karnataka job reservation bill 
Special Story

ഐടി ഹബ്ബിനെ തകർക്കുമോ, തദ്ദേശീയ സംവരണം?

മണ്ണിന്‍റെ മക്കൾ വാദം അതിരുകടന്നാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഭരണഘടന പ്രകാരം ഇന്ത്യക്കാരെല്ലാം തുല്യരാണെന്നിരിക്കെ ഏതെങ്കിലും സംസ്ഥാനത്തുള്ള ജോലികൾ തദ്ദേശീയർക്കായി സംവരണം ചെയ്തു വയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യം വളരെക്കാലമായി ഉയരുന്നതുമാണ്.

മുൻപ് മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ സ്വാധീനം ഉറപ്പിക്കാൻ ശിവസേന മണ്ണിന്‍റെ മക്കൾ വാദം ഉയർത്തിക്കൊണ്ടുവന്നത് ഏറെ വിവാദം സൃഷ്ടിച്ചതാണല്ലോ. സംസ്ഥാനത്തെ തൊഴിലുകൾ മഹാരാഷ്‌ട്രക്കാർക്കു മാത്രം അവകാശപ്പെട്ടതാണെന്നും മറ്റുള്ളവർ സംസ്ഥാനം വിട്ടുപോകണമെന്നുമായിരുന്നു അക്കാലത്ത് ശിവസേനയുടെ ആവശ്യം. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമാണു മുംബൈ. അവിടെ ജോലി ചെയ്യുന്നവരും കച്ചവടം ചെയ്യുന്നവരുമായ ലക്ഷക്കണക്കിനാളുകൾ സ്ഥലം വിടണമെന്ന ഭീഷണി വലിയ എതിർപ്പിനു കാരണമായി. മണ്ണിന്‍റെ മക്കൾ വാദക്കാർ ഇതര സംസ്ഥാനക്കാർക്കെതിരേ ആക്രമണങ്ങളും അഴിച്ചുവിട്ടു. മറാത്തി വികാരം പരമാവധി മുതലെടുക്കുകയായിരുന്നു അന്നു ശിവസേനയുടെ ലക്ഷ്യം. എന്നാൽ, ഇതര സംസ്ഥാനക്കാരെ ആട്ടിയോടിക്കാനുള്ള നീക്കം സ്വാഭാവികമായും ചെറുത്തു തോൽപ്പിക്കപ്പെട്ടു. പക്ഷേ, പൂർണമായും ആ വാദം ഇല്ലാതായതുമില്ല.

2008ൽ വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രിയായ കോൺഗ്രസ്- എൻസിപി സർക്കാർ വ്യവസായ മേഖലയിലെ തൊഴിലുകളിൽ നിയന്ത്രണം കൊണ്ടുവന്നു. സർക്കാരിൽ നിന്ന് ഇളവുകളും സഹായവും സ്വീകരിക്കുന്ന വ്യവസായങ്ങൾ 50 ശതമാനം സൂപ്പർവൈസറി ജോലികളും 80 ശതമാനം നോൺ സൂപ്പർവൈസറി ജോലികളും തദ്ദേശീയർക്കു നൽകണം എന്നതാണ് അന്നു നിർദേശിക്കപ്പെട്ടത്. 2019ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന- എന്‍സിപി- കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ അവരുടെ പൊതുമിനിമം പരിപാടിയിലും സംവരണം കടന്നുകൂടി. സ്വകാര്യ മേഖലയിലെ 80 ശതമാനം തൊഴിലുകളും തദ്ദേശീയർക്കായി നീക്കിവയ്ക്കും എന്നതായിരുന്നു വാഗ്ദാനം. സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനം സംവരണം നിർബന്ധമാക്കിയ നിയമം 2019ൽ ആന്ധ്ര പ്രദേശ് നടപ്പാക്കിയിരുന്നു. എന്നാൽ, ഇതു നിയമവിരുദ്ധമെന്ന് ആന്ധ്ര ഹൈക്കോടതി 2020ൽ വ്യക്തമാക്കി.

സ്വകാര്യ കമ്പനികളിലെ 30,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളമുള്ള തസ്തികകളിൽ 75 ശതമാനം ജീവനക്കാരും തദ്ദേശീയരാവണമെന്ന നിയമം ഹരിയാന സർക്കാർ 2022 ജനുവരിയിൽ വിജ്ഞാപനം ചെയ്തെങ്കിലും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി 2023ൽ അതു റദ്ദാക്കുകയുണ്ടായി. വിവിധ വ്യവസായ സംഘടനകളാണ് അന്നു കോടതിയെ സമീപിച്ചത്. സ്വകാര്യ മേഖലയുടെ വളർച്ചയ്ക്കു നിയമം തടസമാവുമെന്നായിരുന്നു അവരുടെ വാദം. ബിസിനസ് നടത്തിക്കൊണ്ടുപോകാനുള്ള തൊഴിലുടമയുടെ അവകാശത്തിൽ സർക്കാർ കൈകടത്തുന്നത് അനുവദിക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം പ്രഖ്യാപിക്കുകയും തത്കാലം മരവിപ്പിക്കുകയും ചെയ്ത കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന്‍റെ നീക്കങ്ങൾ ഇതിന്‍റെ തുടർച്ചയായി കാണണം.

വ്യവസായ മേഖലയിൽ നിന്നുള്ള വലിയ എതിർപ്പാണ് ഇപ്പോൾ കർണാടക സർക്കാരിനെയും വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്. മന്ത്രിസഭാ യോഗം അംഗീകരിച്ച ബിൽ എത്രയും വേഗം നിയമമാക്കണമെന്ന നിലപാട് സംസ്ഥാനത്തെ ബിജെപി സ്വീകരിക്കുക കൂടി ചെയ്തത് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കൂടുതൽ പ്രശ്നത്തിലാക്കുകയാണ്. നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചില്ലെങ്കിൽ കന്നഡക്കാർ സർക്കാരിനോടു പൊറുക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ഇന്നലെ പറഞ്ഞത്. കന്നഡിഗരുടെ ജീവിതം വച്ച് എന്തുകൊണ്ടു കളിക്കുന്നു, എന്തുകൊണ്ട് കന്നഡിഗരെ അപമാനിക്കുന്നു എന്നൊക്കെയാണു ചോദ്യം. ഗ്രാമീണ മേഖലയിലെ തൊഴിലില്ലാത്ത ലക്ഷക്കണക്കിനു കന്നഡക്കാർക്ക് പ്രതീക്ഷ നൽകുന്നതാണു സംവരണമെന്ന് അദ്ദേഹം പറയുന്നുണ്ട്. സംവരണം ഏർപ്പെടുത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ച സർക്കാരിന് നിയമവിരുദ്ധമാവാതെയും വ്യവസായികളെ പിണക്കാതെയും എങ്ങനെ ലക്ഷ്യം നേടാനാവുമെന്ന് ആഴത്തിൽ ചിന്തിക്കേണ്ട അവസ്ഥയായിരിക്കുന്നു.

സ്വകാര്യ മേഖലയിലെ 50 ശതമാനം മാനെജ്മെന്‍റ് തൊഴിലുകളും 75 ശതമാനം മാനെജ്മെന്‍റ് ഇതര തൊഴിലുകളും കന്നഡക്കാർക്കു സംവരണം ചെയ്യുന്നതാണ് സർക്കാർ തയാറാക്കിയിട്ടുള്ള ബിൽ. സി, ഡി കാറ്റഗറികളിലുള്ള തൊഴിലുകൾ 100 ശതമാനവും കന്നഡിഗർക്കു നൽകണമെന്നാണ് ആദ്യം മുഖ്യമന്ത്രി പറഞ്ഞത്. ഇത് വലിയ വിവാദമായതിനെത്തുടർന്ന് പെട്ടെന്നു പിൻവലിച്ചു. ബില്ലിന്മേലുള്ള വിശദമായ ചർച്ച അടുത്ത മന്ത്രിസഭാ യോഗത്തിൽ നടത്തുമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ അവകാശപ്പെടുന്നത്. കർണാടകയിലെ ഐടി വ്യവസായത്തിൽ ഏറെയും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരാണെന്നും കന്നഡക്കാർക്ക് കുറച്ചു തൊഴിലവസരങ്ങൾ മാത്രമാണു നൽകുന്നതെന്നും സിദ്ധരാമയ്യ പറയുന്നുണ്ട്. തങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണെന്നും കന്നഡക്കാരുടെ ക്ഷേമമാണു മുഖ്യലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ, ബംഗളൂരു പോലുള്ള മഹാനഗരത്തിൽ തൊഴിലെടുത്തു ജീവിക്കുന്ന മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇതര സംസ്ഥാനക്കാരുടെ ഭാവി ആശങ്കയിലാക്കുകയാണ് ഈ ബില്ലുകൊണ്ട് സർക്കാർ ചെയ്യുന്നത്.

ബിൽ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നു വ്യവസായ ലോകം ചൂണ്ടിക്കാണിക്കുന്നു. ലോകപ്രശസ്തമായ നിരവധി അന്താരാഷ്‌ട്ര കമ്പനികൾ ബംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കമ്പനികൾക്കും ബംഗളൂരുവിൽ തന്ത്രപ്രധാനമായ യൂണിറ്റുകളുണ്ട്. സംസ്ഥാനത്തെ മറ്റു പല നഗരങ്ങളിലും സ്വകാര്യ മേഖലയിലെ എണ്ണപ്പെടുന്ന സ്ഥാപനങ്ങൾ ആയിരക്ക‍ണക്കിനു തൊഴിൽ സാധ്യതകളുണ്ടാക്കുന്നുണ്ട്. അവരെയൊക്കെ ആട്ടിയോടിക്കാൻ ബിൽ വഴിതുറക്കുമെന്ന് വ്യവസായ മേഖലയിലുള്ളവർ പറയുന്നു. സ്റ്റാർട്ടപ്പുകളെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും. സാങ്കേതികവിദ്യാ രംഗത്തടക്കം കർണാടക നേടിയിട്ടുള്ള മുന്നേറ്റത്തെ തടസപ്പെടുത്തുന്നതാണ് ഈ ബില്ലെന്ന് വ്യവസായികൾ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നുണ്ട്.

രാജ്യത്തിന്‍റെ ഐടി ഹബ്ബാണ് ബംഗളൂരു. ഇന്ത്യയുടെ സിലിക്കൺവാലി. വിദേശ നിക്ഷേപകരും ബഹുരാഷ്‌ട്ര കമ്പനികളും താത്പര്യത്തോടെ ഉറ്റുനോക്കുന്ന മഹാനഗരമാണിത്. ലോകത്തെ പ്രമുഖ ഐടി കമ്പനികളിൽ 80 ശതമാനത്തിനും ബംഗളൂരുവിൽ ഓഫിസുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐടി കയറ്റുമതിയുടെ മൂന്നിലൊന്നും ബംഗളൂരുവിൽ നിന്നാണെന്നും ചില കണക്കുകളുണ്ട്. സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും ലോകത്തെ പ്രമുഖ നഗരങ്ങളോടു കിടപിടിക്കുന്നതാണു ബംഗളൂരു. തൊഴിൽ രംഗത്ത് വ്യവസായികളുടെ സ്വാതന്ത്ര്യം തടയുന്നത് നഗരത്തിന്‍റെ വികസനത്തിനു ചരമക്കുറിപ്പെഴുതുമെന്ന് ബംഗളൂരുവിലുള്ള പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, രാഷ്‌ട്രീയ ലക്ഷ്യത്തിനപ്പുറം ഈ ബിൽ നിയമപരമായി നിലനിൽക്കില്ലെന്നും അതിനാൽ തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും ചിലർ പറയുന്നു. ഹരിയാനയുടെയും ആന്ധ്രയുടെയും ചരിത്രം ഈ വാദക്കാർക്കു കൂട്ടിനുണ്ട്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു