചിയിച്ചു.

82 മുതല്‍ ശ്രീലങ്കയില്‍ നടന്ന 8 പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിലും ആദ്യ റൗണ്ടില്‍ തന്നെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. 2019 ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് കേവലം 3%വോട്ട് മാത്രമാണ് ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്‍റ് ഗോധബയ രാജപക്‌സെ നാടുവിടുകയും ചെയ്ത ശേഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ നേതൃത്വത്തിലുള്ള "അരഗലയാ' പ്രസ്ഥാനമാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. സ്‌കൂള്‍ പഠനകാലം മുതല്‍ ഇദ്ദേഹം ഇടതു സഹയാത്രികനാണ്. അനുരാധപുര ജില്ലയിലെ ഒരു കുഗ്രാമത്തില്‍ സാധാരണ തൊഴിലാളിയുടെ മകനായി ജനിച്ച് ദിസനായകെയ്ക്ക് 7.8 ദശലക്ഷം തൊഴിലാളികളുള്ള ഈ കൊച്ചുദ്വീപിന്‍റെ ചരിത്രം മാറ്റിയെഴുതാന്‍ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

സോഷ്യലിസം നടപ്പിലാക്കാന്‍ രാജ്യത്തെ രണ്ട് സായുധവിപ്ലവത്തിന് നേതൃത്വം നല്‍കിയ മാര്‍കിസിസ്റ്റ്- ലെനിസ്റ്റ് പാര്‍ട്ടിയായ ജനതവിമുക്തി പെരമുനയിലൂടെയാണ് (ജെവിപി) അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ രംഗപ്രവേശം. സോഷ്യലിസ്റ്റ് സ്റ്റുഡന്‍റ് യൂണിയന്‍റെ ദേശീയ സംഘാടകനായിരുന്നു ഈ സയൻസ് ബിരുദധാരി. ജെവിപിയുടെ കേന്ദ്രപ്രവര്‍ത്തക സമിതിയിലേക്കും, പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് എഡികെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദിസനായകെയുടെ ജീവിതത്തിലെ വഴിത്തിരിവായി. 2000ത്തിലാണ് ആദ്യമായി പാര്‍ലമെന്‍റില്‍ എത്തുന്നത്. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ജെവിപി വന്‍ വിജയം നേടി. കരുനേഗല ജില്ലയില്‍ നിന്ന് വിജയിച്ച ദിസനായകെ മന്ത്രിയാവുകയും ചെയ്തു. സുനാമി ദുരാതാശ്വാസ ഏകോപനത്തിനായി എല്‍ടിടിയുമായി സംയുക്ത സംവിധാനം കൊണ്ട് വരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെതുടര്‍ന്ന് മന്ത്രിപദം രാജിവച്ചു.

2014ലെ പാര്‍ട്ടി ദേശീയ കണ്‍വെഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെവിപിയുടെ അമരത്തെത്തുന്നത്. പാര്‍ട്ടിയുടെ കലുഷിത രാഷ്‌ട്രീയ പ്രതിച്ഛായ മാറ്റിയെടുക്കാനായിരുന്നു ആദ്യശ്രമം. തീവ്ര സോഷ്യലിസ്റ്റ് നിലപാടുകളില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. സായുധ കലാപം വലിയ തെറ്റായിപ്പോയെന്ന തുറന്ന് പറച്ചില്‍ സിംഹളരുടെ മനസിലേക്കുള്ള ഒരു തീക്കനലായി മാറി.

അഴിമതി നിറഞ്ഞ ഭരണകൂടങ്ങളെ രക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഐഎംഎഫ് ആഗ്രഹിക്കുന്നത് എന്നാണ് ദിസനായകെയുടെ പക്ഷം. അതുകൊണ്ട് അവരുമായി തയാറാക്കിയ കരാറുകള്‍ പുനഃപരിശോധിക്കണമെന്നാണ് നിലപാട്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ദിസനായകേയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചേരി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയത് ഏഷ്യയിലേയും പ്രത്യേകിച്ച് ഇന്ത്യാ ഭൂഖണ്ഡ മേഖലയെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പാര്‍ലെന്‍റ് തെരഞ്ഞെടുപ്പില്‍ ദിസനായകേയുടെ ഇടതുപക്ഷ സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറിന് (എന്‍പിപി) വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. 225 സീറ്റില്‍ 159ഉം എന്‍പിപി നേടി. ശ്രീലങ്കയില്‍ ആദ്യമായാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടി പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നത്. എന്‍പിപി സഖ്യത്തിന് 62 ശതമാനം വോട്ട് ലഭിച്ചു.

