Rain Representative image
Special Story

മഴ വർത്തമാനങ്ങൾ: പഴമൊഴിയും കഥയും പാട്ടും പ്രവചനവും

തയാറാക്കിയത്: എൻ. അജിത്കുമാർ

കാറ്റിനൊപ്പം ഇരമ്പിയെത്തുന്ന മഴ...! മരങ്ങളിലും ഓലത്തുമ്പുകളിലും വീണ് ചിതറി മണ്ണിലേക്ക്.... മഴ രസകരമായ ഒരനുഭവമാണ്. മനസ്സിലേക്ക് പെയ്തിറങ്ങുന്ന അനുഭവം. ഇന്ത്യയില്‍ കാലവര്‍ഷത്തിന് തുടക്കം കുറിക്കുന്നത് കേരളത്തിലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി മെയ്-ജൂണ്‍ മാസം മുതല്‍ വീശുന്ന കടല്‍ക്കാറ്റിനെ കേരളത്തിന്‍റെ തെക്കു വടക്കായി കിടക്കുന്ന പശ്ചിമഘട്ടം തടഞ്ഞു നിറുത്തുന്നു. നീരാവി നിറഞ്ഞ ഈ വായു തണുത്ത് മഴപെയ്ത് തുടങ്ങുന്നു. ജൂണ്‍ മാസത്തോടെ തുടങ്ങുന്ന ഈ മഴയെ നാം ഇടവപ്പാതി എന്നു വിളിക്കുന്നു. പത്തു ദിവസം കൊണ്ട് മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ മഴ എത്തിക്കഴിയും. ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തും.

തുലാ മാസത്തില്‍ മടക്കം

സെപ്റ്റംബര്‍ മാസത്തോടുകൂടി ഈ മണ്‍സൂണ്‍ മഴ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കു കിഴക്ക് ഭാഗത്തുകൂടി കിഴക്ക് പടിഞ്ഞാറോട്ട് ആണ് മടക്കം. തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കവും മറ്റ് നഷ്ടങ്ങളുമൊക്കെ ഉണ്ടാക്കി കരകയറി ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോള്‍ ഈ മഴയെ നാം തുലാമഴ എന്നു വിളിക്കും.

മഴയ്ക്കുമുണ്ട് സമയം

കേരളത്തിലെ തീരപ്രദേശങ്ങളില്‍ മണ്‍സൂണ്‍ മഴ കൂടുതല്‍ പെയ്യുന്നത് പുലര്‍ച്ചെ 4 മണി മുതല്‍ എട്ടു മണി വരെയാണ്. പശ്ചിമഘട്ട മലഞ്ചെരുവുകളിലാകട്ടെ വൈകുന്നേരമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക.

മാറിമറിയുന്ന മഴ

സവിശേഷമായ കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതികൊണ്ടും സമ്പന്നമായ കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കാലാവസ്ഥ കൂടുതല്‍ അസ്ഥിരമാകുന്നുവെന്നാണ്. സഹ്യപര്‍വതത്തിന്‍റെ സ്വാധീനവും വിശാലമായ സമുദ്ര സാമീപ്യവും കേരളത്തിന്‍റെ കാലാവസ്ഥയെ നന്നായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആഗോളതാപനത്തിന്‍റെ ഫലമായി അറബിക്കടല്‍ദ്രുതഗതിയില്‍ ചൂടാകുന്നതാണ് കേരളത്തിലെ മഴപ്പെയ്ത്തിനെ മാറ്റിമറിക്കുന്നത് മണ്‍സൂണ്‍ മഴയില്‍ ആകെ മഴയുടെ അളവില്‍ വലിയ മാറ്റമുണ്ടാകുന്നില്ലെങ്കിലും അതിനെ വിതരണത്തില്‍ സാരമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. സാധാരണയായി കാലവര്‍ഷക്കാലത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി 12 മുതല്‍ 14 കിലോമീറ്റര്‍ വരെ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് രൂപം കൊള്ളുന്നത്. ഇത്തരം മേലങ്ങള്‍ ആ പ്രദേശത്ത് തലയ്ക്കു മുകളില്‍ നില്‍ക്കുന്ന ഒരു ഭീമന്‍ വാട്ടര്‍ ടാങ്ക് പോലെ പ്രവര്‍ത്തിക്കാം. അവയില്‍ നിന്ന് കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ പ്രളയത്തിനും ആലിപ്പഴ വീഴ്ചയ്ക്കും ഇടിമിന്നലിനുമൊക്കെ കാരണമാകും.

കടലിലെ താപ വര്‍ധനയാണ് ഇതിനൊക്കെ സഹായിക്കുന്നത്. 2019ലും 2021- ലുമൊക്കെ പ്രളയത്തിനുകാരണമായത് മേഘവിസ്‌ഫോടനം എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ്. ഇത്തരം മഴ നമ്മുടെ കാര്‍ഷിക മേഖലയ്ക്കും ജല സ്രോതസ്സുകള്‍ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ച മഴ ഭൗമോപരിതലത്തിലൂടെ വേഗത്തില്‍ ഒഴുകിപ്പോകാനും മണ്ണൊലിപ്പു കാരണം മേല്‍ മണ്ണിലെ പോഷകങ്ങള്‍ നഷ്ടപ്പെടാനും ഇടയാക്കും. നമ്മുടെ നഗരങ്ങളിലെ നിലവിലുള്ള അഴുക്കുചാല്‍ സംവിധാനങ്ങള്‍ക്ക് ഈ അതിതീവ്രമഴയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെവരികയും നഗരങ്ങളെ പ്രളയക്കെടുതിയിലാക്കുകയും ചെയ്യുന്നു.

മേഘ വിസ്‌ഫോടനം

ഒരു മണിക്കൂറില്‍ പത്ത് സെന്‍റീമീറ്ററിലധികം മഴ പെയ്താല്‍ മാത്രമാണ് നമ്മുടെ കാലാവസ്ഥാ വകുപ്പ് അതിനെ മേഘ വിസ്‌ഫോടനമായി കണക്കാക്കുന്നത്. എന്നാല്‍ കേരളത്തെ പോലെ കുത്തന്നെ ചെരിവുള്ള മലനിരകളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടാക്കാന്‍ രണ്ടുമണിക്കൂറില്‍ 10 സെന്‍റീമീറ്റര്‍ മഴ പെയ്താലും മതി.

മഴ പ്രവചിക്കാം

A cloudy Monsoon day in Kerala.

പഴമക്കാർ പ്രകൃതി കാണിക്കുന്ന ലക്ഷണങ്ങൾ നോക്കി കൃത്യമായി മഴ പ്രവചിച്ചിരുന്നു:

  • മണ്ണില്‍ നിന്ന് കറുത്ത ഈയ്യാംമ്പാറ്റകള്‍ കൂട്ടത്തോടെ പറന്നുപൊങ്ങിയാല്‍ മഴ പെയ്യും.

  • വെളുത്ത ഈയ്യാംമ്പാറ്റകളാണ് പറന്നുയരുന്നതെങ്കില്‍ മഴ പോവുകയും ചെയ്യും.

  • തുമ്പികള്‍ കൂട്ടമായി ഭൂമിയില്‍ നിന്ന് ഒരു നിശ്ചിത ഉയരത്തില്‍ പറന്നു നടക്കുന്നതു കണ്ടാല്‍ മഴ പെയ്യും.

  • ഉറുമ്പുകള്‍ മുട്ടകളുമായി തിരക്കിട്ടോടുന്നുണ്ടെങ്കില്‍ മഴ പെയ്യും.

  • കുളക്കോഴികള്‍ കൂട്ടമായി കരയുകയാണെങ്കില്‍ മഴ പെയ്യും.

  • ആലിന്‍റെ താങ്ങുവേരുകള്‍ മുറിച്ചു നോക്കുമ്പോള്‍ വെള്ളം കാണുകയാണെങ്കില്‍ മഴ ഉടന്‍ വരും.

  • കള്ളിച്ചെടികള്‍ പൂക്കുന്നതു കണ്ടാല്‍ മഴ വരാറായി എന്നൂഹിക്കാം.

