Special Story

അനർഹമായി ആരും ഒന്നും നേടിയിട്ടില്ല!

എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയിൽ നമുക്ക് സന്തോഷിക്കാം. അസൂയയോ പകയോ കൂടാതെ ചങ്ങാതിമാരായി ജീവിക്കാം. ആരും ആരുടെയും മുന്നോട്ടുള്ള വഴിയിൽ പ്രതിബന്ധങ്ങളല്ല

ഡോ:കെ.ടി.ജലീൽ

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണു ജീവനക്കാരുടെ സമുദായാടിസ്ഥാനത്തിലുള്ള കണക്കു സർക്കാർ പുറത്തുവിടുന്നത്. ഓരോ സമുദായ-ജാതി വിഭാഗത്തിന്‍റെയും മൊത്തം ജനസംഖ്യയും അവരുടെ ഉദ്യോഗ പ്രാതിനിധ്യവുമാണ് ഇസി ഡെസ്ക് (e-CDESK, Electronic Caste Database of Employees in Service Kerala) നിയമസഭയുടെ മേശപ്പുറത്ത് വച്ചിരിക്കുന്നത്. പി. ഉബൈദുള്ള എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായി മുൻമന്ത്രി കെ രാധാകൃഷ്ണനാണു കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്. എയ്ഡഡ് സ്കൂളുകളിലും കോളെജുകളിലും ജോലി ചെയ്യുന്നവരുടേതടക്കം മുഴുവൻ ജീവനക്കാരുടെയും ജാതിയും സമുദായവും തിരിച്ചുള്ള കണക്കാണിത്.

316 സർക്കാർ- അർധസർക്കാർ-എയ്ഡഡ്-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 5,45,423 ജീവനക്കാരുടെയും 238 ജാതികളിൽ പെടുന്ന ജീവനക്കാരുടെയും സമുദായവും ജാതിയും തിരിച്ചുള്ള വിശദ വിവരങ്ങൾ. എയ്ഡഡ് സ്കൂളുകളിലും കോളെജുകളിലും ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം വരുന്ന അധ്യാപക-അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. വിവിധ മത-സമുദായ-ജാതി വിഭാഗങ്ങൾക്കിടയിൽ അകൽച്ചയും വിദ്വേഷവും ഉണ്ടാക്കാനും കാര്യമറിയാത്ത നിഷ്കളങ്കരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനും ചില കേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തുമ്പോൾ സർക്കാർ പുറത്തുവിട്ട കണക്കുകൾ ഏറെ പ്രസക്തമാണ്. ചില സമുദായങ്ങൾ അനർഹമായത് നേടുന്നുവെന്ന തരത്തിൽ നടത്തപ്പെടുന്ന കുപ്രചരണങ്ങളുടെ പൊള്ളത്തരം എത്രമാത്രമുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്‌ലിംകൾക്ക് 5,45,423 സർക്കാർ ഉദ്യോഗങ്ങളിൽ 73,774 (13.51%) ഉദ്യോഗസ്ഥ പദവികളാണുള്ളതെന്ന് കണക്കുകളിൽ വെളിപ്പെടുത്തുന്നു. സംവരണ പട്ടിക അനുസരിച്ച് നിർബന്ധമായും അവർക്ക് കിട്ടേണ്ടത് 12 ശതമാനമാണ്. എയ്ഡഡ് സ്കൂളുകളിലും കോളെജുകളിലും ജോലി ചെയ്യുന്നവർ അടക്കമാണ് ഈ 13.5%.

ഈഴവർ ജനസംഖ്യയുടെ 22.05% വരും. അവർക്ക് 1,15,075 ഉദ്യോഗപദവികൾ ലഭിച്ചിട്ടുണ്ട്(21.09%). 14 ശതമാനമാണ് അവർക്കു സംവരണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ 21.09 ശതമാനത്തിൽ അടങ്ങും.

മുന്നോക്ക ജാതിക്കാരായ നായർ-പിള്ള-തമ്പി-അനുബന്ധ വിഭാഗങ്ങൾ ജനസംഖ്യയുടെ 15.02 ശതമാനം വരും. അവരുടെ ഉദ്യോഗ പ്രാതിനിധ്യം 1,08012 ആണ് (19.8%). സംവരണാനുകൂല്യം ലഭിക്കാത്ത ഇവർക്ക് ജനറൽ മെറിറ്റിലും എയ്ഡഡ് സ്ഥാപനങ്ങളിലുമായാണ് ഇത്രയും ഉദ്യോഗ പദവികൾ ലഭിച്ചത്.

