Special Story

കൂട്ടിയും കിഴിച്ചും അവസാന ലാപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുദീർഘമായ വോട്ടെടുപ്പുകാലം അവസാനിക്കുകയാണ്. അവസാന ഘട്ടത്തിൽ വെള്ളിയാഴ്ച 57 മണ്ഡലങ്ങളിലെ വോട്ടർമാരാണു വിധിയെഴുതുന്നത്. ഏപ്രിൽ 19ന് ഒന്നാം ഘട്ടം മുതൽ ഇതുവരെ 6 ഘട്ടം വോട്ടെടുപ്പാണു പൂർത്തിയായത്. പഞ്ചാബിലെ മുഴുവൻ മണ്ഡലങ്ങളിലും (13) അവസാന ഘട്ടത്തിലാണു വോട്ടെടുപ്പ്. ഉത്തർപ്രദേശിലെ 13, പശ്ചിമ ബംഗാളിലെ 9, ബിഹാറിലെ 8, ഒഡിഷയിലെ 6, ഹിമാചലിലെ 4, ഝാർഖണ്ഡിലെ 3, ചണ്ഡിഗഡിലെ ഒന്ന് സീറ്റുകളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പു നടക്കുക.

ദീർഘകാലത്തെ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുമ്പോഴാണ് ഈ വോട്ടെടുപ്പു നടക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനവും മോദി ഇതുപോലെ ധ്യാനമിരുന്നിരുന്നു. അന്നു കേദാർനാഥാണ് ധ്യാനത്തിനായി മോദി തെരഞ്ഞെടുത്തത്. ഇക്കുറി ദക്ഷിണേന്ത്യയിൽ പാർട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷകൾ ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നതിനിടെയാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. കർണാടകയ്ക്കു പുറമേ തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും സീറ്റുണ്ടാവുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.

ഗംഭീര വിജയത്തോടെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ 6 ഘട്ടങ്ങളിലായി മുന്നൂറിലേറെ സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞ ബിജെപി അവസാന ഘട്ടം കഴിയുമ്പോൾ 400 സീറ്റിലേക്ക് അടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസവും അവകാശപ്പെടുകയുണ്ടായി. പശ്ചിമ ബംഗാളിലെ 42ൽ 30 വരെ സീറ്റ് ബിജെപി നേടുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഒഡിഷയിൽ ആകെയുള്ള 21ൽ 17 സീറ്റിലും ബിജെപിയുടെ സാധ്യതയാണ് അദ്ദേഹം പറയുന്നത്. തെലങ്കാനയിൽ പത്തോളം സീറ്റുകൾ കിട്ടുമത്രേ. ഒഡിഷയിൽ ബിജെഡി സർക്കാരിനെതിരായ ജനവികാരം ബിജെപിക്കു നേട്ടമായിട്ടുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരും പൊതുവിൽ കണക്കുകൂട്ടുന്നത്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശവുമായുള്ള സഖ്യവും ഗുണം ചെയ്യുമെന്നു കരുതണം. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിന്‍റെ ബിആർഎസ് ദുർബലമായതിന്‍റെ നേട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബംഗാളിൽ തൃണമുൽ കോൺഗ്രസുമായി ശക്തമായ മത്സരം തന്നെ പാർട്ടി കാഴ്ച്ചവച്ചിട്ടുണ്ട്.

എന്തായാലും ബിജെപിയുടെ അവകാശവാദങ്ങൾ പ്രതിപക്ഷ ഇന്ത്യ മുന്നണി തള്ളിക്കളയുകയാണ്. ഭരണപക്ഷത്തിനു തുടക്കത്തിലുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായതായി അവരെ പിന്തുണയ്ക്കുന്ന ചില രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ഉത്തർപ്രദേശിലും ബിഹാറിലും രാജസ്ഥാനിലും ഹരിയാനയിലും ബിജെപിക്കു സീറ്റു നഷ്ടമുണ്ടാവുമെന്നാണ് അവരുടെ വിലയിരുത്തൽ. ഈ നഷ്ടം നികത്താൻ മറ്റു സംസ്ഥാനങ്ങളിലെ ചെറിയ സീറ്റ് നേട്ടം കൊണ്ട് കഴിയില്ലെന്ന് അവർ പറയുന്നു. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് അവസാന ലാപ്പിലെത്തുമ്പോൾ അഖിലേഷ് യാദവ് അവകാശപ്പെടുന്നത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ജനങ്ങൾ ഇന്ത്യ സഖ്യത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറയുന്നു. ബിജെപിക്ക് സഹായമാവുമെന്നതിനാൽ ഇക്കുറി ആരും ബിഎസ്പിക്കു വോട്ടുചെയ്യില്ലെന്നാണ് അഖിലേഷിന്‍റെ കണക്കുകൂട്ടൽ. ബിഹാറിൽ ആർജെഡി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണു പ്രതീക്ഷ. നിതീഷ് കുമാറുമായി വീണ്ടും സഖ്യത്തിലായത് ബിജെപിക്കു ദോഷമാവുമെന്നു കരുതുന്ന നിരീക്ഷകരുമുണ്ട്.

കോൺഗ്രസും ഇക്കുറി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. 2014ൽ നാൽപ്പത്തിനാലും 2019ൽ അമ്പത്തിരണ്ടും സീറ്റുകൾ നേടിയ പാർട്ടിയെ സംബന്ധിച്ചിടത്തോളം 80-90 സീറ്റുകൾ ലഭിച്ചാൽ തന്നെ വലിയ മുന്നേറ്റമാണ്. രാജ്യത്ത് എവിടെയും മോദി തരംഗമില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നും ഇന്ത്യ സഖ്യത്തിനു പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്നുമാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും പല നേതാക്കളും അവകാശപ്പെടുന്നുണ്ട്. സഖ്യത്തിന്‍റെ ഭാവി ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി നേതാക്കൾ നാളെ ഡൽഹിയിൽ യോഗം ചേരുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ജൂൺ 4ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ അനുകൂല വിധി പ്രതീക്ഷിച്ചാണ് അവരുടെ ഈ നീക്കം.

എന്നാൽ, ഓഹരി വിപണിയും പന്തയക്കാരും ഇപ്പോഴും ബിജെപിക്ക് അനുകൂലമാണ്. 300ൽ കൂടുതൽ സീറ്റുകളോടെ ഇപ്പോഴത്തെ ഭരണം തുടരുമെന്നു തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിൽ അറുപതിലേറെ സീറ്റുകൾ ബിജെപി നേടുമെന്ന് പന്തയക്കാരിൽ ഏറെപേരും കണക്കുകൂട്ടുന്നുണ്ട്. യുപിയും ഗുജറാത്തും നിലനിർത്തുന്നതിനൊപ്പം പശ്ചിമ ബംഗാളും ഒഡിഷയും നേടിയാൽ അനായാസം മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് നിഷ്പക്ഷ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മമത ബാനർജിയുടെയും നവീൻ പട്നായിക്കിന്‍റെയും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെയും രാഷ്‌ട്രീയഭാവി നിരീക്ഷകർ ഉറ്റുനോക്കുകയാണ്. അരവിന്ദ് കെജരിവാളാണ് പ്രത്യേക ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു നേതാവ്. ജയിലിൽ നിന്നു വന്ന് ഡൽഹിയിലെ പ്രചാരണം നയിച്ച കെജരിവാളിന് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സകലരും ഉറ്റുനോക്കുന്നു.

വെള്ളിയാഴ്ച വോട്ടെടുപ്പു നടക്കുന്ന പഞ്ചാബിലും കെജരിവാളിന്‍റെ ആം ആദ്മി പാർട്ടി തന്നെയാണു ഭരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. മോദിയെ നിശിതമായി വിമർശിച്ചാണ് ഓരോ യോഗത്തിലും കെജരിവാൾ കൈയടി നേടിയത്. കെജരിവാളിന്‍റെ റോഡ് ഷോകൾ വൻ വിജയമാണെന്ന് എഎപി അവകാശപ്പെടുന്നുണ്ട്. പഞ്ചാബിലെ 13 സീറ്റുകളും എഎപിക്കു നൽകണമെന്നാണ് കെജരിവാൾ ജനങ്ങളോട് അഭ്യർഥിച്ചിട്ടുള്ളത്. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും പഞ്ചാബിൽ കോൺഗ്രസും എഎപിയും വേറിട്ടാണു മത്സരിക്കുന്നത്; കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള മത്സരം പോലെ. സംസ്ഥാനത്തെ എഎപി സർക്കാരിനെതിരായ ജനവികാരം തങ്ങൾക്കു തുണയാവുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തകർച്ചയിൽ നിന്നു തിരിച്ചുവരുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. പരമ്പരാഗത വോട്ട് അടിത്തറയിലുണ്ടായ വിള്ളൽ അവർക്കു നികത്തേണ്ടതുണ്ട്. കർഷകർക്കിടയിലുള്ള അസ്വസ്ഥതകൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് എഎപിക്കെതിരേ കോൺഗ്രസ് പ്രധാനമായും ഉയർത്തിയത്. എന്നാൽ, മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ അഴിമതി കുറച്ചുവെന്നും അത് തങ്ങൾക്കു നേട്ടമാവുമെന്നും എഎപി നേതാക്കൾ അവകാശപ്പെടുന്നു. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങളും എഎപി എടുത്തു കാണിക്കുന്നുണ്ട്.

2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 8 സീറ്റും കോൺഗ്രസിനായിരുന്നു. എഎപിക്കു കിട്ടിയത് ഒരു സീറ്റ് മാത്രം. നാലിടത്ത് അകാലിദൾ- ബിജെപി സഖ്യമായിരുന്നു. ഇക്കുറി കോൺഗ്രസും എഎപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് എതിരാളികൾ ആരോപിക്കുന്നുണ്ടെങ്കിലും ഇരു പാർട്ടികളും അത് അംഗീകരിച്ചിട്ടില്ല. അകാലിദളും ബിജെപിയും തമ്മിലുള്ള സഖ്യവും ഇപ്പോഴില്ല. അവരും ഒറ്റയ്ക്കാണു മത്സരിക്കുന്നത്. 2020ൽ കർഷക പ്രക്ഷോഭത്തെത്തുടർന്നാണ് അകാലിദൾ എൻഡിഎ വിട്ടത്. സഖ്യം വേർപെട്ടത്. ഇക്കുറി 13 മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്. മോദി ഇഫക്റ്റിലാണ് ഇവിടെയും ബിജെപിയുടെ പ്രതീക്ഷകൾ. ദേശീയ സുരക്ഷയും സാമ്പത്തിക പുരോഗതിയും കേന്ദ്ര സർക്കാരിന്‍റെ ക്ഷേമ പദ്ധതികളും ബിജെപി പ്രചാരണ വിഷയമാക്കി. ഗ്രാമീണ മേഖലകളിലെ സ്വാധീനം തിരിച്ചെടുക്കാനാണ് അകാലിദൾ പരിശ്രമിക്കുന്നത്.

കഴിഞ്ഞ 75 ദിവസത്തിനിടെ നരേന്ദ്ര മോദി 180 റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തതായാണ് "ന്യൂസ് 18' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 31 തെരഞ്ഞെടുപ്പു പരിപാടികളിൽ മോദി പങ്കെടുത്തു എന്നാണ് അവരുടെ കണക്ക്. ബിഹാറിൽ 20, മഹാരാഷ്‌ട്രയിൽ 19, പശ്ചിമ ബംഗാളിൽ 18, ഒഡിഷയിലും മധ്യപ്രദേശിലും 10 വീതം എന്നിങ്ങനെയാണു മോദി പങ്കെടുത്ത പരിപാടികൾ. ദക്ഷിണേന്ത്യയിൽ 35 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇതിൽ കർണാടകയിലും തെലങ്കാനയിലും 11 വീതം; തമിഴ്നാട്ടിൽ 7. മോദിയുടെ ഈ മാരത്തൺ പ്രചാരണം ബിജെപിയെ എത്ര സീറ്റിൽ എത്തിക്കുന്നുവെന്നു കാത്തിരുന്നു കാണാം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