  • വയനാട്ടിലെ ആദിവാസികള്‍ മഴ വരുമോ എന്ന് പ്രവചിക്കുന്നത് പുലച്ചി മരത്തിന്‍റെ കായ് പൊളിച്ചു നോക്കിയാണ്. പുലച്ചി കായ്ക്കകത്ത് ഒരു വിത്താണുള്ളതെങ്കില്‍ ഒരു പറ മഴ കിട്ടും. രണ്ടു വിത്തുകളുണ്ടെങ്കില്‍ രണ്ടു പറ മഴയും.

മഴപെയ്യിച്ച ഋഷിയും ഗായകരും

ലോമപാദ രാജാവ് അംഗരാജ്യം ഭരിക്കുന്ന കാലം. അദ്ദേഹം ബ്രാഹ്മണരെ ചതിച്ചു. ആ ബ്രാഹ്മണന്‍ അംഗരാജ്യം വിട്ടുപോയി. അതോടെ രാജ്യത്ത് ദുരിതങ്ങള്‍ പെയ്തിറങ്ങാന്‍ തുടങ്ങി. എന്നാല്‍ മഴ പെയ്യാതെയുമായി. സര്‍വ്വതും ഉണങ്ങിക്കരിഞ്ഞു. കന്നുകാലികള്‍ പച്ചപ്പുല്ലു കിട്ടാതെ ചത്തൊടുങ്ങി.രാജാവ് രാജഗുരുവിനോട് ഉപദേശം തേടി. മഴപെയ്യിക്കാനെന്തു വഴി? രാജഗുരു രാജാവിനൊരു വഴി പറഞ്ഞുകൊടുത്തു. ഒരു വഴിയുണ്ട്! സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മുനിയെക്കൊണ്ട് വന്ന് ഒരു യാഗം നടത്തണം.പെണ്ണുങ്ങളെക്കാണാത്ത മുനികുമാരനെ എവിടുന്ന് കിട്ടും. നാടായ നാടൊക്കെ അതിനുള്ള അന്വേഷണമായി. ഒടുവില്‍ കണ്ടെത്തി വിഭാണ്ഡക മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ അങ്ങനെയാണ് വളര്‍ത്തുന്നത്. രാജഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം സുന്ദരികളായ സ്ത്രീകളെ മുനി കന്യകമാരുടെ വേഷത്തില്‍ അങ്ങോട്ടേക്കയച്ചു. ആശ്രമ വനിയില്‍ പുതിയൊരു തരം മനുഷ്യജീവികളെക്കണ്ട് മുനികുമാരന് കൗതുകമായി. അവരുടെ പിറകെ മുനികുമാരന്‍ അംഗരാജ്യത്തേക്കു പോന്നു. കുമരനെക്കൊണ്ട് യാഗം നടത്തി മഴപെയ്യിച്ചു. എം.ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ ഇക്കഥ പറയുന്നതാണ്.

അമൃതവര്‍ഷിണി പാടി മഴപെയ്തു!

മുത്തുസ്വാമി ദീക്ഷിതരുടെ സ്മരണയ്ക്കായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്.

കര്‍ണാടക സംഗീതത്തിലെ ആചാര്യന്മാരില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതര്‍ പാട്ടുപാടി മഴപെയ്യിച്ചതായി ഒരു ചരിത്ര കഥയുണ്ട്. മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു അദ്ദേഹം. നടന്നു തളര്‍ന്ന അദ്ദേഹം ഒരു മരച്ചുവടുകണ്ട് അവിടെ അല്പം വിശ്രമിച്ചു. ആ മരം മാത്രമല്ല ആ പ്രദേശമാകെ കരിഞ്ഞുണങ്ങിക്കിടക്കുകയായിരുന്നു. ദീക്ഷിതരെക്കണ്ട അവിടുത്തുകാര്‍ അടുത്തു കൂടി. നാട് വരണ്ടുണങ്ങിയ കഥ ദീക്ഷിതരെ പറഞ്ഞു കേള്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ മനമലിഞ്ഞു. ആ അലിവില്‍ അദ്ദേഹം ഒരു കീര്‍ത്തനം പാടി.അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ അമൃത വര്‍ഷിണി രാഗത്തിലുള്ളതായിരുന്നു ഗാനം. ആ പ്രദേശമാകെ അല്പസമയത്തിനുള്ളില്‍ രാത്രി പോലെയായി. മഴമേഘമുരുണ്ടുകൂടി. കീര്‍ത്തനം പാടിക്കഴിഞ്ഞതും അവിടെ തുള്ളിക്കൊരുകുടം കണക്കെ മഴപെയ്തു.