പ്രതിപക്ഷ നേതാവ് സജീത് പ്രേമദാസയുടെ സമാഗി ജനബലവേഗയ (എസ്ജെബി) 40 സീറ്റില്‍ ഒതുങ്ങി. വര്‍ഷങ്ങളോളം ലങ്ക ഭരിച്ച രാജപക്‌സേ കുടുംബത്തിന്‍റെ ശ്രീലങ്ക പൊതു ജന പെരമുനയ്ക്കും (എസ്എല്‍പിപി) മുന്‍ പ്രസിഡന്‍റ് റനിന്‍ വിക്രമസിംങ്കയുടെ ന്യൂ ഡെമോക്രാറ്റിംക് ഫ്രണ്ടിനും (എന്‍ഡിഎഫ്) വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തമിഴ് ആധിപത്യ ജാഫ്നയിലും എന്‍പിപി വന്‍ വിജയം നേടി. രാജപക്‌സയുടെ എന്‍പിപിക്ക് 3 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 1948ല്‍ ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് സിംഹള പ്രതിഛായയുള്ള പാര്‍ട്ടി ജാഫ്‌നയില്‍ ജയിക്കുന്നത്. ജാഫ്‌ന ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ മേഖലകളിലെ തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ദിസനായകയെ പിന്‍തുണച്ചു. എൽടിടിഇയുമായുള്ള ആഭ്യന്തര യുദ്ധത്തിന് ശേഷം സര്‍ക്കാര്‍ പിടിച്ചെടുത്ത തമിഴ് വംശജരുടെ ഭൂമി അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുമെന്ന് ദിസനായകെ പ്രഖ്യാപിച്ചതാണ് തമിഴ് വംശജരുടെ പിന്തുണ കൂടി നേടിയെടുക്കാന്‍ ഇടയാക്കിയത്.

എക്‌സിക്യൂട്ടീവ് പ്രസിഡന്‍സി ഭരണസംവിധാനം നിർത്തി പാര്‍ലമെന്‍റിനെ ശാക്തീകരിക്കാനുള്ള ഭേദഗതികള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയാണ് ദിസനായകെ ലക്ഷ്യമിടുന്നത്. ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അത് നേടിക്കഴിഞ്ഞു.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ രാഷ്‌ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്‍റെ സൂചന കൂടിയാണ് ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന ഈ പര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. പലരുടേയും പ്രതീക്ഷയാകെ തെറ്റിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒരു നേതാവ് രാജ്യത്തിന്‍റെ നേതൃത്വത്തിലേക്ക് നേരത്തെ അവിടെ പാര്‍ലമെന്‍റിലും പാര്‍ട്ടി വന്‍ ഭൂരിപക്ഷം കരസ്ഥമാക്കിയിരിക്കുന്നു. നേരത്തേ ഇതുപോലെ നേപ്പാളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരികയുണ്ടായി.

ദിസനായകെ അറിയപ്പെടുന്ന ഇടതുപക്ഷ നേതാവും മാര്‍ക്‌സിസ്റ്റുമാണ്. ശ്രീലങ്കന്‍ രാഷ്‌ട്രീയത്തിലെ മത, വംശീയ വിദ്വേഷത്തിന് അറുതിവരുത്തി മതനിരപേക്ഷ ജനാധിപത്യപാതയിലേക്ക് രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബാധിപത്യത്തിനെതിരായ പോരാട്ടവും അതിന്‍റെ ഭാഗമായ വിധിയുമാണ് ശ്രീലങ്കയില്‍ ഉണ്ടായിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് വിധി ലോകത്തെ വിവിധ രാജ്യങ്ങളിലെ കുടുംബാധിപത്യത്തിനും, സ്വേച്ഛാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഭരണാധികാരികള്‍ക്ക് ആകെ ഒരു പാഠവുമാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള രൂക്ഷമായ പ്രശ്‌നങ്ങളെയാണ് പുതിയ പ്രസിഡന്‍റിനും പാര്‍ലമെന്‍റിനും ശ്രീലങ്കയില്‍ അഭിമുഖീകരിക്കാനുള്ളത്. ഇടതു പ്രത്യയശാസ്ത്രത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പുതിയ ഭരണ നേതൃത്വത്തിന്‍റെ നയസമീപനങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം