അങ്ങോട്ടുമിങ്ങോട്ടും വിരൽ ചൂണ്ടിയിട്ട് കാര്യമില്ല 
Special Story

അങ്ങോട്ടുമിങ്ങോട്ടും വിരൽ ചൂണ്ടിയിട്ട് കാര്യമില്ല

സർക്കാർ മാത്രമല്ല, സംഘാടകരും പൊതുസമൂഹവും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്

കേരളത്തിൽ ഉത്സവ- ആഘോഷ കാലങ്ങൾ വീണ്ടും വരികയാണ്. ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഹഥ്‌റസിൽ ഒരു സത്സംഗത്തിനിടെ ആൾക്കൂട്ട തിരക്കിനിടയിൽ 121 പേർ മരിച്ച ദുഃഖകരമായ സംഭവം വീണ്ടും ഓർത്തെടുക്കുന്നത് ഉചിതമാണ്. 80,000 പേരെ പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണല്ലോ കണ്ടെത്തല്‍. പരിപാടി നടത്തിയ ആള്‍ദൈവത്തിന്‍റെ കാലിനടിയിലെ മണ്ണെടുക്കാനുള്ള ശ്രമത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് പലർക്കും ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ കൂടുതല്‍പ്പേരും സ്ത്രീകളും കുട്ടികളുമായിരുന്നു.

പ്രാർഥനാ യോഗങ്ങളിലും പെരുന്നാളുകളിലും ഉത്സവങ്ങളിലും ജനക്കൂട്ടം ഇടിച്ചുകയറി വരുമ്പോൾ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയേറെയാണ്. ഇത് മനസിലാക്കിക്കൊണ്ടുള്ള ക്രമീകരണങ്ങൾ മുൻകൂട്ടിത്തന്നെ ചെയ്യേണ്ടതാണ്. സർക്കാർ മാത്രമല്ല, സംഘാടകരും പൊതുസമൂഹവും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്.

കേരളത്തിൽ ആയിരക്കണക്കിനാളുകൾ ഒത്തുചേരുന്ന തൃശൂർ പൂരം, മലയാറ്റൂർ മലകയറ്റം, ഇതര സംസ്ഥാനങ്ങളിൽ നിന്നു കൂടി ലക്ഷകണക്കിന് ഭക്തർ വന്നുചേരുന്ന ശബരിമല, ഗുരുവായൂർ എന്നിവിടങ്ങളിലെല്ലാം ഫലപ്രദമായ നിയന്ത്രണങ്ങൾ ഉണ്ടാകണം. 2023 നവംബർ 25ന് കൊച്ചി യൂണിവേഴ്സിറ്റി ക്യാംപസിൽ ടെക്ഫെസ്റ്റിനിടെ നടന്ന സ്റ്റാംപെയ്ഡ് നമ്മളെയെല്ലാം വളരെ ദുഃഖിപ്പിച്ചതാണ്. അന്ന് മരിച്ച കുട്ടികളുടെ വീടുകളിൽ ഇന്നും കണ്ണുനീർ തോർന്നിട്ടില്ല. അപകടങ്ങൾ നടന്നു കഴിയുമ്പോൾ ധാരാളം അന്വേഷണങ്ങൾ നടക്കാറുമുണ്ട്.

കേരളത്തിൽ കർക്കിടക മാസത്തിൽ തോരാത്ത മഴ പെയ്യുമെന്ന് എല്ലാവർക്കുമറിയാം. മഴയ്ക്കു മുമ്പു തന്നെ കാനകളും തോടുകളും കലുങ്കുകളും ശുചീകരിക്കേണ്ടതാണ്. അപകടകരമായി നിൽക്കുന്ന മരങ്ങളും മൺതിട്ടകളും വെട്ടി മാറ്റണം. ഈ മഴക്കാലത്ത് കേരളത്തിൽ ഒന്നൊന്നായി നടന്ന അപകടമരണങ്ങൾ കേരളീയരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ആദ്യ അപകടം ജൂലൈ 13ന് തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയുടേതാണ്. ജോയിയുടെ അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ കേരളീയരെയെല്ലാം നാണിപ്പിക്കുന്ന മാലിന്യക്കൂമ്പാരമാണ് നമ്മെ കാണിച്ചു തന്നത്.

