ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ 
Special Story

ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ

സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ എഴുതുന്നു

രാജ്യത്ത് സാമ്പത്തിക ഫെഡറലിസം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക പരിഗണന ലഭിക്കുന്നില്ല എന്നത് ദേശീയതലത്തില്‍ തന്നെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നീതിപൂര്‍വകമല്ലാത്ത വിഭവ വിതരണമാണുണ്ടാകുന്നത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ തന്നെ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിര്‍ദേശം രാജ്യവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ അധികാര പരിധിയെക്കുറിച്ചായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് തനതായ നികുതി അധികാരങ്ങള്‍ അനുവദിച്ചു നല്‍കണമെന്നും സാമ്പത്തിക സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങള്‍ സുസ്ഥിരമായ യൂണിയന് അത്യാവശ്യമാണെന്നും ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ ശില്‍പികള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങള്‍ രൂപപ്പെട്ടത് ഇത്തരം ചര്‍ച്ചകളിലൂടെയായിരുന്നു. എന്നാല്‍ സാമ്പത്തികാധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന നടപടികളാണ് പില്‍ക്കാലത്തുണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സംസ്ഥാനങ്ങളുടെ ഉത്തമ താല്‍പര്യങ്ങള്‍ സമ്പൂര്‍ണമായും ഹനിക്കുന്ന നയ സമീപനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂര്‍ണമായും ഇല്ലാതായി. പെട്രോള്‍, ഡീസല്‍, മദ്യം പോലുള്ള പരിമിതമായ വിഭവങ്ങള്‍ക്ക് മാത്രമേ ഇന്ന് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ളൂ.

15ാം ധനകാര്യ കമ്മിഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ആകെ പൊതു ചെലവിന്‍റെ 62.4 ശതമാനവും സംസ്ഥാനങ്ങള്‍ വഹിക്കുന്നു എന്നാണ്. എന്നാല്‍ രാജ്യത്തെ ആകെ വരുമാനത്തിന്‍റെ 63 ശതമാനവും കേന്ദ്രത്തിന് ലഭിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് വീതംവെയ്‌ക്കേണ്ട ഡിവിസിബിള്‍ പൂളിലേക്ക് വരുമാനം വരുന്നത് തടയാനായി സെസ്, സര്‍ചാര്‍ജ് തുടങ്ങിയവ ധാരാളമായി ചുമത്തുന്നു. സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങള്‍ക്ക് വീതം വയ്‌ക്കേണ്ടതില്ലാത്ത കേന്ദ്രത്തിന് മാത്രം ലഭിക്കുന്ന വരുമാനമാണ്. 2011-12ല്‍ സെസ്, സര്‍ചാര്‍ജ് എന്നിവ ആകെ നികുതി വരുമാനത്തിന്‍റെ 9.4 ശതമാനമായിരുന്നുവെങ്കില്‍ 2022-23ല്‍ അത് 22.8 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

നിലവില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് തിരികെ വിതരണം ചെയ്യുന്ന ഡിവിസിബിള്‍ പൂളായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സെസും സര്‍ചാര്‍ജും പെരുകിയതോടെ ഫലത്തില്‍ 29.6 ശതമാനം നികുതി മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് വീതം വയ്ക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ്.

വെട്ടിക്കുറയ്ക്കപ്പെടുന്ന

സംസ്ഥാന വിഹിതം

പത്താം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ഡിവിസിബിള്‍ പൂളില്‍നിന്നും കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വിഹിതം 3.875 ശതമാനമായിരുന്നു. അതായത് 100 രൂപ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതംവെയ്ക്കുമ്പോള്‍ നമുക്ക് 3.875 രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ 15ാം ധനകാര്യ കമ്മിഷന്‍റെ കാലമായപ്പോഴേക്കും അത് 1.92 ശതമാനമായി വെട്ടിക്കുറയ്ക്കുകയുണ്ടായി. രാജ്യത്തിന്‍റെ ജനസംഖ്യയുടെ 2.76 ശതമാനം ആളുകള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യാനുപാതികമായ നികുതിവിഹിതം പോലും നമുക്ക് നിഷേധിക്കപ്പെടുകയാണ്. ഉത്തര്‍പ്രദേശിന് 10ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ലഭിച്ചിരുന്നത് 17.8 ശതമാനം നികുതി വിഹിതമായിരുന്നുവെങ്കില്‍ 15ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് അത് 17.9 ശതമാനമായി വര്‍ധിച്ചു.

ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കുന്ന ഘടകങ്ങള്‍ പലതും കേരളത്തിന്‍റെ താല്‍പര്യം സംരക്ഷിക്കാനുതകുന്നവയല്ല. നാം കവൈരിച്ച മാനവശേഷി വികസനവും നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നമ്മുടെ അയോഗ്യതയായി പരിഗണിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. 1976ലെ ദേശീയ ജനസംഖ്യാ നയത്തിന്‍റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ കൈവരിച്ചതിന്‍റെ പേരില്‍ സംസ്ഥാനത്തിന്‍റെ വിഹിതം വെട്ടിക്കുറയ്ക്കുക എന്നത് നീതികരിക്കാനാവുന്നതല്ല. 16ാം ധനകാര്യ കമ്മിഷന്‍ ഇത്തരം അസന്തുലിതാവസ്ഥകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലംബവും തിരശ്ചീനവുമായ

