#ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
"അവിടുന്നു തന്‍റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്തുവിന്‍റെ, മരിച്ചവരിൽ നിന്നുള്ള ഉത്ഥാനംവഴി, സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും, നമ്മെവീണ്ടും ജനിപ്പിച്ചിരിക്കുന്നു''. (1 പീറ്റർ 1:4)
ഈസ്റ്റർ എന്നും നമ്മുടെ വിശ്വാസത്തിന്‍റെ പ്രധാന അടിത്തറയായ യേശു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന സമയമാണ്.അതു പ്രത്യാശയുടെ മഹോത്സവമാണ്. യേശുവിൽ വിശ്വസിക്കുന്നവർക്കു സ്വർഗം നൽകുന്ന ഏറ്റവും വലിയ ഉറപ്പ് യേശുവിന്‍റെ ഉയിർപ്പിൽ നാം ആഘോഷിക്കുന്നു.
യേശുവിന്‍റെ പുനരുത്ഥാനമാണു നമ്മുടെവിശ്വാസത്തിന്‍റെ മൂലക്കല്ല്. അതു പാപത്തിനും മരണത്തിനും മേലുള്ള ആത്യന്തിക വിജയമാണ്. ഈസ്റ്റർ പാപത്തിന്‍റെ ഇരുട്ടിനും മരണത്തിന്‍റെ നിരാശയ്ക്കും മേലുള്ള ദൈവത്തിന്‍റെ വിജയത്തെ സൂചിപ്പിക്കുന്നു. തന്‍റെ പുനരുത്ഥാനത്തിലൂടെ യേശു നിത്യജീവന്‍റെ വാഗ്ദാനവും രക്ഷയുടെ പ്രത്യാശയും നൽകുന്നു. ഈസ്റ്ററിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മോടുള്ള ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹമാണു വെളിവാക്കപ്പെടുക. ഈസ്റ്റർ നാളിൽ ദൈവവുമായുള്ള ബന്ധം നമ്മുടെവിശ്വാസം വഴി പുതുക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങൾ എത്രബുദ്ധിമുട്ടാണെങ്കിലും, ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമുക്കു ശക്തിയും ആശ്വാസവും കൃപയും നൽകുന്നെന്നും ഓരോ ഈസ്റ്ററും നമ്മെ ഓർമിപ്പിക്കുന്നു. ദൈവപുത്രനായ ഈശോ കുരിശുമരണത്തിലൂടെയും ഉയിർപ്പിലൂടെയും നമുക്കു നൽകുന്ന ഒരു ഉത്തരമുണ്ട്. ഇരുണ്ട രാത്രിക്കപ്പുറം പുത്തൻ വെളിച്ചമായി എത്തുന്ന പകൽപോലെ സങ്കടങ്ങൾക്കപ്പുറം സന്തോഷവും, മരണത്തിനപ്പുറം ഉയിർപ്പും ഈകാണുന്ന ജീവിതത്തിനപ്പുറം നിത്യജീവന്‍റെ കൃപയും ഉണ്ടെന്ന പ്രത്യാശയാണ്ഉത്ഥിതനായ യേശുവിന്‍റെസമ്മാനവും സന്ദേശവും.
സ്നേഹം വിദ്വേഷത്തെക്കാൾ ശക്തമാണെന്നും വെളിച്ചം എല്ലായ്പ്പോഴും ഇരുട്ടിനെ മറികടക്കുമെന്നും ക്രിസ്തു തെളിയിച്ചു. ക്രിസ്തുവിന്‍റെ പുനരുത്ഥാനം ആഘോഷിക്കുമ്പോൾ അതു നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന നന്മനിറഞ്ഞ മാറ്റങ്ങളെക്കുറിച്ചും നമുക്കു ചിന്തിക്കാം. നമ്മൾ ഉയിർത്തെഴുന്നേറ്റ രാജാവിന്‍റെ മക്കളാണെന്ന് അറിഞ്ഞുകൊണ്ടു ധൈര്യത്തോടും ദൃഢനിശ്ചയത്തോടുംകൂടി ജീവിക്കാൻ ഈസ്റ്റർ നമ്മെ ക്ഷണിക്കുന്നു.
""അങ്ങനെ, അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനു ശേഷംപിതാവിന്‍റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ, നാമും പുതിയജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത് '. (റോമ 6:4)