റീന വർഗീസ് കണ്ണിമല
ഏഴു ജീവനെടുത്ത കാവാലിയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുകയാണ്.പുല്ലകയാർ കരകവിഞ്ഞതാണ് കാരണം. എങ്ങനെ പുല്ലകയാർ കര കവിഞ്ഞൊഴുകാതെയിരിക്കും?
പത്തിലധികം കയങ്ങൾ. എല്ലാം ഒരു കിലോമീറ്ററിൽ കൂടുതൽ നീളമുള്ള, വേനൽക്കാലത്ത് പന്ത്രണ്ടടിയിൽ കൂടുതൽ താഴ്ചയുണ്ടാകുന്ന കയങ്ങൾ. അതായിരുന്നു പുല്ലകയാർ. ഇളംകാട് ടോപ്പ് വല്യേന്ത കൊടുങ്ങ ഉറുമ്പിക്കര മേഖലയിൽ നിന്ന് രണ്ടു നദികളാണ് ഉദ്ഭവിക്കുന്നത്. ഒന്നു മീനച്ചിലാറും മറ്റൊന്ന് മണിമലയാറും. മണിമലയാറിന്‍റെ മുഖ്യ പോഷക നദിയാണ് പുല്ലകയാർ.
നിരന്തരമുണ്ടായ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മൂലം പുല്ലകയാറിന്‍റെ കയങ്ങൾ നികന്നിരിക്കുന്നു. കയങ്ങൾ മൂടിപ്പോയതു മൂലം ആറിന് ജല സംഭരണ ശേഷി തീരെ കുറഞ്ഞു. മണലടിഞ്ഞു നികന്ന കയങ്ങൾ പുനസ്ഥാപിച്ചാൽ പകുതി വെള്ളപ്പൊക്ക ഭീഷണി ഒഴിവാകും. എന്നാൽ, ബന്ധപ്പെട്ടവർ അതിനു തയാറല്ല. നാട്ടുകാർ പഞ്ചായത്തിനെ പഴി പറയുമ്പോൾ, മണൽ വാരാൻ ജലസേചന വകുപ്പ് തങ്ങളെ അനുവദിക്കുന്നില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
പഞ്ചായത്ത് പ്രസിഡന്‍റ് മോളി ഡൊമിനിക്കിന്‍റെ വാക്കുകൾ ഇങ്ങനെ:
''ആറ്റുതീരം കെട്ടാൻ പഞ്ചായത്തിന് ഫണ്ടില്ല. ഇറിഗേഷൻകാർക്ക് ഫണ്ടില്ല. 2018ലെ നഷ്ടം ഇതുവരെ കൊടുത്തു തീർന്നിട്ടില്ല. സാധാരണക്കാരായ ആൾക്കാർക്ക് ചെറിയ നഷ്ടങ്ങളേ ഉള്ളു. വീടിനടുത്തു കൂടി ചെറിയ ചാല്… അങ്ങനെ. വലിയ ആൾക്കാരുടെ സ്ഥലമാ കൂടുതലും പോയേക്കുന്നെ. വലിയ എസ്റ്റേറ്റുകളും മറ്റും. ആറ്റുതീരം കെട്ടാൻ ഞങ്ങൾ മന്ത്രി റോഷി അഗസ്റ്റിന് നേരിട്ട് നിവേദനം കൊടുത്തതാണ്. കടവ് ലേലം വന്നാലേ എന്തെങ്കിലും ആകൂ. അതു വരുമെന്നൊക്കെ എംഎൽഎ പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ ഒന്നും ആയില്ല.''
പുല്ലകയാർ ശുചീകരണ പദ്ധതിയ്ക്കായി 2022ൽ 25 ലക്ഷം അനുവദിച്ചിരുന്നു.ഒഴുക്കിനു തടസമായതെല്ലാം നീക്കം ചെയ്യാൻ ഇതുപയോഗിച്ചു.എന്നാൽ ഏറെ ആവശ്യമായ മാക്കോച്ചി-പൂവഞ്ചി മേഖലയിലെ പുല്ലകയാർ തീരത്ത് യാതൊരു ശുചീകരണപ്രവർത്തനവും നടത്തിയില്ല.കൊക്കയാറിലും കൂട്ടിക്കലിലും ചില തൽപര കക്ഷികളുടെ നിക്ഷിപ്ത താൽപര്യത്തിനു വഴങ്ങിയാണ് ആ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് മാക്കോച്ചി-പൂവഞ്ചി നിവാസികൾ പരാതിപ്പെടുന്നു.
വഴി മാറിയൊഴുകിയ പുഴ
പ്രതിസന്ധികൾ ഒഴിയാതിരിക്കാൻ കാരണം ക്വാറി മാഫിയയുടെ ഇടപെടലാണെന്ന് അനുഭവസ്ഥർ അടിവരയിടുന്നു. പുല്ലകയാറ്റിൽ കടവ് ലേലം നടത്തേണ്ടത് അടിയന്തിരാവശ്യമാണ്. എംസാൻഡ് വിൽപ്പന കുറയുമെന്നു കരുതി ആറ്റു മണൽ ലേലം മുടക്കി പൊതുജനത്തെ കുരുതി കൊടുക്കാൻ നിയമത്തിന്‍റെ സഹായം തേടുകയാണ് ക്വാറി മാഫിയ ചെയ്യുന്നത്. മണൽ വാരൽ തടയിടൽ നിയമപരിരക്ഷയാണ് ഇവർ ഉപയോഗിക്കുന്ന പഴുത്.
കൊക്കയാറിന്‍റെ കമ്യൂണിറ്റി ഹാൾ പോലും പണിതിരക്കുന്നത് പുല്ലകയാറിലാണ്. അതേക്കുറിച്ചു ചോദിച്ചപ്പോൾ അത് പട്ടയഭൂമിയാണെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മറുപടി. പുല്ലകയാർ ആ ഭൂമി കൈയേറിയതാണത്രേ.
പുല്ലകയാറിന്‍റെ ഇങ്ങേക്കരയായ കൂട്ടിക്കലിലാണ് ആറ്റുതീരം കൈയേറ്റം ഏറ്റവും കൂടുതൽ.1500 ഓളം കടമുറികളാണ് കൂട്ടിക്കൽ പഞ്ചായത്തിൽ പുല്ലകയാറിന്‍റെ തീരത്ത് ആറ്റിലേയ്ക്കിറക്കി പണിതിരിക്കുന്നത്.ഇതൊക്കെ എല്ലാ വർഷവും വെള്ളപ്പൊക്കത്തിൽ തകരും.എല്ലാ വർഷവും ദുരന്ത നിവാരണ ഫണ്ടും കിട്ടും. ഈ കുത്സിത തന്ത്രമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.ആറ്റു തീര നിവാസികൾക്ക് കൈവശാവകാശം നൽകുന്നത് അവസാനിപ്പിച്ചേ തീരൂ.
അവസാനം സഹികെട്ട് ഇവിടെ പുഴ ഗതി മാറിയൊഴുകിയിരിക്കുന്നു. ഭൂഗർഭജലസ്രോതസിന് അതിന്‍റേതായ പാതകളിലൂടെയുള്ള യാത്ര മനുഷ്യൻ കോൺക്രീറ്റ് കാടുകൾ തീർത്ത് തടയുമ്പോൾ, പുഴയ്ക്ക് വഴിമാറിയൊഴുകുകയല്ലാതെ എന്തു വഴി!
