ദാവൂദും ഭാര്യയും പരാതികൾ പങ്കുവയ്ക്കുന്നു Metro Vaartha
Special Story

'നിധി‌' നിഷേധിക്കപ്പെടുന്ന കൊക്കയാർ | പരമ്പര ഭാഗം - 2

ഉരുൾപൊട്ടലുകളും പുനരധിവാസവും സംബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി റീന വർഗീസ് കണ്ണിമല തയാറാക്കിയ പരമ്പര - കൊക്കയാറിന്‍റെ കണ്ണീർ - ഭാഗം 2

ഭാഗം 1: കൊക്കയാറിനെ കൈയൊഴിയരുത്

റീന വർഗീസ് കണ്ണിമല

ഒന്നിനും സ്വന്തം ഫണ്ടില്ലെന്നാണ് കൊക്കയാർ പഞ്ചായത്തിന്‍റെ സ്ഥിരം പല്ലവി. എന്നാൽ, വർഷങ്ങളായി ഓരോ മഴയ്ക്കും പുല്ലകയാറിലെ കയങ്ങൾ നികത്തിക്കൊണ്ട് അടിഞ്ഞു കൂടുന്ന ചെളിയും മണലും വാരി വിറ്റാൽ മാത്രം കൊക്കയാർ പഞ്ചായത്തിന് ആവശ്യമായ നഷ്ടപരിഹാരത്തുക കണ്ടെത്താനാകും.

ഏതാണ്ട് 110 കോടി രൂപയുടെ നഷ്ടമാണ് 2021ലെ ഉരുൾ പൊട്ടലിൽ കൊക്കയാർ പഞ്ചായത്തിനുണ്ടായതെന്നാണ് ഏകദേശ കണക്ക്. എന്നാൽ, ഇതത്ര വ്യക്തവുമല്ല. മണൽ ലേലം മാത്രം മതി കൊക്കയാറിന്‍റെ വികസനത്തുക കണ്ടെത്താൻ. നേരത്തെ പ്രളയമുണ്ടായപ്പോൾ കൂട്ടിക്കൽ ചപ്പാത്ത് പോകാതിരുന്നത് പുല്ലകയാറ്റിൽ കുറച്ചു മുകളിലായി ഒരു ചെക്ക് ഡാം ഉണ്ടായിരുന്നതു കൊണ്ടാണ്. ഇപ്പോൾ ആ ചെക്ക് ഡാം പൊളിച്ചു കളഞ്ഞിരിക്കുന്നു. ഏതു നേരവും ഒലിച്ചു പോകാം എന്ന അവസ്ഥയിലാണ് കൊക്കയാറ്റിലേക്കുള്ള മുഖ്യ പ്രവേശനകവാടമായ കൂട്ടിക്കൽ ചപ്പാത്ത്. ഇവിടെ വീണ്ടും ക്വാറി മാഫിയ പിടിമുറുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഹൈറേഞ്ച് ക്രഷർ ഇപ്പോഴും പ്രവർത്തിക്കുന്നു. മറ്റു പലരും തുടങ്ങാൻ പ്ലാനിടുന്നു.

''നിങ്ങളുടെ കൊക്കയാർ വാസയോഗ്യമല്ലാതായി പ്രഖ്യാപിച്ചതിൽ രാഷ്‌ട്രീയക്കാർക്ക് ആർക്കും പരാതിയില്ലല്ലോ'' എന്നാണ് കലക്റ്റർ അന്നു ചോദിച്ചതെന്ന് ദാവൂദ് ചേട്ടൻ ഓർക്കുന്നു. ഏഴു പേർ മരിച്ച, ഏഴു വീടുകൾ പോയ ഈ വാർഡിൽ ഒരു പാർട്ടിയും ഇടപെടുന്നില്ല.

''ഞങ്ങളെ അത്രയ്ക്ക് തരം താഴ്ത്തിയല്ലേ സർക്കാർ കാണുന്നത്?'' ദാവൂദ് ചേട്ടന്‍റെ ചോദ്യം പുല്ലകയാർ കടന്നും പ്രതിധ്വനിക്കുന്നു.

കൊക്കയാറിന്‍റെ കണ്ണീർ

ആയിരക്കണക്കിന് ഏക്കർ സർക്കാർ വക ഭൂമിയുള്ള പഞ്ചായത്താണ് കൊക്കയാർ. നാലായിരം ഏക്കറിലധികം വരുമെന്നാണ് തിട്ടപ്പെടുത്താത്ത കണക്കുകൾ. 1666 ഏക്കറാണ് സർക്കാർ കണക്കിലുള്ളത്.

അതിൽ തന്നെ റീസർവേ വന്നപ്പോൾ കൊക്കയാർ പഞ്ചായത്തിനോടു ചേർന്ന് മൂന്നേക്കർ പുറമ്പോക്ക് മിച്ചഭൂമിയായി. കൊക്കയാറുകാർക്ക് നല്ലൊരു ആശുപത്രിയില്ലാത്ത കുറവു തീർക്കാൻ ഈ മിച്ചഭൂമി ഉപയോഗിക്കാമെന്നു കരുതി. പക്ഷേ, പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ആധാരം നടത്തി കിട്ടിയാൽ മാത്രമേ ഈ മിച്ചഭൂമിയിൽ പഞ്ചായത്തിന് ആശുപത്രി പണിയാൻ കഴിയൂ. അത് ആധാരം ചെയ്തു നൽകാൻ നിലവിൽ ഈ എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ഗ്രൂപ്പ് തയാറല്ല.

കൊക്കയാറിന്‍റെ ബ്രാഞ്ച് ആയി ഒരാശുപത്രി മേലോരം എസ്റ്റേറ്റിലാണുള്ളത്. അവിടെ വരെ കൊക്കയാറ്റിൽ നിന്ന് ഒരു രോഗിയെ കൊണ്ടു പോകണമെങ്കിൽ അഞ്ഞൂറ് രൂപയെങ്കിലും ഓട്ടോ റിക്ഷ ചാർജ് കൊടുക്കണം. കൂട്ടിക്കൽ ആശുപത്രിയായിരുന്നു ആശ്വാസം. അതാകട്ടെ, പൊളിച്ചു പണിയാൻ തീരുമാനിച്ചിരിക്കുന്നു. കൂട്ടിക്കൽ ആശുപത്രി പൊളിച്ചു പണിയുമ്പോൾ പ്രവർത്തിക്കുന്നതിനായി തേൻപുഴയിൽ ഇപ്പോഴേ അഞ്ച് വർഷത്തേക്ക് ഒരു കെട്ടിടം വാടകയ്ക്കെടുത്തിട്ടിരിക്കുകയാണ്.

പ്രദേശവാസിയായ മറിയാമ്മ സങ്കടം പങ്കുവയ്ക്കുന്നു.

പൂവഞ്ചി ഏഴാം വാർഡിൽ മുപ്പത് പട്ടികവർഗ കുടുംബങ്ങളുണ്ട്. ഒരേക്കർ റബർ തോട്ടം ഒഴുകിപ്പോയതിനു പരിഹാരമായി കിട്ടിയത് റബർ ഒന്നിന് 30 രൂപ വച്ച് 30,000 രൂപ മാത്രം. ഇവിടെ വൻ പാറകൾ എപ്പോൾ വേണമെങ്കിലും ഉരുണ്ടു വീഴാവുന്ന അവസ്ഥയിൽ ഇളകിക്കിടക്കുന്നു. അവയൊന്നും അവിടെ നിന്നു മാറ്റാനോ ഇളകിക്കിടക്കുന്ന കല്ലു കൊണ്ട് കയ്യാല കെട്ടി മണ്ണൊലിപ്പ് തടയാനോ സർക്കാർ അനുമതിയില്ല. കാരണം, വാസയോഗ്യമല്ല എന്ന പ്രഖ്യാപനം തന്നെ!

നാളിതു വരെ കൃത്യമായ ഒരു പുനരധിവാസ പദ്ധതിയോ ആനുകൂല്യമോ സർക്കാർ കൊക്കയാർ നിവാസികൾക്കു വേണ്ടി പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കിയുടെ ഭാഗമായ കൊക്കയാറിന്‍റെ എംഎൽഎ ''നിങ്ങൾക്ക് അഞ്ച് ലക്ഷത്തിന്‍റെ വീടൊന്നും പോരാ, നല്ല സ്ഥലം തന്നെയാണു വേണ്ടത്. അതിനുള്ള അന്വേഷണത്തിലാണ്'' എന്നാണ് കളരിക്കൽ ദാവൂദ് എന്ന പ്രദേശ വാസിയോടു പറഞ്ഞത്. പക്ഷേ, നാളിതു വരെ കൊക്കയാർ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് സുരക്ഷിതമായ പുനരധിവാസ പദ്ധതിയോ അവർക്കാവശ്യമായ സുരക്ഷിതമായ വാസസ്ഥലമോ കണ്ടെത്താനോ പ്രാവർത്തികമാക്കാനോ അധികൃതർക്കു സാധിച്ചിട്ടില്ല.

എവിടാ സാറേ ക്യാംപ്?

''2020ലെ ഉരുൾ പൊട്ടലുണ്ടായി രണ്ടാഴ്ച കഴിഞ്ഞ് മുഖ്യമന്ത്രി മുണ്ടക്കയത്തു കൂടി പോയി. ഏഴു പേരുടെ ജീവനെടുത്ത ഈ പ്രദേശത്ത് ഒന്നു വന്നില്ല. കൃഷി മന്ത്രി പ്രസാദ് ആകട്ടെ, കൂട്ടിക്കൽ വരെ വന്നു, ഞങ്ങളെ കാണാനെത്തിയില്ല. നിവൃത്തിയില്ലാത്ത ഞങ്ങൾ എങ്ങോട്ടു മാറും?'' കർഷകനായ ദാവൂദ് ചോദിക്കുന്നു.

''വാസയോഗ്യമല്ലെന്ന പ്രഖ്യാപനം വന്നതു മുതൽ യാതൊരു കൃഷിയും ചെയ്യാൻ അനുമതിയില്ല. പുല്ലകയാറിന്‍റെ തീരത്താണ് കഴിയുന്നത്. സംരക്ഷണ ഭിത്തി കെട്ടാൻ പറ്റില്ലെന്നാണ് ഒരു സാറ് വന്നു പറഞ്ഞത്. വെള്ളപ്പൊക്കമുണ്ടായാൽ ക്യാംപിലോട്ടു മാറണം എന്നും അദ്ദേഹം പറഞ്ഞു. എവിടാ സാറെ ക്യാംപ് എന്നു ചോദിച്ചപ്പോൾ, ഞാൻ വില്ലേജിൽ ചെന്ന് ആലോചിച്ചിട്ട് പറയാം എന്നാണ് ആ സാറ് പറഞ്ഞത്'', മാക്കോച്ചി നിവാസിയായ മറിയാമ്മ പറയുന്നു. ''ഞങ്ങൾക്ക് മഴക്കാലത്ത് ഇവിടെ സുരക്ഷിതമല്ല. മഴക്കാലത്ത് താമസ സൗകര്യം സർക്കാർ നൽകണം'', അവർ കൂട്ടിച്ചേർത്തു.

ഇവരുടെ വേദനകൾ ആരു കേൾക്കും? കോടികൾ ഉരുളുപൊട്ടലിന്‍റെ പേരിൽ ഫണ്ടായി വാങ്ങുന്ന സർക്കാർ എന്തു കൊണ്ടാണ് കൊക്കയാറുകാർക്കായി ചില്ലിക്കാശു പോലും മുടക്കാത്തത്? ഉത്തരം പറയാൻ സർക്കാർ ബാധ്യസ്ഥമാണ്.

(തുടരും)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?