ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന തരം യുറേനിയത്തിന്‍റെ അമിത സാന്നിധ്യം കിണർ വെള്ളത്തിൽ Freepik
Special Story

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന തരം യുറേനിയത്തിന്‍റെ അമിത സാന്നിധ്യം കിണർ വെള്ളത്തിൽ

യുറേനിയം സാന്നിധ്യമില്ലാത്തത് കേരളത്തിലെ വെള്ളത്തിൽ മാത്രം. യുറേനിയം കലർന്ന വെള്ളം ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്കും ചർമ രോഗങ്ങൾക്കും ക്യാൻസറിനും വരെ കാരണമാകാം

റായ്പുർ: ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്‍റെ അമിതമായ സാന്നിധ്യം ഛത്തിസ്ഗഡിലെ ആറ് ജില്ലകളിലുള്ള കിണറുകളിൽ കണ്ടെത്തി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന സുരക്ഷിതമായ അളവ് ലിറ്ററിന് 15 മൈക്രോഗ്രാം ആണെങ്കിൽ, ഇവിടെ ലിറ്ററിന് 100 മൈക്രോഗ്രാമിൽ അധികമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ കുടിവെള്ളത്തിലെ യുറേനിയത്തിന്‍റെ സുരക്ഷിതമായ അളവ് ലിറ്ററിന് 30 മൈക്രോഗ്രാമായി കേന്ദ്ര സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. ഇത് 60 മൈക്രോഗ്രാം വരെയായാലും സുരക്ഷിതമാണെന്നാണ് ഭാഭാ ആറ്റൊമിക് റിസർച്ച് സെന്‍ററിന്‍റെ പഠന റിപ്പോർട്ട്. എന്നാൽ, ഈ നിലവാരങ്ങൾ പ്രകാരം പോലും കൂടുതലാണ് ഛത്തിസ്ഗഡിലെ ദുർഗ്, രാജ്നന്ദ്ഗാവ്, കാങ്കർ, ബെമെതാര, ബലോദ്, കവർധ ജില്ലകളിലെ കിണർ വെള്ളത്തിൽ കണ്ടെത്തിയ യുറേനിയും സാന്നിധ്യം.

ബലോദിലെ ഒരു കിണറ്റിൽനിന്നുള്ള സാമ്പിളിൽ ലിറ്ററിന് 130 മോക്രാഗ്രാം വരെ ഇത് ഉയർന്നിട്ടുണ്ട്. പല ഗ്രാമങ്ങളിലും ഒറ്റ കിണർ മാത്രമാണുള്ളത് എന്നതിനാൽ ജനങ്ങൾ അപകടകരമായ ഈ വെള്ളം കുടിക്കാൻ നിർബന്ധിതരാണ്. ഇതു കുടിക്കുന്നത് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്കും ചർമ രോഗങ്ങൾക്കും ക്യാൻസറിനും വരെ കാരണമാകാം.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലും ഭൂഗർഭ ജലത്തിലെ യുറേനിയം സാന്നിധ്യം അനുവദനീയമായതിലും കൂടിയ അളവിലാണെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഗോതമ്പിന്‍റെ പകുതിയും ഉത്പാദിപ്പിക്കുന്ന പഞ്ചാബും ഹരിയാനയും വരെ ഇതിൽ ഉൾപ്പെടുന്നു എന്നത് ആശങ്കാജനകവുമാണ്.

13 സംസ്ഥാനങ്ങളിൽ അനുവദനീയമായ അളവിലാണ് കുടിവെള്ളത്തിലെ യുറേനിയം സാന്നിധ്യം. കേരളത്തിൽ മാത്രമാണ് ഭൂഗർഭ ജലത്തിൽ യുറേനിയം തീരെ ഇല്ലാത്തത്.

മണ്ണിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള യുറേനിയം തന്നെയാണ് ഇപ്പോൾ ഛത്തിസ്ഗഡിലെ കിണറുകളിലും കണ്ടെത്തിയതെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഇന്ത്യയിൽ 100 ശതമാനം ഗ്രേഡ് യുറേനിയം നിക്ഷേപം കണ്ടെത്തിയിട്ടുള്ള പ്രധാനപ്പെട്ട നാല് സ്ഥലങ്ങളും ഛത്തിസ്ഗഡിലാണ്. ഇതിൽ മൂന്നെണ്ണം രാജ്നന്ദ്ഗാവ് ജില്ലയിൽ തന്നെ.

പ്രകൃതിദത്തമായ യുറേനിയം തന്നെയാണ് വെള്ളത്തിൽ കലരുന്നത് എന്നതിനാൽ, ഇതിനുള്ള പരിഹാരവും പ്രകൃതിയിൽ തന്നെയുണ്ടെന്നാണ് ഗവേഷകരുടെ വാദം. നെല്ലി മരത്തിന്‍റെ കമ്പുകൾ ഉപയോഗിച്ചുള്ള ഫിൽറ്ററിങ്ങാണ് പ്രതിവിധിയായി നിർദേശിക്കപ്പെടുന്നത്. ഈ സാങ്കേതികവിദ്യക്ക് പേറ്റന്‍റ് എടുത്തുകഴിഞ്ഞെങ്കിലും പ്രായോഗികതലത്തിൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