#ജോസഫ് എം. പുതുശേരി
വിലവർധനവിന് ഒരു കാരണം വേണ്ടേ? ന്യായയുക്തമായ അത്തരം ഒരു കാരണവുമില്ലാതെ വർധന അടിച്ചേൽപ്പിക്കുന്നത് ഭരണാധികാരത്തിന്റെ അമിതാധികാരപ്രയോഗമല്ലാതെ മറ്റെന്താണ്? ജനങ്ങളെ കൂടം കൊണ്ട് പ്രഹരിക്കാനുള്ള ലൈസൻസാണ് ജനങ്ങൾ നൽകുന്ന അധികാരമെന്ന് ധരിച്ചു വശായിരിക്കുന്ന ഭരണാധികാരികളെക്കുറിച്ച് വിലപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ!
പാചകവാതക വില വർധനവിന്റെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക ഉയരുന്നത്. ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350.50 രൂപയുമാണ് കഴിഞ്ഞദിവസം ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ യഥാക്രമം 1,110 രൂപയും 2,124 രൂപയുമായി പാചകവാതക വില വർധിച്ചു. വിലക്കയറ്റവും വിവിധ നികുതി വർധനവുകളും മൂലം പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ അശനിപാതം പോലെയായി ഈ വർധനവ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടാകുന്ന വിലക്കയറ്റമാണ് എൽപിജി വില കൂട്ടാനുള്ള ന്യായമായി ഇതുവരെ സർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ജൂലൈയിൽ വില കൂട്ടിയപ്പോഴും യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത എണ്ണയുടെ വില കുത്തനെ കൂടിയെന്ന ന്യായവാദമാണ് നിരത്തിയത്.
എന്നാൽ ഇപ്പോഴോ? ക്രൂഡോയിൽ വില കുറഞ്ഞുനിൽക്കുന്നു. എന്നിട്ടും ഈ സമയത്ത് വിലകൂട്ടി ഇരുട്ടടി സമ്മാനിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? ക്രൂഡോയിൽ ബാരലിന് 120 രൂപ വരെയായിരുന്നത് കുറഞ്ഞു കുറഞ്ഞ് 79 ഡോളറിലെത്തി. വൻതോതിലുള്ള ഈ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകേണ്ട ഘട്ടത്തിലാണ് നേർ വിപരീതമായി വില വർധിപ്പിച്ചത്. രാജ്യാന്തര വിപണി വിലയേക്കാൾ വൻതോതിൽ കുറഞ്ഞ വിലയ്ക്കാണ് കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നതെന്ന വസ്തുത നിലനിൽക്കുമ്പോഴാണ് ഈ കൊടുംപാതകം.
ഇന്ത്യയുടെ ആകെ ഉപയോഗത്തിന്റെ 39% ഇപ്പോൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ്. റഷ്യ - യുക്രെയ്ൻ യുദ്ധത്തിനു മുമ്പു വരെ ഇത് വെറും 2 ശതമാനം മാത്രമായിരുന്നു. അവിടെ നിന്നാണ് ഈ വലിയ വർധനവിലേക്ക് എത്തിയത്. അതും ബാരലിന് 60 ഡോളർ നിരക്കിലും - ഇന്റർനാഷണൽ മാർക്കറ്റ് വിലയെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ. ഫെബ്രുവരിയിൽ 5.1 കോടി ബാരൽ ക്രൂഡ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു എന്നാണ് കണക്കുകൾ. ഇത് ജനുവരിയിലെ ഇറക്കുമതിയേക്കാൾ 16% കൂടുതലാണ്.
ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടി കൂട്ടി 1,000 കടന്ന കഴിഞ്ഞ മെയിൽ ഇന്റർനാഷണൽ മാർക്കറ്റിലെ ക്രൂഡ് വില 100 -120 ഡോളർ വരെ എത്തിയിരുന്നു. ഇന്നത് 79 ഡോളറും റഷ്യൻ ഇറക്കുമതി 60 ഡോളർ നിരക്കിലും. എന്നിട്ടും വില വർധിപ്പിക്കുന്നത് ഭരണകൂട ഭീകരതയല്ലാതെ മറ്റെന്താണ്? 2013ൽ ഗാർഹിക സിലിണ്ടറിന് 411 രൂപയായിരുന്നിടത്താണ് 2023 എത്തുമ്പോൾ 1,110 രൂപയാകുന്നത്. 168% വരുന്ന ഈ വർധന പിടിച്ചുപറിയുടെ ഭീകരരൂപം വരച്ചുകാട്ടുന്നു.
വില 1,000 കടന്ന മേയ് മാസത്തിനു ശേഷവും 2 തവണ വില കൂട്ടി. ഒരു വർഷത്തിനിടെ 203.50 രൂപയുടെ വർധന. ഹോട്ടലുകളിലും മറ്റു വ്യാപാരാവശ്യത്തിനും ഉപയോഗിക്കുന്ന പാചകവാതകത്തിന് ജനുവരിയിൽ 25 രൂപ കൂട്ടിയതാണ്. ഇപ്പോൾ വീണ്ടും 350.50 രൂപയും. 2 വർഷത്തിനിടെ 510 രൂപയുടെ വർധന. വില ഇങ്ങനെ കൂട്ടിയിട്ടും 2020ൽ നിർത്തലാക്കിയ സബ്സിഡി പുനഃസ്ഥാപിക്കാൻ തയാറായതുമില്ല. പാചകവാതക സബ്സിഡി നൽകാത്തതു കൊണ്ടു മാത്രം 2020-21 സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ ലാഭിച്ചത് 20,000 കോടി രൂപ. സാധാരണക്കാരനെ ഞെക്കിപ്പിഴിഞ്ഞും അവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയും സ്വരുക്കൂട്ടിയ വിഹിതം!
ഇതിന്റെ പ്രതിഫലനം കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ തന്നെ പ്രകടമാണ്. പദ്ധതിക്ക് കീഴിൽ കണക്ഷൻ എടുത്തവരിൽ വലിയൊരു വിഭാഗം കുടുംബങ്ങൾ പാചകവാതകം വാങ്ങുന്നതു തന്നെ നിർത്തി. 93.4 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങളിൽ 9.2 ദശലക്ഷം കുടുംബങ്ങൾ ഒരിക്കൽ പോലും റീഫിൽ ചെയ്തിട്ടില്ലെന്നും 10.8 ദശലക്ഷം കുടുംബങ്ങൾ ഒരിക്കൽ മാത്രമാണ് റീഫിൽ ചെയ്തതെന്നും പെട്രോളിയം മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പാഠം പഠിക്കുന്നില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്. വിലവർധന കൂടുതൽ പേരെ പദ്ധതിയിൽ നിന്ന് അകറ്റാനല്ലേ ഇടവരുത്തുക.
വിലവർധന പ്രഖ്യാപിക്കുന്ന സമയത്തിലെ കൗശലവും പറയാതെ വയ്യ. പാചകവാതക വില കൂട്ടാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാൻ തക്കംപാർത്തിരിക്കുകയായിരുന്നു. ഇതിപ്പോൾ കേന്ദ്ര സർക്കാർ ഒരു സ്ഥിരം പതിവാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഇന്ധനവില സ്റ്റെഡി! അതു കഴിഞ്ഞാലുടൻ വർധന. വർധനയ്ക്ക് ന്യായീകരണവും തങ്ങൾക്ക് ബോധ്യവുമുണ്ടെങ്കിൽ എന്തിനീ തക്കം പാർക്കൽ? അപ്പോൾ ഇതിലൂടെ സ്വയം വിളംബരം ചെയ്യുന്നതും ഇതു അന്യായമായ നടപടിയെന്നല്ലേ?
പാചകവാതക വില കൂട്ടിയാൽ അത് ജനജീവിതം ദുരിതക്കയത്തിലാക്കുമെന്ന് ഇനി ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്? നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിൽ സാധാരണക്കാർ ഞെരിപിരി കൊള്ളുകയാണ്. ജോലി നഷ്ടവും വരുമാന നഷ്ടവും ഉണ്ടാക്കിയ കൊവിഡിന്റെ കെട്ട കാലത്തിൽ നിന്ന് നിവരാൻ ശ്രമിക്കുമ്പോഴാണ് വരുമാന വർധന ഒട്ടുമില്ലാതെ വിലക്കയറ്റം വരിഞ്ഞുമുറുക്കുന്നത്. അത് തടയാനുള്ള ഒരു നടപടിയുമില്ലെന്നു മാത്രമല്ല, വിലക്കയറ്റത്തിന്റെ എരിതീയിൽ എണ്ണ കൂടി പകരുകയാണ്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനമല്ലാതെ ഫലത്തിൽ അതുണ്ടാകുന്നില്ല. 7 ശതമാനത്തോളമായി അത് നിലനിൽക്കുന്നു. പണപ്പെരുപ്പം ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ ഒരു ശതമാനത്തോളം കൂടിയതു പ്രഖ്യാപനത്തിന്റെ ഫലമില്ലായ്മയാണ് വ്യക്തമാക്കുന്നത്.
എല്ലാ പ്രഖ്യാപനങ്ങളുടെയും ഗതി ഇതുതന്നെ. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന അന്താരാഷ്ട്ര മാർക്കറ്റിലെ വ്യതിയാനത്തിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഇന്ധന വില നിർണയാവകാശം പെട്രോളിയം കമ്പനികളെ ഏൽപ്പിക്കുന്നതെന്ന് ന്യായവാദം പറഞ്ഞവർ വില കൂടിയപ്പോൾ അതേ തോതിൽ കൂട്ടിയതല്ലാതെ കുറഞ്ഞപ്പോൾ ആനുപാതിക കുറവ് വരുത്തിയില്ലെന്ന് മാത്രമല്ല, എക്സൈസ് തീരുവ കൂട്ടി ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം കവർന്നെടുക്കുകയാണ് ഉണ്ടായത്. ഇപ്പോഴും ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലയിൽ ഒരു കുറവും വരുത്തിയിട്ടില്ല. വില വർധിപ്പിച്ചില്ലല്ലോ എന്ന് സമാശ്വസിക്കാനാണ് നമ്മുടെ വിധി!
കേന്ദ്ര സർക്കാരിന്റെ ഈ പ്രഹരം പോരാഞ്ഞിട്ടാണ് സംസ്ഥാന സർക്കാർ 2 രൂപ സെസ് ചുമത്തിയിരിക്കുന്നത്. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് നിപതിക്കുന്ന അവസ്ഥ.
ഉപഭോക്ത സംസ്ഥാനമായ കേരളത്തിൽ 2 രൂപ സെസിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. സമസ്ത മേഖലയെയും ബാധിക്കുന്ന ഗുരുതര വിഷയം. ഇതിന്റെ സ്വാഭാവിക പരിണാമമായി വില വർധനയും ചാർജ് വർധനവുകളും കൂടിയാകുമ്പോൾ എങ്ങനെ ജീവിക്കുമെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. എന്നാൽ ഭരണാധികാരികൾക്ക് മാത്രം ഇത് മനസിലാവുന്നില്ല. അവർ ന്യായീകരണ ക്യാപ്സ്യൂൾ ഉത്പാദിപ്പിക്കുന്ന തിരക്കിലാണ്. അങ്ങനെയാണല്ലോ സെസ് ക്ഷേമ പെൻഷനു വേണ്ടിയാവുന്നത്! ക്ഷേമ പെൻഷൻ തുക ഒരു പൈസ പോലും വർധിപ്പിക്കാതെയുള്ള ഈ ക്യാപ്സ്യൂൾ ഉൽപാദനം പാർശ്വഫലം ഉണ്ടാക്കുന്നതാണെന്ന് അവർ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.
നേരത്തെ ഗ്യാസ് വില കൂട്ടിയപ്പോൾ അത് കക്കൂസിനു വേണ്ടിയാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ന്യായവാദം! അടുപ്പ് പുകഞ്ഞു വയറ്റിലേക്ക് വല്ലതും പോയിട്ട് പോരേ കക്കൂസ് എന്ന സാമൂഹ്യ വിമർശനത്തിന് പക്ഷേ മറുപടി ഉണ്ടായതുമില്ല.
ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുമ്പോഴുണ്ടാകുന്ന ജനരോഷം മറികടക്കാൻ പ്രയോഗിക്കുന്ന സൂത്രവിദ്യകൾ! പക്ഷേ, ഇതുകൊണ്ടൊന്നും ഭാരം ലഘൂകരിക്കപ്പെടുന്നില്ലെന്ന യാഥാർഥ്യം ഭരണാധികാരികൾ തിരിച്ചറിയുന്നില്ല. അതു മാറി, ജനങ്ങൾ പേറേണ്ടിവരുന്ന ഭാരത്തെക്കുറിച്ച് ഭരണാധികാരികൾക്ക് വേവലാതിയുണ്ടാകുമ്പോഴേ ജനായത്ത ഭരണക്രമത്തിന് അർഥമുണ്ടാവൂ.