ഡോ ഷർമദ് ഖാൻ, ഡോ. സി.സുമിത പ്രകാശ്
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും മറികടന്ന് വിജയത്തിന്‍റെ പടവുകളിലേക്ക് ഉയർന്ന ഹെലൻ കെല്ലറിന്‍റെ ജീവിത കഥ നമുക്ക് സുപരിചിതമാണ്. കാഴ്ചയില്ലായ്മയും കേൾവിക്കുറവും അവളുടെ മനസിനെ അടിച്ചമർത്തിയില്ല. മറിച്ച് അത് വെല്ലുവിളികളായി അവളുടെ മുന്നിൽനിന്നു. 1904ൽ ഹെലൻ കെല്ലർ റാഡിഫ് കോളെജിൽ നിന്ന് ബിരുദം നേടുമ്പോൾ ഒന്നും കാണാനില്ലാതിരുന്നിട്ടും അവൾ ലോകം മുഴുവൻ കണ്ടവളായി മാറിയിരുന്നു. അറിവ്, ആത്മവിശ്വാസം ഇവയെല്ലാം ഹെലൻ കെല്ലറിനെ ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉയർത്തി.
കണ്ണുണ്ടായിട്ടും പരിമിതമായ കാഴ്ചയിലൂടെ ജീവിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടേ ഇതുപോലെ നല്ല ആത്മവിശ്വാസം ഉള്ളൊരു ജീവിതം. മൊബൈലിന്‍റെയും വീഡിയോ ഗെയിമുകളുടെയും പേരിലുള്ള യുദ്ധത്തിൽ കൈയാങ്കളി വരെ എത്തിനിൽക്കുന്ന കുട്ടികളെയും മുതിർന്നവരെയുമാണ് നമുക്കിന്ന് സ്വന്തം വീടുകളിൽ പോലും കാണാൻ കഴിയുന്നത്.
കാഴ്ച മങ്ങലും അനുബന്ധ പ്രശ്നങ്ങളും പ്രായമായവരിലെന്ന പോലെ കുട്ടികളിലും വർധിച്ചു വരികയാണ്. രക്തസമ്മർദവും പ്രമേഹവും ഉള്ളവരിൽ കാഴ്ച പ്രശ്നങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. കുട്ടികളിൽ തുടക്കത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന കാഴ്ചക്കുറവ് അവരുടെ പഠനത്തേയും തുടർന്ന് വ്യക്തിത്വ വികാസത്തേയും പ്രതികൂലമായി ബാധിക്കുന്നു.
ചികിത്സ വൈകുന്നത് കാരണം കാഴ്ച സംബന്ധമായി സംഭവിച്ച വൈകല്യങ്ങൾ സ്ഥിരമായി നിലനിൽക്കുവാനും കാരണമാകും. ഈ പ്രതിസന്ധി ജീവിത നിലവാരത്തിലും ജോലിയിലും ഭാവി ജീവിതത്തിലും വലിയ ആഘാതം സൃഷ്ടിക്കും.
കാഴ്ച സംബന്ധമായ വിഷയങ്ങളുടെ ബോധവത്കരണം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തിയ ഒരു സർവെയുടെ ഫലം നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
സർവെയിൽ പങ്കെടുത്തവരിൽ 81.6% പേർക്ക് ഏതെങ്കിലും തരത്തിൽ കണ്ണിനുള്ള പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. 50.2% പേർക്കും കണ്ണട ഉപയോഗിച്ചിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്. കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും കണ്ണട ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ് എന്ന് വിചാരിക്കുന്നവരും കുറവല്ല.
46.4% ആളുകൾ ദീർഘകാലമായി പ്രമേഹത്തിന് ചികിത്സ തേടുകയും എന്നാൽ സങ്കീർണതകൾ അനുഭവിക്കുകയും ചെയ്യുന്നു. 34.2% ആളുകൾ ഉയർന്ന രക്തസമ്മർദവും അനുബന്ധ പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ്. ഏകദേശം 17.6% ആളുകൾക്ക് കുത്തിവയ്പ്പുകൾ, ലേസർ ചികിത്സ, ശസ്ത്രക്രിയകൾ എന്നിവയ്ക്ക് ശേഷവും അവരുടെ നേത്ര പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല.
36.6% പേർ ഈ ചികിത്സ വളരെ ചെലവേറിയതാണെന്ന് പറയുമ്പോൾ 51.1%പേർക്ക് കേരളത്തിലെ തെരഞ്ഞെടുത്ത ആയുർവേദ ആശുപത്രികളിൽനിന്ന് ഈ രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്ന കാര്യം അറിയില്ല. സാക്ഷര കേരളത്തിൽ നേത്ര ആരോഗ്യത്തെക്കുറിച്ച് നൽകുന്ന ബോധവത്കരണം മതിയാകുന്നില്ല എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
നേത്ര പരിശോധന, കാഴ്ച പരിശോധന, രോഗങ്ങൾ, പരിഹാരങ്ങൾ എന്നിവ സംബന്ധിച്ച് കുട്ടികളും പ്രായമായവരും അറിഞ്ഞിരിക്കേണ്ടത് തടയാൻ പറ്റുന്ന അന്ധതയെ തടയുക എന്ന വിഷയത്തിൽ വളരെ പ്രധാനമാണ്. കാഴ്ചയെ ബാധിക്കുന്ന അസുഖങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയുന്നതിലൂടെ കൃത്യസമയത്തു തന്നെ ചികിത്സയും ചികിത്സയെ സഹായിക്കുന്ന വിധം ഭക്ഷണവും വ്യായാമവും ഉൾപ്പെടുത്തുവാൻ കഴിയുന്നു.
34.8% ആളുകൾ കണ്ണട ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നവരാണെന്ന് സർവെ ഫലങ്ങൾ സൂചിപ്പിക്കുന്നു. ടിവി കാണുന്നതിനും പത്രം വായിക്കുന്നതിനും ഒരു വീട്ടിൽ എല്ലാ പേർക്കും കൂടി ഒരു കണ്ണട ഉപയോഗിക്കുന്നവരുമുണ്ട്. 46.9% ആളുകൾക്ക് പ്രമേഹവും രക്താതിമർദവും കാഴ്ച സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യം അറിയുക പോലുമില്ല. 73.6% ആളുകൾക്ക് കണ്ണിൽ നിന്ന് വെള്ളം ഒഴുകുക, കരട് കിടക്കുന്ന പോലെ അനുഭവപ്പെടുക, കണ്ണിനു ക്ഷീണം , വരൾച്ച, തലവേദന തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള നേത്ര പ്രശ്നങ്ങൾ ഉണ്ട്.
മാതാപിതാക്കളിൽ 54.7% പേർ തങ്ങളുടെ കുട്ടികൾക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടും യഥാസമയം വൈദ്യോപദേശം തേടിയിട്ടില്ല. ടിവിയും മൊബൈലും അധികമായി ഉപയോഗിക്കുന്നവരിൽ "അതൊക്കെ പതിവാണ്. വേണേൽ കണ്ണട വയ്ക്കാം. അല്ലാതെ മറ്റൊന്നും ചെയ്യാനില്ല' എന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
15.3% കുട്ടികൾ മാത്രമാണ് നിലവിൽ കൃത്യമായ രീതിയിൽ കണ്ണടകളോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിക്കുന്നത്. 16.1% പേർ മുമ്പ് കണ്ണട ഉപയോഗിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ അത് ഒഴിവാക്കിയവരാണ്. സൗന്ദര്യ പ്രശ്നങ്ങളും തൊഴിൽപരമായ സൗകര്യങ്ങളും കണ്ണട ഉപേക്ഷിക്കുവാൻ കാരണമാകാറുണ്ട്. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കാഴ്ചക്കുറവ് കൂടുതലായി കാണപ്പെട്ടത്. 14.6% കുട്ടികൾ പ്രീസ്കൂൾ പ്രായത്തിൽ തന്നെ രോഗനിർണയം നടത്തിയവരുമാണ്.
സർവെ ഫലങ്ങൾ കാണിക്കുന്നത് 52.9% കുട്ടികൾ ഒരു ദിവസം രണ്ട് മണിക്കൂറിലധികം വായിക്കാനോ പഠിക്കാനോ ചെലവഴിക്കുമ്പോൾ 50.4% കുട്ടികൾ 3- 4 മണിക്കൂർ വരെ സ്ക്രീൻ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. സ്ക്രീൻ അഡിക്ഷൻ കൂടുന്നതിനനുസരിച്ച് ഉറക്കം കുറയുന്നത് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളും ധാരാളമുണ്ട്.
ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം, പ്രത്യേകിച്ച് മങ്ങിയ വെളിച്ചത്തിൽ, കുട്ടികളുടെ കാഴ്ചയെ ബാധിക്കുമെന്ന് 15.3% രക്ഷിതാക്കളും വിശ്വസിക്കുന്നുണ്ട്. പല മാതാപിതാക്കളും (54.7%) ദീർഘകാലത്തെ സ്ക്രീൻ ഉപയോഗത്തിനും തുടർച്ചയായ വായനയ്ക്കും ശേഷം അവരുടെ കുട്ടികളുടെ കാഴ്ചയിൽ അസ്വസ്ഥത അനുഭവപ്പെട്ടതായി മനസിലാക്കിയവരുമാണ്.
56.9% രക്ഷിതാക്കളും കണ്ണിന്‍റെ ആരോഗ്യത്തിന് പ്രയോജനപ്പെടുന്ന ആഹാരം കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 16.1% പേർ തങ്ങളുടെ കുട്ടികൾ കാഴ്ച സംരക്ഷിക്കുന്ന വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം നിർബന്ധിച്ചാലും കഴിക്കാത്തവരാണെന്ന പരിഭവമുള്ളവരാണ്.
ഉയർന്ന ചികിത്സാ ചെലവും മെഡിക്കൽ സൗകര്യങ്ങളുടെ അഭാവവും നേത്ര പരിചരണം ലഭിക്കുന്നതിന് പ്രധാന തടസങ്ങളായി സർവെയിൽ പ്രതികരിച്ച 65% പേർ ചൂണ്ടിക്കാട്ടി.
കാഴ്ചാ വൈകല്യങ്ങളും അന്ധതയും സമൂഹത്തിൽ വർധിച്ച് വരുമ്പോഴും ആരോഗ്യം സംബന്ധിച്ച അറിവിന്‍റെ അഭാവം ഒരു വലിയ പ്രശ്നമായി മാറുന്നു. സമഗ്രവും പ്രകൃതിദത്തവുമായ ചികിത്സകൾക്കുള്ള പ്രസക്തി വർധിക്കുന്നു.
കാഴ്ചയെ ബാധിക്കുന്ന അസുഖങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയുന്നതിലൂടെ ചികിത്സയും ചികിത്സാ പദ്ധതികളും നടപ്പിലാക്കാൻ വളരെ ഫലപ്രദമായി കഴിയുന്നു എന്നത് കുട്ടികളും പ്രായമായവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ്.
1) രോഗനിർണയം:
ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലൂക്കോമ തുടങ്ങിയ അന്ധതയിലേക്ക് നയിക്കുന്ന പല രോഗങ്ങളെയും മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുന്നതും അന്ധതയെ തടയാൻ കഴിയുന്നതുമാണ്. കുട്ടികളിൽ ഷോർട്ട് സൈറ്റ്, ലോങ്ങ് സൈറ്റ് അല്ലെങ്കിൽ അംബ്ലിയോപ്പിയ പോലെയുള്ള രോഗങ്ങൾ സാധാരണയായി ലക്ഷണങ്ങൾ ഇല്ലാതെ തന്നെ ഉടലെടുക്കാം.
2) ചികിത്സയ്ക്ക് അവസരം:
രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് ശരിയായ ചികിത്സയ്ക്കുള്ള അവസരം നൽകുന്നു. രോഗം അറിയാതെ അന്ധതയിലേക്ക് നയിക്കുന്ന ഗ്ലക്കോമ എന്ന നേത്രരോഗം ഇതിന് ഉദാഹരണമാണ്. കുട്ടികളുടെ കാഴ്ചക്കുറവ് കൃത്യസമയത്ത് നിർണയിക്കാതെ പോകുന്നത് കണ്ണട ഉപയോഗിച്ചാൽ പോലും തിരിച്ച് കിട്ടാത്ത കാഴ്ചക്കുറവിലേക്ക് നയിക്കാം.
3) വ്യക്തിത്വ വികാസം:
കണ്ണിന്‍റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളുടെ ബുദ്ധിപരമായ വികാസം പ്രോത്സാഹിപ്പിക്കും. ശരിയായ പരിപാലനമില്ലെങ്കിൽ, കുഞ്ഞുങ്ങളുടെ കാഴ്ചയിൽ തടസമുണ്ടാകാം.ഇത് അവരുടെ പഠനക്ഷമതയേയും സ്വഭാവത്തേയും ബാധിക്കും.
4) പാരമ്പര്യ രോഗങ്ങൾ:
പ്രായമായവർക്കോ കുടുംബാംഗങ്ങൾക്കോ ഏതെങ്കിലും പാരമ്പര്യ രോഗമുള്ളതായി അറിഞ്ഞിട്ടുണ്ടെങ്കിൽ അതിന് വളരെ ചെറുപ്പത്തിൽതന്നെ കൃത്യമായ സ്ക്രീനിങ്ങുകൾ ചെയ്യുക. രോഗമില്ലെന്ന് ഉറപ്പുവരുത്തുക.
5) സ്വയം പരിരക്ഷ:
ഡോക്റ്ററുടെ നിർദേശപ്രകാരം കൃത്യമായ നേത്ര സംരക്ഷണ ശീലങ്ങൾ പാലിക്കുക, സമീകൃതമായതും കൃത്യസമയത്തുള്ളതുമായ ആഹാരം, കൃത്യമായ ഉറക്കം, മനസിന് ശാന്തത എന്നിവ പാലിക്കേണ്ടതുമാണ്. ശരിയായ ജീവിതചര്യയും വ്യായാമവും യൗവനയുക്തമായ നേത്രാരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനു മുൻഗണന നൽകുന്നതും സ്ഥിരമായി പരിശോധനകൾ നടത്തുന്നതും ഓരോരുത്തരുടേയും കാഴ്ചയുടെ നിലവാരം ഉറപ്പാക്കാനും ആരോഗ്യമുള്ള കണ്ണുകളുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനും സഹായകമാകും.
(എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസറാണ് ഡോ ഷർമദ് ഖാൻ. നാഷണൽ ആയുഷ് മിഷൻ നേത്ര സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസറാണ് ഡോ. സി. സുമിത പ്രകാശ്)