കൊക്കയാറിന്‍റെ കണ്ണീർ editorial
Special Story

കൊക്കയാറിനെ കൈയൊഴിയരുത് | പരമ്പര ഭാഗം - 1

ഉരുൾപൊട്ടലുകളും പുനരധിവാസവും സംബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി റീന വർഗീസ് കണ്ണിമല തയാറാക്കിയ പരമ്പര - കൊക്കയാറിന്‍റെ കണ്ണീർ - ഭാഗം 1

വയനാട്ടിലെ ഉരുൾപൊട്ടലിനു പിന്നാലെ സഹായ പദ്ധതികളുടെ പ്രഖ്യാപന പ്രവാഹം തന്നെയാണുണ്ടാകുന്നത്. മൂന്നു വർഷം മുൻപ് കൂട്ടിക്കൽ - കൊക്കയാർ മേഖലയിലും ഇതുപോലൊരു ദുരന്തമുണ്ടായിരുന്നു. അന്നു പ്രഖ്യാപിക്കപ്പെട്ട പുനരധിവാസ - പുനരുദ്ധാരണ പദ്ധതികൾ എവിടെവരെയെത്തി എന്നൊരു അന്വേഷണം. മെട്രൊ വാർത്ത പ്രതിനിധി റീന വർഗീസ് കണ്ണിമല തയാറാക്കിയ പരമ്പര - 'കൊക്കയാറിന്‍റെ കണ്ണീർ' - ഭാഗം 1

റീന വർഗീസ് കണ്ണിമല

പുനരധിവാസ പദ്ധതികളുടെ പ്രവാഹമാണിപ്പോൾ വയനാടിന്. എത്രത്തോളം കാര്യക്ഷമമായി അതു നടപ്പാക്കും എന്നേ ഇനി അറിയേണ്ടൂ. വാസയോഗ്യമല്ല എന്നു പ്രകൃതി വ്യക്തമാക്കിയ ആ മണ്ണിലേക്ക് ഇനിയും കർഷകരെ തിരികെ കൊണ്ടു വരണം എന്നു പോലും ചില കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. 2021ലും സമാനമായൊരു ദുരന്തം നമ്മൾ കണ്ടിട്ടുണ്ട്, മരണസംഖ്യയിൽ ഇത്രത്തോളം വരില്ലെങ്കിലും. കൂട്ടിക്കൽ - കൊക്കയാർ മേഖലയിലെ 28 ജീവനുകളാണ് അന്നത്തെ ദുരന്തത്തിൽ നഷ്ടമായത്. ഈ പശ്ചാത്തലത്തിൽ അവിടത്തെ പുനരുദ്ധാരണം എവിടെ വരെയെത്തി എന്നൊരന്വേഷണമാണ് ഈ പരമ്പര. കൂട്ടിക്കൽ കുറച്ചൊക്കെ സഹായ പദ്ധതികളുമായി മുന്നോട്ടു പോയിട്ടുണ്ട്. എന്നാൽ, കൊക്കയാറിന്‍റെ അവസ്ഥ അതീവ ശോചനീയമായി തുടരുന്നു.

അവഗണിക്കപ്പെട്ട് മാക്കോച്ചി

പൂവഞ്ചി മാക്കോച്ചി മേഖലയിലാണ് ഏഴു വീടുകൾ ഒലിച്ചു പോയതും ഏഴു പേർ മരിച്ചതും. വാസയോഗ്യമല്ല എന്നു പ്രഖ്യാപിക്കാൻ കാണിച്ച ഉത്സാഹം വാസയോഗ്യമായിടത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ കാണിച്ചിട്ടില്ല. സമരങ്ങളൊക്കെ മുറപോലെ നടക്കും. എന്നാൽ നേതൃത്വം വഹിക്കുന്നവർ അവസാനം ഞങ്ങളെ ചതിച്ച് കൈകഴുകും.

''മഴയാകുമ്പോൾ എങ്ങോട്ടാ പോകുന്നേ പപ്പാ...‍?'' എന്നാണ് കുട്ടികൾ ചോദിക്കുന്നത്. ഉരുൾ പൊട്ടലിനു ശേഷം കൊക്കയാറ്റിൽ കുടിൽ കെട്ടി സമരം നടത്തിയിരുന്നു. അന്ന് നേതാക്കൾക്ക് കാശ് കിട്ടിയെന്നു നാട്ടുകാർ പറയും. മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു. അവർ ഇനി വരില്ലല്ലോ. ജീവിച്ചിരിക്കുന്നവർക്ക് ഒന്നുമില്ല!

കൂട്ടിക്കൽ ചപ്പാത്ത്, വെള്ളപ്പൊക്കത്തിനു മുൻപും ശേഷവും.

''ഇപ്പോൾ ചെറിയ മഴ പെയ്താൽ പോലും വെള്ളം ഇരച്ചു കയറുന്നു. ആറ്റുതീരം കെട്ടാൻ ഒരു വർഷം മുൻപ് ഓർഡർ വന്നു. ഏറ്റവും പ്രശ്നമുള്ള മേഖലയായ മാക്കോച്ചി ഏഴാം വാർഡിലെ ആറ്റുതീരം കെട്ടാൻ ഒന്നും ചെയ്തില്ല. ഇവിടത്തെ അത്ര പ്രശ്നമില്ലാത്ത ചന്തക്കടവിൽ ആറ്റുതീരം കെട്ടാൻ ഫണ്ട് കൊടുത്തു, കെട്ടുകയും ചെയ്തു. മാക്കോച്ചിയുടെ ആറ്റുതീരവും മൂടിപ്പോയ കയങ്ങളുമെല്ലാം ഏഴാം വാർഡിനെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എടുത്തിടുന്നു'', പൂവഞ്ചിയുടെ സ്വന്തം പാപ്പച്ചൻ ചേട്ടൻ പറയുന്നു.

പിടിച്ചു വാങ്ങിയ റോഡ്

കളരിക്കൽ ദാവൂദ് ചേട്ടന്‍റെയും പൂവഞ്ചിക്കാരായ ഏതാനും നാട്ടുകാരുടെയും നിരന്തരമായ കോടതി വ്യവഹാരത്തിലൂടെയാണ് നെടുമ്പാശേരി - വാഗമൺ റോഡ് ഇപ്പോൾ കൊക്കയാർ നിവാസികളായ 300 കുടുംബക്കാർക്ക് ഉപകാരപ്രദമായ വിധം പ്രവർത്തനം പൂർത്തിയായി വരുന്നത്. നിലവിൽ പത്തു കോടി രൂപയുടെ ഈ പ്രോജക്റ്റ് കൊക്കയാർ പഞ്ചായത്ത് നാരകംപുഴ കൂട്ടിക്കൽ ചപ്പാത്തിലെത്തി അതു വഴി കൂട്ടിക്കലെത്തുന്നതാണ്. നേരത്തെ ഇതിന്‍റെ പദ്ധതി 35ാം മൈലിൽ നിന്ന് കൊക്കയാറ്റിലെ ഒരു പൗരപ്രമുഖന്‍റെ എസ്റ്റേറ്റ് വഴി കൂട്ടിക്കലേക്കാണു പ്ലാൻ ചെയ്തിരുന്നത്. ഈ പൗരപ്രമുഖനാകട്ടെ, ഒരു മുൻ എംഎൽഎയുടെ മകനും.മകന്‍റെ വീടിനു മുന്നിലൂടെ ബൈപാസ് വരണം എന്ന മുൻ എംഎൽഎയുടെ ആഗ്രഹമായിരുന്നു അതിനു പിന്നിൽ.

സാധാരണക്കാരായ ഒരു പറ്റം ജനങ്ങൾ ഒന്നിച്ചു ചേർന്നപ്പോൾ ഹൈക്കോടതി വരെ മുൻ എംഎൽഎ വാരിയെറിഞ്ഞ കാശൊക്കെ വെറുതെയായി.

പക്ഷേ, വാസയോഗ്യമല്ലെന്നു സർക്കാർ പ്രഖ്യാപിച്ച കൊക്കയാറിൽ നിന്ന് തങ്ങൾ എങ്ങോട്ട് പോകുമെന്ന പ്രദേശവാസികളുടെ ചോദ്യത്തിനു മാത്രം ഒരു പാർട്ടിക്കാർക്കും ഉത്തരമില്ല. വാസയോഗ്യമായ ഭൂമിയെക്കുറിച്ചറിയാൻ കളരിക്കൽ ദാവൂദ് ചേട്ടൻ വീണ്ടും ഇടുക്കി ജില്ലാ കളക്റ്ററെ കാണാൻ ചെന്നു. പുനരധിവാസം നടത്തണമെന്നു കലക്റ്റർ റിപ്പോർട്ട് നൽകി.

പുനരധിവാസ പദ്ധതികൾ കടലാസിൽ മാത്രം

2022ലെ ഓണത്തിനു പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി മാത്രം ഇതുവരെ എവിടെയും എത്തിയില്ല. യാതൊരു വകതിരിവുമില്ലാത്ത ഒരു പദ്ധതി കൂടി അന്ന് എംഎൽഎ പ്രഖ്യാപിച്ചിരുന്നു. അതീവ പരിസ്ഥിതിലോല പ്രദേശമായ ഉറുമ്പിക്കരയുടെ മുകളിൽ തന്നെ ഡിസാസ്റ്റർ മാനെജ്മന്‍റിനു സ്ഥിരം കേന്ദ്രം! അടിക്കടി ഉരുൾ പൊട്ടുന്ന, നിരവധി നീർച്ചാലുകളുള്ള, രണ്ടു നദികളുടെ പ്രഭവസ്ഥാനമായ ഉറുമ്പിക്കര മല മുകളിൽ തന്നെ വേണം ഡിസാസ്റ്റർ മാനെജ്മെന്‍റിന് സ്ഥിരം കേന്ദ്രം. എത്ര മനോഹരമായ പദ്ധതി! ഹിൻടാക്സ് (HINTAX) നടത്തിയ ഓണാഘോഷത്തിലാണ് എംഎൽഎ ഇതൊക്കെ പറഞ്ഞത്.

മോളി ഡൊമിനിക്, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്‍റ്

പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് അറിയാതെ

എംഎൽഎയുടെ ഈ പദ്ധതിയെക്കുറിച്ച് പഞ്ചായത്തിനു യാതൊരറിവുമില്ല. പഞ്ചായത്തിൽ ആലോചിച്ചിട്ടോ പാർട്ടിയിൽ ആലോചിച്ചിട്ടോ അല്ല, സ്വന്തം പാർട്ടിക്കാരൻ തന്നെയായ എംഎൽഎ ഉറുമ്പിക്കരയിലെ ഡിസാസ്റ്റർ മാനെജ്മെന്‍റ് കേന്ദ്രം എന്ന പ്രഖ്യാപനം നടത്തിയതെന്ന് കൊക്കയാറ്റിലെ പഞ്ചായത്ത് പ്രസിഡന്‍റ് മോളി ഡൊമിനിക് പറയുന്നു.

അനുവദിച്ചിട്ടും മുടങ്ങിക്കിടക്കുന്ന പഞ്ചായത്ത് പദ്ധതികളെ കുറിച്ച് പ്രസിഡന്‍റ് മോളി ഡൊമിനിക്:

''എൻആർഎച്ച്എമ്മിന്‍റെ ഇടുക്കി പാക്കേജിൽ കൊക്കയാർ ആശുപത്രിക്കു വേണ്ടി ഒരുകോടി നാൽപത്തൊമ്പതു ലക്ഷം രൂപ അനുവദിച്ചു കിടക്കുന്നു. പഞ്ചായത്തിനു സമീപം എല്ലാ സൗകര്യങ്ങളുമുള്ള മിച്ച ഭൂമി കിടന്നിട്ടും എസ്റ്റേറ്റുകാർ ആധാരം ചെയ്തു തരാത്തതു കൊണ്ടു മാത്രം ഞങ്ങൾക്ക് ആശുപത്രി പണിയാനാകുന്നില്ല. ഒരു സ്ഥാപനത്തിനു വേണ്ടി പോലും ആധാരം ചെയ്തു തരില്ലെന്നു പറയുമ്പോൾ പിന്നെ എന്തു ചെയ്യാനാണ്? നിലവിൽ മേലോരത്താണ് ആശുപത്രി. അവിടെയാകട്ടെ ഒരു വാർഡ് മാത്രമേ ഉള്ളൂ. അതും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിലാണ്.

ഏന്തയാർ പാലത്തിനു വേണ്ടി നാലു കോടി എഴുപത്തി മൂന്നു ലക്ഷവും കൊക്കയാർ പാലത്തിനു വേണ്ടി നാലു കോടി അൻപത്തി മൂന്നു ലക്ഷവും അനുവദിച്ചു കിടപ്പുണ്ട്. മണൽ വാരിയാൽ കൊക്കയാർ പഞ്ചായത്തിന് സ്വന്തം ഫണ്ടുണ്ടാകും. എന്നാൽ, മണൽ വാരാൻ അനുമതിയില്ല. കോടതിയിൽ കേസ് നടക്കുന്നു. കടവ് ലേലം വരുന്നുണ്ട് എന്നൊക്കെ എംഎൽഎ പറഞ്ഞു. പക്ഷേ, ഒന്നും നടന്നില്ല.''

അതേ, കാര്യങ്ങളൊന്നും നടന്നിട്ടില്ല. വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ മറ്റൊന്നും മൂന്നു വർഷമായി അവർക്കില്ല. വയനാടിനു മാത്രമല്ല, അവർക്കും വേണം പുനരധിവാസ പദ്ധതികൾ... കടലാസിലല്ല, ജീവിതത്തിൽ.

(തുടരും)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?