#അമിതാഭ് കാന്ത്, ഇന്ത്യയുടെ ജി20 ഷേർപ, ഹെലൻ ക്ലാർക്,പിഎംഎൻസിഎച്ച്, ബോർഡ് അധ്യക്ഷ
സ്ത്രീകൾ, കുട്ടികൾ, കൗമാര പ്രായക്കാർ എന്നിവരുടെ ആരോഗ്യത്തിനായി നിക്ഷേപം നടത്തുക എന്നത് ആഗോളാടിസ്ഥാനത്തിലുള്ള സുസ്ഥിര വികസനത്തിൽ നിർണായകമാണ്. ജി20 രാജ്യങ്ങൾക്കിടയിൽ പ്രതിവർഷം അമ്മമാർ, നവജാത ശിശുക്കൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർ ഉൾപ്പെടെ ഏതാണ്ട് 20 ലക്ഷം പേർ തടയാവുന്ന ജീവഹാനിക്ക് അടിമപ്പെടുന്നു. ചാപിള്ളകൾ ഉൾപ്പെടെയാണിത്. സമീപകാലത്ത് ഇത്തരത്തിലുള്ള നിഷേധാത്മകമായ പരിണിത ഫലങ്ങളുടെ പ്രധാനപ്പെട്ട 4 കാരണങ്ങൾ "സി' എന്ന അക്ഷരത്തിൽ തുടങ്ങുന്നവയാണ്; കൊവിഡ്-19, കോൺഫ്ലിക്റ്റ് (സംഘർഷം), ക്ലൈമറ്റ് ചെയ്ഞ്ച് (കാലാവസ്ഥാ വ്യതിയാനം), കോസ്റ്റ് ഓഫ് ലിവിങ് ക്രൈസിസ് (ജീവിത ചെലവ് കാരണമുള്ള പ്രതിസന്ധി) എന്നിവ.
ഇവയെല്ലാം ഒത്തുചേർന്ന് സ്ത്രീകൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വൻ വിപത്താണ് സൃഷ്ടിക്കുന്നത്. 2000ൽ, ലോകമെമ്പാടുമുള്ള 1,50,000ത്തിലധികം മരണങ്ങൾക്ക് കാലാവസ്ഥാ പ്രതിസന്ധി കാരണമായിരുന്നു. കൂടാതെ, ആഗോളതലത്തിൽ അസുഖങ്ങൾ വർധിക്കുന്നതിനും ഇത് കാരണമായി. ഈ വർധനവിന്റെ 88 ശതമാനവും സഹിക്കേണ്ടി വന്നത് കുട്ടികളാണ്. കാലാവസ്ഥാ പ്രതിസന്ധി കാരണം കുടിയിറക്കപ്പെട്ട ആളുകളിൽ 80 ശതമാനവും സ്ത്രീകളാണ്.
ഇത്തരം അസമത്വങ്ങൾ, പാരിസ്ഥിതിക നാശം, മനുഷ്യ ജീവന്റെയും മൂലധനത്തിന്റെയും നഷ്ടം എന്നിവ തികച്ചും വേദനാജനകമാണ്. ഇതിന്റെ പരിണിത ഫലമായി സ്ത്രീകൾ പ്രതികൂലമായി ബാധിക്കപ്പെടുകയും "ദാരിദ്ര്യത്തിന്റെ സ്ത്രീവത്കരണം' വർധിപ്പിക്കപ്പെടുകയും ചെയ്യുന്നു. സമാനമായ വിദ്യാഭ്യാസ നിലവാരമുണ്ടെങ്കിൽപ്പോലും ലോകമെമ്പാടും സ്ത്രീകൾ പുരുഷന്മാരേക്കാൾ കുറവാണ് സമ്പാദിക്കുന്നത്.
ആഗോള ജനസംഖ്യയുടെ മൂന്നിൽ രണ്ടും വസിക്കുന്നത് ജി20 രാജ്യങ്ങളിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തടയാവുന്ന ജീവഹാനി ഒഴിവാക്കാനും ജി20 ഇപ്പോൾ പ്രവർത്തിക്കണം. സാർവത്രിക ആരോഗ്യ പരിരക്ഷ നേടാനും ആഗോളതലത്തിൽ ആരോഗ്യ സേവന വിതരണം മെച്ചപ്പെടുത്താനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഉദാഹരണമാണ് 2021ൽ ആരംഭിച്ച ഡിജിറ്റൽ തന്ത്രത്തിന്റെ ഭാഗമായി ആരോഗ്യ പരിഹാരങ്ങൾക്കായുള്ള നിരവധി ഡിജിറ്റൽ സംരംഭങ്ങൾ ഇന്ത്യ നടപ്പിലാക്കിയിട്ടുള്ളത്. കൊവിഡ് സമയത്തു പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലപ്രദമായ നിരീക്ഷിണത്തിന് 100 കോടി ആളുകളുടെ പേരുകൾ രജിസ്റ്റർ ചെയ്യാനും, 178 കോടി വാക്സിൻ ഡോസുകൾ നൽകാനും ഈ ഡിജിറ്റൽ ഉപകരണങ്ങൾ സഹായകമായി.
പൊതുജനാരോഗ്യത്തിൽ കാലാവസ്ഥാ പ്രതിസന്ധി ചെലുത്തുന്ന ആഘാതങ്ങൾ കണക്കിലെടുത്ത് കാലാവസ്ഥയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചില നിർദേശങ്ങൾ ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. മഹാമാരികൾക്കെതിരായുള്ള തയാറെടുപ്പിലും പ്രതികരണത്തിനും സഹായകമായ നിർദേശങ്ങൾ കൂടിയാണിവ. ഇത്തരം സംരംഭങ്ങൾ ലിംഗഭേദവും പ്രായഭേദവും കണക്കിലെടുക്കേണ്ടതുണ്ട്.
നല്ല കീഴ്വഴക്കങ്ങൾ പങ്കിടാനും പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കാനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന്, കാലാവസ്ഥാ വ്യതിയാനവുമായി ഫലപ്രദമായി പൊരുത്തപ്പെടണമെങ്കിൽ വ്യവസ്ഥാപിത സമീപനങ്ങൾ മാത്രം മതിയാവില്ല. ഒപ്പം സാമ്പത്തിക വിഭവങ്ങൾ സ്വരൂപിക്കുന്നതിലും സാങ്കേതിക ശേഷികൾ വളർത്തിയെടുക്കുന്നതിലും ദക്ഷിണ രാജ്യങ്ങൾക്കിടയിലും ഉത്തര- ദക്ഷിണ രാജ്യങ്ങൾക്കിടയിലും സഹകരണം അവശ്യമാണ്. സ്ത്രീകളും കുട്ടികളും കൗമാരപ്രായക്കാരും അഭിമുഖീകരിക്കുന്ന ആരോഗ്യ- ക്ഷേമ വെല്ലുവിളികളെ മറികടക്കാൻ ജി20 രാജ്യങ്ങൾ കാതലായ കൂടുതൽ നടപടികൾ സ്വീകരിക്കണം.
ഒന്നാമതായി, ജി20 രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യമായതും പരസ്പരപൂരകവുമായ ധനസഹായത്തിന് മുൻഗണന നൽകണം. ഒപ്പം അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ദാരിദ്ര്യം, ലിംഗ അസമത്വം തുടങ്ങിയ നിർണായക ഘടകങ്ങളെ അഭിസംബോധന ചെയ്യുകയും വേണം. ലിംഗഭേദം കണക്കിലെടുത്തു വേണം ഭൗതിക- ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തേണ്ടത്. ഇതുവഴി ശമ്പളമില്ലാത്ത ജോലി കുറയ്ക്കാനും, ക്ഷേമം മെച്ചപ്പെടുത്താനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനും, ഡിജിറ്റൽ മേഖലയിലെ ലിംഗ വ്യത്യാസം കുറയ്ക്കാനും, ഉത്പാദനക്ഷമത വർധിപ്പിക്കാനും, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും കഴിയും.
രണ്ടാമതായി, നിരവധി രാജ്യങ്ങൾ മഹാമാരിക്ക് മുമ്പുള്ള അതേ തോതിൽ ആരോഗ്യ രംഗത്ത് പണം ചെലവഴിക്കാൻ പാടുപെടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തെ അത് ബാധിക്കുന്നു. രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ കൂടുതൽ വികസന സഹായം ആകർഷിക്കാനും കടബാധ്യത ലഘൂകരിക്കാനും സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്താനും ആഗോള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ജി20 ഇതിനായി വാദിക്കണം.
മൂന്നാമതായി, നയങ്ങളും പദ്ധതികളും ഫലപ്രദമായി നിരീക്ഷിക്കാനും നടപ്പിലാക്കാനും ശക്തമായ ഡാറ്റാ സംവിധാനങ്ങൾ ആവശ്യമാണ്. ആഗോള ജിഡിപിയുടെ ഏകദേശം 85 ശതമാനം ജി20 രാജ്യങ്ങളിൽ നിന്നാണ്. ആഗോള ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും വസിക്കുന്നതും ഈ രാജ്യങ്ങളിലാണ്. അതിനാൽ ഗണ്യമായ രാഷ്ട്രീയ സ്വാധീനമുള്ള ജി20 രാജ്യങ്ങൾ പുതിയതും മെച്ചപ്പെട്ടതുമായ ആരോഗ്യ സാങ്കേതിക വിദ്യകളുടെയും വാക്സിനുകളുടെയും ഗവേഷണത്തിനും വികസനത്തിനും മുൻകൈയെടുക്കാനുള്ള സ്ഥാനത്താണുള്ളത്. ഈ മേഖലകളിൽ നിക്ഷേപം നടത്തുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും അർഥപൂർണമായി ഇടപഴകാൻ അവസരം നൽകേണ്ടതുണ്ട്.
നാലാമതായി, ശൈശവത്തിന്റെ ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഒപ്പം കുടുംബ സൗഹൃദ നയങ്ങളിലും സാർവത്രിക സാമൂഹിക സംരക്ഷണത്തിലും ഏറെ ശ്രദ്ധ ചെലുത്തണം. അത്തരം നിക്ഷേപങ്ങൾ വൈജ്ഞാനിക മൂലധനം വർധിപ്പിക്കും, എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക വളർച്ചയിലേക്ക് നയിക്കും. ജി20 രാജ്യങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൗമാരപ്രായക്കാരുടെ ഡിജിറ്റൽ സാക്ഷരത തുടങ്ങിയ കഴിവുകൾ വികസിപ്പിക്കണം. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവും പാരിസ്ഥിതിക ബോധമുള്ളതുമായ വളർച്ചയും കൈവരിക്കണം.
പ്രവർത്തന അജൻഡയിലെ ഒരു സ്ഥിരഘടകമാക്കി മാറ്റുക വഴി സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ജി20 മുൻഗണന നൽകണം. അതിന് സമർപ്പിത, സുസ്ഥിര, അധിക ധനസഹായം ആവശ്യമാണ്. ലോകമെമ്പാടുമുള്ള സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യവും ക്ഷേമവും അത്യാവശ്യമാണ്. ശക്തമായ ജി20 നേതൃത്വമില്ലാതെ ഇത് സാധ്യമാകില്ല.