മേഘമല്‍ഹാര്‍

അക്ബർ ചക്രവർത്തയും മിയാ താൻസെനും സ്വാമി ഹരിദാസിനെ സന്ദർശിച്ചതിന്‍റെ ചിത്രീകരണം. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന .ചിത്രം.

മഴപെയ്യിക്കുന്ന മറ്റൊരു രാഗമാണ് മേഘമല്‍ഹാര്‍. അക്ബറിന്‍റെ സദസ്യനായിരുന്ന താന്‍സെന്‍ മേഘമല്‍ഹാര്‍ പാടി മഴപെയ്യിച്ച കഥ പ്രസിദ്ധമാണ്.

നേരിയ മഴയും കനത്ത മഴയും

1500 മി.മീറ്ററിനും 2000 മീ.മീറ്ററിനും ഇടയില്‍ പെയ്യുന്ന മഴയാണ് കനത്തമഴ എന്നു പറയുക.

നേരിയതും വളരെ നേരിയതും

250 മി.മീറ്ററിനും 450 മി.മീറ്ററിനും ഇടയില്‍ പെയ്യുന്ന മഴയാണ് നേരിയ മഴ.

മൂന്നാറിനെ മുക്കിയ മഴ

തൊണ്ണൂറ്റി ഒമ്പതിലെ മഴ, തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നൊക്കെയാണ് ഈ ഭീകരമഴ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6500അടി ഉയരെയുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഗ്രാമങ്ങളുമൊക്കെ ഈ മഴയില്‍ മുങ്ങിപ്പോയി. ബ്രീട്ടീഷുകാര്‍ മൂന്നാറിലോടിച്ച തീവണ്ടിയും തീവണ്ടിപ്പാളവുമൊക്കെ ഈ മഴയിലൊലിച്ചു പോയി.ആലപ്പുഴയും എറണാകുളവും വെള്ളത്തിനടിയിലായി. ഈ മഴയിലും വെള്ളപ്പൊക്കത്തിലും എത്രപേര്‍ മരിച്ചെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. തകഴിയുടെ പ്രശസ്തമായ ചെറുകഥ വെള്ളപ്പൊക്കത്തില്‍ പറയുന്നത് ഈ വെള്ളപ്പൊക്കത്തെക്കുറിച്ചാണ്.

15 സെന്‍റീമീറ്റര്‍ മാത്രം

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്നത് രാജാസ്ഥാനിലാണ്. വെറും 15 സെന്‍റീമീറ്റര്‍. കേരളത്തിലോ 300 സെ.മീ. ഈ 15 സെന്‍റീമീറ്റര്‍ മഴയില്‍ ഒരു തുള്ളിപോലും പാഴാവാതെ രാജസ്ഥാന്‍കാര്‍ ശേഖരിക്കും.

നമ്മുടെഅഞ്ചാം ഋതു

വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം എന്നിവയാണ് ലോകത്തെ പ്രധാന ഋതുക്കള്‍. ഗ്രീഷ്മത്തിനും വസന്തത്തിനും ഇടയില്‍ കടന്നു വരുന്ന ഇന്ത്യക്കാരുടെ മാത്രം അഞ്ചാമത്തെ ഋതുവാണ് മഴക്കാലം..