നമ്പൂതിരിമാരടക്കം ബ്രാഹ്മണ വിഭാഗങ്ങൾ സംസ്ഥാനത്തെ ജനസംഖ്യയുടെ 2.01 ശതമാനം വരും. അവരുടെ സർക്കാർ സർവീസ് പ്രതിനിധ്യം 7112 (I.30%) ആണ്. സംവരണം ഇല്ലാത്തതിനാൽ യോഗ്യതാ ക്വോട്ടയിലും എയ്ഡഡ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നതാണിത്.

ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വർഗ്ഗക്കാരുടെ ഉദ്യോഗ പ്രാതിനിധ്യം 62,296 (11.41%)ആണ്. നിർബന്ധമായും ഇരുകൂട്ടർക്കുമായി സംവരണപ്രകാരം ലഭിക്കേണ്ടത് 10 ശതമാനമാണ്.

ജനസംഖ്യയുടെ രണ്ട് ശതമാനം വരുന്ന ലത്തീൻ കത്തോലിക്കരുടെ ഉദ്യോഗ പ്രാതിനിധ്യം 22,542 (4.13%) ആണ്. സംവരണ നിയമ പ്രകാരം അവർക്കു ലഭിക്കേണ്ടത് 4% ആണ്.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ക്രൈസ്തവ (എസ്ഐയുസി) നാടാർ വിഭാഗത്തിന്‍റെ ഉദ്യോഗ പ്രാതിനിധ്യം 7589 (1.39 %) ആണ്. സംവരണ നിയമ പ്രകാരം അവർക്കു ലഭിക്കേണ്ടത് ഒരു ശതമാനവും.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന വിശ്വകർമ വിഭാഗത്തിനുള്ള ഉദ്യോഗ പ്രാതിനിധ്യം 16,564 (3.03%) ആണ്. മൂന്നു ശതമാനമാണ് ഇവർക്ക് നിയമപ്രകാരമുള്ള സംവരണം. ഒരു ശതമാനം വരുന്ന ധീവര വിഭാഗത്തിന്‍റെ ഉദ്യോഗ പ്രാതിനിധ്യം 6,818 (1.25 %) ആണ്. ഒരു ശതമാനം സംവരണമാണ് ഇവർക്കുള്ളത്. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഹിന്ദു നാടാർ ഉദ്യോഗ പ്രാതിനിധ്യം 5,089 (0.93 %) ആണ്. സംവരണ നിയമ പ്രകാരംഅവർക്കു ലഭിക്കേണ്ടത് ഒരു ശതമാനമത്രെ.

ജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന പരിവർത്തിത ക്രൈസ്തവരുടെ ഉദ്യോഗ പ്രാതിനിധ്യം 2399 (0.43 %) ആണ്. ഇവർക്കും ഒരു ശതമാനമാണു സംവരണം. 9.84 ശതമാനം വരുന്ന മുന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിന്‍റെ ഉദ്യോഗ പ്രാതിനിധ്യം 73,713(13.51%) ആണ്. സംവരണാനുകൂല്യം ലഭിക്കാത്ത ഇവർക്ക് ജനറൽ മെറിറ്റിലും എയ്ഡഡ് സ്കൂളുകളിലെയും കോളെജുകളിലെയും നിയമനങ്ങളും ഉൾപ്പെടുന്നു.

കേരളത്തിന്‍റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാൻ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നിൽ. കേരളത്തിന്‍റെ മതേതര ബോധത്തിൽ വർഗ്ഗീയ വിഷം കലർത്താൻ ശ്രമിക്കുന്നവരിൽ ഉത്തരവാദപ്പെട്ടവർ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്. കേരളത്തിൽ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതയ്ക്ക് അനുസൃതമായേ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികൾ കരസ്ഥമാക്കിയിട്ടുള്ളൂ. മുന്നോക്ക സമുദായങ്ങൾക്ക് താരതമ്യേന കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് അവർ കുറ്റക്കാരല്ല. വിദ്യാഭ്യാസം നേടേണ്ടതിന്‍റെ പ്രാധാന്യം പണ്ടേക്കുപണ്ടേ അവർ മനസ്സിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ മുന്നോട്ടു വന്നു. പിഎസ്‌സി പരീക്ഷകളിൽ സജീവമായി പങ്കെടുത്തു. സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് ജനറൽ മെറിറ്റ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. മുന്നോക്ക സമുദായക്കാരും പിന്നോക്ക സമുദായങ്ങളിലെ വിദ്യാസമ്പന്നരും അങ്ങിനെ നേടിയതാണ് സർക്കാർ ജോലികൾ. അല്ലാതെ ഓട് പൊളിച്ച് അകത്ത് കടന്ന് ജോലി കരസ്ഥമാക്കിയവരല്ല അവരാരും.