ഇത് തിരുവനന്തപുരത്ത് മാത്രമുള്ള കാഴ്ചയല്ല. പ്രമുഖ വ്യാപാര നഗരമായ എറണാകുളത്തെ ടൗൺ, ജംക്‌ഷൻ റെയ്‌ൽവേ സ്റ്റേഷനുകളിലെ കാനകളും കലുങ്കുകളും യഥാസമയം ശുചീകരിക്കുന്നില്ല. മിക്ക നഗരങ്ങളിലൂടെയും ഒഴുകുന്ന തോടുകളും കനാലുകളും അങ്ങയറ്റം മലിനമാണ്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റെയ്‌ൽവേയും പരസ്പരം ആരോപണം ഉന്നയിച്ചാൽ ഈ പ്രശ്നം തീരുന്നില്ല.

അതുപോലെ തന്നെയാണ് ആവർത്തിച്ച് നടക്കുന്ന ബോട്ടപകടങ്ങൾ. 1924 ജനുവരി 16ന് മഹാകവി കുമാരനാശാന്‍റെ അന്ത്യത്തിന് കാരണമായ പല്ലനയാർ ബോട്ടപകടം മുതൽ ഒരു നീണ്ട ചരിത്രം തന്നെ കേരളത്തിൽ ഇത്തരം അപകടവുമായി ബന്ധപ്പെട്ടുണ്ട്. 1980 മാർച്ച് 19 ന് കണ്ണമാലി പെരുന്നാളുമായി ബന്ധപ്പെട്ട് കുമ്പളങ്ങിയിൽ നിന്ന് പോയ എടക്കാടൻ ബോട്ടപകടം, 2002 ജൂലൈ 27 ന് നടന്ന കുമരകം ബോട്ടപകടം, 2023 മെയ് 7ന് ഉണ്ടായ താനൂർ ബോട്ടപകടം തുടങ്ങി ധാരാളം ബോട്ടപകടങ്ങൾ നടക്കുകയും അന്വേഷണ കമ്മിഷനുകളെ നിയമിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ റിപ്പോർട്ടുകളിൽ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങളൊന്നും ഇന്നും ഫലപ്രദമായി നടപ്പാക്കുന്നില്ല. കൊച്ചി കായലിലും വേമ്പനാട്ട് കായലിലും ധാരാളം ടൂറിസ്റ്റ് ബോട്ടുകൾ ഓടുന്നുണ്ട്. നൂറുകണക്കിനു ഹൗസ് ബോട്ടുകളുടെ നാടാണ് ആലപ്പുഴ. അവിടെയെല്ലാം കൃത്യമായ സുരക്ഷിതത്വം നടപ്പാക്കുന്നുണ്ടോ എന്ന പരിശോധന ആവശ്യമാണ് .

അപകടം സംഭവിക്കുമ്പോൾ മാത്രം ശ്രദ്ധ കാണിക്കുകയും പിന്നീട് ഫലപ്രദമായ നടപടികൾ എടുക്കാതെ വരികയും ചെയ്യുന്നതാണ് അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളും പൊതു സമൂഹത്തിന്‍റെ ആത്മാർഥ സഹകരണവും രാഷ്‌ട്രീയത്തിനതീതമായ ഉറച്ച കാഴ്ചപ്പാടും ഉണ്ടാകണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

ആത്മകഥ വ്യക്തമായ ഗൂഢാലോചനയുടെ ‌ഭാഗം, പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല; ഇ.പി. ജയരാജന്‍

ഭുവനേശ്വറിനും ചഹറിനും തിരിച്ചുവരവ്; ഇന്ത്യൻ പേസർമാർക്ക് വൻ ഡിമാൻഡ്

ഭരണഘടനയുടെ ആമുഖം പാർലമെന്‍റിന് ഭേദഗതി ചെയ്യാം; സോഷ്യലിസവും മതേതരത്വവും ഉൾപ്പെടുത്തിയത് ശരിവച്ച് സുപ്രീംകോടതി

ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

ഒരുമിച്ച് മദ്യപിച്ചു, മസാജ് ചെയ്യാനെന്ന വ്യാജേന ഡംബ് ബെൽ എടുത്ത് തലയ്ക്കടിച്ചു; കൂനംതൈ കൊലക്കേസ് പ്രതികൾ പിടിയിൽ