raeberli congress 
Special Story

സുരക്ഷിതം റായ്ബറേലി...?

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിൽ പാർട്ടിക്കു സംശയമൊന്നുമില്ല. റായ്ബറേലിയിൽ ജയിച്ചാൽ കേരളത്തിലെ മണ്ഡലം വിടുമോ എന്നതാണു സമീപദിവസങ്ങളിൽ ഉയർന്നുവന്ന ചോദ്യം

രാഹുൽ ഗാന്ധിയെ കാത്തിരുന്ന അമേഠിയിലെ കോൺഗ്രസ് പ്രവർത്തകർ നിരാശരായി. അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയിലേക്ക് രാഹുൽ മാറിയതോടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായുള്ള അമേഠിയിലെ കോൺഗ്രസ് പോരാട്ടത്തിനു ചൂടു കുറഞ്ഞിട്ടുണ്ട്. എന്നാൽ, പോരാട്ടം തണുത്തുപോകാതിരിക്കാൻ പ്രിയങ്ക ഗാന്ധി അമേഠിയിലെ പ്രചാരണത്തിന്‍റെ ചുക്കാൻ പിടിച്ചു രംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർഥി കെ.എൽ. ശർമ നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തനാണ്. സ്ഥാനാർഥി ശർമയാണെങ്കിലും തന്‍റെ അഭിമാന പ്രശ്നമായി പ്രിയങ്ക അമേഠിയെ എടുത്തിരിക്കുന്നു എന്നാണു റിപ്പോർട്ടുകൾ. തന്‍റെ എതിരാളി പ്രിയങ്ക ഗാന്ധി വാധ്രയാണെന്നാണ് സിറ്റിങ് എംപി കൂടിയായ സ്മൃതി ഇറാനി പറയുന്നതും. തൊട്ടടുത്തുള്ള റായ്ബറേലിയിലും കോൺഗ്രസ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നതു പ്രിയങ്ക തന്നെയാണ്. ഈ മാസം 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. പ്രചാരണം അതിന്‍റെ അവസാന ദിവസങ്ങളിലേക്കു കടന്നുകഴിഞ്ഞു എന്നർഥം.

ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. 80 മണ്ഡലങ്ങളുള്ള യുപിയിൽ ഇപ്പോൾ പാർട്ടിയുടെ കൈവശമുള്ളത് റായ്ബറേലി മാത്രം. അമേഠി തിരിച്ചുപിടിക്കാൻ രാഹുലോ പ്രിയങ്കയോ തന്നെ മത്സരിക്കണമെന്നാണ് അവിടുത്തെ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്. പത്രിക സമർപ്പിക്കുന്നതിനുള്ള സമയത്തിന്‍റെ അവസാന നിമിഷം വരെ ഈ രണ്ടു മണ്ഡലങ്ങളുടെയും സ്ഥാനാർഥികൾ ആരെന്നതു രഹസ്യമാക്കി വയ്ക്കുകയാണു പാർട്ടി ചെയ്തത്. രാഹുലിനു കൂടുതൽ സുരക്ഷിതം റായ്ബറേലിയാണ് എന്നു കോൺഗ്രസും നെഹ്റു കുടുംബവും നേരത്തേ തീരുമാനിച്ചിരുന്നു എന്നുവേണം ധരിക്കാൻ. എന്തായാലും റായ്ബറേലി ഒരിക്കൽക്കൂടി നെഹ്റു കുടുംബത്തെ ആശീർവദിക്കുമോ എന്നതു പോലെ അമേഠി തിരിച്ചുപിടിക്കുമോ എന്നതും യുപി കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിൽ പാർട്ടിക്കു സംശയമൊന്നുമില്ല. റായ്ബറേലിയിൽ ജയിച്ചാൽ കേരളത്തിലെ മണ്ഡലം വിടുമോ എന്നതാണു സമീപദിവസങ്ങളിൽ ഉയർന്നുവന്ന ചോദ്യം. കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റ് നിലനിർത്താനേ അദ്ദേഹം തയാറാവൂ എന്നു കരുതുന്നവർ ഏറെയാണ്. 1980ലെ തെരഞ്ഞെടുപ്പിൽ രണ്ടിടത്തു മത്സരിച്ചു ജയിച്ച ഇന്ദിര ഗാന്ധി റായ്ബറേലി ഒഴിഞ്ഞ് ആന്ധ്രയിലെ മേഡക്ക് മണ്ഡലം നിലനിർത്തിയ ചരിത്രമുണ്ട്. 1999ൽ രണ്ടു സീറ്റിൽ മത്സരിച്ച സോണിയ ഗാന്ധി കർണാടകയിലെ ബെല്ലാരി ഒഴിഞ്ഞ് അമേഠി നിലനിർത്തിയ ചരിത്രവുമുണ്ട്. അമ്മയുടെ മാർഗം സ്വീകരിച്ച് യുപിയിലെ സീറ്റ് നിലനിർത്താനാണ് രാഹുൽ തയാറാവുന്നതെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പും ആവശ്യമായി വരും. റായ്ബറേലിയിൽ തോൽവിയാണു ഫലമെങ്കിൽ അതു യുപിയിലെ കോൺഗ്രസിന്‍റെ ശേഷിച്ച അടിത്തറ കൂടി ഇളകിപ്പോയി എന്നു തെളിയിക്കുന്നതുമാവും. ദേശീയ തലത്തിൽ ശക്തമായ തിരിച്ചുവരവു നടത്തണമെങ്കിൽ യുപിയിൽ കാലുറപ്പിച്ചേ കഴിയൂ. അതിന് കോൺഗ്രസിന് ഇനിയെന്നു സാധിക്കുമെന്നത് ഓരോ കോൺഗ്രസുകാരനും നിരാശയോടെ ചോദിക്കുന്നതാണ്.