ഓരോ മതജാതി സമൂഹങ്ങൾക്കും ഓരോ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലമുണ്ട്. ഹൈന്ദവ സമുദായത്തിലെ വിവിധ ജാതികൾക്ക് വിവിധങ്ങളായ ജോലികളും പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിരുന്നു. ഉയർന്ന ജോലികൾ കിട്ടാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമായി വന്നു. അതുകൊണ്ടു തന്നെ ഹൈന്ദവ സമൂഹത്തിലെ മേൽജാതിക്കാരും മറ്റു മത വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നിൽ നിന്നവരും ഉന്നത വിദ്യാഭ്യാസം നേടാൻ ഉത്സാഹം കാണിച്ചു.

താഴ്ന്ന ജാതിയിൽ പെട്ടവരും ഇതര മതസമുദായങ്ങളിലെ ശേഷി കുറഞ്ഞവരും സ്കൂളിലും കോളെജിലും പോകാൻ മടിച്ചു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും ഡോ: പൽപ്പുവും നവോത്ഥാനത്തിന്‍റെ കൈത്തിരി അവരവരുടെ സമുദായങ്ങളിൽ കത്തിച്ചു വച്ചതോടെയാണ് അധഃസ്ഥിത വിഭാഗങ്ങളിൽ നിന്ന് ഇരുട്ടകന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാരായണഗുരുവിന്‍റെ സന്ദേശങ്ങൾ ഏറ്റെടുത്ത കമ്യൂണിസ്റ്റ് പാർട്ടി പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടർച്ച നൽകി. ഇ.എം.എസ് നേതൃത്വം നൽകിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ 1958ൽ സമൂഹത്തിന്‍റെ എല്ല തലത്തിലുമുള്ള മത-സമുദായ വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള നിയമം യാഥാർഥ്യമാക്കി. കാലചക്രം പിന്നിട്ടപ്പോൾ ജനറൽ മെറിറ്റിലും അവർ സ്ഥാനം പിടിച്ചു തുടങ്ങി.

പിന്നോക്ക അധ:സ്ഥിത സമൂഹങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് സർവീസ് & സബോഡിനേറ്റ് റൂൾസ് അഥവാ കെ.എസ്.എസ്.ആർ സർക്കാർ ഉദ്യോഗ മേഖലയിൽ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റ് നടപ്പിലാക്കിയതോടെയാണ്, ഹൈന്ദവ സമുദായത്തിലെ പട്ടികകജാതി-പട്ടികവർഗ-ഈഴവ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന പിന്നോക്കക്കാരും, ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യശ്രേണിയിൽ പിന്നിലായ മുസ്‌ലിംകളും, ക്രൈസ്തവ സമൂഹത്തിൽ പിന്നിലേക്ക് തള്ളപ്പെട്ടവരും ഭരണനിർവഹണത്തിൽ പങ്കാളികളായിത്തുടങ്ങിയത്.

ക്രൈസ്തവ സമൂഹം ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മുന്നിലായിരുന്നു. വ്യത്യസ്ത മിഷണറിമാർ തിരുകൊച്ചിയിൽ മഹാരാജാക്കൻമാരുടെ പിന്തുണയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതു. ക്രൈസ്തവ സമുദായത്തിൽ നന്നായി പഠിച്ചവർ ഭരണസിരാകേന്ദ്രങ്ങളിൽ എത്തിപ്പെട്ടു. കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ട് ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും മറ്റു തൊഴിൽ രംഗങ്ങളിലും ശോഭിക്കാൻ ഉതകുന്ന വിജ്ഞാന ശാഖകളിലേക്ക് യുവതലമുറയെ പറഞ്ഞയക്കാൻ ക്രൈസ്തവ പുരോഹിതർ കാണിച്ച താത്പര്യം ആ സമൂഹത്തിന്‍റെ കുതിപ്പിന് ആക്കംകൂട്ടി.

