റീന വർഗീസ് കണ്ണിമല
പാടാൻ കൊതിച്ച നാവ്... ഇന്നു തോരാദു:ഖത്തിന്‍റെ നോവ്. ഇത് ഓമനക്കുട്ടന്‍റെ തളർന്നു പോയ ജീവിതം. നാടകമത്സരങ്ങളുടെയും സമ്മാനങ്ങളുടെയും പ്രഭ നിറഞ്ഞതായിരുന്നു ചിറത്തറയിൽ ഓമനക്കുട്ടന്‍റെ സ്കൂൾ ജീവിതം. പട്ടികജാതി വിഭാഗത്തിൽ പെട്ട ഈ നാൽപത്തഞ്ചുകാരൻ സംഗീത ആൽബത്തിൽ പാടാൻ അവസരം കിട്ടിയിരിക്കെയാണ് തലയിൽ ചക്ക വീണ് പിടലി ഒടിഞ്ഞതും തുടർന്ന് കിടപ്പിലായതും. പിടലി ഒടിഞ്ഞതു ശസ്ത്രക്രിയയിലൂടെ ഭേദമായി. പക്ഷേ, പരിണത ഫലം വലുതായിരുന്നു. നെഞ്ചു മുതൽ പാദം വരെ സ്പർശന ശേഷിയില്ല. കഴിഞ്ഞ ഒരു വർഷമായി തളർന്നു കിടപ്പിലാണ് ഈ അനുഗൃഹീത കലാകാരൻ. മധുരതരമായ ഗാനങ്ങളാൽ സദസ്യരെ മാസ്മരികതയിലേക്ക് കൊണ്ടു പോയ ആ നാവ് തളർന്നു കുഴഞ്ഞു. സംസാര ശേഷി തന്നെ നഷ്ടമായ അവസ്ഥയിലായിരുന്നു ആദ്യമൊക്കെ എന്ന് ഭാര്യ ചിത്ര ഓർക്കുന്നു. ഇപ്പോൾ കുറച്ചെങ്കിലും സംസാരിക്കുന്നു. പാടാൻ കൊതിച്ച നാവ് പാതിവഴിയിൽ കിതയ്ക്കുന്നു.
2018ലെ പ്രളയത്തിൽ തകർന്നു പോയതാണ് ഇടുക്കി-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴുതയാറിനു കുറുകെയുള്ള തോപ്പിൽകടവ് പാലം. നാളിതു വരെയായും അതു പുനരുദ്ധരിക്കുകയോ ആറിനക്കരെയുള്ളവർക്ക് ഇക്കര കടക്കാൻ ഒരു സൗകര്യവും നൽകുകയോ ചെയ്തിട്ടില്ല സർക്കാർ. മൂഴിക്കൽ മേഖലയിലുളളവർക്ക് മൂന്നു കിലോമീറ്റർ ചുറ്റി വേണം ഏറ്റവും അടുത്തുള്ള കുഴിമാവ് ജംഗ്ഷനിലോ സ്കൂളിലോ ഒക്കെ എത്താൻ. ഇതിനു പരിഹാരമായി തകർന്ന പാലത്തിന് അടുത്തു തന്നെ ഒരു നടപ്പാലം നിർമിക്കാൻ ജനകീയ സമിതി ചേർന്നു തീരുമാനമായി. ആ പാലത്തിന്‍റെ നിർമാണം ഓമനക്കുട്ടൻ ഏറ്റെടുത്തു.ആ പണി പൂർത്തിയാകാറായി.ജെസിബി വന്ന് പാലത്തിന്‍റെ കാലുകൾ ഉറപ്പിക്കുന്ന പണി നടക്കവേ , കാര്യങ്ങളൊക്കെ നോക്കിക്കൊണ്ട് ഒരു കല്ലിൽ ഇരുന്നിരുന്ന ഓമനക്കുട്ടന്‍റെ തലയിൽ അൽപം മാറി നിന്ന ഒരു പ്ലാവിന്‍റെ നീണ്ടു നിന്ന ചില്ലയിൽ നിന്ന് വലിയൊരു ചക്ക വീഴുകയായിരുന്നു. പിന്നെ മെഡിക്കൽ കോളെജിൽ വച്ചാണ് താൻ കണ്ണു തുറക്കുന്നതെന്ന് ഓമനക്കുട്ടൻ പറയുന്നു.
മൂന്നു മക്കളാണ് ഈ ദമ്പതികൾക്ക്. ജ്വാലയും അശ്വിനും അനൂപും. ജ്വാല ബിഎസ് സി നഴ്സിങ് കഴിഞ്ഞു ഒരു വർഷത്തെ പ്രാക്റ്റീസ് ചെയ്യുന്നു. അവളുടെ കൂട്ടുകാരി തൃപ്പൂണിത്തുറ പുതിയകാവിലുള്ള ഒരു പെൺകുട്ടി മുഖാന്തരം തൃപ്പൂണിത്തുറ ഗവൺമെന്‍റ് ആയുർവേദ മെഡിക്കൽ കോളെജിൽ തുടർചികിത്സ നടത്തി ഭർത്താവിനെ വീണ്ടെടുക്കാനുള്ള കഷ്ടപ്പാടിലാണ് ചിത്രയും ഓമനക്കുട്ടന്‍റെ അമ്മയും. നല്ല ഡോക്റ്ററാണ്, പക്ഷേ, ഈയവസ്ഥയിൽ ഉള്ളയാൾക്ക് മുറി വേണം, വാർഡിൽ കിടക്കുന്നതിനും മുറിയ്ക്കുമെല്ലാം പണം നൽകണം. മുറിയിലാകുമ്പോൾ ഇത്ര മാത്രം ദയനീയാവസ്ഥയിലുള്ള രോഗിക്ക് കൂടുതൽ സൗകര്യം കിട്ടും.
അതു കൊണ്ട് കുറഞ്ഞ തുകയ്ക്ക് ഒരു മുറി കിട്ടാനും അതിനു പണം കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഇപ്പോൾ. വീട്ടുകാര്യങ്ങൾ ഇപ്പോൾ അമ്മയായ അമ്മിണിയിലൂടെയാണ് നടന്നു പോകുന്നത്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അമ്മിണി ഇപ്പോൾ ഒരു വീട്ടിൽ ഹോം നഴ്സായി പോകുന്നതാണ് കുടുംബത്തിന്‍റെ ആകെ വരുമാനം. അടുത്ത് നിന്നു മാറാതെ ചിത്ര ഓമനക്കുട്ടനൊപ്പമുണ്ട് നിഴലായി.
"കോട്ടയം മെഡിക്കൽ കോളെജിലെ ചികിത്സാവേളയിൽ കിടന്നു കിടന്ന് പുറം പൊട്ടി. അതിനു വേണ്ട ചികിത്സ കിട്ടിയില്ല എന്നു മാത്രമല്ല, സ്പർശന ശേഷി നഷ്ടപ്പെട്ട ആ ശരീരത്തിലെ വൃണത്തിന്‍റെ ചുറ്റിലും നിന്ന് മെഡിക്കൽ വിദ്യാർഥികൾ ഓരോ ദിവസവും വന്ന് ചുരണ്ടിയെടുത്തു കൊണ്ടു പോയി ടെസ്റ്റ് ചെയ്തു പഠിച്ചു. അങ്ങനെ ഇന്ന് ആ വ്രണം ഒരു ചിരട്ടയോളമായി'.
പ്രിയപ്പെട്ടവന്‍റെ കിടന്നു പൊട്ടിയളിഞ്ഞ് ഉണങ്ങാത്ത മുറിവുകളുടെ സത്യാവസ്ഥയെ കുറിച്ചു പറയുമ്പോൾ ചിത്രയുടെ മനസും മരവിച്ചിരുന്നു. ഓമനക്കുട്ടന്‍റെ തുടർചികിത്സയ്ക്ക് വേണ്ടി അനൂപിനെ ഇത്തവണ തുടർപഠനത്തിന് അയയ്ക്കുന്നില്ലെന്ന തീരുമാനത്തിലാണ് കുടുംബം. അനൂപിനും അച്ഛനെ നോക്കാൻ താൽപര്യം തന്നെ. പ്ലസ് ടുവിന് അറുപതു ശതമാനം മാർക്കാണ് ഈ കുട്ടിക്ക്.
വാഹന സൗകര്യമില്ലാത്ത മൂഴിക്കൽ-കുറ്റിക്കൽ പ്രദേശത്തു നിന്നും കുഴിമാവ് സ്കൂൾ വരെ മൂന്നു കിലോമീറ്ററിലധികം നടന്നു പഠിച്ചിട്ടാണ് ഈ കുട്ടികൾ ഈ വിജയമൊക്കെ നേടുന്നത് എന്നു കൂടി ഓർക്കണം.
മെഡിക്കൽ കോളെജിലായിരുന്നു ചികിത്സ എങ്കിലും മരുന്നു പലതും പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇതിനിടെ ന്യുമോണിയ ആയി ഐസിയുവിൽ പ്രവേശിപ്പിച്ചു. ആ സമയത്താണ് കിടന്നു പുറം പൊട്ടിയത് എന്ന് ചിത്ര പറയുന്നു.
എസ് സി-എസ് ടി വിഭാഗങ്ങൾക്കായി വൻ തുകയാണ് കേന്ദ്രം നീക്കി വച്ചിരിക്കുന്നത്. അതൊന്നും എത്തേണ്ട കൈകളിൽ എത്തുന്നില്ല എന്നു മാത്രം. ആശുപത്രി ചെലവുകൾക്കായി എസ് സി വകുപ്പിൽ അപേക്ഷ വച്ചപ്പോൾ കിട്ടിയ മറുപടിയും അത്തരത്തിലായിരുന്നു.
പുറത്തു നിന്നു വാങ്ങിയ മരുന്നിനും മറ്റുമായി 50,000 രൂപയ്ക്കു മുകളിൽ ചെലവായിരുന്നു.അതു പറഞ്ഞപ്പോൾ "നിങ്ങൾക്കു ചെലവായത് അത്രയും കിട്ടില്ല. ഒത്തിരിയൊന്നും പ്രതീക്ഷിക്കണ്ട. നിങ്ങൾക്കു പതിനായിരം രൂപ ചെലവായാൽ ഇരുപതിനായിരം രൂപ ഞങ്ങൾ പറഞ്ഞു കൂട്ടി വാങ്ങിത്തരാം. അത്രയൊക്കെയേ പറ്റുള്ളൂ'
എന്നാണ് എസ് സി പ്രമോട്ടർ ആയ ഗോകുൽ പറഞ്ഞത്. മെഡിക്കൽ വിദ്യാർഥികൾ കുളമാക്കിയ മുറിവ് കരിയ്ക്കാൻ ആശുപത്രിയിൽ പോകാൻ കാശില്ലാത്തതിനാൽ നട്ടം തിരിയുകയാണ് ഇന്ന് ഈ നിർധന കുടുംബം. ഈ നോവ് സന്തോഷമായി മാറ്റാൻ ആരുണ്ടിവർക്കായി?