റായ്ബറേലിയുമായുള്ള നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ ബന്ധം 1952ൽ തുടങ്ങുന്നതാണ്. 1952ലും 57ലും ഫിറോസ് ഗാന്ധി ഈ മണ്ഡലത്തിന്‍റെ എംപിയായിരുന്നു. 1967ലാണ് ഇന്ദിര ഗാന്ധി ആദ്യമായി ഈ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്നത്. അതിനു മുൻപ് രാജ്യസഭാംഗമായിരുന്നു അവർ. 55 ശതമാനത്തിലേറെ വോട്ടു നേടിയാണ് അന്നത്തെ പ്രധാനമന്ത്രി തന്‍റെ ആദ്യ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെത്തിയത്. 1971ൽ അതിലും മികച്ചതായിരുന്നു ഇന്ദിരയുടെ വിജയം. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്എസ്പി) സ്ഥാനാർഥിയായിരുന്ന രാജ് നാരായണെ ഒരു ലക്ഷത്തിലേറെ വോട്ടിനു തോൽപ്പിച്ചപ്പോൾ 66 ശതമാനം വോട്ടും ഇന്ദിരയ്ക്കു ലഭിച്ചിരുന്നു. എന്നാൽ, ഈ വിജയത്തെ രാജ് നാരായൺ അലഹാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. സർക്കാർ സംവിധാനങ്ങൾ പ്രധാനമന്ത്രി ദുരുപയോഗിച്ചു എന്നതായിരുന്നു ആരോപണം. ഈ ഹർജിയിൽ ഇന്ദിര കുറ്റക്കാരിയെന്നു കണ്ടെത്തിയ അലഹാബാദ് ഹൈക്കോടതി രാജ് നാരായണെ വിജയിയായി പ്രഖ്യാപിച്ചത് 1975 ജൂണിലാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതിനു ശേഷം 1977ലെ തെരഞ്ഞെടുപ്പിൽ രാജ് നാരായൺ റായ്ബറേലിയിൽ ഇന്ദിരയെ തോൽപ്പിക്കുന്നത് 55,000ൽ ഏറെ വോട്ടുകൾക്കാണ്. റായ്ബറേലിയിലെ ആദ്യ കോൺഗ്രസിതര എംപിയാണ് ജനതാ പാർട്ടി സർക്കാരിൽ മന്ത്രിയായ രാജ് നാരായൺ.

1980ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിക്കു പുറമേ ആന്ധ്രപ്രദേശിലെ (ഇന്നു തെലങ്കാനയിൽ) മേഡക്കിലും ഇന്ദിര മത്സരിച്ചത് വിജയം നൂറു ശതമാനവും ഉറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ഇന്ദിരയുടെ മത്സരം വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റായി ആന്ധ്രയെ പൊതിഞ്ഞു. സംയുക്ത ആന്ധ്രയിലെ 42ൽ 41 സീറ്റുകളിലും കോൺഗ്രസിനായിരുന്നു വിജയം. കോൺഗ്രസിന്‍റെ തിരിച്ചുവരവിനു തന്നെ ഇതു വലിയ സഹായമായി. ഈ സാഹചര്യത്തിലാണ് ഇന്ദിര റായ്ബറേലി ഒഴിഞ്ഞത്. ഉപതെരഞ്ഞെടുപ്പിൽ അരുൺ നെഹ്റുവായിരുന്നു വിജയിച്ചത്. 1984ലും അരുൺ നെഹ്റു തന്നെ വിജയിയായി. 1989ലും 91ലും കോൺഗ്രസ് നേതാവ് ഷീല കൗൾ മണ്ഡലം പാർട്ടിക്കു വേണ്ടി നിലനിർത്തി. കമല നെഹ്റുവിന്‍റെ സഹോദരൻ കൈലാസ് നാഥ് കൗളിന്‍റെ ഭാര്യയാണു പല തവണ കേന്ദ്ര മന്ത്രിയും ഹിമാചൽ ഗവർണറുമായിട്ടുള്ള ഷീല. നെഹ്റു കുടുംബത്തിന്‍റെ ഈ പ്രസ്റ്റീജ് മണ്ഡലം ആദ്യമായി ബിജെപി നേടുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ്- 1996ൽ. അന്ന് അശോക് സിങ് 1.6 ലക്ഷം വോട്ടുകൾക്ക് വിജയിയായപ്പോൾ കോൺഗ്രസ് നാലാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഷീലയുടെ മകൻ വിക്രം കൗൾ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 1998ലും അശോക് സിങ് മണ്ഡലം നിലനിർത്തി. ഷീലയുടെ മകൾ ദീപ കൗൾ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് നാലാം സ്ഥാനത്തായി.

1998ൽ കോൺഗ്രസ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത സോണിയ ഗാന്ധി 1999ൽ റായ്ബറേലിയിൽ സ്ഥാനാർഥിയാക്കിയത് രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന സതീശ് ശർമയെ. അമേഠിയിൽ നിന്നു സോണിയയും പാർലമെന്‍റിലെത്തി. 2004ൽ റായ്ബറേലിയിലേക്കു മാറിയ സോണിയ പിന്നീട് ആർക്കും ഈ മണ്ഡലം വിട്ടുകൊടുത്തിട്ടില്ല. നെഹ്റു കുടുംബവും റായ്ബറേലിയും തമ്മിലുള്ള ദീർഘകാല ബന്ധം ഈ ചരിത്രത്തിൽ വ്യക്തമാണ്. ഉത്തരേന്ത്യയിലെ ബിജെപി ആധിപത്യം ഒരിക്കലും സോണിയയുടെ വിജയത്തെ ബാധിച്ചിട്ടില്ല. 2014ൽ ബിജെപി സ്ഥാനാർഥിയെ 3.5 ലക്ഷത്തിലേറെ വോട്ടിനാണു സോണിയ പരാജയപ്പെടുത്തിയത്. 2019ൽ ബിജെപി നേതാവ് ദിനേശ് സിങ്ങിനെ 1.67 ലക്ഷം വോട്ടുകൾക്കും തോൽപ്പിച്ചു. 2018 വരെ കോൺഗ്രസ് നേതാവായിരുന്നു ദിനേശ് സിങ്. ഇക്കുറി രാഹുൽ ഗാന്ധിയെ നേരിടുന്നതും ഇദ്ദേഹം തന്നെയാണ്.

1977ൽ ജനതാ പാർട്ടിയും 1998ലും 2019ലും ബിജെപിയും ജയിച്ച ചരിത്രമുണ്ട് അമേഠിക്ക്. 1999ൽ സോണിയയ്ക്കു ശേഷം 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയെ ജയിച്ചിച്ച മണ്ഡലത്തിൽ നെഹ്റു കുടുംബത്തിൽ നിന്ന് സഞ്ജയ് ഗാന്ധി മത്സരിച്ചത് 1980ലാണ്. ആ വർഷം തന്നെ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് രാജീവ് ഗാന്ധി രാഷ്‌ട്രീയത്തിലെത്തുന്നതും അമേഠിയിൽ നിന്നു തെരഞ്ഞെുക്കപ്പെടുന്നതും. 1991ൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൊല്ലപ്പെടുന്നതുവരെ അമേഠിയുടെ എംപിയായിരുന്നു രാജീവ്. വർഷങ്ങളായി അമേഠിയിലും റായ്ബറേലിയിലും നെഹ്റു-ഗാന്ധി കുടുംബത്തിനായി പാർട്ടി കാര്യങ്ങൾ നോക്കുന്ന നേതാവാണു കിഷോരി ലാൽ ശർമ. അമേഠിയിൽ ശർമയ്ക്കുള്ള സ്വാധീനം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ അദ്ദേഹത്തിനു ഗുണം ചെയ്യുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

റായ്ബറേലിയിലെക്കാൾ കനത്ത പോരാട്ടം നടക്കുന്നത് അമേഠിയിലാണെന്നു രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ അഞ്ചിൽ നാലു നിയമസഭാ മണ്ഡലങ്ങളും നേടിയതു സമാജ് വാദി പാർട്ടിയാണ്. ഒരിടത്ത് ബിജെപിയും ജയിച്ചു. സമാജ് വാദി പാർട്ടിയുടെ പിന്തുണ കോൺഗ്രസിനായതിനാൽ രാഹുലിനു ഭീഷണിയുണ്ടാവില്ലെന്നാണ് "ഇന്ത്യ' സഖ്യം പൊതുവിൽ കരുതുന്നത്. അമേഠിയിലെ നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും ബിജെപിയുടെ കൈവശമാണ്, എസ്പി ജയിച്ചതു രണ്ടിടത്ത്. രാഹുൽ അമേഠിയിൽ മത്സരിച്ചാൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. അതു മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കും. അത്തരമൊരു സാഹസത്തിന്‍റെ ആവശ്യമില്ലെന്നു പല നേതാക്കളും രാഹുലിനെ അറിയിച്ചത്രേ. പ്രതിപക്ഷത്തിന്‍റെ വിശാല താത്പര്യം കൂടി കണക്കിലെടുത്തുള്ള തന്ത്രപരമായ തീരുമാനമാണ് റായ്ബറേലി തെരഞ്ഞെടുത്തതിൽ ഉണ്ടായതെന്നാണ് ഈ നിലപാട് വിശദീകരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?