"വിശക്കുന്ന ജലം' അഥവാ "ഹംഗ്രി വാട്ടർ' എന്നു വിളിക്കുന്ന പ്രതിഭാസമാവണം വയനാട്ടിലെ ഉരുൾപൊട്ടൽ ഇത്രയും രൂക്ഷമാക്കിയതെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ഹൈഡ്രോളജി വിഭാഗം മുൻമേധാവി ഡോ. ഡി. പദ്മലാൽ.
അതിതീവ്രമഴയിൽ കുന്നിൻ ചെരിവുകളിലെ ദുർബലമായ മണ്ണിൽ അളവിൽ കവിഞ്ഞ വിധത്തിൽ കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്‍റെ വർധിച്ച മർദത്താൽ ഉയർന്ന പ്രദേശങ്ങളിലെ പാറയും മണ്ണും മരങ്ങളും ഭൂമിയുടെ ഗുരുത്വാകർഷണത്താൽ താഴ്വാരങ്ങളിലേക്ക് നൊടിയിടെ ഒഴുകിയെത്തുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഇങ്ങനെ കുത്തിയൊലിച്ചുവരുന്ന വഴിയിലെ കെട്ടിടങ്ങളായാലും മരങ്ങളായാലും പാറയായാലും തച്ചുതകർത്തുകൊണ്ടാണ് മണ്ണും മരവും പാറയും കലർന്ന "ഫ്ലൂയിഡൈസ്ഡ് സോയിൽ' "അമ്മനദി'യിലെത്തി ലയിക്കുന്നത്. ചാലിയാർ എന്ന "അമ്മനദി'യുടെ കാര്യം എടുക്കുമ്പോൾ ആ നദിയിലേയ്ക്ക് ഇവ ഒഴുകിയെത്താനുള്ള ചെറുകൈവഴികൾ നികത്തി കെട്ടിടം പണിത ഇടങ്ങളിലാവും അപകടസാധ്യത ഏറിയത്. ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടിയ വയനാട്ടിലെ സ്ഥലങ്ങളിലും ചാലിയാറിന്‍റെ കൈവഴികളുടെ പല ആദ്യ കൈവഴികളും നികത്തപ്പെട്ടിട്ടുണ്ടാകാം.
ഉരുൾപൊട്ടൽ മേഖലയിലല്ല നാശമുണ്ടായതെന്നാണ് പറയുന്നത്. അതിന്‍റെ വിവരങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഉരുൾ പൊട്ടലിന്‍റെ തുടക്കം വനമേഖലയിലാവാം. അവിടെനിന്നും ഉരുത്തിരിയുന്ന ചെളി മണ്ണും പാറയും മരങ്ങളും താഴേക്കൊഴുകുമ്പോൾ ആ വഴികളിലെ കെട്ടിട സമുച്ചയങ്ങൾ ഈ ഒഴുക്കിന് തടസമുണ്ടാക്കും. അപ്പോൾ, ഉരുൾപൊട്ടലിലൂടെ കൊണ്ടുവരുന്ന മരവും മണ്ണും പാറയും ഉൾപ്പെടുന്ന "ലോഡ്' ആ തടസമേഖലയിൽ നിക്ഷേപിക്കും. വലിയൊരു ഭാരമായി പോവുന്ന ആളിന്‍റെ തലയിൽനിന്ന് അത് മാറ്റിയാൽ അയാൾക്ക് കൂടുതൽ വേഗത്തിൽ പോകാൻ ഊർജം ലഭിക്കുന്നതുപോലെ ഈ "ലോഡ്' ചുമന്നുകൊണ്ടുവന്ന വെള്ളത്തിന് ഭാരം അവിടെ "നഷ്ടപ്പെട്ട' സാഹചര്യത്തിൽ വർധിതോർജത്തോടെ കുതിച്ചൊഴുകാൻ പ്രേരണയാവുന്നു. ഇത്തരം അതീവ ഊർജം പേറുന്ന കലക്കവെള്ളത്തെയാണ് "വിശക്കുന്ന വെള്ളം' എന്ന് ഭൗമശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ അതീവശക്തിയുള്ള വെള്ളം തുടർന്ന് ഒഴുകുന്ന ഇടങ്ങളിലെ കെട്ടിടങ്ങളും കൽക്കെട്ടും ഉൾപ്പെടെയുള്ള മനുഷ്യനിർമിതികളെയും തടസങ്ങളെയും തച്ചുതകർക്കും. ഇങ്ങനെ ഓരോയിടത്തെയും "ലോഡി'നെ അടുത്തയിടത്ത് നിക്ഷേപിക്കുന്നതോടെ "വിശക്കുന്ന' ജലം അവിടെനിന്ന് "വിശപ്പകറ്റാനുള്ള' വീടും മരങ്ങളും മറ്റും കണ്ടെത്തി അതീവ ശക്തിയോടെ അടുത്ത ഇടത്തേയ്ക്ക് ഒഴുകുകയാണ്. ഈ പ്രതിഭാസം പലതവണ നടക്കുമ്പോൾ നാശത്തിന്‍റെ വ്യാപ്തി വലുതാവുന്നു.
നദികളിലും സമാന പ്രതിഭാസമുണ്ട്. മണ്ണെടുപ്പ് മൂലമുള്ള കുഴികളിലാണ് നദികളിൽ ഇത്തരം ഒഴുക്കുകൊണ്ടുവരുന്ന ലോഡ് നിക്ഷേപിക്കുക. അതുകഴിഞ്ഞ് അതീവ ശക്തിയോടെ വരുന്ന വെള്ളം പാലങ്ങളുൾപ്പെടെയുള്ളവയെ തകർത്തൊഴുകും. ചിലപ്പോൾ പാലം അപ്പോൾ തകരണമെന്നില്ല, അതിന്‍റെ തൂണിന്‍റെ അടിത്തട്ടിലെ കെട്ട് എടുത്തുകൊണ്ടുപോയാൽ കുറച്ചുകഴിഞ്ഞാവും നാശമുണ്ടാവുക. അങ്ങനെയാവുമ്പോൾ,പലപ്പോഴും പാലം അപകടത്തിലാകാനുള്ള യഥാർഥ കാരണം വിലയിരുത്തപ്പെടാതെ പോവുന്നു.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് മലയിലും കടലിലുമാണ്. കേരളത്തിന്‍റെ രണ്ട് അതിരുകൾ അറബിക്കടലും പശ്ചിമഘട്ടമലനിരകളുമാണ്. ഇതുതമ്മിലുള്ള അകലം കേവലം ശരാശരി 40 കിലോമീറ്ററോളമാണ്. അതുകൊണ്ടുതന്നെ കടലിലെയും മലയിലെയും പ്രത്യാഘാതങ്ങൾ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് ഇടനാടായ കേരളത്തിലാണെന്ന് ഡോ. പദ്മലാൽ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രദേശങ്ങളിൽ അപക്ഷയം മൂലം പാറപൊടിഞ്ഞ് മണ്ണുണ്ടായി അത് താഴ്വരയിലെത്തി നദികളിലൂടെ കടലിൽ ചേരുക എന്നത് പ്രകൃതി നിയമമാണ്. കടലുകളിൽ ഇങ്ങനെ അടുക്കുകളായി വീഴുന്ന മണ്ണ് ക്രമേണ ഉയരുകയും അത് കാലം കടക്കുമ്പോൾ പർവതമായി മാറും. അതൊരു ചാക്രിക പ്രതിഭാസമാണ്. ഈ നിരന്തര പ്രവർത്തനമാണ് ഭൂമിയെ ചലിപ്പിക്കുന്നത്. അതിനെ തടയാൻ നമുക്കാവില്ല.
അപ്പോൾ, ഈ പ്രതിഭാസങ്ങളെ മുൻനിർത്തിയാവണം നമ്മുടെ വികസന പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങളും രൂപപ്പെടുത്തേണ്ടത്. ഉരുൾപൊട്ടൽ തടയാനൊന്നും കഴിയില്ല. ആ ഭൗമപ്രതിഭാസങ്ങൾ ഉണ്ടായേ മതിയാവൂ. അതുമായി എങ്ങനെ ഇണങ്ങി ജീവിക്കാമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്.
കേരളം മൺസൂണിന്‍റെ കവാടമാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും മഴ പെയ്ത്താരംഭിക്കുന്നത് കേരളത്തിൽനിന്നാണ്. എവിടെയാണോ മലനിരകളിലെ പ്രധാന ഭാഗം അവിടെ വർധിച്ചതോതിൽ മഴ പെയ്യുന്നു. അത്തരം മഴയുടെ കേന്ദ്രമെന്നു പറയാവുന്ന രണ്ടിടങ്ങളിലൊന്ന് ഇടുക്കിയാണ്,അടുത്തത് വയനാട്. വയനാട് പീഠഭൂമിയിൽ മേഘങ്ങൾ ഘനീഭവിച്ച് മഴയായി ചൊരിയും. ഇടുക്കി പീരുമേട് പീഠഭൂമിയിൽ പെയ്യുന്ന മഴ അച്ചൻകോവിൽ, പമ്പ, മണിമല, മീനിച്ചിൽ, മൂവാറ്റുപുഴ, പെരിയാർ നദികളാണ് ഇത് കടലിലേക്ക് കൊണ്ടുപോവുന്നത്. വായനാട് പീഠഭൂമിയിലെ വെള്ളം ചാലിയാർ ഉൾപ്പെടെയുള്ള നദികളിലൂടെ കടലിലെത്തുന്നു. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിനുശേഷം മേഘവിസ്ഫോടനം കൂടുതലാണ്. അതുമൂലം ചെറുമഴകളല്ല ഇപ്പോൾ പെയ്യുന്നത്. മലമടക്കുകളിൽ കോട്ടപോലെ നിൽക്കുന്ന പ്രദേശങ്ങളിലാണെങ്കിൽ (കഴിഞ്ഞ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടി അങ്ങനെയുള്ള പ്രദേശമാണ്) പെട്ടെന്ന് ഒരുമിച്ച് വൻതോതിൽ വെള്ളം കുതിച്ചെത്തും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറുന്നത് ഇങ്ങനെയൊക്കെയാണ്.
മഴയും ഉരുൾപൊട്ടലും മാത്രമല്ല പ്രശ്നങ്ങളെന്ന് ഡോ. പദ്മലാൽ വ്യക്തമാക്കുന്നു. ഈ മേഖലയിൽ ഖനനപ്രവർത്തനങ്ങളുണ്ടെങ്കിൽ അവിടത്തെ മണ്ണിന്‍റെ പാളികൾ ഇളകിയിരിക്കുകയാവും. ഇതെല്ലാംകൊണ്ട് വെള്ളം താഴോട്ടൊഴുകും. ഒഴുകിക്കഴിഞ്ഞാൽ മണ്ണും പാറയും കലങ്ങി ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഭൂഗുരുത്വബലത്താൽ താഴോട്ടുവരും. അതിശക്തമായി ഇവ താഴോട്ടുവരുമ്പോൾ താഴ്വാരങ്ങളിലെ ഉരുൾപൊട്ടൽ മേഖലയല്ലെങ്കിലും മലയിടുക്കുകൾപോലുമുള്ള സ്ഥലമുണ്ടാവും. "മൗണ്ടൻ ബ്ളോക് റീചാർജ്'എന്നൊരു പ്രതിഭാസമുണ്ട്. മലകൾ കുടിനീർ സംഭരണികളുമാണ്. വെള്ളത്തിനെ മലകൾക്ക് സൂക്ഷിച്ചുവയ്ക്കാനാവുന്നതിനാലാണിത്. ഈ മലകളിൽ വിള്ളലുകളുണ്ടാവും. ഈ വിള്ളലുകളിൽനിന്നാണ് ഭൂഗർഭജലം എടുക്കുക. താഴ്വാരങ്ങളിലേക്ക് ഈ വിള്ളലിലൂടെ വെള്ളം ഒഴുകി അവിടങ്ങളിലെ കുടിവെള്ള സ്രോതസുകളെ പോഷിപ്പിക്കുന്നുമുണ്ട്. മഴ അതിശക്തമായി പെയ്താൽ "മൗണ്ടൻ ബ്ളോക് റീചാർജ്'മുഖേനയുള്ള അതിശക്തമായ ഒഴുക്കും മർദ്ദവും താഴോട്ടുണ്ടാവും. അതിനാൽ, ഇവിടൊക്കെ നീരൊഴുക്കിന്എപ്പോഴും