ഈ പ്രദേശത്തെ ദുരന്ത മേഖലകളിൽ ഇതു നേരിട്ടു കാണാം. ഒന്നരയേക്കർ ഉണ്ടായിരുന്ന റബർ തോട്ടം ഇപ്പോൾ പുഴയാണ്. പുല്ലകയാർ അതിലേ ശാന്തമായി ഒഴുകുന്നു! ഇതിനെക്കുറിച്ചൊന്നും യാതൊരു പഠനങ്ങളും നടന്നിട്ടില്ല നാളിതുവരെ. ചേറും ചെളിയും വന്നടിഞ്ഞ പുല്ലകയാറിന്‍റെ തീരങ്ങൾ മാത്രമല്ല, പുല്ലകയാറു കൂടി ഉരുൾ പൊട്ടലിന്‍റെ പേരിൽ സർക്കാരിന്‍റെ ഒത്താശയോടെ ഇവിടെങ്ങും കൈയേറിക്കഴിഞ്ഞു. ഇനിയും വർഷം തോറും പുല്ലകയാറ്റിൽ വെള്ളം പൊങ്ങും... അപ്പോഴെല്ലാം ഇഷ്ടം പോലെ കാശ് ദുരന്തനിവാരണ ഫണ്ടിൽ നിന്നും അല്ലാതെയുമായി കൈയിലെത്തും... അപ്പോൾ പിന്നെ പൊൻ മുട്ടയിടുന്ന പുല്ലകയാർ ദുരന്തത്തെ കൈവിട്ടുകളയുവതെങ്ങനെ!
2021 ഒക്റ്റോബർ 16ലെ ഉരുൾ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പെട്ട് പുല്ലകയാറും മണിമലയാറും ഗതിമാറിയൊഴുകി. പുല്ലകയാറ്റിൽ ഇളംകാട് മുതൽ കൂട്ടിക്കൽ വരെയുള്ള എട്ട‌് കിലോമീറ്ററോളം ഉരുളൻ കല്ലുകൾ നിറഞ്ഞു. ഇതും നദികളുടെ ഗതി മാറ്റി. കൊക്കയാറ്റിലെ മുക്കുളം ഭാഗത്ത് ഗതിമാറിയൊഴുകുന്ന പുല്ലകയാറിനെ നിങ്ങൾക്കു കാണാം. മണിമലയാറും വ്യത്യസ്തമല്ല. മണിമലയാറ്റിലെ എരുമേലി കൊരട്ടി വരെയുള്ള പ്രദേശത്തുണ്ടായിരുന്ന പതിമൂന്ന് വൻ കയങ്ങളെല്ലാം കല്ലും മണലും ചെളിയും നിറഞ്ഞ് മൂടിപ്പോയ അവസ്ഥയിലാണിപ്പോൾ.
2023നുള്ളിൽ 32 നദികളിലെ മണൽ ഓഡിറ്റ് നടത്തിയപ്പോൾ അവയിൽ പതിനേഴിലും ധാരാളം മണൽ ശേഖരമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ മൂന്നു ലക്ഷം ടൺ മണൽ.
2018ൽ പമ്പാ നദിയിൽഅടിഞ്ഞു കൂടിയ മണൽ വാരി കരയിൽ നിക്ഷേപിച്ചെങ്കിലും അത് വിൽക്കുകയോ പ്രായോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. വ്യക്തമായ കാഴ്ചപ്പാടില്ലാത്തതു മൂലം ആ മണൽ മുഴുവൻ ഒലിച്ചു പോയി. നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനകം മണലെടുപ്പ് നടത്തിയില്ലെങ്കിൽ മണലടിഞ്ഞു കൂടി ഒഴുക്കു നഷ്ടപ്പെടുന്ന നദികൾ കൂടുതൽ അപകടകാരികളാകും. അവ ഇനിയും ഗതി മാറിയൊഴുകും. നദികളുടെ ഗതിമാറിയൊഴുകലിനു കാരണം സർക്കാർ തലത്തിലുള്ള ഈ വലിയ അനാസ്ഥ തന്നെയാണ്.
(തുടരും)