അട്ടപ്പാടിയിലെ കൊടും പാപി

എടവപ്പാതിയില്‍ മഴ പെയ്യാതിരുന്നാല്‍ അട്ടപ്പാടിയിലെ ആദിവാസിക്ക് കാര്യം പിടി കിട്ടും. കൊടും പാപിയുള്ളേടത്തേ മഴ പെയ്യാതിരിക്കൂ. മഴ പ്രസാദിക്കണമെങ്കില്‍ പാപം കഴുകിക്കളയണം. ഇതിനായി അവര്‍ കൊടും പാപിയുടെ ഒരു കോലം കെട്ടിയുണ്ടാക്കും. വൈക്കോലുകൊണ്ട്. ഈ കോലത്തിന് കണ്ണും മൂക്കുമൊക്കെ വരച്ചു ചേര്‍ക്കും. ഈ കോലത്തെ ഒരു വണ്ടിയില്‍ക്കയറ്റി കെട്ടിവലിച്ച് എല്ലാ വീടുകളിലും കയറിയിറങ്ങും. പെണ്ണുങ്ങളുടെ വേഷം കെട്ടിയവര്‍ നിലവിളിച്ചുകൊണ്ട് പുറകെ പോകും. എന്‍റെ അമ്മായിയമ്മ ചത്തുപോയേ എന്നു പറഞ്ഞാണ് അവര്‍ കരയുക. വൈകുന്നേരത്തോടെ പട്ടടതീര്‍ത്ത് കൊടും പാപിയെ കത്തിച്ചു കളയും. മൂന്നാം ദിവസം അടിയന്തിരവും നടത്തും. ഗംഭീരസദ്യയുണ്ടാകും അതിനോടൊപ്പം.

മഴ കനിയാത്ത പ്രദേശങ്ങള്‍

നീരാവി നിറഞ്ഞ മഴമേഘങ്ങളെ പശ്ചിമഘട്ടം തടഞ്ഞുനിര്‍ത്തുന്നതിനാല്‍ ഇങ്ങേ ചരിവില്‍ നല്ല മഴ ലഭിക്കുന്നു. മഴപെയ്‌തൊഴിഞ്ഞ വരണ്ട കാറ്റ് പശ്ചിമഘട്ട മലനിരകളുടെ കിഴക്കന്‍ ചരിവിലേക്കിറങ്ങുമ്പോഴേക്കും ചൂടുപിടിക്കുന്നു. അവശേഷിക്കുന്ന ജലകണികകള്‍ നീരാവിയായി ഉയര്‍ന്നുപോകുന്നതിനാല്‍ ഇവിടെ മഴലഭിക്കുകയേ ഇല്ല. ഇത്തരം പ്രദേശങ്ങളെ മഴനിഴല്‍ പ്രദേശങ്ങള്‍ എന്നാണറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നീ പ്രദേശങ്ങള്‍ മഴനിഴല്‍ പ്രദേശങ്ങളാണ്. മഴ കിട്ടാത്തതിനാല്‍ ഇവിടെ കൃഷിയും നടന്നിരുന്നില്ല. ഒരുകാലത്ത് മോഷണവും പിടിച്ചുപറയുമായിരുന്നു ഇവിടുത്തുകാരുടെ ഉപജീവനമാര്‍ഗം. ഇത്തരം തിരുട്ടു ഗ്രാമങ്ങളെ ഇല്ലാതാക്കാനാണ് ബ്രിട്ടീഷുകാര്‍ മുല്ലപ്പെരിയാര്‍ ഡാം പണികഴിപ്പിച്ചത്. മുല്ലപ്പെരിയാറിലെ ജലം ഇന്ന് ഈ പ്രദേശങ്ങളെ കാര്‍ഷിക സമൃദ്ധിയിലേക്ക് നയിച്ചുകഴിഞ്ഞു.

റെക്കോഡുകളുടെ പെരുമഴ

ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും ശക്തമായ മഴ പെയ്തതായി രേഖപ്പെടുത്തിയത് കരീബിയന്‍ ദ്വീപായ ഗുഡലോപ്പിലാണ്. 1970 നവംബര്‍ 26ന് 38.1 മി.മീ. മഴയാണിവിടെ പെയ്തിറങ്ങിയത്.24 മണിക്കൂറിനുള്ളില്‍ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തപ്പെട്ട സ്ഥലം, ഇന്ത്യന്‍ സമുദ്രത്തിലെ ചെറുദ്വീപായ ലാറിനിയറിലാണ്. 1952 മാര്‍ച്ച് 15,16 ദിവസങ്ങളിലായി 1870 മി.മീറ്റര്‍ മഴപെയ്തു. ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മേഘാലയ സംസ്ഥാനത്തിലെ ചിറാപുഞ്ചിയിലാണ്. 1861 ജൂലായ് മാസത്തില്‍ 9300 മി.മീറ്റര്‍ മഴയാണ് ഇവിടെ പെയ്‌തൊഴിഞ്ഞത്.

