## പി.എസ്. ശ്രീകുമാര്‍
ഒരു കൊലപാതകത്തിന്‍റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇന്ത്യ- ക്യാനഡ നയതന്ത്ര ബന്ധം. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരേ നടത്തുന്ന ഓരോ പ്രസ്താവനയും ഇന്ത്യ -ക്യാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കുകയാണ്.
2023 ജൂണ്‍ മാസത്തിലാണ് ക്യാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ ഗുരുദ്വാര ക്യാംപസില്‍ വച്ച് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവും ഗുരുദ്വാര കമ്മിറ്റി നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാര്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2023 സെപ്റ്റംബര്‍ മാസത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ജസ്റ്റിന്‍ ട്രൂഡോ ക്യാനഡ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ് ആരോപണമെന്നു മറുപടി പറയുകയും തെളിവുണ്ടെങ്കില്‍ കൈമാറാനും ആവശ്യപ്പെട്ടു.
ഇതിന്‍റെ തുടര്‍ച്ചയായി ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും കുറെ ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം തന്നെ പുറത്താക്കി. ബന്ധങ്ങളില്‍ ഉണ്ടായ ഈ തണുപ്പും അകല്‍ച്ചയും, കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വച്ച് നടന്ന ജി -20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ എത്തിയ ജസ്റ്റിന്‍ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാജ്യ- ഭരണ തലവന്മാരുമായി ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒഴിഞ്ഞുനിന്നു. ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയ ക്യാനഡയുടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറു കാരണം അദ്ദേഹത്തിന്‍റെ മടക്കയാത്ര രണ്ടു ദിവസം വൈകുകയും ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ ട്രൂഡോ ഒതുങ്ങി കൂടുവാനും നിര്‍ബന്ധിതനായി.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ ഇന്ത്യയും ക്യാനഡയും നല്ല സൗഹൃദത്തിലായിരുന്നു. അറുപതുകളില്‍ സമാധാനപരമായ രീതിയില്‍ ആണവ ഇന്ധനം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനാവശ്യമായ യുറേനിയം ഉള്‍പ്പെടെയുള്ള അസംസ്‌കൃത വിഭങ്ങള്‍ തന്നും സാങ്കേതിക സഹകരണം നല്‍കിയും ക്യാനഡ സഹായിച്ചു. എന്നാല്‍ 1974ല്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ അണുവിസ്ഫോടനം നടത്തിയതോടെ സഖ്യ കക്ഷിയായ അമെരിക്കയോടൊപ്പം ചേര്‍ന്ന് ഇന്ത്യക്കെതിരേ ക്യാനഡയും വിലക്കേര്‍പ്പെടുത്തി. വളരെ വർഷങ്ങൾക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് .
എണ്‍പതുകളില്‍ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ സിഖ് ഭീകരര്‍ നടത്തിയ സുവര്‍ണക്ഷേത്ര കൈയേറ്റവും തുടര്‍ന്ന് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ സുവര്‍ണ ക്ഷേത്ര മോചനവും ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ കലാപങ്ങളും മുതലെടുത്ത സിഖ് ഭീകരര്‍ ക്യാനഡയുടെ മണ്ണിലേക്ക് വലിയ രീതിയില്‍ കുടിയേറ്റം നടത്താന്‍ പ്രോത്സാഹനം നല്‍കി. മാത്രമല്ല, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്, ബബ്ബാര്‍ ഖല്‍സ തുടങ്ങിയ വിവിധ സിഖ് ഭീകരസംഘങ്ങള്‍ക്കു വളക്കൂറുള്ള മണ്ണാക്കി ക്യാനഡയെ മാറ്റി. 1985 ജൂണ്‍ 23ന് സിഖ് ഭീകരര്‍ എയര്‍ ഇന്ത്യയുടെ മോണ്‍ട്രിയാല്‍- ലണ്ടന്‍- ഡല്‍ഹി വിമാനം ബോംബ് വച്ച് തകര്‍ത്തു. അതില്‍ സഞ്ചരിച്ച കനേഡിയന്‍ പൗരന്മാരുള്‍പ്പെടെ 329 പേരാണ് നിഷ്ഠുരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി മറ്റ് രാജ്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയത്.
പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ജനിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ തൊണ്ണൂറുകളുടെ മധ്യത്തിലാണ് ക്യാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോള്‍ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള നിജ്ജാര്‍ പഞ്ചാബില്‍ നടന്ന പല തീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ കൊലപാതകത്തിലും ഇയാള്‍ പ്രതിയായിരുന്നു. ഇന്ത്യാ ഗവണ്മെന്‍റ് ഇയാളുടെ അറസ്റ്റിനായി ശ്രമിച്ച സന്ദര്‍ഭത്തിലാണ് ആള്‍മാറാട്ടം നടത്തി ഇയാള്‍ ക്യാനഡയില്‍ എത്തിയത്.
2016ല്‍ ഇയാളെ ക്യാനഡ സര്‍ക്കാര്‍ തന്നെ "നോ ഫ്ലൈയിങ് ലിസ്റ്റില്‍' ഉള്‍പ്പെടുത്തുകയും ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. "സിഖ്സ് ഫോര്‍ ജസ്റ്റിസ് ' എന്ന ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നിജ്ജാര്‍, സറയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്‍റെ മേലങ്കിയും ലഭിച്ചു.
ഖാലിസ്ഥാന്‍ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020ല്‍ നടത്തിയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് നിജ്ജാര്‍ ആയിരുന്നു. ഇയാളെ തീവ്രവാദി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ, ഇയാളെ നമുക്കു കൈമാറണമെന്ന് പലകുറി ക്യാനഡയോട് ആവശ്യപ്പെട്ടിരുന്നതാണ്. അങ്ങിനെയുള്ള നിജ്ജരാണ് സറയിലെ ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തു വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. "ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന ഗാഢ വിശ്വാസത്തിലാണ് കൊലയ്ക്കു പിന്നില്‍ ഇന്ത്യയാണെന്ന് ക്യാനഡ സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജരായ മൂന്നു പേരെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും, കൊലക്കേസില്‍ ഇന്ത്യാ സര്‍ക്കാരിനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇതുവരെയും പുറത്തുവിടാന്‍ ക്യാനഡ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന ക്യാനഡ സര്‍ക്കാരിന്‍റെ "ഫോറിന്‍ ഇന്‍റര്‍ഫെറെന്‍സ് കമ്മീഷനു' മുമ്പാകെ കഴിഞ്ഞ ആഴ്ചയില്‍ ഹാജരായ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക്, നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കെതിരേ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നു പറയേണ്ടി വന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള അനുമാനമാണ് പറഞ്ഞതെന്നും ട്രൂഡോ സമ്മതിച്ചു. ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്ക് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന് ക്യാനഡ ആരോപിച്ചു.
അതോടെ ആറ് ഉദ്യോഗസ്ഥരെ പിന്‍വലിച്ച ഇന്ത്യ ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാന്‍ വാദികളുമായി ബന്ധപ്പെടുത്തി പുറത്താക്കുകയും ചെയ്തു. മാത്രമല്ല, സ്വന്തം മണ്ണില്‍ ഖാലിസ്ഥാന്‍ തീവ്രവാദത്തെ തടയാന്‍ ക്യാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാന്‍ അസംബന്ധ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും, ക്യാനഡയുടെ ആഭ്യന്തര രാഷ്‌ട്രീയമാണ് പ്രശ്‌നങ്ങള്‍ക്ക് പിറകിലെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. 2020ല്‍ ലോകമാസകലം കൊവിഡിന്‍റെ പിടിയിലമര്‍ന്നപ്പോള്‍, അതിനെ അതിജീവിക്കാന്‍ സാധിച്ചു എന്ന അമിത വിശ്വാസത്തോടെയാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് 2021ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പഴയ സ്ഥിതി തന്നെയായി. അങ്ങിനെയാണ് ജഗ്‌മീത് സിങ് നേതാവായ 24 അംഗ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എൻഡിപി) പിന്തുണയോടെ ട്രൂഡോ മൂന്നാമതും ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചത്.
ഖാലിസ്ഥാന്‍ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗ്‌മീത് സിങ്. അതുകൊണ്ടുതന്നെ, എന്‍ഡിപിയുടെ പിന്തുണ ലഭിക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ട്രൂഡോ കളിക്കുന്നത്. 2020 ഡിസംബറില്‍ കര്‍ഷക സമരത്തിന് അനുകൂലമായി പ്രസംഗിച്ചു കൊണ്ട് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാനും ട്രൂഡോ ശ്രമിച്ചു.
സിഖ് മതവിഭാഗങ്ങളുടെ പുണ്യദിനമായ ബൈശാഖിയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഘോഷയാത്രയില്‍ ഇന്ദിര ഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിനെതിരേ ഒരു നടപടിയും ട്രൂഡോ സര്‍ക്കാര്‍ എടുത്തില്ല. രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ ഗുരുദ്വാരകള്‍ കേന്ദ്രമാക്കി നടത്തിയപ്പോഴും മൗനാനുവാദം നല്‍കുന്ന നടപടികളാണ് ട്രൂഡോ സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്‍ഡിപിയുടെ പിന്തുണയ്ക്കു വേണ്ടിയാണ് ട്രൂഡോ പ്രീണന നയം കൈക്കൊണ്ടതെങ്കിലും, ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും ട്രൂഡോയുടെ ജനപിന്തുണ കുറഞ്ഞുവരുകയായിരുന്നു. അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായപ്പോള്‍ 60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 67 ശതമാനത്തോളം ജനങ്ങള്‍ ട്രൂഡോയ്ക്ക് എതിരായി മാറി. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേകളില്‍ 42.6 ശതമാനം പേര്‍ പ്രതിപക്ഷമായ കോണ്‍സെര്‍വറ്റിവ് പാര്‍ട്ടി നേതാവ് പിയറി പോയ്‌ലിമെറിനെ അനുകൂലിച്ചപ്പോള്‍ 26 ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്.
എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി ക്യാനഡ മാറിയതു മാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത്. ആ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയും പുറകോട്ടു പോയിരിക്കുകയാണ്. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതിനൊപ്പം തൊഴിലില്ലായ്മാ നിരക്ക് 6.5 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ വികേന്ദ്രീകരിക്കാനാണ് ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ട്രൂഡോ നില്‍ക്കുന്നതെന്ന് ഒരു വിഭാഗം രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. അഭിപ്രായ സര്‍വെകളില്‍ 23 ശതമാനം പേരുടെ പിന്തുണയുമായി ട്രൂഡോയ്ക്കു തൊട്ടു പിന്നില്‍ ജഗ്‌മീത് സിങ് ഉണ്ട്. അത് മനസിലാക്കിയാണ് ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ മാസം ജഗ്‌മീത് സിങ് പ്രഖ്യാപനം നടത്തിയത്. 25ഓളം പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ സ്വാധീനമുള്ള സിഖ് സമുദായത്തിന്‍റെ വോട്ടുകള്‍ ലിബറല്‍ പാര്‍ട്ടിക്ക് ലഭിക്കാനുള്ള അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു.
ഏറ്റവും ഒടുവില്‍ ലിബറല്‍ പാര്‍ട്ടിയില്‍ തന്നെ അദ്ദേഹം നേതൃപദവി ഒഴിയണമെന്ന് അഭിപ്രായം ഉയര്‍ന്നു വരുകയാണ്. കഴിഞ്ഞ ദിവസം 20ഓളം പാര്‍ട്ടി എംപിമാര്‍ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ഏതായാലും ഇപ്പോഴത്തെ നിലയില്‍, അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയും ജസ്റ്റിന്‍ ട്രൂഡോയും അധികാരത്തിനു വെളിയിലാകും എന്നതില്‍ സംശയമില്ല.