ജാതി പൊതുബോധത്തെ കൊന്നു,
ജാതി പൊതു സ്നേഹത്തെ തകര്‍ത്തു,
ജാതി പൊതുജനാഭിപ്രായം അസാധ്യമാക്കി.
ധര്‍മം ജാതീയമായിത്തീര്ന്നു,
സദാചാരം ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നു,
അര്ഹതപ്പെട്ടവരോട് സഹതാപമില്ല,
അര്‍ഹതയുള്ളവനെ വിലമതിക്കുന്നില്ല,
ദര്ദ്രര്‍ക്ക് അര്‍ഹതപ്പെട്ട ഒരു ദാനവുമില്ല.
ദാനമുണ്ട്, പക്ഷ അത് ജാതിയില്‍
തുടങ്ങി ജാതിയില്‍ അവസാനിക്കുന്നു''.
- ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്ക്കര്‍
അവഗണനയുടെ അഗാധ ഗര്‍ത്തത്തില്‍ നിന്നും അംഗീകാരത്തിന്റെ അത്യുംഗശൃംഗത്തിലേക്ക് ഉയര്‍ന്നെത്തിയ അത്യപൂര്വനാണ് ബാബാ സാഹേബ് ഡോ. ഭീംറാവു റാംജി അംബേദ്ക്കര്‍. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ വിവേചനങ്ങളും പരിഹാസങ്ങളും ചൂഷണങ്ങളും ചിന്തിച്ചുണര്ത്തുന്ന സാമൂഹിക നീതിയുടെ നിഷേധമെന്നത് ഒരു തെരഞ്ഞെടുപ്പു രാഷ്ട്രീയ വിഷയമെന്ന നിലയിലുമപ്പുറം, രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച പ്രഥമഗണനീയരില്‍ പ്രധാനിയാണ് അദ്ദേഹം. ഭാവി ഭാരതത്തിന്റെ ഭാഗധേയത്തില്‍ അദ്ദേഹം വേപഥു പൂണ്ടിരുന്നു.
അതീവ ശോചനീയമായ ജന്മപശ്ചാത്തലത്തിലും പ്രകടിപ്പിച്ച അതുല്യമായ വിദ്യാഭ്യാസ ത്വരയും അത് നേടിയെടുക്കാന്‍ നടത്തിയ പ്രാവീണ്യവും അതുവഴി തന്റെ ഇരുണ്ട പരിതസ്ഥിതികളെ നിഷ്പ്രഭമാക്കിയ പ്രകാശ ചൈതന്യവും അംബേദ്കറെ അതുല്യനാക്കുന്നു. ഔദാര്യങ്ങളെ അവഗണിച്ച് അവകാശങ്ങള്‍ അടരാടിത്തന്നെ നേടിയെടുക്കണമെന്ന് ആവശേപൂര്‍വം വിശ്വസിക്കുകയും അതിനായി ശഠിക്കുകയും ചെയ്ത് അധഃസ്ഥിതരുടെ ഏകോപനത്തിനും ഉന്നമനത്തിനും നിലകൊള്ളുന്നൊരു നൈതിക ശാസ്ത്രത്തിന്റെ അപ്പസ്തോലനുമായി മാറി, അംബേദ്കര്‍. സ്വതസിദ്ധമായ ബുദ്ധിവൈഭവവും സ്വയാര്‍ജിത ഊര്‍ജസ്വലതയും കൊണ്ടും അഗ്രേസരനായിത്തീര്ന്നു, ആ അനന്യന്‍.
സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള വിഭാഗത്തില്‍ ജനിച്ച് തൊട്ടുകൂട്ടായ്മയുടെ തിക്താനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയ രൂപം പൂണ്ട അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസകാലത്ത് ക്ലാസില്‍ ഒന്നാമനായിട്ടും ഏറ്റവും പിറകില്‍, വീട്ടില്‍ നിന്നു കൊണ്ടുവരേണ്ടുന്ന ചാക്കിന്റെ കഷണത്തില്‍ മാത്രം നിന്നും കുത്തിയിരുന്നും പഠിക്കേണ്ടിവന്നവന്; മറ്റു കുട്ടികള്‍ ഉപയോഗിക്കുന്ന ടാപ്പില്‍ നിന്നും കുടിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്തവന്; സ്കൂളിലെ ശിപായി ഉയരത്തില്‍ പിടിച്ച് ഒഴിച്ചു കൊടുക്കുന്ന പാത്രത്തില്‍ നിന്നു മാത്രം വെള്ളം കുടിക്കാനാവുന്ന വിദ്യാർഥി; (ശിപായി വന്നില്ലെങ്കില്‍ വെള്ളമില്ല), മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനടുത്തു പോലും നിൽക്കാനോ കടന്നുപോകാനോ അനുവാദമില്ല, ബാര്‍ബര്‍മാര്‍ മുടി മുറിക്കുന്നിടത്തു പോകാൻ അനുവാദമില്ലാത്ത ഒരുവന്; മറ്റുള്ളവരുടെ വിളക്കിന്റെ വെട്ടത്തിൽ പോലും പഠിക്കാന്‍ സാധിക്കാതെ വലഞ്ഞ ഒരു വിദ്യാർഥി. അതായിരുന്നു അംബേദ്കര്‍ എന്ന വിളിപ്പേരുകാരന്‍. സ്കൂളിലെ ഒരധ്യാപകന് തന്റെ സ്ഥലപ്പേരായ അംഡവേകര് എന്നതില്‍ നിന്നും പരിഷ്കരിച്ച് നൽകിയ പേരായ അംബേദ്കര്‍ എന്ന "സക്പാല്‍'.
"മഹര്‍' എന്ന ദളിത് കുടുംബത്തിലെ 14ാമത്തെ കുട്ടിയായി 1891 ഏപ്രില്‍ 14ന് ജനിച്ച് വളര്‍ന്ന ദരിദ്ര ബാലന് ജീവിതം ദുഷ്ക്കരവും ദുരിതവുമാര്ന്നതെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ഈ വക ഗതികേടിനെ വിധിയെ പഴി പറഞ്ഞ് മാറിനിൽക്കാതെ ഇതിന്റെയെല്ലാം കാരണങ്ങള്‍ തിരക്കിയിറങ്ങിയ ആ സാഹസികന്, ഭാരതത്തിന്റെ ആത്മാവിനെയും ശക്തിയെയും കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. തനിക്കൊന്നും യാതൊരു പങ്കുമില്ലാത്ത തന്റെ ജനനമാണതിന് ഉറവിടമെന്ന അറിവും, അതിനടിസ്ഥാനം തന്റെ ജാതിയുമാണെന്നുള്ള തിരിച്ചറിവും അംബേദ്കറെ വേദനിപ്പിച്ചത് സ്വാഭാവികം. അതിന്റെയെല്ലാം പ്രതികരണങ്ങള്‍ പ്രതികാരമായി അദ്ദേഹത്തില്‍ പ്രതിഫലിച്ചതില്‍ തെല്ലും അദ്ഭുതമില്ല.
ഉയർന്ന മാർക്കു വാങ്ങി മുംബൈയിലെ കോളെജിലെത്തിയ ഏക ദളിത വിദ്യാർഥിക്കു തന്റെ ഇഷ്ടവിഷയമായ സംസ്കൃതം പഠിക്കാന്‍ അനുവാദം നൽകിയില്ല. പിന്നീട് പേഴ്സ്യന്‍ ഭാഷ പഠിക്കേണ്ടിവന്നുവെങ്കിലും അതിലെ ഒന്നാം സ്ഥാനം അംബേദ്ക്കറിന് തന്നെയായിരുന്നു!
അനുവാദ നിഷേധത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ശൂദ്രന് വേദങ്ങള്‍ പഠിക്കുന്നതും വേദോച്ചാരണം കേള്‍ക്കുന്നതും അപരാധമാണെന്നും, അങ്ങനെയാരപധാരം ചെയ്താല്‍ അവന്റെ നാവ് മുറിച്ച് കളയുകയോ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയോ ചെയ്യണമെന്നും നിഷ്കര്‍ഷിക്കുന്ന ഒരു നിയമ സംഹിതയെക്കുറിച്ച് അറിയാനിടയായി. അങ്ങനെയെങ്കില്‍ അധഃകൃതന്റെ സ്ഥിതിയെന്ത്? ഇതിന്റെ രഹസ്യം കണ്ടുപിടിക്കാനായി അടുത്ത ശ്രമം.