മുസ്‌ലിംകളാകട്ടെ സാമ്രാജ്യത്വ വിരോധത്താൽ ഇംഗ്ലീഷുകാരുടെ ഭാഷയോടും അവർ നടപ്പിലാക്കിയ വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞ് നിന്നു. പെൺകുട്ടികളെ സ്കൂളിലയക്കാൻ മലബാറിലെ ഭൂരിഭാഗം മുസ്‌ലിം കുടുംബങ്ങളും വിമുഖത കാണിച്ചു. പഠനത്തെക്കാൾ കച്ചവടത്തിലായിരുന്നു പരമ്പരാഗതമായി അവർക്ക് താത്പര്യം. മഹാഭൂരിപക്ഷം മുസ്‌ലിംകളും കുടിയാൻമാരോ കർഷക തൊഴിലാളികളോ ആയിരുന്നു. ബ്രിട്ടിഷ് ഭരണത്തോട് ചേർന്നു നിന്ന കുബേര മുസ്‌ലിംകളായ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഭൂജന്മിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥ ഒച്ചിന്‍റെ വേഗത്തിൽ മാറിത്തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാർമികത്വത്തിൽ നിലവിൽ വന്ന കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഭൂപരിഷ്കരണ നിയമവും മലബാറിലെ മാപ്പിളമാരെ ഭൂമിയുടെ അവകാശികളാക്കി. പ്രാരാബ്ധവും കഷ്ടപ്പാടുകളും എൺപതുകൾക്ക് ശേഷം അവരെ ഗൾഫ് കുടിയേറ്റത്തിന് പ്രേരിപ്പിച്ചു.

പതിനെട്ട് വയസ്സായ മുസ്‌ലിം ചെറുപ്പക്കാർ ഗൾഫ് നാടുകൾ സ്വപ്നം കണ്ട് ജീവിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പ്രാതിനിധ്യക്കുറവിന് വഴിയൊരുക്കി. ലോകം കണ്ടതോടെ അവർ പുതുതലമുറയെ വിദ്യാഭ്യാസത്തിനു പ്രേരിപ്പിച്ചു. വിവിധ മത സംഘടനകൾ മത്സരിച്ച് സ്ഥാപനങ്ങൾ തുടങ്ങി. കേരളത്തിന് പുറത്തുള്ള എണ്ണംപറഞ്ഞ സർവകലാശാലകളിൽ അടക്കം മലപ്പുറത്ത് നിന്നുള്ള പെൺകുട്ടികൾ സ്ഥാനം പിടിച്ചു. നിശ്ചയിക്കപ്പെട്ട സംവരണ ക്വോട്ട തികക്കാനായത് രണ്ടായിരത്തിന് ശേഷമുണ്ടായ വിദ്യാഭ്യാസക്കുതിപ്പിനെ തുടർന്നാണ്.

അനർഹമായി യാതൊന്നും മുസ്‌ലിംകൾ നേടിയിട്ടില്ല. നേടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. അന്യരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നത് വിശ്വാസപരമായിത്തന്നെ നിഷിദ്ധമാണ്. അങ്ങനെ വല്ലതും ചൂണ്ടിക്കാണിച്ചാൽ അർഹതപ്പെട്ടവർക്ക് അത് തിരിച്ചു നൽകാൻ അവർ സന്നദ്ധരാകും. നാട്ടിൽ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകൾ മെനയരുത്. മദ്രസ്സാദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണെന്നത് ഉൾപ്പടെ എന്തൊക്കെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഒരു മദ്രസ്സാദ്ധ്യാപകനും ശമ്പളമോ പെൻഷനോ സർക്കാർ നൽകുന്നില്ല. അവരുടെ ക്ഷേമനിധിയിലേക്ക് അറുപത് വയസ്സുവരെ മാസാമാസം അവർ അടക്കുന്ന അംശാദായത്തിൽ നിന്ന് നൽകുന്ന സഹായം മാത്രമാണ് മദ്രസ്സാദ്ധ്യാപകർക്ക് തിരിച്ചു ലഭിക്കുന്നത്. ക്ഷേത്രജീവനക്കാർക്കും സമാനമായ ക്ഷേമനിധിയുണ്ട്. അതും സർക്കാർ ഖജനാവിൽ നിന്ന് നൽകുന്നതല്ല. അവർ അടക്കുന്ന അംശദായത്തിൽ നിന്ന് നൽകപ്പെടുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയിൽ നമുക്ക് സന്തോഷിക്കാം. അസൂയയോ പകയോ കൂടാതെ ചങ്ങാതിമാരായി ജീവിക്കാം. ആരും ആരുടെയും മുന്നോട്ടുള്ള വഴിയിൽ പ്രതിബന്ധങ്ങളല്ല. ഒരാൾ വിചാരിച്ചാലും മറ്റൊരാളുടെ പുരോഗതിയെ തടയാനാവില്ല.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