Special Story

നിയമത്തിന്‍റ കടിഞ്ഞാൺ മുറുക്കി നീതിപീഠം, ബോംബായി ബോണ്ട്‌

ബോണ്ട് വിവരം പുറത്തുവരുമ്പോൾ ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് ബിജെപിക്ക്. സമാനതകളില്ലാത്ത തോതിലുള്ള വൻവരവ്!

"കൂടുതൽ പറയിപ്പിക്കരുത് ' ഇലക്റ്ററൽ ബോണ്ട് കേസ് പരിഗണനാ വേളയിൽ സുപ്രീംകോടതി നൽകിയ മുന്നറിയിപ്പാണിത്. ബോണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് രാജ്യത്തിന് അപമാനം ഉണ്ടാക്കുമെന്നും ഇക്കാര്യം സുപ്രീംകോടതി സ്വമേധയാ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ആദിഷ് സി. അഗർവാലയെ താക്കീത് ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ഈ മുന്നറിയിപ്പ് നൽകിയത്.

ഈ കേസിന്‍റെ തുടക്കം മുതൽ സുപ്രീംകോടതി സ്വീകരിച്ച നിലപാട് ഏറെ ശ്ലാഘനീയമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യം ദുഷിക്കാൻ ഇടയാക്കുന്ന കള്ളക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപനം ഒരു രജത രേഖയായി വിലയിരുത്തപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 15ന് പുറപ്പെടുവിച്ച ഉത്തരവ് ജനാധിപത്യ പ്രക്രിയയുടെ സംരക്ഷണത്തിനും ജന താത്പര്യത്തിനും ഊന്നൽ നൽകുന്ന സുപ്രധാനമായ ചുവടുവയ്പായി.

വിധി ന്യായത്തിലൂടെ സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടും അത് അനുസരിക്കാൻ ബാധ്യതപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ) അതു മറികടക്കാനും വിവരങ്ങൾ പുറത്തുവരുന്നത് തടയാനുമുള്ള ജുഗുപത്സാവഹമായ നിലപാടാണ് കൈക്കൊകൊണ്ടത്. സമയപരിധി നീട്ടി ചോദിച്ചുകൊണ്ട് കള്ളക്കച്ചവടം നടത്തിയവരെയും അത് കൈപ്പറ്റിയവരെയും സംരക്ഷിക്കാനുള്ള ഗൂഢനീക്കം. എന്നാൽ, അതിനു ലവലേശം വഴങ്ങാതെ സുപ്രീംകോടതി വീണ്ടും വടിയെടുത്തപ്പോൾ നിൽക്കക്കള്ളിയില്ലാതെ അതിനു വഴങ്ങേണ്ടി വരുന്ന എസ്ബിഐയുടെ ദയനീയ ചിത്രമാണ് നാം കണ്ടത്. അപ്പോഴും നിയമത്തിനും നടപടിക്രമങ്ങൾക്കും പുറത്തുള്ള യജമാനന്മാരെ തൃപ്തിപ്പെടുത്തുവാൻ ബോണ്ട് നമ്പറുകൾ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചതും. ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറണം എന്നുള്ള ഇലക്റ്ററൽ ബോണ്ട്‌ റദ്ദാക്കികൊണ്ടുള്ള ഉത്തരവ് നിലനിൽക്കെയാണ് ഈ കള്ളക്കളി എന്നോർക്കണം. ഇതേത്തുടർന്നാണ് കോടതി സ്വമേധയാ വിഷയം പരിഗണിച്ചതും എസ്ബിഐക്ക് നോട്ടീസ് അയച്ചതും.