ഉയര്‍ന്ന ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടി ഉയരുന്ന ഭീം റാവുവിനെ കണ്ട് എല്ലാവരും അതിശയിച്ചു, അസൂയപ്പെട്ടു. മറാത്താ ഗേയ്ക്വാദ് പ്രത്യേക താത്പര്യമെടുത്ത് വിദേശത്തേക്ക് അയച്ചു നേടിയ വിദ്യാഭ്യാസത്തിലൂടെ തിളക്കമർന്നു വിജയിച്ച അംബേദ്കര്‍, രാജ്യത്തിന്റെ ഭരണഘടനാ ശിൽപി, സാമൂഹിക വിപ്ലവകാരി, രാഷ്ട്ര മീമാംസകന്, നീതിശാസ്ത്രജ്ഞന് എന്നീ നിലകളില്‍ പ്രശോഭിച്ചു. എന്നാലും അദ്ദേഹത്തിന്റെ മരണാനന്തരം 30 വര്‍ഷങ്ങള്‍ക്കുശേഷം 1990ല്‍ ജനതാദള്‍ പ്രധാനമന്ത്രി വി.പി. സിങ് അധികാരത്തിലെത്തിയ ശേഷമാണ് പരമോന്നത സിവില്‍ ബഹുമതിയായ "ഭാരതരത്ന' നൽകി ആദരിച്ചത്.
ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളുടെ ശാസ്ത്രീയ പഠനം നടത്തിയ നരവംശ ശാസ്ത്ര വിദഗ്ധനായ അംബേദ്കര്‍, അതിന്റെ മൂല സ്രോതസുകളെ കണ്ടെത്തി. ഇത് ജാതികളുടെ ചിരപുരാതനവും യാഥാസ്ഥിതികതയുടെ മൂലഗ്രന്ഥവുമായ "മനുസ്മൃതി'യിലേക്കു നയിച്ചു. അതില്‍ പറയുന്നതനുസരിച്ച് മനുഷ്യനെ അവന്റെ ജനനത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും ശ്രേണി നിശ്ചയിക്കുകയും ചെയ്യുന്ന തത്വശാസ്ത്രത്തെ കൃത്യമായി മനസിലാക്കി എതിര്‍ത്തു തോൽപ്പിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിനായി "മനുസ്മൃതി' 1927 ല്‍ മഹാദില്‍ വച്ച് പരസ്യമായി അഗ്നിയ്ക്കിരയാക്കി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഹിന്ദു മഹാസഭ രൂപം പൂണ്ട് താമസിയാതെ നടന്ന ഈ സംഭവം യഥാസ്ഥിതിക ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു.
"ഹിന്ദുമതത്തിന്റെ തത്വശാസ്ത്രം' എന്ന വിഷയം ആഴത്തില്‍ പഠനവിധേയമാക്കി ചില നിഗമനങ്ങളിലെത്തി, അദ്ദേഹം. രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ മാത്രമേ ഇവയ്ക്കെല്ലാം പരിഹാരം കണ്ടെത്താനാവൂവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. "രാമായണ'വും "മഹാഭാരത'വുമടക്കമുള്ള പുരാണങ്ങളിലും "സ്മൃതി'കളിലും പറയുന്നത് ആധികാരികമായി അദ്ദേഹത്തിന് തോന്നിയില്ല. യുക്തിചിന്തയാല്‍ പരീക്ഷിക്കപ്പെടാത്തതോ അധ്യാത്മികമായി അനുഭവപ്പെടാത്തതോ ആയ യാതൊന്നും ദൈവ വചനമായി സ്വീകരിക്കാവുന്നതല്ലെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. ബ്രാഹ്മണനായ അധ്യാത്മികാചാര്യന്റെ തൊഴിലും, തോട്ടിപ്പണിക്കാരന്റെ തൊഴിലും തുല്യമാണെന്നും അവയുടെ യഥാർഥ നിര്‍വഹണം ദൈവത്തിന്റെ മുമ്പില്‍ മേന്മയുള്ളതാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു.
സാമൂഹിക പരിഷ്ക്കരണത്തിന്റെ പാത ക്ലേശപൂര്‍ണവും സ്വര്‍ഗത്തിലേക്കുള്ള വഴിപോലെ അത്യന്തം ദുഷ്കരവുമാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയത്തില്‍ അസ്പൃശ്യത പാലിക്കുന്നവര്‍ക്കു അയോഗ്യത കൽപിക്കുന്നതിന് വിമുഖ കാണിച്ചുവെന്ന അംബേദ്ക്കറുടെ വിമര്‍ശനം ഗുരുതരമായിരുന്നു. മറ്റുള്ളവരുടെ പിന്തുണയ്ക്കായി കാത്തുനില്‍ക്കാതെ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു, ജാതി നിര്‍മാര്‍ജനം മാത്രമാണ് ഇതിനെല്ലാം പരിഹാരമാര്‍ഗമെന്ന്.
വ്യവസ്ഥാപിത ജാതി-മത കോട്ടകളെ പിടിച്ചുകുലുക്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പല പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന്നു. അതിൽ പ്രമുഖമാണ് ശബ്ദമില്ലാത്തവര്‍ക്കായി ശബ്ദിക്കുന്ന "മൂക നായകന്' എന്ന മാസിക. അതിന്റെ ചുവടുപിടിച്ചാണ് പ്രതിഷേധങ്ങളുടെ ഗര്‍ജനമായ അംബേദ്കറെ "മൂക നായകന്' എന്നു വിളിച്ചത്. ദളിതുകള്‍ക്കായി അംബേദ്ക്കറും മറ്റു പിന്നാക്കക്കാര്‍ക്കായി ഡോ. രാം മനോഹര്‍ ലോഹ്യയും രംഗത്തു നിറഞ്ഞുനിന്നതോടെ സ്വാതന്ത്ര്യസമരക്കാലം അവർക്കെല്ലാമൊരു പ്രേരകശക്തിയായി മാറി.
ദളിതര്‍ ഹിന്ദുവാകേണ്ടതില്ലെന്നും സ്വതന്ത്ര മനുഷ്യനായി ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമായിരുന്നു അംബേദ്കറുടെ വാദങ്ങളുടെ പൊരുള്‍. ജാതി നിര്‍മാര്‍ജനത്തിലും സംവരണ വിഷയത്തിലും ഗാന്ധിജി, നെഹ്റു തുടങ്ങിയവരുമായി തുറന്ന പോരാട്ടത്തിലെത്തിയിരുന്നു അംബേദ്കര്‍.
ഹിന്ദു സാമൂഹികക്രമം തുല്യാവശ്യം, തുല്യജോലി, തുല്യശേഷി എന്നിവ തൊഴിലിന്റെ വേതനത്തിന് അടിസ്ഥാനമായി കാണാന്‍ അനുവദിക്കാത്തതും, പൈതൃകം മാത്രമാണ് തൊഴിലിന് ആസ്പദമെന്നതും, അന്യജാതിക്കാരോടുള്ള ഇടപെടല്‍ പോലും നിയന്ത്രിക്കുന്ന ജീവിതമാണവരുടേതെന്നും, സ്ത്രീകളോട് അവഗണ കാട്ടുന്നതും അടക്കം നിരവധി ദോഷങ്ങളെ അംബേദ്ക്കര്‍ ഹിന്ദുസിയത്തില് ദര്‍ശിച്ചു. മൂവായിരത്തിലേറെ ജാതിയും ഉപജാതിയുമുള്ള വിഭാഗങ്ങള്‍ തമ്മില്‍ എന്തു സാഹോദര്യമാണുണ്ടാകാൻ കഴിയുന്നതെന്ന് അംബേദ്ക്കര്‍ ചോദിച്ചു. സമത്വാധിഷ്ഠിതമല്ലാത്ത ഹിന്ദു സമൂഹം എങ്ങനെ സ്വതന്ത്രമാകുമെന്നും, മതം നിര്‍ദേശിക്കുന്നതു കൊണ്ടു മാത്രം അയിത്തം ആചരിക്കുന്നതില്‍ എന്ത് ആധ്യാത്മികതയാണുള്ളതെന്നും അദ്ദേഹം സന്ദേഹിക്കുന്നു.
"അധഃസ്ഥിതരുടെ സ്വന്തം കൈയില്‍ അധികാരം എത്തുന്നതു വരെ അവരുടെ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹൃതമാവുകയില്ല. സമത്വം സ്ഥാപിക്കുന്നതിനു വേണ്ടി സഹോദര്യമോ സ്വാതന്ത്ര്യമോ ബലി കഴിക്കാനാവില്ല. സഹോദര്യവും സ്വാതന്ത്ര്യമുമില്ലെങ്കില് സമത്വത്തിന് ഒരു വിലയുമില്ല. ബുദ്ധന്റെ മാര്‍ഗം പിന്തുടര്‍ന്നെങ്കിലേ ഇവ മൂന്നിനും സഹവര്ത്തിക്കാനാവൂ'. അംബേദ്കര്‍ തന്റെ വാദഗതികളെ ഇങ്ങനെയാണ് സംക്ഷേപിക്കുന്നത്.
അതിനായി ജാതിയ്ക്കും മതത്തിനും അതീതനായി ഒന്നാമതും അവസാനത്തേതുമായി ഒരു ഭാരതീയനായിരിക്കുക. ഇതാണ് അംബേദ്ക്കര്‍ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്.
(മുൻ മന്ത്രിയും ഐക്യ ജനതാദൾ ദേശീയ ജന. സെക്രട്ടറിയുമാണ് ലേഖകൻ)