History and unknown untold stories of Mumbai underworld AI image
Special Story

മുംബൈ അധോലോകത്തിന്‍റെ ചരിത്രം; ആദ്യത്തെ ഡോൺ (2)

മുംബൈ അധോലോകത്തിന്‍റെ ഉത്പത്തിയിലേക്കും ചരിത്രത്തിലേക്കും അറിയാക്കഥകളിലേക്കും ഒരു തിരിഞ്ഞുനോട്ടം... ഭാഗം 2

VK SANJU

1940നു മുൻപ് പതിമൂവായിരത്തോളം അഫ്ഗാനി പഠാന്‍മാരാണ് മുംബൈയിലുണ്ടായിരുന്നത്. ബ്രിട്ടീഷുകാര്‍ക്കു പലചരക്കെത്തിച്ചും മറ്റു സഹായങ്ങള്‍ ചെയ്തുകൊടുത്തും അവര്‍ ഉപജീവനം നടത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് സഹായങ്ങളുടെ പട്ടികയില്‍ ഒരിനം കൂടി ചേര്‍ക്കപ്പെട്ടു- ബ്രിട്ടീഷ് സൈനികര്‍ക്കായി ചുവന്ന തെരുവുകളൊരുക്കുക. അവിടുത്തെ കിടപ്പറകളലങ്കരിക്കാന്‍ ഇന്ത്യന്‍ സ്ത്രീ സൗന്ദര്യം നിര്‍ബന്ധം. പക്ഷേ, നാട്ടിലെ പുരുഷന്‍മാര്‍ക്കു പ്രവേശനം നിഷിദ്ധം.

ആ കാലഘട്ടത്തിലാണ് അയൂബ് ലാലയുടെ നേതൃത്വത്തില്‍ അഫ്ഗാനി പഠാന്‍മാര്‍ ഒത്തുകൂടുന്നത്. സംഘടിതശക്തി അയൂബ് ലാലയെ കരുത്തനാക്കി, അനുയായികള്‍ക്കയാള്‍ അയൂബ് ബാബയായി. മുംബൈയുടെ ആദ്യത്തെ ഡോൺ അങ്ങനെ ജന്മമെടുത്തു.

ചാലിടുന്ന ചോരപ്പുഴ

History and unknown untold stories of Mumbai underworld

കശ്മീരില്‍ അവധിക്കാലം ആഘോഷിക്കുമ്പോഴാണ് അയൂബ് ബാബ ആറുവയസു മാത്രം പ്രായമായ ആ ചുമട്ടുകാരനെ പരിചയപ്പെടുത്. മടക്കയാത്രയില്‍ അവനെയും കൂട്ടി. കശ്മീരില്‍നിന്നു കിട്ടിയവനെ എല്ലാവരും കശ്മീരി എന്നു തന്നെ വിളിച്ചു. ബാബയുടെ സംരക്ഷണയില്‍ അധോലോകത്തിന്‍റെ പടവുകള്‍ അതിവേഗം ഇറങ്ങിച്ചെന്ന ശിഷ്യന്‍ പിന്നീട് കശ്മീരി ലാലയായി. ഇതിനകം ഡോണിന്‍റെ സ്ഥാനപ്പേരായി മാറിക്കഴിഞ്ഞിരുന്നു ലാല പദവി.

അയൂബിന്‍റെ ബിസിനസുകളില്‍ 26 ശതമാനത്തോളം പങ്കുണ്ടായിരുന്നു കശ്മീരിക്ക്. മാര്‍വാഡി വ്യവസായികള്‍ക്കിടയില്‍ ഭീതിയുടെ ഇടിമുഴക്കമായി അവന്‍ പണപ്പിരിവിനിറങ്ങി. വളര്‍ത്തച്ഛന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്കു വളര്‍ന്നു. പാപ്പരായിക്കൊണ്ടിരുന്ന ബിസിനസുകാരില്‍നിന്നു വരെ അയൂബിന്‍റെ വിലക്കുകള്‍ വകവയ്ക്കാതെ പണപ്പിരിവു നടത്തി.

ഒടുവില്‍ മാര്‍വാഡികള്‍ കശ്മീരിയുടെ ശിക്ഷാവിധിയില്‍ അയൂബിന്‍റെ വിരലടയാളം പതിപ്പിച്ചു. ഒരു സിഖ് വാടകക്കൊലയാളി വധശിക്ഷ നടപ്പാക്കി. മുംബൈയുടെ ആസൂത്രിത കുറ്റകൃത്യ ചരിത്രത്തില്‍ ആദ്യത്തെ ഹൈ പ്രൊഫൈല്‍ മര്‍ഡര്‍ ആയിരുന്നു അത്.

കശ്മീരി ലാലയുടെ ചോരക്കറ തെരുവില്‍നിന്നു മായും മുന്‍പേ അയൂബ് ലാലയുടെ മടയില്‍ പൊലീസ് ബൂട്ടുകളുടെ പ്രതിധ്വനി മുഴങ്ങി. ജീവിതത്തിലാദ്യമായി ഡോൺ പൊലീസ് കസ്റ്റഡിയില്‍. ചോദ്യശരങ്ങള്‍ക്കു നടുവില്‍ അക്ഷോഭ്യനായി നിന്നെങ്കിലും, തെളിവില്ലാത്തതിനാല്‍ പരുക്കില്ലാതെ പുറത്തുവന്നെങ്കിലും, ആ അനുഭവം അയാളെ തകര്‍ത്തു കളഞ്ഞു.

അനുയായികളില്‍ ഏറ്റവും വിശ്വസ്തനായ കരിമിനെ ലാലയായി അവരോധിച്ച്, അതേദിവസം തന്നെ അയൂബ് ബാബ മുംബൈയോടു വിട പറഞ്ഞു. പശ്ചിമഘട്ടത്തിലെ റിസോര്‍ട്ട് ടൗണായ പഞ്ച്ഗനിയില്‍ പോയി സ്‌കൂള്‍ നടത്തി ജീവിച്ചു. തിരിച്ചുവിളിച്ച പഴയ സഹപ്രവര്‍ത്തകരോടെല്ലാം ഉറച്ച ശബ്ദത്തിൽ പറഞ്ഞത് ഒരേ മറുപടി- ''പൊലീസ് സ്റ്റേഷന്‍റെ പടികയറിയ ഒരുവനും ഡോൺ ആയിരിക്കാന്‍ യോഗ്യനല്ല...!''

അധോലോകത്തെ രണ്ടാം തലമുറ

കരിം ലാല, ഹാജി മസ്താൻ.

ദോംഗ്രിയിലെ തെരുവുകളില്‍ കഷായക്കുപ്പി വിറ്റു നടന്ന കരിം, അയൂബ് ലാലയുടെ അനന്തരാവകാശിയായി, കരിം ലാലയായി, കപ്പല്‍ശാലയില്‍ കൊള്ള നടത്തുന്ന സ്‌ക്വാഡുകളുടെ അധിപനായി, പുതിയ ഡോൺ ആയി.

കരിം ലാല വാഴ്ച തുടങ്ങുമ്പോല്‍ തുറമുഖത്തെ കൂലിയായിരുന്നു മസ്താന്‍ മിര്‍സ. മുംബൈയിലെ ആദ്യത്തെ സ്മഗ്ലർ ഹാജി തലാബ് ഹുസൈന്‍ കസ്റ്റംസിന്‍റെ പിടിയിലായപ്പോള്‍ കള്ളക്കടത്തിനു സഹായം തേടി അറബികളെത്തിയത് ഈ കൂലിയുടെയടുത്താണ്. ആളും അര്‍ഥവുമായപ്പോള്‍ മസ്താന്‍ മിര്‍സ, ഹാജി മസ്താനായി, മുംബൈയില്‍ പുതിയൊരു ഡോണിന്‍റെ ഉദയം.

കരിംലാലയും ഹാജി മസ്താനും ദക്ഷിണ മുംബൈയില്‍ അധോലോകം വികസിപ്പിക്കുമ്പോള്‍, വദാലയില്‍ മൂന്നാമതൊരു ഡോൺ കരുത്താര്‍ജിക്കുന്നുണ്ടായിരുന്നു, ദക്ഷിണേന്ത്യന്‍ കുടിയേറ്റക്കാര്‍ക്കൊപ്പം മുംബൈയില്‍ വന്നുപെട്ട മധുരക്കാരന്‍ വരദരാജ മുതലിയാര്‍. റെയിൽവേ വാഗണുകള്‍ കൊള്ളയടിച്ച് മുതലിയാരും പണമുണ്ടാക്കി. പില്‍ക്കാലത്ത് ഗ്യാങ്ങുകളുടെ ശക്തി പ്രകടനത്തിനു വേദിയായ ഗണേശോത്സവം ഇന്നത്തെ രീതിയില്‍ തുടങ്ങിവച്ചതും ഇയാള്‍ തന്നെയായിരുന്നു.

വരദരാജ മുതലിയാർ

കരിംലാലയുടെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന ചൂതാട്ടത്തിന്‍റെയും വ്യാജമദ്യത്തിന്‍റെയും ബിസിനസുകളിലേക്കു പിന്നീട് മുതലിയാരും കടുന്നു. ചൂതാട്ടം വന്‍ വ്യവസായമായി വളര്‍ത്തിയെടുക്കുന്നതില്‍ തന്‍റേതായ 'സംഭാവന' ഹാജി മസ്താനും നല്‍കി.

എഴുപതുകളില്‍ ജയപ്രകാശ് നാരായണന്‍റെ സ്വാധീനത്തില്‍ മസ്താനും കരിം ലാലയും മാനസാന്തരപ്പെട്ടു, അടിയന്തരാവസ്ഥക്കാലത്തു ജയിലിലും പോയി. പുറത്തു വന്ന മസ്താന്‍ സ്വയം പ്രഖ്യാപിത ദളിത് നേതാവായി, ടാക്‌സി ഡ്രൈവര്‍മാരെ സംഘടിപ്പിച്ചു, എഴുത്തും വായനയുമറിയാതെ തീപ്പൊരി പ്രാസംഗികനായി. പിന്നെ ബോളിവുഡില്‍ സിനിമ പിടിച്ചു, അവയില്‍ ഇഷ്ടക്കാരിക്കു റോളുകൾ ഉറപ്പാക്കി. രാജ് കപൂര്‍ മുതല്‍ ദിലീപ് കുമാര്‍ വരെ ബോളിവുഡിനു പ്രിയപ്പെട്ട പലരും പലതിനും മസ്താനോടു കടപ്പെട്ടവരായി. 1994ല്‍ സ്വാഭാവിക മരണം വരിക്കുകയായിരുന്നു ഹാജി മസ്താന്‍.

വൈ.സി. പവാര്‍ എന്ന പൊലീസുദ്യോഗസ്ഥന്‍റെ കരുത്തിനു മുന്നില്‍ മുട്ടു മടക്കിയ വരദരാജ മുതലിയാർ തമിഴ്‌നാട്ടിലേക്കു മടങ്ങിപ്പോയി. 1988ല്‍ 62ാം വയസില്‍ ചെന്നൈയില്‍വച്ച് അന്ത്യശ്വാസം വലിച്ചു.

കരിം ലാലയ്ക്ക് അധോലോകത്തില്‍ സമാധാനപാലകന്‍റെ ജോലി കൂടിയുണ്ടായിരുന്നു. ബിസിനസുകാര്‍ക്കിടയിലും ഭൂവുടമകള്‍ക്കിടയിലും മാത്രമല്ല, അധോലോകത്തെ യുവരാജാക്കന്മാര്‍ക്കിടയില്‍ വരെ കരിം ലാല മധ്യസ്ഥനായി. എഴുപതുകളില്‍ രൂക്ഷമായ ഗ്യാങ് വാറുകള്‍ ഒതുക്കിത്തീര്‍ത്തതും ഈ ഡോൺ തന്നെയായിരുന്നു. തൊണ്ണൂറാം വയസില്‍ മരിക്കും മുമ്പു വരെ കരിം ലാല പറഞ്ഞിരുന്നു- ''ഞങ്ങളുടെ ആ പഴയകാലം ഇനിയൊരിക്കലും തിരിച്ചു വരില്ല.''

(സ്മഗ്ലിങ്ങും അണ്ടർവേൾഡും പരസ്പരപൂരകമായി മാറിയ മുംബൈ അധോലോകത്തെ മൂന്നാം തലമുറയുടെ ഉദയത്തെക്കുറിച്ച് അടുത്ത ഭാഗത്തിൽ...)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?