കേസ് പരിഗണിച്ച കോടതി ചില വിവരങ്ങൾ മാത്രം കൈമാറിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഓരോ ബോണ്ടിലെയും സവിശേഷ നമ്പർ, സീരിയൽ നമ്പർ എന്നിവ അടക്കം 21നു വൈകിട്ട് അഞ്ചിനുമുമ്പ് കൈമാറണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രമല്ല ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട കൈവശമുള്ള മുഴുവൻ വിവരങ്ങളും കമ്മിഷന് കൈമാറാൻ എസ്ബിഐയോട് നിർദേശിച്ച കോടതി ഫെബ്രുവരി 15ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. കോടതി എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രം നൽകിയാൽ മതിയെന്നാണ് കോടതി നിർദേശമെന്നാണ് തങ്ങൾ കരുതിയതെന്ന് വിശദീകരിച്ച എസ്ബിഐയോട് 'ഏതൊക്കെ വിവരങ്ങൾ കൈമാറണമെന്ന് എസ്ബിഐ സ്വയം തീരുമാനിക്കേണ്ട, എല്ലാ വിവരങ്ങളും നൽകുന്നതിൽ സംശയവും വേണ്ട' എന്ന് ചീഫ് ജസ്റ്റിസ് കർശന സ്വരത്തിൽ വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയാണ് രഹസ്യങ്ങളുടെ കലവറ തുറക്കാൻ എസ്ബിഐ നിർബന്ധിതമായത്.

സുപ്രീം കോടതിയുടെ കർശന നിർദേശം ഉണ്ടായിട്ടും ഇവിടെ എസ്ബിഐ ആകാവുന്നതുപോലെയൊക്കെ ആവർത്തിച്ചാവർത്തിച്ച് നടത്തിയ ഒളിച്ചുകളി അതീവ ഗൗരവമായി കാണേണ്ടതല്ലേ? സുപ്രീം കോടതി വിധിയുടെ സത്തയെയും ഉദ്ദേശ്യശുദ്ധിയെയും അട്ടിമറിക്കാനല്ലേ ആവുന്നത്ര നോക്കിയത്? സുപ്രീം കോടതി സ്വരം കടുപ്പിച്ചില്ലായിരുന്നെങ്കിൽ ഒഴിഞ്ഞുമാറാനും ഇപ്പോൾ പുറത്തുവന്ന വിശദാംശങ്ങൾ മറച്ചു പിടിക്കാനുമല്ലേ എസ്ബിഐ ഗൂഢമായി ശ്രമിച്ചത്? വിശദാംശങ്ങൾ നിശ്ചിത സമയത്ത് തന്നെ നൽകിയതോടെ സമയം നീട്ടി ചോദിച്ചതിന് യുക്തിയോ നീതീകരണമോ ഉണ്ടായിരുന്നില്ല എന്നല്ലേ തെളിയുന്നത്? രാജ്യത്തെ പൊതുമേഖലാ ബാങ്ക്, പരമോന്നത കോടതി ഉത്തരവുപോലും കാറ്റിൽ പറത്തി നടത്തുന്ന ഇത്തരം കള്ളക്കളികൾക്കെതിരേ കർശന നടപടി ഉണ്ടാവണം.

വിവരങ്ങൾ പുറത്തു വരാതിരിക്കാൻ മറ്റു പലരും രംഗത്ത് വന്നു. അസോഷ്യയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (അസോച്ചം), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി. ഐ. ഐ)എന്നിവയും സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർക്കായി ആവശ്യം ഉയർന്നെങ്കിലും നേരത്തേ ലിസ്റ്റ് ചെയ്യാത്തവ പരിഗണിക്കില്ലെന്നായിരുന്നു കോടതി സ്വീകരിച്ച നിലപാട്. ബോണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ ഇവർക്ക് എന്തിനാണ് വേവലാതി! പാതിരാത്രിയിൽ സൂര്യനുദിച്ചാൽ ഉള്ള അവസ്ഥാവിശേഷം തങ്ങൾക്കുണ്ടാകുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു. ജനാധിപത്യത്തെ വിലക്കെടുക്കാനും തങ്ങളുടെ സ്വകാര്യ, സ്വാർഥ താത്പര്യങ്ങൾ നടത്തിയെടുക്കാനും ഒഴുക്കിയ കോടികളുടെ വിവരങ്ങൾ പുറത്താകുന്നതിലെ അന്ധാളിപ്പ് ! അല്ലെങ്കിൽ വിവരങ്ങൾ സുതാര്യമാകുന്നതിൽ അവരെന്തിന് തടസഹർജിയുമായി വരണം. വെൽ ഡ്രസ്സ്ഡ് ആൻഡ് വെൽ ബിഹെവിഡ് ബിഗ് മാഗ്നെറ്റുകളുടെ മുഖംമൂടി അഴിഞ്ഞുവീണു സമൂഹമധ്യത്തിൽ നഗ്നരായി നിൽക്കേണ്ടി വരുന്നതിന്‍റെ ജാള്യത. ഇന്ത്യൻ ജനാധിപത്യം വർത്തമാനകാലത്ത് നേരിടുന്ന വെല്ലുവിളി. അതിന്‍റെ തെളിവുകൾ പുറത്തുവന്നു കഴിഞ്ഞു. വൻകിട കമ്പനികളിൽനിന്ന് ഇലക്റ്ററൽ ബോണ്ട് വഴി കോടികൾ കൈപ്പറ്റിയ ബിജെപി പ്രത്യുപകാരമായി കേന്ദ്രസർക്കാരിന്‍റെ കരാറുകൾ അനുവദിച്ചതാണ് ഈ അവിഹിതബന്ധത്തിന്‍റെ സൂചന. 38 കമ്പനികളിൽ നിന്ന് 2004 കോടി രൂപ ലഭിച്ച ബി.ജെ.പി 3.84 ലക്ഷം കോടി രൂപയുടെ 179 കരാറുകൾ അവർക്ക് നൽകിയെന്നും ഇതേക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു. സിബിഐ, എൻഫോഴ്‌സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) എന്നിവയുടെ റെയ്ഡിന് പിന്നാലെ വിവിധ കമ്പനികളിൽ നിന്നായി 1853 കോടി രൂപ ബിജെപിക്ക് ഇലക്റ്ററൽ ബോണ്ട് വഴി സംഭാവന ലഭിച്ചെന്നും വെളിപ്പെട്ട് കഴിഞ്ഞു. ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് മാപ്പ് സാക്ഷിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത പി. ശരത്ചന്ദ്ര റെഡ്ഡി അദ്ദേഹത്തിന്‍റെ മൂന്ന് കമ്പനികൾ വഴി ബിജെപിക്ക് നൽകിയത് 60 കോടിയുടെ ബോണ്ട്. ഇയാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഈ ബോണ്ട് വിവരം ഇന്ന് സജീവ ചർച്ചയിലാണ്. ഇതുപോലെ നടപടി നേരിട്ടവരും കരിമ്പട്ടികയിൽ പെട്ടവരും ലോട്ടറി മാഫിയകളുമൊക്കെ ബോണ്ട് നൽകി കേന്ദ്ര ഭരണകക്ഷിയുടെ സുഹൃദ് വലയത്തിൽ ഉൾപ്പെടുകയും അതിന്‍റെ പ്രത്യുപകാരം പറ്റുകയും ചെയ്യുന്നു.

ഏതു പരിസ്ഥിതി ലോല പ്രദേശത്തും ഖനനത്തിന് അനുമതി. ഇന്ദിരാ ഗാന്ധിയുടെ കാലത്തു കൊണ്ടുവന്ന പരിസ്ഥിതി നിയമങ്ങൾ എല്ലാം ലഘുകരിക്കാൻ ബിജെപി നിയമം കൊണ്ടുവന്നപ്പോൾ എല്ലാവരും സംശയിച്ചു. ധർമത്തിലും ഹിന്ദുത്വ ആശയങ്ങളിലും അടിയുറച്ച ഒരു സർക്കാർ എന്ന് അവകാശപ്പെടുന്നവർ ഇങ്ങനെ പ്രകൃതി വിരുദ്ധ നിലപാട് എടുക്കുമോ. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. എല്ലാം ഖനന കമ്പനികളെ സഹായിക്കാനായിരുന്നു. അവർ നൽകുന്ന ബോണ്ട്‌ പണം കൊണ്ട് ഏതു ഇലക്ഷനെയും നേരിടാമല്ലോ. എന്നാൽ അവിടെയും കിട്ടി സുപ്രീം കോടതിയിൽ നിന്ന് ഒരു പ്രഹരം. നാഷണൽ ഹൈവേ നിർമാണം പോലെയുള്ള പദ്ധതികൾക്ക് കുന്നിടിച്ച് മണ്ണെടുക്കുന്നതിന് പാരിസ്ഥിതി ആഘാത പഠനമോ മുൻകൂർ അനുമതിയോ ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണു സുപ്രീം കോടതി നയം വ്യക്തമാക്കിയത്. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടില്ലാതെ ഇത്തരത്തിലുള്ള ഒരു പദ്ധതി പ്രവർത്തനവുമായി മുന്നോട്ടു പോകാൻ പാടില്ല എന്നാണ് സുപ്രീംകോടതി കർശനമായി നിർദേശം നൽകിയത്.

ഇങ്ങനെയൊക്കെ വഴിവിട്ട ഇളവുകൾ നൽകി കുമിഞ്ഞു കൂടുന്ന പണം ജനാധിപത്യ പ്രക്രിയയെ വരുതിയിലാക്കാൻ ഉപയോഗിക്കുന്നതാണ് വർത്തമാനകാല ചിത്രം. എംഎൽഎമാരും നേതാക്കളുമടക്കം വിലയ്ക്കെടുക്കപ്പെടുന്ന പ്രക്രിയ ജനാധിപത്യ ശരീരത്തിൽ സൃഷ്ടിക്കുന്ന പുഴുക്കുത്തലുകളുടെ ആധിക്യവും അത് വമിപ്പിക്കുന്ന ദുർഗന്ധവും കൊണ്ടു നാം വലഞ്ഞു കഴിഞ്ഞു. ഇതു ജനാധിപത്യത്തെ കുറിച്ച് നമുക്ക് എന്ത് പ്രതീക്ഷയാണ് അവശേഷിപ്പിക്കുക? കൂറുമാറ്റ നിരോധന നിയമം നിലവിലുള്ള രാജ്യത്താണ് ഈ സർക്കസ് അരങ്ങേറുന്നതെന്ന വസ്തുത നമ്മെ അമ്പരപ്പിക്കുന്നു.

ബോണ്ട് വിവരം പുറത്തുവരുമ്പോൾ ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് ബിജെപിക്ക്. സമാനതകളില്ലാത്ത തോതിലുള്ള വൻവരവ്! രാജ്യത്ത് ഏറ്റവും കൂടുതൽ എം.എൽ.എമാരെയും എം.പിമാരെയും വിലക്കെടുത്ത പാർട്ടിയും ബി.ജെ.പി. പണവും ഈഡി, സിബിഐ സംവിധാനങ്ങളുമെല്ലാം അതിനായി ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ജനാധിപത്യത്തിന്‍റെ ഗരിമയെ കുറിച്ച് നമുക്ക് എങ്ങനെ ഊറ്റം കൊള്ളാനാവും!

തിരഞ്ഞെടുപ്പ് ബോണ്ട്‌ വഴി ലഭിച്ച സംഭാവനകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ രാഷ്ട്രീയപാർട്ടികളും വിമുഖത പ്രകടിപ്പിക്കുന്നതാണ് നാം കണ്ടത്. സംഭാവന നൽകിയവരുടെ വിവരം രാഷ്ട്രീയ കക്ഷികൾ സൂക്ഷിക്കേണ്ടതില്ലെന്ന ബോണ്ട് ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഏറ്റവും അധികം സംഭാവന ലഭിച്ച ഭരണകക്ഷിയായ ബി.ജെ.പി പ്രതിരോധം തീർത്തത്. അതിനാൽ ആ വിവരം തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു അവരുടെ ന്യായവാദം! അവിഹിത കൂട്ടുകെട്ടിന്‍റെ നാൾവഴികളും വാരിക്കോരി സംഭാവന നൽകിയ ബിഗ് മാഗ്നെറ്റ്സിന്‍റെ ഐഡന്‍റിറ്റിയും പുറത്തുവരാതിരിക്കാനുള്ള വെപ്രാളം.

ബോണ്ട് സമ്പ്രദായത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെ 2019 ഏപ്രിലിലും 2023 നവംബറിലും സംഭാവനയുടെ വിവരങ്ങൾ ഇലക്ഷൻ കമ്മീഷനോട് വെളിപ്പെടുത്താൻ സുപ്രീംകോടതി രാഷ്ട്രീയ കക്ഷികൾക്ക് നിർദേശം നൽകിയിടത്താണിതെന്നോർക്കണം. ഈ പ്രതിരോധം കൊണ്ട് ഇതൊക്കെ മറികടക്കാനാവുമെന്ന ആത്മവിശ്വാസമായിരിക്കണം അന്ന് അവരെ ഭരിച്ചിരുന്നത്. സുപ്രീം കോടതി ഇങ്ങനെയൊരു 'കടുംകൈ' ചെയ്യുമെന്ന് അന്നവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല.

