History and unknown stories of Mumbai underworld AI image
Special Story

മുംബൈ അധോലോകത്തെ മൂന്നാം തലമുറ (3)

മുംബൈ അധോലോകത്തിന്‍റെ ഉത്പത്തിയിലേക്കും ചരിത്രത്തിലേക്കും അറിയാക്കഥകളിലേക്കും ഒരു തിരിഞ്ഞുനോട്ടം... ഭാഗം 3

VK SANJU

കരിം ലാലയും ഹാജി മസ്താനും വരദരാജ മുതലിയാരും അവരവരുടെ സാമ്രാജ്യങ്ങള്‍ക്ക് അതിരിട്ട്, അധോലോകത്തെ അലിഖിത നിയമങ്ങള്‍ പാലിച്ചു പോന്നു. ഭീഷണിയും കൈക്കരുത്തും, ഏറിയാലൊരു കത്തിയും മാത്രമായിരുന്നു അവരുടെ ഗ്യാങ്ങുകള്‍ക്ക് ആയുധം.

ഇതിനിടെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ കടുത്ത നിയന്ത്രണങ്ങള്‍ മുംബൈ അധോലോകത്തിന്‍റെ വികസനത്തിനു വഴി തെളിച്ചു. അവരവിടെ സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച്, സ്വന്തം നിയമം നടപ്പാക്കി, സ്വര്‍ണത്തിന്‍റെയും വിദേശവസ്തുക്കളുടെയും കള്ളക്കടത്ത് നടത്തി. സ്മഗ്ലിങ്ങും അധോലോകവും പരസ്പരപൂരകങ്ങളായി തുടർന്ന കാലം. എൺപതുകളില്‍ ടെക്‌സ്റ്റൈല്‍ മേഖലയിലുണ്ടായ തകര്‍ച്ച അണ്ടര്‍വേള്‍ഡിന്‍റെ ആള്‍ബലം കൂട്ടി.

1986ൽ കരിംലാലയുടെ മരുമകന്‍ സമദ് ഖാനെ രാമാഭായ് നായിക്ക് വെടിവച്ചു കൊന്നു. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും ഛോട്ടാ ഷക്കീലും അടക്കമുള്ള അന്നത്തെ യുവനിര ഇതോടെ മുന്നണിയിലേക്ക്. ടൈഗര്‍ മേമനും അബു സലിമും ഇവര്‍ക്കു കരുത്തു പകർന്നപ്പോള്‍, ഡി കമ്പനി മൂന്നാം തലമുറ ഗ്യാങ്ങുകളില്‍ ഏറ്റവും ശക്തമായി. ഗ്യാങ്ങുകള്‍ക്കൊപ്പം ഗ്യാങ് വാറുകളും വളർന്നു.

അധോലോകത്തിന്‍റെ ആധുനിക മുഖം

Gold smuggling made way for narcotic business after globalisation and liberalisation.

1992ലാണ് ആഗോളവത്കരണവും ഉദാരവത്കരണവും ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ഇതോടെ ഇന്ത്യൻ വിപണിയുടെ മുഖച്ഛായതന്നെ മാറി. ഇറക്കുമതി നയങ്ങൾ ഉദാരമായി. സ്വര്‍ണത്തിനു വിലയിടിഞ്ഞു. ഗോള്‍ഡ് സ്മഗ്ലിങ്ങിൽ ലാഭം കുത്തനെ ഇടിഞ്ഞു. 1992നു മുൻപു വരെ പ്രതിവര്‍ഷം ശരാശരി 198 ടൺ സ്വര്‍ണമാണ് ഇന്ത്യയിലേക്കു കള്ളക്കടത്തായി എത്തിക്കൊണ്ടിരുന്നത്. ഈ സാധ്യത ഒറ്റയടിക്ക് ഇല്ലാതായപ്പോള്‍ അധോലോക സംഘങ്ങള്‍ കൊള്ളലാഭത്തിനു മറ്റു വഴികളന്വേഷിച്ചു തുടങ്ങി. അന്ന് അതില്‍ ഏറ്റവും ലാഭകരം മയക്കു മരുന്നു കടത്തായിരുന്നു. അവിടെയായിരുന്നു നർക്കോട്ടിക് എന്ന ഡെർട്ടി ബിസിനസിന്‍റെ വളർച്ചയുടെ തുടക്കം.

അഫ്ഗാനിസ്ഥാനില്‍ ആരെയും പേടിക്കാതെ സമൃദ്ധമായി കഞ്ചാവു വളര്‍ത്താം. കറാച്ചിയില്‍ നിയമാനുസൃതമായിത്തന്നെ അതു പ്രോസസ് ചെയ്തു ഹെറോയിനാക്കാം. അന്നത്തെ കണക്കനുസരിച്ച്, രണ്ടു ലക്ഷം രൂപയുണ്ടെങ്കില്‍ പാക്കിസ്ഥാനില്‍ ഒരു കിലോഗ്രാം ഹെറോയിന്‍ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. ഇതു മുംബൈയില്‍ കൊണ്ടു വന്നു പായ്ക്ക് ചെയ്ത് യൂറോപ്യന്‍ വിപണിയിലെത്തിച്ചാല്‍ കിട്ടുന്ന വില കിലോയ്ക്ക് ഒരു കോടി രൂപ!

കറാച്ചി വരെയുള്ള മാര്‍ഗം എളുപ്പമായിരുന്നു. അവിടെനിന്നു മുംബൈയിലേക്കും പിന്നെ യുകെ, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, ഘാന, നൈജീരിയ എന്നിവിടങ്ങിലേക്കുമുള്ള സ്മഗ്ലിങ്ങായിരുന്നു വിഷമകരം. സ്വര്‍ണക്കടത്തു നടത്തിയ പരിചയസമ്പത്ത് ഹെറോയിനില്‍ ഇന്‍വെസ്റ്റ് ചെയ്ത മുംബൈ അധോലോകം ആ റിസ്‌ക് ഏറ്റെടുത്തു.

മയക്കുമരുന്നിന്‍റെ ചില്ലറ വ്യാപാരം മൊത്ത വ്യാപാരമായി വളരാന്‍ ഏറെക്കാലമൊന്നും വേണ്ടിവന്നില്ല. പുതിയ ബിസിനസ് തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതില്‍ ഡി കമ്പനിയുടെ വാര്‍ഷിക ടേണോവര്‍ 2000 കോടി രൂപ കടന്നു. പാക്കിങ് അടക്കമുള്ള കാര്യങ്ങളില്‍ എല്‍ടിടിഇ നല്‍കിയ പരിശീലനം ഏറെ സഹായകമായി. ഓറഞ്ചിനുള്ളിലും ജ്യൂസ് ക്യാനിലും സല്‍വാര്‍ കമ്മിസിന്‍റെ എംബ്രോയ്ഡറി വര്‍ക്കിലും വരെ ഹെറോയിന്‍ ഒളിച്ചു കടത്താന്‍ തമിഴ് പുലികൾ അവരെ പഠിപ്പിച്ചു.

പുലിത്തണലിലെ ആയുധക്കച്ചവടം

എല്‍ടിടിഇയും മസൂദുമായുമുള്ള ഇടപാടുകള്‍ മറ്റു ഭീകര സംഘടനകളുമായും ദാവൂദ് സംഘത്തെ അടുപ്പിച്ചു.

തമിഴ് പുലികളുടെ പ്രധാന ആയുധനിര്‍മാതാവ് കുമരന്‍ പദ്മനാഭനുമായുള്ള ബന്ധം മറ്റൊരു ഗ്യാങ്ങിനുമില്ലാത്ത ആയുധബലമാണ് ഡി കമ്പനിക്കു നേടിക്കൊടുത്തത്. തൊണ്ണൂറുകളില്‍ എകെ 56 തോക്കും ഓട്ടോമാറ്റിക് റൈഫിളും ഉപയോഗിച്ചിരുന്ന ഒരേയൊരു ഇന്ത്യന്‍ ഗ്യാങ് ഇതായിരുന്നു. എല്‍ടിടിഇയുടെ ആയുധക്കച്ചവടത്തില്‍ സഹായം നല്‍കിക്കൊണ്ടാണ് ദാവൂദ് പ്രത്യുപകാരം ചെയ്തത്. ഇവര്‍ നല്‍കുന്ന ആയുധങ്ങള്‍ ഡി കമ്പനി ഭദ്രമായി അഫ്ഗാനിസ്ഥിലെ അഹമ്മദ് ഷാ മസൂദിന് എത്തിച്ചു കൊടുത്തു.

എല്‍ടിടിഇയും മസൂദുമായുമുള്ള ഇടപാടുകള്‍ മറ്റു ഭീകര സംഘടനകളുമായും ദാവൂദ് സംഘത്തെ അടുപ്പിച്ചു. ലഷ്‌കര്‍ ഇ തോയ്ബ മുതല്‍ ബിന്‍ ലാദനും അല്‍ ക്വയ്ദയും വരെ അതിലുള്‍പ്പെടുന്നു. അവരെ പണംകൊണ്ടും ആയുധംകൊണ്ടും സഹായിച്ച് സ്വന്തം വ്യവസായങ്ങള്‍ വളര്‍ത്താന്‍ ഡി കമ്പനി പഠിച്ചു. ഇതോടെ പണപ്പിരിവും വാടകക്കൊലയും ഹവാലയും ജൂനിയര്‍ കേഡറുകളുടെ ജോലിയായി. ഇതിന്‍റെ ലാഭവും മയക്കുമരുന്നു വിപണിയിലേക്കൊഴുകി.

അധോലോകത്തെ അധികാര വികേന്ദ്രീകരണം

ഛോട്ടാ ഷക്കീൽ, അനീസ് ഇബ്രാഹിം.

മുകളറ്റം മുതല്‍ ഇടനിലക്കാരുടെ നാലു തട്ടുകള്‍ കടന്ന് അവസാന കണ്ണിയിലെത്തുന്ന തരത്തിലാണ് ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത്. അതുകൊണ്ടു തന്നെ പിടിക്കപ്പെടുന്ന നാലാംകിടക്കാരിലൂടെ നിയമത്തിന്‍റെ കൈകള്‍ മിക്കപ്പോഴും മുകളറ്റത്തേക്കു നീണ്ടില്ല. ലോകം മുഴുവന്‍ റെപ്രസന്‍റേറ്റിവുകള്‍, ഏജന്‍റുമാര്‍, സബ് ഏജന്‍റുമാര്‍... നിയമാനുസൃതമായ ഒരു എക്‌സ്‌പോര്‍ട്ട് കമ്പനി എന്നതു പോലെ സുഗമമായി ഡി കമ്പനി പ്രവര്‍ത്തനം തുടർന്നു.

ദാവൂദ് ദുബായിലേക്കു കടന്നപ്പോള്‍ മുംബൈയിലെ വ്യവസായങ്ങള്‍ നോക്കി നടത്തിയതു ഛോട്ടാ ഷക്കീൽ ആയിരുന്നു. ദാവൂദിന്‍റെ ആസ്ഥാനം കറാച്ചിയിലേക്കു മാറിയപ്പോള്‍ ദുബായ് ചുമതല അനുജന്‍ അനിസ് ഇബ്രാഹിമിനായി. പിന്നീട്, മുംബൈയെ ഒരു ഡസനോളം മേഖലകളാക്കി തിരിച്ച്, ഓരോ സ്ഥലത്തും അധോലോക മേല്‍വിലാസമില്ലാത്ത ചെറുകിട ബിസിനസുകാരെയും ടെലിഫോൺ ബൂത്ത് ഉടമകളെയും എക്‌സ്‌പോര്‍ട്ടര്‍മാരെയുമൊക്കെ അധികാരമേല്‍പ്പിച്ചു. ഇതോടെ, ദുബായില്‍ നിന്നോ കറാച്ചിയില്‍നിന്നോ നേരിട്ട് ഉത്തരവുകൾ ലഭിക്കാതെ തന്നെ ഡി കമ്പനിയിലെ ജൂനിയേഴ്‌സ് ലോക്കല്‍ ക്രൈമുകള്‍ ആസൂത്രണം ചെയ്തു തുടങ്ങി. ഇതിനായി ഉത്തര്‍പ്രദേശില്‍നിന്നു ഗൂണ്ടകളെ വാടകയ്‌ക്കെടുത്തു. വരുമാനം വിദേശത്തേക്ക് ഒഴുകാതെയുമായപ്പോള്‍ നിയമത്തിന് അപ്രാപ്യമായ അദൃശ്യ ശക്തിയായി ദാവൂദ് ഇബ്രാഹിം മാറി.

ഡോണിന്‍റെ പോര്‍ട്രെയ്റ്റ്

ഒരാളുടെ കൂറ് സമ്പാദിക്കുകയാണ് ലോകത്തേറ്റവും വിഷമം പിടിച്ച കാര്യമെന്നു ദാവൂദ് ഇബ്രാഹിം പറയും. പക്ഷേ, അക്കാര്യത്തിലും സമ്പന്നനാണീ ഡോൺ. കൂടെ നില്‍ക്കുന്നവരെ കൈവിടാത്തവനെന്ന പ്രതിച്ഛായ വളര്‍ത്തിയെടുത്തു. കൊല്ലാനും കൊല്ലിക്കാനും തയാറായി അനുയായികള്‍ ക്യൂ നിന്നു. അതിഥികള്‍ ഇരുന്ന ശേഷം മാത്രം ഭക്ഷണത്തിനിരിക്കുന്ന നല്ല ആതിഥേയനും, ചോദിക്കുന്നതിലേറെ കൊടുക്കുന്ന ഉദാരമതിയുമാണ് പലര്‍ക്കുമയാള്‍. പക്ഷേ, ധിക്കാരത്തിനും വഞ്ചനയ്ക്കും ദാവൂദിന്‍റെ കോടതിയില്‍ ശിക്ഷ ഒന്നു മാത്രം, മരണം!

സ്വിമ്മിങ് പൂളും ടെന്നിസ് കോര്‍ട്ടും സ്‌നൂക്കര്‍ റൂമും ഹൈ ടെക് ജിംനേഷ്യവുമുള്ള കൊട്ടാരത്തില്‍ ഉച്ചയോടെ ഉറക്കമുണരുന്ന രാജകീയ ജീവിതമായിരുന്നു അയാളുടേത്. നീന്തലും കുളിയും ഭക്ഷണവും കഴിഞ്ഞ് അനുചരന്മാര്‍ക്കും മാനേജര്‍മാര്‍ക്കുമൊപ്പം. റിപ്പോര്‍ട്ടുകള്‍ വാങ്ങി, ഉത്തരവുകള്‍ നല്‍കി, സുഹൃത്തുക്കളുടെ അടുത്തേക്ക്. ചിലപ്പോള്‍ അൽപ്പനേരം സ്‌നൂക്കര്‍ കളിക്കും. പിന്നെ ഡിസൈനര്‍ വസ്ത്രങ്ങളും ലക്ഷങ്ങൾ വില വരുന്ന വാച്ചും ധരിച്ച്, അത്യാഡംബര കാറില്‍ പുറത്തേക്ക്. പുലരുവോളം നീളുന്ന പാര്‍ട്ടികള്‍, ബ്ലാക്ക് ലേബലിന്‍റെയും ചൂതാട്ടത്തിന്‍റെയും മുജ്‌റയുടെയും യുവതികളുടെയും ലഹരി. വെളുക്കുവോളം നീളുന്ന ആഘോഷങ്ങൾ....

(ബോളിവുഡ് സിനിമാ ലോകത്തും ക്രിക്കറ്റ് മൈതാനങ്ങളിലും മുംബൈ അധോലോകം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി. അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ...)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?