മഴച്ചൊല്ല് ചൊല്ലാം

  1. മഴ നിന്നാലും മരം പെയ്യും

  2. മഴ പെയ്താല്‍ പുഴയറിയും

  3. മഴ പെയ്തു നിറയാത്തത് കോരിയൊഴിച്ചാല്‍ നിറയുമോ?

  4. മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ

  5. ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല

  6. അന്തിക്കു വന്ന മഴയും അന്തിക്കു വന്ന വിരുന്നും അന്നു പോവില്ല.

  7. മാക്രി കരഞ്ഞാല്‍ മഴപെയ്യുമോ

  8. മഴ നനയാതെ എങ്ങു പോകുന്നു? പുഴയില്‍ മുങ്ങിക്കുളിക്കാന്‍

  9. മാക്രി കരഞ്ഞു മഴപെയ്യിച്ചു.

  10. ചാടിമരിക്കാന്‍ പോയവന്‍ മഴകണ്ടു മടങ്ങി

കേരളത്തിലെ മഴയും ജല ഉപഭോഗവും

ജൂണ്‍ - ആഗസ്റ്റ് മാസങ്ങളിലായി പെയ്തിറങ്ങുന്ന ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ് കേരളത്തില്‍ 60 ശതമാനം മഴയും ലഭിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള, തുലാവര്‍ഷം എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ മണ്‍സൂണില്‍ നിന്നും 25 ശതമാനത്തോളം മഴ ലഭിക്കുന്നു. ബാക്കിയുള്ള 15 ശതമാനം വേനല്‍ മഴയില്‍ നിന്നുമൊക്കെയായി ലഭിക്കുന്നു. ഇതിലൊക്കെ മാറ്റങ്ങള്‍ വന്നുതുടങ്ങി.

എങ്ങനെയെല്ലാം സംഭരിക്കാം

ഒരു കൊല്ലത്തില്‍ ഏകദേശം 120 ദിവസമാണ് നമുക്ക് മഴ ലഭിക്കുന്നത്. ഇത് വേണ്ടരീതിയില്‍ സംഭരിച്ച് ഉപയോഗിക്കുകയാണെങ്കില്‍ വേനല്‍ക്കാലത്ത് ഇന്നുകാണുന്ന

ജലദൗര്‍ലഭ്യത്തിനd പരിഹാരമാകും. കേരളത്തില്‍ ശരാശരി 3000 മി.മീറ്റര്‍ മഴയാണ് ലഭിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കിയല്ലോ. അങ്ങനെയെങ്കില്‍ ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്തുനിന്നും 3000 ലിറ്റര്‍ മഴവെള്ളം ലഭിക്കും. ഒരു ചെറിയ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നുപോലും ആ കുടുംബത്തിനാവശ്യമായ മഴവെള്ളം സംഭരിക്കാം എന്ന് ചുരുക്കം.

പുരപ്പുറത്തെ വെള്ളം

വീടിന്‍റെയും മറ്റുകെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പാത്തിയിലൂടെ കുഴലുകള്‍ വഴി കൊണ്ടുവന്ന് അരിച്ചു ടാങ്കുകളില്‍ നിറച്ച് സൂക്ഷിക്കാവുന്നതാണ്. ഓരോ കെട്ടിടത്തിന്‍റെയും വിസ്തൃതിക്കനുസരിച്ച് വേണം ജലസംഭരണികള്‍ നിര്‍മിക്കാന്‍. സ്ഥലം കുറവുള്ള പുരയിടങ്ങളില്‍ കെട്ടിടങ്ങളുടെ അടിത്തറയില്‍ത്തന്നെ ജലസംഭരണത്തിനുവേണ്ട ടാങ്ക് നിര്‍മിക്കാം.

മഴവെള്ളം കേടുകൂടാതെ സൂക്ഷിക്കാന്‍

ആദ്യമായി ലഭിക്കുന്ന വേനല്‍മഴയിലെ വെള്ളം സംഭരിക്കേണ്ടതില്ല. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ഈ വെള്ളത്തില്‍ കൂടുതലായിരിക്കും. ഈ മഴവെള്ളം സംഭരണിയില്‍ കടക്കാതിരിക്കാനുള്ള സംവിധാനം ടാങ്കിന് ഉണ്ടായിരിക്കണം. സംഭരണി അടച്ചുസൂക്ഷിക്കണം. മറ്റ് മാലിന്യങ്ങള്‍ വെള്ളത്തില്‍ ചേരാതിരിക്കാന്‍ ഇത് സഹായകമാകും. സംഭരണിയില്‍ പിടിപ്പിച്ച കൈപ്പമ്പോ, ടാപ്പോ ഉപയോഗിച്ച് മാത്രമേ വെള്ളമെടുക്കാവൂ.

മഴവെള്ളംകൊണ്ട് വൈദ്യുതി ലാഭിക്കാം

വീട്ടാവശ്യത്തിനായി മഴക്കാലത്തു കിട്ടുന്ന മഴവെള്ളം മഴക്കാലത്തുതന്നെ ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം പമ്പു ചെയ്യുന്നതിനുള്ള വൈദ്യുതി ലാഭിക്കാം. ഇതിനായി ഒരു സിന്തറ്റിക് പ്ലാസ്റ്റിക് ടാങ്കില്‍ മഴവെള്ളം സംഭരിച്ചാല്‍ മതി.ഓരോ വീടുകളിലോ അപ്പാര്‍ട്ടുമെന്‍റുകളിലോ കോളനികളിലോ ഒക്കെ അനുയോജ്യമായ രീതിയില്‍ മേല്‍ക്കുരയില്‍നിന്ന് വെള്ളം സംഭരിക്കാവുന്നതാണ്. വൃഷ്ടി പ്രദേശത്തുനിന്നും ലഭിക്കുന്ന വെള്ളത്തിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാകണം ടാങ്കിന്‍റെ വലിപ്പം നിശ്ചയിക്കേണ്ടത്. ആവശ്യമനുസരിച്ച് കോണ്‍ക്രീറ്റ്, ഫെറോസിമന്‍റ, ആര്‍.സി.സി പ്ലാസ്റ്റിക് ടാങ്ക് തുടങ്ങിയവ തെരഞ്ഞെടുക്കാം.

ജലത്തെ പടിക്കു പുറത്താക്കുന്നവര്‍

പുരയിടങ്ങളില്‍ പെയ്യുന്ന മഴവെള്ളം അവിടങ്ങളിലെ മണ്ണില്‍ത്തന്നെ ബുദ്ധിപൂര്‍വം താഴ്ത്തുന്ന പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിലെ ജലസമൃദ്ധിക്ക് കാരണം. നാട്ടിലെ കര്‍ഷകര്‍ നൂറ്റാണ്ടുകളായി ആ അറിവുകള്‍ പ്രയോഗിച്ചു, കൈമാറിപ്പോന്നു. കേരളത്തിലെ കുടുംബങ്ങള്‍ താമസിച്ചിരുന്നത് പ്രധാനമായും ചെറിയ പുരയിടങ്ങളിലായിരുന്നു. ഇവിടങ്ങളില്‍ അത്യാവശ്യം അടുക്കളകൃഷിയും ഉണ്ടായിരുന്നു. ജൈവവേലികളോ കൈയാലക്കെട്ടുകളോ ഉള്ളതായിരുന്നു ഈ പുരയിടവും കൃഷിയിടങ്ങളും. ഇത്തരത്തിലുള്ള പുരയിടപറമ്പ് കൃഷിഭൂമിയില്‍ കിണറും ചെറിയ കുളവും ഉണ്ടായിരുന്നു. കരകൃഷിയും പുരയിടങ്ങളും കിണറും കുളവുമൊക്കെയുള്ള ഈ മനുഷ്യ ആവാസവ്യവസ്ഥ മഴക്കാലത്ത് ആവശ്യത്തിന് ഭൂഗര്‍ഭത്തില്‍ ജലം സംഭരിക്കാന്‍ പര്യാപ്തമായിരുന്നു.

മലയാളികളുടെ ഗള്‍ഫ് കുടിയേറ്റവും, കൂട്ടുകുടുംബം വിട്ട് അണുകുടുംബങ്ങള്‍ പെരുകിയതുമൊക്കെ ഈ പ്രകൃതി അനുകൂല മനുഷ്യ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. വീട്ടുമുറ്റത്ത് അലങ്കാര ഇഷ്ടികകളും കോണ്‍ക്രീറ്റും നിരത്തുന്നതാണ് പത്രാസ് എന്ന് ധരിച്ചിട്ടുള്ള ഈ പുതുതലമുറയുടെ വരവോടെ ജൈവ വേലിക്കുപകരം കോണ്‍ക്രീറ്റ് മതിലുകള്‍ ഇടംപിടിച്ചു. മുറ്റത്ത് കോണ്‍ക്രീറ്റ് തേച്ചുപിടിപ്പിച്ച് മഴവെള്ളത്തെ പടിക്കുപുറത്താക്കി. മലിനജല ഓടകള്‍ ഗ്രാമപ്രദേശങ്ങളില്‍ക്കൂടി വരാന്‍ തുടങ്ങിയതോടെ അടുക്കളയില്‍ നിന്നുള്ള മലിനജലം അടുക്കളത്തോട്ടത്തിലേയ്‌ക്കെന്നത് വീടിനുപുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. ഇത് വേനല്‍ക്കാലത്ത്പോലും കൊതുകുശല്യം പെരുകാന്‍ കാരണമായി. ഒപ്പം കുടിവെള്ളക്ഷാമത്തിനും.

അന്നും ഇന്നും ഒരു കുറവുമില്ല

ഓരോ വര്‍ഷവും നിശ്ചിത സമയത്ത് ഭൂമിക്ക് അനുഗ്രഹമായി ചൊരിയുന്ന മഴവെള്ളത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. നിരന്തരമായി ഉപയോഗിച്ചിട്ടും ഒരു കുറവും വരാത്ത ഒരേ ഒരു വസ്തു മഴവെള്ളം മാത്രമാണ്. എന്നിട്ടും ജലക്ഷാമത്തിനു കാരണമാകുന്നത് എന്താണ്? മനുഷ്യന്‍റെ തത്വദീക്ഷയില്ലാത്ത ഇടപെടലും ആര്‍ത്തിയും ധൂര്‍ത്തും തന്നെ! കാടുകളും തോടുകളും പാടങ്ങളും ചതുപ്പുകളും പോലുള്ള മഴവെള്ള സംഭരണികള്‍ മുഴുവന്‍ നശിപ്പിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ തീര്‍ത്തതും ബാക്കിയുള്ളവ മാലിന്യങ്ങള്‍ നിറച്ചതുമാണ് കുടിവെള്ളം മുട്ടിച്ചത്.

നമുക്കൊരുങ്ങിയിരിക്കാം

ദുരന്ത ലഘൂകരണ സമിതികള്‍ പ്രാദേശിക തലത്തില്‍ രൂപീകരിച്ചും അപകട - പ്രകൃതിക്ഷോഭമുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയും ബഹുജന പങ്കാളിത്തത്തോടെ അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ നമ്മള്‍ സജ്ജമാവേണ്ടതുണ്ട്. ഇപ്പോള്‍ കാണുന്നത് ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും നമ്മെക്കാത്തിരിക്കുന്നത് ഇതിലും തീവ്രമായ അവസ്ഥയാണെന്നുമുള്ള തിരിച്ചറിവോടെ വേണം നമ്മുടെ ദുരന്ത നിവാരണ നയരൂപീകരണം നടക്കേണ്ടത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു