ആയുഷ്മാൻ ഭാരത്: ആരോഗ്യ പരിപാലന യാത്രയിലെ നാഴികക്കല്ല് 
Special Story

ആയുഷ്മാൻ ഭാരത്: ആരോഗ്യ പരിപാലന യാത്രയിലെ നാഴികക്കല്ല്

ജഗത് പ്രകാശ് നഡ്ഡ

(കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി)

ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (എബി- പിഎംജെഎവൈ) ആറാം വാര്‍ഷികം നാം ആഘോഷിക്കുമ്പോള്‍, അത് അഭിമാനത്തിന്‍റെയും വിചിന്തനത്തിന്‍റെയും നിമിഷം കൂടിയാണ്. 2018 സെപ്റ്റംബറില്‍ ആരംഭിച്ച എബി- പിഎംജെഎവൈ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സംരംഭങ്ങളിലൊന്നായി വളര്‍ന്നു. എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് ഏറ്റവും കരുതല്‍ വേണ്ടവര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനുള്ള ഈ ഗവണ്മെന്‍റിന്‍റെ പ്രതിബദ്ധതയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

6 വര്‍ഷത്തിനിടെ, ഈ അഭിലാഷ പദ്ധതി ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ചു. പ്രത്യാശയും രോഗശാന്തിയും ജീവരക്ഷയ്ക്ക് ഇടയാക്കുന്ന ചികിത്സയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്ന പൊതു ലക്ഷ്യവുമായി രാജ്യം ഒന്നിക്കുമ്പോള്‍ എന്തുനേടാനാകും എന്നതിനു തെളിവാണ് ജന്‍ ആരോഗ്യ യോജനയുടെ യാത്ര.

ആരോഗ്യ പരിരക്ഷാ ലഭ്യതയുടെ പരിവര്‍ത്തനം

ആയുഷ്മാന്‍ ഭാരതിന്‍റെ കാതലായ ദൗത്യം ലളിതവും എന്നാല്‍ ഗഹനവുമാണ്: ഒരു പൗരനു പോലും സാമ്പത്തിക സ്ഥിതി കാരണം ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കല്‍. ദ്വിതീയ- തൃതീയ ആശുപത്രി പരിചരണത്തിനായി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വാര്‍ഷിക പരിരക്ഷയുള്ള പിഎം- ജന്‍ ആരോഗ്യ യോജന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും മികച്ച ചില ആശുപത്രികളില്‍ ഗുണനിലവാരമുള്ള വൈദ്യസഹായം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

70 വയസും അതിനു മുകളിലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക- സാമ്പത്തിക നില പരിഗണിക്കാതെ തന്നെ യോജനയുടെ ആനുകൂല്യങ്ങള്‍ വിപുലീകരിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സമീപകാല തീരുമാനം, നമ്മുടെ രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ സാഹചര്യം കണക്കിലെടുത്തുള്ള സൂക്ഷ്മമായ നടപടിയാണ്. നേരത്തെ, നമ്മുടെ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരുടെ (അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ -ആശ, അങ്കണവാടി ജീവനക്കാര്‍, അങ്കണവാടി സഹായികള്‍) കുടുംബങ്ങളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നത്തെ കണക്കനുസരിച്ച്, 55 കോടിയിലധികം പേര്‍ ഈ പദ്ധതിക്ക് കീഴില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് അര്‍ഹരാണ്. കൂടാതെ ഒരുലക്ഷം കോടിയിലധികം രൂപയുടെ 7.5 കോടിയിലധികം ചികിത്സകളും നല്‍കി. ഇത് ശ്രദ്ധേയമായ നേട്ടമാണ്.

ഒരുകാലത്ത് വിനാശകരമായ ആരോഗ്യ ചെലവുകള്‍ കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ അത്തരം പ്രതിസന്ധികളില്‍ നിന്ന് അവരെ സംരക്ഷിക്കുന്ന സാമ്പത്തിക കവചമുണ്ട്. വിനാശകരമായ ആരോഗ്യച്ചെലവുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ജീവനാഡിയാണ്. ഗുണഭോക്താക്കളില്‍ (കര്‍ഷകര്‍ മുതല്‍ ദിവസവേതന തൊഴിലാളികള്‍ വരെ) നിന്നുള്ള സാക്ഷ്യപത്രങ്ങള്‍ ധാരാളമുണ്ട്. പദ്ധതി അവരെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ആ അർഥത്തില്‍, ആയുഷ്മാന്‍ ഭാരത് അതിന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റിയിരിക്കുന്നു.

ഹൃദയ ബപൈാസ്, സന്ധി മാറ്റിവയ്ക്കല്‍ തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ മുതല്‍ അര്‍ബുദം, വൃക്കരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ വരെ 1,900ലധികം ചികിത്സാ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സമഗ്രമാണ് ഈ പദ്ധതിയുടെ വ്യാപ്തി. മുമ്പ് പലര്‍ക്കും അപ്രാപ്യമെന്നു തോന്നിയ ചികിത്സകളാണിവ. എന്നാല്‍ പിഎം- ജന്‍ ആരോഗ്യ യോജനഅവ പ്രാപ്യമാക്കി; ഏവര്‍ക്കും താങ്ങാവുന്നതാക്കി; ഏവര്‍ക്കും ലഭ്യമാക്കി.

ശൃംഖല വികസിപ്പിക്കലും വ്യവസ്ഥിതിക്കു കരുത്തേകലും

ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ശക്തമായ ശൃംഖല സൃഷ്ടിക്കാനുള്ള കഴിവാണ് പിഎം- ജന്‍ ആരോഗ്യ യോജനയുടെ മുഖമുദ്രകളിലൊന്ന്. ഇന്ന്, 13,000 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 29,000ലധികം ആശുപത്രികള്‍ ഈ പദ്ധതിക്ക് കീഴില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ശൃംഖല ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വ്യാപിച്ചുകിടക്കുന്നു, രാജ്യത്തിന്‍റെ ഏറ്റവും വിദൂര ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പോലും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. അനുയോജ്യമായ രീതിയില്‍ പദ്ധതി ഉപയോഗിക്കാനാകുമെന്ന സവിശേഷത ഗുണഭോക്താക്കള്‍ക്ക് അവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തിന് പുറമേ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പാക്കി.

ക്ലെയിം സെറ്റില്‍മെന്‍റുകളില്‍ സുതാര്യതയും കാര്യക്ഷമതയും വേഗതയും ഉറപ്പാക്കുന്ന ശക്തമായ ഐടി ഘടകം ഈ വിശാലമായ ശൃംഖലയെ പിന്തുണയ്ക്കുന്നു. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും കടലാസ് രഹിത ക്ലെയിം നടപടിക്രമങ്ങളും നടപ്പാക്കുന്നത് തട്ടിപ്പും കാര്യക്ഷമതയില്ലായ്മയും ഗണ്യമായി കുറച്ചു. വലിയ തോതിലുള്ള പൊതുജനക്ഷേമ പദ്ധതികളില്‍ പലപ്പോഴും വെല്ലുവിളിയായിരുന്നു ഈ ഘടകങ്ങള്‍.

ആയുഷ്മാന്‍ ഭാരതിന്‍റെ വിജയം ആരോഗ്യ സംരക്ഷണ ആവാസ വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലും പുരോഗതിക്കു കാരണമായി. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയുടെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും നവീകരിക്കാന്‍ ഇത് പൊതു- സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിച്ചു. കൂടാതെ, ആരോഗ്യകരമായ മത്സരാന്തരീക്ഷവും വളര്‍ത്തിയെടുത്തു. രോഗീപരിചരണം വര്‍ധിപ്പിക്കുന്നതിന് സേവനദാതാക്കള്‍ക്കു പ്രോത്സാഹനമേകി.

സമഗ്ര ആരോഗ്യ പരിപാലനത്തിന് ഊന്നല്‍

ആയുഷ്മാന്‍ ഭാരത് ആശുപത്രിപരിചരണം മാത്രമല്ല. എബി-പിഎംജെഎവയൈ്ക്കൊപ്പം, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ (എഎഎം) സൃഷ്ടിക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്താനും ഗവണ്മെന്‍റ് പ്രവര്‍ത്തിക്കുന്നു. ഈ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ രോഗപ്രതിരോധ- പ്രോത്സാഹന ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ജനസംഖ്യയിലെ രോഗങ്ങളുടെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാന്‍ ഇതു ലക്ഷ്യമിടുന്നു. പ്രമേഹം, രക്താതിമര്‍ദ്ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത അവസ്ഥകള്‍ക്കും സൗജന്യ പരിശോധന, രോഗനിര്‍ണയം, മരുന്നുകള്‍ എന്നിവ നല്‍കുന്ന 1.73 ലക്ഷത്തിലധികം എഎഎമ്മുകള്‍ ഇന്ത്യയിലുടനീളം ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.

കൂടുതല്‍ സമഗ്രവുമായ ആരോഗ്യ സംരക്ഷണ മാതൃകയിലേക്ക് നീങ്ങാനുള്ള നമ്മുടെ ശ്രമത്തിന്‍റെ കാതലാണ് ഈ കേന്ദ്രങ്ങള്‍. ആരോഗ്യവും മുന്‍കൂര്‍ രോഗനിര്‍ണയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്‍റെ ആവശ്യകത കുറയ്ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണം കൂടുതല്‍ സുസ്ഥിരമാക്കാനും കഴിയുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.

വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട്

ആയുഷ്മാന്‍ ഭാരതിന്‍റെ നേട്ടങ്ങള്‍ ആഘോഷിക്കുമ്പോള്‍, മുന്നിലുള്ള വെല്ലുവിളികളെയും നാം അംഗീകരിക്കണം. പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണ്. അതോടൊപ്പം അത് തുടര്‍ച്ചയായി പരിഷ്‌കരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്വവുമുണ്ട്. പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനും ആശുപത്രികളിലേക്കുള്ള പണമടയ്ക്കല്‍ കൃത്യസമയത്ത് ഉറപ്പാക്കുന്നതിനും ഓരോ ഗുണഭോക്താവിനും നല്‍കുന്ന പരിചരണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.

മുന്നോട്ട് പോകുമ്പോള്‍, സമഗ്രവും താങ്ങാനാകുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷയിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ മുന്‍നിരയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കി, ആയുഷ്മാന്‍ ഭാരതിനെ ഞങ്ങള്‍ തുടര്‍ന്നും ശക്തിപ്പെടുത്തും. പദ്ധതിക്കു കീഴിലുള്ള ചികിത്സകളുടെ എണ്ണം വിപുലീകരിക്കാനും പട്ടികപ്പെടുത്തിയ ആശുപത്രികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളുടെ വിജയത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ആരോഗ്യപൂര്‍ണ ഇന്ത്യക്കായുള്ള കാഴ്ചപ്പാട്

കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയില്‍, ഒരു രാജ്യത്തിന്‍റെ ആരോഗ്യമാണ് അതിന്‍റെ അഭിവൃദ്ധിയുടെ അടിത്തറയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനക്ഷമതയ്ക്കും നവീകരണത്തിനും സംഭാവന നല്‍കാന്‍ ആരോഗ്യമുള്ള ജനവിഭാഗം കൂടുതല്‍ സജ്ജമാണ്. ആരോഗ്യകരവും ശക്തവും വികസിതവുമായ ഇന്ത്യ എന്ന ഈ കാഴ്ചപ്പാടിന്‍റെ കേന്ദ്രമാണ് ആയുഷ്മാന്‍ ഭാരത്.

പദ്ധതിയുടെ ഇതുവരെയുള്ള വിജയം ഗവണ്മെന്‍റും ആരോഗ്യ പരിപാലന ദാതാക്കളും ജനങ്ങളും തമ്മിലുള്ള കഠിനാധ്വാനം, അര്‍പ്പണബോധം, സഹകരണം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ഓരോ പൗരന്‍റെയും ക്ഷേമത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഈ ആറാം വാര്‍ഷികത്തില്‍ ഏവരേയും ഉള്‍ക്കൊള്ളുന്നതും പ്രാപ്യമാകുന്നതും അനുകമ്പയുള്ളതുമായ ആരോഗ്യ പരിരക്ഷാ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സമര്‍പ്പണം നമുക്ക് ആവര്‍ത്തിച്ചുറപ്പിക്കാം. വരുംതലമുറകള്‍ക്കായി ആരോഗ്യപൂര്‍ണമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്