അസന്തുലിതാവസ്ഥ

രാജ്യത്തിന്‍റെ നികുതി വരുമാനം വീതം വയ്ക്കുന്നത് തിരശ്ചീനവും ലംബവുമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുകയാണ്. സംസ്ഥാനങ്ങളുടെ തനത് വരുമാനം വര്‍ധിക്കുമ്പോഴും ആകെ പൊതുചെലവുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാതെ വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവാണ് ഈ അസന്തുലിതാവസ്ഥയ്ക്ക് കാരണം. സംസ്ഥാനങ്ങള്‍ നിസഹായമാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയ്ക്ക് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിക്കേണ്ടതുണ്ട്. നികുതി വിതരണ സമവാക്യങ്ങള്‍ പതിനാറാം ധനകാര്യ കമ്മിഷന്‍ ഈ രൂപത്തില്‍ ക്രമപ്പെടുത്തും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

കേരളത്തിന്‍റെ ആകെ നികുതി വരുമാനത്തിന്‍റെ 79 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം 21 ശതമാനം മാത്രമാണ്. രാജ്യത്തിന്‍റെ പൊതുവായ കണക്കെടുക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തില്‍ ശരാശരി 65 ശതമാനം വരെ കേന്ദ്രത്തിന്‍റെ വിഹിതമാണ്. അവിടെയാണ് കേരളത്തിന് മാത്രം 21 ശതമാനം ലഭിക്കുന്നത്. 45 ശതമാനം വരെ കേന്ദ്ര വിഹിതം ലഭിച്ചിരുന്നതാണ് ഇപ്പോള്‍ 21 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനത്തിനു മുകളില്‍ കേന്ദ്ര വിഹിതമായി ലഭിക്കുന്നുമുണ്ട്.

അന്തര്‍ സംസ്ഥാന ചരക്ക് സേവന നികുതിയുടെ (ഐജിഎസ്ടി) കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ല. ജി.എസ്.ടി കൗണ്‍സിലില്‍ തന്നെ കേരളം ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ അളവ് ഭീമമാണ്. എന്നാല്‍ ഇതിനാനുപാതികമായ നികുതി വരുമാനം കേരളത്തിന് ലഭിക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ്. ജിഎസ്ടി സംവിധാനത്തിന്‍റെ ഈ അപാകത കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്.

ഇത് കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാമ്പത്തിക ബാധ്യത കയറ്റിവയ്ക്കുകയും ചെയ്യുന്ന തീരുമാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതോടെ ഇത്തരം പദ്ധതികള്‍ നടത്തിക്കൊണ്ട് പോകുക എന്നത് സംസ്ഥാനങ്ങളുടെ മാത്രം ചുമതലയായി മാറുന്നു.ഒരുവശത്ത് വരുമാനത്തില്‍ വന്‍ വെട്ടിക്കുറവ് ഉണ്ടാകുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തം വര്‍ധിക്കുകയും ചെയ്യുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത്.

തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച;

കേന്ദ്ര വിഹിതത്തില്‍ വെട്ടിക്കുറവ്

സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 30,000 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 202021 ലെ 47,000 കോടി രൂപയില്‍ നിന്ന് 202324 ല്‍ 77,000 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ഈ വരുമാന വളര്‍ച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേന്ദ്ര വിഹിതം ഓരോ വര്‍ഷവും കുറയുന്ന സാഹചര്യം സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പ്രധാനപ്പെട്ട ചുമതല ധനകാര്യ കമ്മിഷനാണ്. ഈ സാഹചര്യം സൂക്ഷ്മമായി മനസിലാക്കി നയരൂപീകരണം നടത്തുവാന്‍ ധനക്കമ്മിഷന്‍ തയ്യാറാകണം. കടപരിധിയില്‍ തീരുമാനം കകൈ്കൊള്ളുന്നതും ധനകാര്യ കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മുന്‍ ധനകാര്യ കമ്മിഷന്‍റെ ശിപാര്‍ശകള്‍ അനുസരിച്ച് കേരളത്തിന് ലഭ്യമാകേണ്ട അര്‍ഹമായ കടപരിധിയും വെട്ടിക്കുറയ്ക്കുക എന്ന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ സ്ഥിതിവിശേഷമാണ് സംസ്ഥാനം നേരിടുന്നത്.

ഇത്തരത്തില്‍, തങ്ങള്‍ തന്നെ അംഗീകരിച്ച ധനക്കമ്മിഷന്‍ ശിപാര്‍ശകളില്‍ നിന്ന് പോലും വ്യതിചലിക്കുന്ന കേന്ദ്രനിലപാടുകള്‍ കാരണം ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത് കേരളമാണ്. ഊര്‍ജ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്ക് ലഭ്യമാക്കുന്ന 0.5 ശതമാനം ഉള്‍പ്പടെ 3.5 ശതമാനം കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ട്. എന്നാല്‍ 202223 ല്‍ 2.44 ശതമാനവും 202324ല്‍ 2.9 ശതമാനവും മാത്രമാണ് കടമെടുക്കാന്‍ അനുവദിച്ചത്. ഇത് മൂലം ഏതാണ്ട് 16,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിലും വലിയ പ്രത്യാഘാതമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം സ്വരൂപിക്കാന്‍ കൂടിയാണ് ദേശീയ കോണ്‍ക്ലേവ് കേരളം മുന്‍കൈയെയെടുത്ത് സംഘടിപ്പിക്കുന്നത്.

നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ധനക്കമ്മിഷനുണ്ട്. ആ ചുമതല ധനക്കമ്മിഷന്‍ നിര്‍വ്വഹിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ജിഎസ്ടി നടപ്പിലാവുകയും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വീതം വയ്‌ക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും, ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വീതം നല്‍കുന്ന അനുപാതത്തിലെ നീതിരാഹിത്യം പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?