History and unknown stories of Mumbai underworld AI-generated image
Special Story

മുംബൈ അധോലോകം: ചോരകൊണ്ടെഴുതിയ ചരിത്രം (1)

മുംബൈ അധോലോകത്തിന്‍റെ ഉത്പത്തിയിലേക്കും ചരിത്രത്തിലേക്കും അറിയാക്കഥകളിലേക്കും ഒരു തിരിഞ്ഞുനോട്ടം... ഭാഗം 1

VK SANJU

2009 മാര്‍ച്ച് 31

ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ വസതിക്കു മുന്നിൽ, ആറു വെടിയുണ്ടകളേറ്റു തുളഞ്ഞ നൂറയുടെ മൃതദേഹം. ദാവൂദിന്‍റെ സ്വന്തം കുഞ്ഞനുജനായിരുന്നു നൂർ ഉൽ ഹക്ക് എന്ന നൂറ. അവനെ തട്ടിക്കൊണ്ടുപോയ സർദാർ റഹ്മാൻ എന്ന കറാച്ചിയിലെ കിഡ്‌നാപ്പ് മാസ്റ്റർ ആവശ്യപ്പെട്ട മോചനദ്രവ്യം കൊടുക്കാതിരുന്നപ്പോൾ കൊന്നു തള്ളിയതാണ്. മുംബൈയിലെ ചേരികളില്‍ കിഡ്‌നാപ്പും കള്ളക്കടത്തുമായി വളര്‍ന്ന്, ദുബായിലേക്കും കറാച്ചിയിലേക്കും പടര്‍ന്ന ദാവൂദ് സാമ്രാജ്യത്തിന്‍റെ സുരക്ഷാ കവചത്തിലേറ്റ വിള്ളലുകളാണ് അന്നു വെളിപ്പെട്ടത്.

2023 ഡിസംബർ 18

ദാവൂദ് ഇബ്രാഹിമിനു വിഷബാധയേറ്റെന്നും, അത്യാസന്ന നിലയിലാണെന്നും, അതല്ല ദുർമരണപ്പെട്ടുകഴിഞ്ഞു എന്നുമെല്ലാം ഇന്ത്യയിലും പാക്കിസ്ഥാനിലും വാർത്തകൾ പ്രചരിച്ചു. പക്ഷേ, 12 മണിക്കൂർ പിന്നിടും മുൻപേ രഹസ്യാന്വേഷണ ഏജൻസികൾ ഇതെല്ലാം നിഷേധിച്ചു. കുപ്രസിദ്ധമായ പാക് ചാരസംഘടന ഐഎസ്ഐയുടെ കാവലിൽ ദാവൂദ് സുരക്ഷിതനായി തുടരുന്നു. ആശുപത്രിയിലായിട്ടുണ്ടെങ്കിൽ അത് എന്തെങ്കിലും ആരോഗ്യ പ്രശ്നം മാത്രം!

പഴയ പാളിച്ചകളിൽ നിന്ന് പാഠം പഠിച്ച ദാവൂദ്, 14 വർഷത്തിനിപ്പുറം കറാച്ചിയിൽ കൂടുതൽ സുരക്ഷിതനായിരിക്കുന്നു! പാക്കിസ്ഥാന്‍ നാഷനല്‍ ബാങ്കിന് അങ്ങോട്ടു വായ്പ കൊടുത്തു സഹായിച്ച ദാവൂദിനെ സംബന്ധിച്ച്, തന്‍റെ സാമ്രാജ്യം സംരക്ഷിക്കാന്‍ പാക് സര്‍ക്കാരിന്‍റെ ചാരസംഘടനയെ വിലയ്‌ക്കെടുക്കുന്നതൊക്കെ നിസാരം. ദാവൂദ് കറാച്ചിയില്‍ ആസ്ഥാനമുറപ്പിച്ച് ഇതുവരെ ഐഎസ്‌ഐ വാങ്ങിയ കാശിനു ജോലിയും ചെയ്തു.

ഡി കമ്പനി എന്ന അധോലോക സാമ്രാജ്യത്തിന്‍റെ സര്‍വപ്രതാപിയായ ചക്രവര്‍ത്തി ഷെയ്ക്ക് ദാവൂദ് ഇബ്രാഹിം കസ്‌കറിന്‍റെ പതനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു....

ദ ഗോള്‍ഡ് മാന്‍

ദാവൂദ് ഇബ്രാഹിം, ഒരു പഴയകാല ചിത്രം.

1955 ഡിസംബര്‍ 31

മുംബൈ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ (സിഐഡി) ഹവല്‍ദാര്‍ ഇബ്രാഹിം കസ്‌കറിന് ഒരാൺകുഞ്ഞു പിറന്നു. ഹവല്‍ദാര്‍ മകനു ദാവൂദെന്നു പേരിട്ടു. തെരുവിന്‍റെ തിരിച്ചറിവുകളുമായി അവന്‍ വളര്‍ന്നു. ചെറിയ അടിപിടികള്‍ ഗൂണ്ടായിസമായി പരിണമിക്കാന്‍ വളക്കൂറുള്ള മണ്ണ്. ആകാശത്തും ഭൂമിയിലും മാത്രമല്ല, അഴുക്കുചാലുകളുടെ അധോലോകങ്ങളിലേക്കും മുംബൈ വളർന്നുകൊണ്ടിരുന്ന കാലം.

കൊച്ചു കൊച്ചു പെറ്റി കേസുകളൊന്നും ഹവൽദാറുടെ മകന്‍റെ 'വളർച്ചയ്ക്ക്' പ്രതിബന്ധമായില്ല. ഹാജി മസ്താനും കരിം ലാലയും വരദരാജ മുതലിയാരും വാഴുന്ന മുംബൈ അധോലോകത്തിന്‍റെ റഡാറിൽ അതിനകം അവൻ പെട്ടുകഴിഞ്ഞിരുന്നു. ചെറുകിട ഗൂണ്ടായിസത്തില്‍ കഴിവു തെളിയിച്ച ദാവൂദ് ഒടുവില്‍ ഗുരുസമക്ഷത്തിലെത്തി. ഒന്നല്ല, രണ്ടു ഗുരുക്കന്മാര്‍- ആമിര്‍സാദാ പഠാനും ആലംസേബ് പഠാനും, കരിം ലാലയുടെ അടുപ്പക്കാര്‍. പഠാന്‍ സഹോദരന്‍മാരുടെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ദാവൂദ് അധോലോകത്തേക്ക് ആദ്യത്തെ ചുവടു വച്ചു. എ ടീമിൽ നിന്ന് കരിംലാലയുടെ സീനിയർ ടീമിലേക്കുള്ള വഴിയും അവര്‍ കാട്ടിക്കൊടുത്തു. ഏറെ വൈകാതെ ദാവൂദ് അവിടെനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വന്തമായൊരു ഗ്യാങ് വളര്‍ത്തിയെടുത്തു. അധോലോകത്തു ചെറുതെങ്കിലും സ്വന്തമായൊരു സാമ്രാജ്യമായി; നിയമാനുസൃതവും അതിലേറെ നിയമവിരുദ്ധവുമായ പല ബിസിനസുകളിൽ ഏർപ്പെട്ടു. തട്ടിക്കൊണ്ടു പോകല്‍, വാടകക്കൊല, പണപ്പിരിവ്... ദാവൂദ് വളരുകയായിരുന്നു. രത്‌നത്തിന്‍റെയും സ്വര്‍ണത്തിന്‍റെയും കള്ളക്കടത്തു കൂടി തുടങ്ങിയതോടെ അയാൾ ഗോള്‍ഡ് മാൻ എന്നറിയപ്പെട്ടു തുടങ്ങി.

ആദ്യത്തെ തിരിച്ചടി

കരിം ലാല

ദാവൂദും കൂട്ടരും കരിംലാല ഗ്യങ്ങില്‍നിന്നു വിട്ട ശേഷവും പഠാന്‍ സഹോദരന്മാര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. വഴിപിരിഞ്ഞ ദാവൂദ് വളര്‍ച്ചയ്ക്കു പുതിയ വഴികളന്വേഷിക്കുമ്പോള്‍ പഴയ താവളത്തില്‍ പകയുടെ അഗ്നിപര്‍വതങ്ങള്‍ പുകഞ്ഞുകൊണ്ടിരുന്നു.

1981ൽ ദാവൂദിന്‍റെ ജ്യേഷ്ഠന്‍ സബീറിനെ പഠാന്‍മാര്‍ വെടിവച്ചിട്ടു. പക്ഷേ, ദാവൂദിന്‍റെ പത്തി മടങ്ങിയില്ല. പകരം, പ്രതികാരം ജ്വലിച്ചു. പഠാന്‍മാരില്‍ മൂത്തവന്‍, ആമിര്‍സാദായുടെ ജീവനെടുത്തുകൊണ്ട് ദാവൂദിന്‍റെ ഫണം വിഷം ചീറ്റി. അധോലോകത്തിന്‍റെ പടക്കളത്തില്‍ കരിംലാലയുടെ ക്രോധം കൊടുങ്കാറ്റായി. മറുവശത്ത് പൊലീസിന്‍റെ പടയൊരുക്കം. ദാവൂദ് ഇബ്രാഹിം ദുബായിൽ അഭയം തേടി, ആദ്യത്തെ പ്രവാസം.

(മുംബൈ അധോലോകത്തിന്‍റെ ചരിത്രം: അയൂബ് ലാല എന്ന ആദ്യത്തെ ഡോൺ... അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?