സൗകര്യമുണ്ടാവണം. മലമുകളിലെ റോഡുകളൊക്കെ നിർമിക്കുമ്പോൾ അതിനുള്ള ക്രമീകരണങ്ങളുണ്ടാവും. മർദം കൂടുതൽ വന്നാൽ പുറത്തുപോവുന്നതിനാണത്. ജലം കൂടുതൽ വന്നാൽ ഇതിലൂടെ ഒഴുകിപ്പോവും. അതുപോലെ പ്രകൃതിയിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ ഒഴുകിമാറുന്ന ചെറിയ കൈവഴികൾ കാണും. ഇതിനെ "ഫസ്റ്റ് ഓർഡർ ചാനലുകൾ' എന്നാണ് പറയുന്നത്. ഇതെല്ലാം മിക്കവാറും മലഞ്ചെരിവുകളിലായിരിക്കും. ഇവയൊക്കെ നികത്തി നിർമാണങ്ങൾ നടത്തുമ്പോൾ ദുരന്തത്തെ വിളിച്ചുവരുത്തുകയാണെന്ന് ഡോ. പദ്മലാൽ ഓർമിപ്പിക്കുന്നു.
കേരളത്തിലെ നദികളിൽനിന്നുള്ള അശാസ്ത്രീയമായ മണലൂറ്റൽ ഉളവാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, കേരളത്തിലെ കായലുകളുടെയും തീരപ്രദേശങ്ങളുടെയും ഉല്പത്തി പരിണാമങ്ങൾ,പാറ - മണ്ണ് -കളിമൺ ഖനനം മൂലമുള്ള പാരിസ്ഥിതി പ്രശ്നങ്ങൾ,ജലമലിനീകരണം എന്നിവയെപ്പറ്റി ആധികാരിക പഠനം നടത്തിയ ഇദ്ദേഹം കേന്ദ്ര,കേരള സർക്കാരുകളുടെ വിവിധ വിദഗ്ധ സമിതികളിൽ അംഗമായിരുന്നു. ആഗോള ഗവേഷണ പുസ്തക പ്രസാധകരായ "സ്പ്രിംഗർ' പ്രസിദ്ധീകരിച്ച "സാന്‍റ് മൈനിംഗ്','എൽസിവിയർ' പ്രസിദ്ധീകരിച്ച "ഹോളോസീൻ കല്പത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ' എന്നീ പുസ്തകങ്ങൾ രചിച്ചതും ഭൗമശാസ്ത്രജ്ഞനായ ഡോ. പദ്മലാലാണ്. 30 വർഷത്തെ സേവനത്തിനുശേഷം മെയ് 31നാണ് ഇദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. അതായത്, ഇതേപ്പറ്റി ആധികാരികമായി പറയാൻ ശേഷിയുള്ള ആൾ.
ദുരന്തം നടന്നാൽ വളരെ കൃത്യമായി കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കുന്നു. ആ സമയത്ത്, അങ്ങനെ തന്നെയാണ് വേണ്ടത്. പക്ഷെ, ദുരന്തം ഉണ്ടാവാതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങളിൽ നമ്മൾ വലിയ പരാജയമാണ്. അതുകൊണ്ടുതന്നെ ഇവിടെയൊക്കെ ഇന്നും നാളെയും മറ്റെന്നാളും വരും വർഷങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാവും. അടുത്തൊരു പ്രളയമുണ്ടാവുന്നതും ഈ മേഖലകളിൽതന്നെയാവും. അപ്പോഴും ദുരിതാശ്വാസവും പുനരധിവാസവും ഏറ്റവും മെച്ചപ്പെട്ട നിലയിൽ നിർവഹിക്കാൻ നമ്മളെല്ലാ പേരും കൈമെയ് മറന്ന് ഒറ്റക്കെട്ടാവും. അതങ്ങനെതന്നെ വേണം. പക്ഷെ, ദുരന്തത്തിന് മുമ്പ് ചെയ്യേണ്ടതിന് ആര് മുൻകൈ എടുക്കും? അത് ഇനിയും ഇങ്ങനെ മതിയോ?