ബോണ്ട് ലഭിച്ച മറ്റു രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒട്ടും മോശക്കാരല്ല. 'തങ്ങളുടെ ഓഫീസിൽ ആരോ തന്നിട്ട് പോയ ലക്കോട്ട് പൊട്ടിച്ചു നോക്കിയപ്പോൾ അതിൽ ഒരു കോടി രൂപ വീതം വിലമതിക്കുന്ന പത്ത് ബോണ്ടുകളായിരുന്നു' എന്ന വിശദീകരണവും 'തപാൽ വഴിയാണ് ലഭിച്ചതെന്നും അതുകൊണ്ട് സംഭാവന നൽകിയത് ആരെന്ന് അറിയില്ലെന്നും' പറഞ്ഞ രാഷ്ട്രീയ പാർട്ടികളുമുണ്ട്. രാജ്യത്തെ നിയമപരവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളിൽ നിന്നും 'തങ്ങളുടെ യജമാനന്മാർ' എന്ന് അവർ തന്നെ നാഴികയ്ക്ക് നാൽപ്പതു വട്ടം ആണയിടുന്ന പൊതുജനങ്ങളിൽ നിന്നും ഇക്കാര്യങ്ങൾ മറച്ചു പിടിക്കാൻ പ്രകടിപ്പിക്കുന്ന പരിധിവിട്ട ജാഗ്രതയല്ലേ ഇതിലെല്ലാം നിഴലിക്കുന്നത്. പുറത്തുവന്നാൽ മതിപ്പുണ്ടാവാത്ത അവിശുദ്ധമായ അന്യായമെന്ന സ്വയം സമ്മതമല്ലേ രാഷ്ട്രീയപാർട്ടികൾ പയറ്റുന്ന ദുരൂഹമായ ഈ തന്ത്ര കുതന്ത്രങ്ങൾ.

രാഷ്ട്രീയപാർട്ടികൾക്ക് പ്രവർത്തിക്കാനും തെരഞ്ഞെടുപ്പിനെ നേരിടാനുമൊക്കെ ഫണ്ട് അനിവാര്യമാണ്. ജനസാമാന്യത്തിൽ നിന്നും ഉദാരമതികളിൽ നിന്നും അത് സ്വീകരിക്കുകയും വേണം. അത് ജനങ്ങൾ അറിയരുതെന്ന് വാശിപിടിക്കുന്നത് എന്തിനാണ്? അവിടെയാണ് ചതിയും അപകടവും പതിയിരിക്കുന്നത്. ജന താൽപര്യവും രാജ്യ താത്പര്യവും ബലി കഴിക്കപ്പെടുന്നത്. അരുതായ്മകൾ സംഭവിക്കുന്നത്. സുതാര്യത ഇല്ലാത്തതെന്തും അന്യായത്തിനും അധർമ്മത്തിനുമുള്ള ലൈസൻസ് ആണ്. അത് കുന്നു കൂടിയതാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഇപ്പോൾ വെളിവായിരിക്കുന്നത്. പണത്തിന്‍റെ കൊഴുപ്പിൽ മജ്ജയും മാംസവും വാർന്നു പോയിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ശരീരത്തിന് ഉണർവ് പകരുന്ന ഒരു ഉത്തേജക മരുന്ന്.

സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും അവരുടെ ഉത്തരവാദിത്വവും ദൗത്യവും ഒന്നുകൂടി വിളംബരം ചെയ്തിരിക്കുന്നു. തകർന്നുവീഴാൻ പാകത്തിൽ ഈ തൂണിന് സ്ഥാനഭ്രംശം സംഭവിച്ചിട്ടില്ല എന്ന ഓർമ്മപ്പെടുത്തലും മുന്നറിയിപ്പും. പൗരന്‍റെ അവസാനത്തെ അത്താണി എന്ന സങ്കൽപ്പം പ്രോജ്വലിപ്പിക്കുന്ന ഇടപെടലും വിധി ന്യായവും. ഇതിന്‍റെ സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഇനിയെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്കാവുമോ എന്നതാണ് ഈ വിധി ഉയർത്തുന്ന ചോദ്യം. അതിനെ ആശ്രയിച്ചായിരിക്കും 'യഥാർഥ ജനാധിപത്യത്തിന്‍റെ' ഭാവിയും.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു