ഗ്രൂപ്പ് ഒഫ് 20 (ജി20) രാജ്യങ്ങളുടെ വിജയകരമായ ഒത്തുചേരൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കഴിഞ്ഞയാഴ്ച സമാപിച്ചപ്പോൾ ഇന്ത്യക്കാരായ നമ്മൾക്കെല്ലാം സന്തോഷവും അഭിമാനവും തോന്നി. ലോകരാഷ്ട്രങ്ങൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന അമെരിക്ക, റഷ്യ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങളുടെ തലവൻമാർ ഡൽഹിയിൽ ഒത്തു ചേർന്നത് ചരിത്രത്തിന്റെ ഭാഗമായി. 'ഒരു രാജ്യം ഒരു കുടുംബം ഒരു ഭാവി' എന്നായിരുന്നു ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം. ലോക രാഷ്ട്രങ്ങൾക്ക് പുതിയൊരു വഴികാട്ടിയായി എന്നതു മാത്രമല്ല ജി20 യുടെ വിജയം. ഇന്ത്യയുടെ കരുത്തിന്റെയും സംഘാടന മികവിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെയും ഇത് എടുത്തു കാണിച്ചിരിക്കുന്നു.
ഈ സമ്മേളനം മൂലം ധാരാളം നേട്ടങ്ങൾ ഇന്ത്യയ്ക്കുണ്ടായി. ഇന്ത്യയിൽനിന്നു കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്നു ട്രെയ്നിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്ന ഇന്ത്യമധ്യപൂർവദേശ യൂറോപ്പ് സാമ്പത്തിക ഇടനാഴി, സ്ത്രീ ശാക്തീകരണത്തിന് പുതിയ വർക്കിങ് ഗ്രൂപ്പ്, സംഘർഷരഹിതമായ മനുഷ്യസമൂഹം എന്നീ പ്രമേയങ്ങളെല്ലാം നേട്ടങ്ങളാണ്.
കൊവിഡിന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം കുറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് കാലഘട്ടം എങ്ങിനെ ലോക ജനത അഭിമുഖീകരിച്ചു എന്നതുപോലെ തന്നെ യുദ്ധം മൂലം ഉണ്ടായിട്ടുള്ള വിള്ളലുകൾ ഇല്ലാതാക്കാൻ കഴിയണം, പ്രകൃതി ദുരന്തങ്ങളെ എല്ലാവരും ഒന്നിച്ചു നേരിടണം എന്ന പ്രമേയവും ഇന്ത്യ അവതരിപ്പിച്ചു. ഒരു കുടുംബമെന്നപോലെ, വളർച്ചയിലേക്കുള്ള പാതയിൽ നാം പരസ്പരം പിന്തുണയ്ക്കുന്നു എന്നാണ് ജി20 ഉച്ചകോടിക്ക് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
ഈ സമ്മേളനത്തിൽ ഇന്ത്യ നൽകിയ സന്ദേശം 'സബ്കാസാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ' എന്നതായിരുന്നു. ജി20 രാജ്യങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടി സ്ഥിരാംഗത്വം നൽകി ആദരിച്ചത് ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. നല്ലൊരു ഭാവിയിലേക്ക് ലോകത്തെ നയിക്കാൻ ഈ ആഗോള സംഘടനയ്ക്ക് കഴിയും എന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നു.
സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ സൈബർ സുരക്ഷയും, ക്രിപ്റ്റോ കറൻസിയുമാണ് . സാമ്പത്തിക സുസ്ഥിരതയ്ക്ക് എല്ലാ രാഷ്ട്രങ്ങളുടെയും വിശ്വാസം തേടേണ്ടതുണ്ട്. ശാസ്ത്ര പുരോഗതിക്കൊപ്പം മനുഷ്യരുടെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതാണ്. എഐ പോലുള്ള ന്യൂജനറേഷൻ സാങ്കേതികവിദ്യകൾ എല്ലാ ജനവിഭാഗങ്ങളിലും വിശ്വാസം ജനിപ്പിച്ചിട്ട് വേണം മുന്നോട്ടു പോകാൻ എന്ന് പ്രധാനമന്ത്രി പറഞ്ഞത് ശ്രദ്ധേയമായി.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എ.ബി. വാജ്പേയി, ഡോ. മൻമോഹൻ സിങ് എന്നിവരുടെ കാലഘട്ടത്തിലും ഇത്തരത്തിലുള്ള പല ഒത്തുചേരലിനും ഡൽഹി സാക്ഷിയായിട്ടുണ്ട്. ചേരിചേരാ രാജ്യങ്ങളുടെ ഒത്തുചേരലിന് നേതൃത്വം കൊടുത്ത ജവഹർലാൽ നെഹ്റുവിനെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. ജി20 സമ്മേളനം നടക്കുമ്പോൾ ഇന്ത്യയുടെ മുൻധനമന്ത്രിയും പ്രധാനമന്ത്രിയും ആയിരുന്ന ഡോ. മൻമോഹൻ സിങ് പറഞ്ഞ കാര്യം വിസ്മരിക്കരുത്. "നേട്ടങ്ങൾ കൊയ്യുമ്പോൾ അത്തരം നേട്ടങ്ങൾക്ക് തറക്കല്ലിട്ട രാഷ്ട്ര നായകന്മാരെ മറക്കരുത് "എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചന്ദ്രനിലേക്കും സൂര്യനിലേക്കും ആഴിയുടെ ആഴങ്ങളിലേക്കും വളരെ അഭിമാനത്തോടുകൂടി നാം യാത്ര ആരംഭിച്ചിരിക്കുന്നു. ഇതെല്ലാം നല്ലതു തന്നെ. എന്നാൽ 75 വർഷങ്ങൾക്കു മുമ്പ് എന്തായിരുന്നു ഇന്ത്യയുടെ സ്ഥിതി എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. അന്നത്തെ 30 കോടി ജനങ്ങൾക്കാവശ്യമായ ഭക്ഷണവും, വസ്ത്രവും, മരുന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യണമായിരുന്നു. 'കപ്പലിൽ നിന്നും അടുക്കളയിലേക്ക് ' എന്നായിരുന്നു ആകാലം അറിയപ്പെട്ടിരുന്നത്. കാലം മാറിയപ്പോൾ 133 കോടി ജനങ്ങൾക്കുള്ള ഭക്ഷണം സുഭിക്ഷമായി ലഭിക്കുന്ന വിധത്തിൽ ഇന്ത്യയുടെകാർഷികരംഗം വളർന്നു. ഈ നേട്ടങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെപ്പോലെയുള്ള രാഷ്ട്രനായകൻമാർ ആയിരുന്നു.
എന്നാൽ ഇന്നത്തെ പ്രധാനമന്ത്രിയും സർക്കാരും ജവഹർലാൽ നെഹ്റു ഉൾപ്പെടെ രാഷ്ട്ര നേതാക്കളെ ഭാരത ചരിത്രത്തിൽ നിന്നും തന്നെ തേച്ചു മായ്ച്ചു കളയാനാണ് ശ്രമിക്കുന്നത്. ഇന്ത്യയും ഭാരതവും ഒന്നുതന്നെയാണ്. ഇന്ത്യയെ മായ്ച്ച് ഭാരതത്തെ കൊണ്ടുവന്നാൽ അത് നിലനിൽക്കില്ലെന്ന കാര്യം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഇന്നത്തെ രാഷ്ട്ര നേതാക്കന്മാർ മനസ്സിലാക്കണം.
ഈ തുടച്ചുനീക്കൽ സംരംഭം തുടങ്ങിയിട്ട് കുറേ നാളുകളായി. നെഹ്റുവിന്റെ ഔദ്യോഗിക വസതി ആയിരുന്ന തീൻ മൂർത്തി ഭവൻ പരിസരത്ത് സ്ഥിതിചെയ്യുന്ന നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറി സൊസൈറ്റിയുടെയും പേരിൽ മാറ്റങ്ങൾ വരുത്തി. സൊസൈറ്റിയുടെ പേര് മാറ്റി സർക്കാർ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. കഴിഞ്ഞവർഷമാണ് മ്യൂസിയത്തിന് പ്രധാനമന്ത്രി സംഗ്രഹാലയ എന്ന പേര് നൽകിയത്. ഇവിടെ നെഹ്റുവിന്റെ മാത്രമല്ല എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവന പ്രദർശിപ്പിക്കുന്നുണ്ട്. പണ്ഡിറ്റ് ജിയുടെ പേരിലുള്ള മ്യൂസിയം തുടച്ചു മാറ്റിയതുകൊണ്ട് അദ്ദേഹത്തിന്റെ സംഭാവനകളും പതിറ്റാണ്ടുകളായി ജനഹൃദയങ്ങളിൽ നിലനിൽക്കുന്ന പണ്ഡിറ്റ്ജിയുടെ ഓർമ്മകളും ഇന്ത്യൻ ജനതയിൽ നിന്നും നീക്കാൻ ആർക്കും കഴിയില്ലയെന്ന് ഈ വിജയാഘോഷ വേളയിൽ ജോത്സ്യൻ ഓർമിപ്പിക്കുകയാണ്.
ജി20 രാജ്യങ്ങളെ വരുംകാലങ്ങളിൽ മുന്നോട്ട് നയിക്കാൻ പുതുതായി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ബ്രസീലിന് കഴിയണം. മഹാത്മാഗാന്ധിയുടെ ശവകുടീരത്തിൽ ജി20 രാജ്യങ്ങൾ ഒത്തുചേർന്നതും പുഷ്പങ്ങൾ അർപ്പിച്ചതും രാഷ്ട്രപിതാവിന്റെ പ്രിയപ്പെട്ട ഭജനകൾ കേട്ടതും ഒരു പുതിയ കാലത്തെ കുറിച്ചുള്ള ശുഭപ്രതീക്ഷ നൽകുന്നു.
ഈ സന്ദർഭത്തിൽ ജോത്സ്യന് പറയാനുള്ളത് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരം മുന്നോട്ടു കൊണ്ടുപോകാനും ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദേശങ്ങൾനടപ്പിലാക്കാനും ഇന്ത്യയുടെ അന്തസ്സ് ഒട്ടും കളയാതെഎല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം എന്നാണ്.