#ഇ.ആർ. വാരിയർ
അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമി ഫൈനലുകളുടെ വർഷമാണ് 2023. ഈ വർഷം 9 സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. കർണാടകയും ഛത്തിസ്ഗഡും രാജസ്ഥാനും മധ്യപ്രദേശും തെലങ്കാനയും മിസോറമും ഇനി വോട്ടെടുപ്പിനു പോകേണ്ടതായിട്ടുണ്ട്. അതിനു മുൻപ് 3 വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് വലിയ ആശ്വാസം തന്നെയാണ്. പ്രതിപക്ഷത്തിനാണെങ്കിൽ ഏറെ ചിന്തിക്കാൻ അവസരമൊരുക്കുന്നതും.
നാഗാലാൻഡിൽ അനായാസ വിജയം നേടിയ എൻഡിപിപി- ബിജെപി സഖ്യം കഴിഞ്ഞ തവണത്തെക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനമാണു കാഴ്ചവച്ചത്. മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണു ബിജെപിക്കു മത്സരിച്ചതെങ്കിലും വീണ്ടും ഒന്നിച്ചു സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ നടക്കുന്നു. അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്പിപിയുടെ തുടർഭരണം കനത്ത തിരിച്ചടിയാവുന്നതു കോൺഗ്രസിനാണ്. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം കോൺഗ്രസ് വലിയ പ്രതീക്ഷ വച്ചിരുന്ന സംസ്ഥാനമാണു മേഘാലയ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതും കോൺഗ്രസായിരുന്നു.
ത്രിപുരയിൽ ഭരണം നിലനിർത്തുകയാണു ബിജെപി. അതാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനമായി മലയാളികൾ കാണുന്നതും. കാരണം കേരളത്തിലേതു പോലെ ഇടതുപക്ഷം ശക്തമായിരുന്ന സംസ്ഥാനമാണല്ലോ അത്. ഇടതു- കോൺഗ്രസ് പോരാട്ടങ്ങൾക്കിടയിൽ ബിജെപി ഒന്നുമല്ലായിരുന്നു അവിടെ, 5 വർഷം മുൻപു വരെ. കേരളവും ബംഗാളും ത്രിപുരയും ചെങ്കോട്ടകൾ എന്നായിരുന്നല്ലോ വയ്പ്പ്. 2018ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ത്രിപുരയിലെ ചുവന്ന കോട്ടകളിൽ കാവി പടർന്നത്. അത് ഒരു തെരഞ്ഞെടുപ്പിലെ മാത്രം പ്രതിഭാസമല്ലെന്ന് ബിജെപി തെളിയിച്ചിരിക്കുന്നു എന്നതാണു മുഖ്യം. രണ്ടരപ്പതിറ്റാണു നീണ്ട ഇടതുപക്ഷത്തിന്റെ തുടർ ഭരണത്തിനാണ് അന്ന് ബിജെപി അന്ത്യം കുറിച്ചത്. ദീർഘകാല ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പുകൊണ്ട് കഴിഞ്ഞ തവണ ജനങ്ങൾ ഒന്നു മാറിച്ചിന്തിച്ചതായിരുന്നു എന്ന് ഇനി ആലോചിക്കേണ്ടതില്ല. ബിജെപിയിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിനു മുൻപ് അവർക്കു മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നത്. പക്ഷേ, അതൊന്നും തുടർ ഭരണത്തിനു പാർട്ടിക്കു തടസമായില്ല. ത്രിപുരയിൽ പാർട്ടിയുടെ അടിത്തറ ഉറച്ചതാണെന്നു തെളിയിച്ചിരിക്കുകയാണവർ.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം നേടിയത് 49 സീറ്റാണ്. ഒരിടത്ത് സിപിഐയും വിജയിച്ചു. 48 ശതമാനത്തിലേറെ വോട്ട് സിപിഎമ്മിനായിരുന്നു. കോൺഗ്രസിന് 36 ശതമാനത്തിലേറെ വോട്ടും 10 സീറ്റും. 2 ശതമാനം മാത്രം വോട്ടാണ് അന്നു ബിജെപിക്കുണ്ടായിരുന്നത്. സിപിഎമ്മിന്റെ ഈ മൃഗീയ ഭൂരിപക്ഷം തകർത്തു തരിപ്പണമാക്കിയ ബിജെപി മുന്നേറ്റം 2018ലെ അത്ഭുതമായിരുന്നു. 36 സീറ്റിൽ ബിജെപിയും 8 ഇടത്ത് സഖ്യകക്ഷി ഐപിഎഫ്ടിയും വിജയിച്ചപ്പോൾ സിപിഎം 16 സീറ്റിലേക്ക് ഒതുങ്ങി. കോൺഗ്രസ് വട്ടപ്പൂജ്യവുമായി. 44 ശതമാനത്തോളം വോട്ട് ബിജെപിക്കും 42 ശതമാനം സിപിഎമ്മിനും എന്നായി അവസ്ഥ. ഐപിഎഫ്ടിയുടെ 7.5 ശതമാനം വോട്ടു കൂടിയാവുമ്പോൾ 50 ശതമാനം കടന്നു, ബിജെപി മുന്നണിയുടെ ജനപിന്തുണ. കോൺഗ്രസ് വോട്ടുകൾ ഏതാണ്ട് തൂത്തുവാരുകയായിരുന്നു ബിജെപി അന്ന്. 2016ൽ പാർട്ടിയിൽ ചേർന്ന പ്രമുഖനായ മുൻ കോൺഗ്രസ് നേതാവ് (ഇപ്പോൾ അസം മുഖ്യമന്ത്രി) ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ ഏറ്റവും തിളക്കമാർന്ന മുഖമായിരുന്നു അന്നു ത്രിപുരയിൽ കണ്ടത്.
ഇക്കുറി എങ്ങനെയും ഭരണം തിരിച്ചുപിടിക്കണമെന്ന വാശി സിപിഎമ്മിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ദീർഘകാലമായി തങ്ങളുടെ എതിരാളികളായിരുന്ന കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്. സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു നിന്നിട്ടും ഭരണം നിലനിർത്തി എന്നതാണ് ബിജെപിയുടെ അടിത്തറ അവിടെ ഉറച്ചു എന്നതിനു തെളിവ്. ഗോത്രവർഗ മേഖലകളിൽ വലിയ വെല്ലുവിളിയാണ് പുതിയ പാർട്ടിയായ തിപ്രമോത്ത ഉയർത്തിയത്. പ്രദ്യോത് കിഷോർ ദേബ് ബർമയുടെ ഈ പ്രാദേശിക പാർട്ടി ബിജെപി മുന്നണിയുടെ ഗോത്രവർഗ മേഖലയിലെ സീറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഗോത്രവർഗ മേഖലയിൽ ബിജെപിയെ സഹായിച്ചിരുന്ന ഐപിഎഫ്ടിയുടെ വോട്ടുവിഹിതം ഇന്നലെ വൈകുന്നേരത്തെ കണക്കുപ്രകാരം 2 ശതമാനത്തിൽ താഴെയാണ്. അവർക്കുണ്ടായ വോട്ട് ഇടിവ് തിപ്രമോത്തയുടെ പെട്ടിയിലാണു വീണത്. ബിജെപിയുടെ വോട്ട് ശതമാനത്തിലും അൽപം കുറവായിട്ടുണ്ട്. അതേസമയം സിപിഎമ്മിന്റെ വോട്ടു വിഹിതത്തിൽ ഇതിലുമൊക്കെ വലിയ ഇടിവാണുള്ളത്. 25 ശതമാനത്തിനടുത്തു മാത്രമാണ് അവരുടെ വോട്ട് വിഹിതം. കോൺഗ്രസ് 8 ശതമാനത്തിനു മുകളിലേക്കു കയറി. 20 ശതമാനത്തിലേറെ വോട്ടുള്ള തിപ്രമോത്ത ഭരണ മുന്നണിയിൽ മാത്രമല്ല പ്രതിപക്ഷ വോട്ടുകളിലും ഭിന്നിപ്പുണ്ടാക്കി എന്നാണിതു കാണിക്കുന്നത്.
തിപ്രമോത്തയെ സംബന്ധിച്ചിടത്തോളം ബിജെപിയാണെങ്കിലും ഇടതു- കോൺഗ്രസ് സഖ്യമാണെങ്കിലും ഒരുപോലെയാണ്. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് അവർ ഫലങ്ങൾ വന്നുകൊണ്ടിരിക്കെ തന്നെ വ്യക്തമാക്കുന്നുണ്ടായിരുന്നു. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പോലും ബിജെപിക്ക് ഇവരെ കൂട്ടി ഭരിക്കാൻ കഴിയുമായിരുന്നു എന്നാണ് ഇതിനർഥം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സ്വാഭാവികമായും ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ വിളിക്കുകയും ചെയ്യും. ത്രിപുരയിൽ ഒരു ഭരണമാറ്റം എന്ന മോഹത്തിൽ നിന്ന് വളരെ അകലെയായി അങ്ങനെ നോക്കുമ്പോൾ ഇടതു- കോൺഗ്രസ് സഖ്യം.
കോൺഗ്രസുമായുള്ള ഇടതു സഖ്യം ആവർത്തിച്ചു പരാജയപ്പെടുന്നു എന്നതാണു ദേശീയ രാഷ്ട്രീയം വീക്ഷിക്കുന്നവർക്കു മുന്നിലുള്ള യാഥാർഥ്യം. നേരത്തേ പശ്ചിമ ബംഗാളിലും സംഭവിച്ചത് ഇതുതന്നെയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തന്ത്രപരമായ സീറ്റ് ധാരണയുണ്ടാക്കിയപ്പോൾ കോൺഗ്രസിനു കിട്ടിയത് 44 സീറ്റുകൾ, ഇടതിന് 32. മുഖ്യ പ്രതിപക്ഷ കക്ഷിയായി കോൺഗ്രസ് മാറി. മമതയുടെ തൃണമുൽ 211 മണ്ഡലങ്ങളിലാണു വിജയിച്ചത്. 2021ൽ എത്തിയപ്പോഴേക്കും ബിജെപിയായി മുഖ്യ പ്രതിപക്ഷം. ഇടത്- കോൺഗ്രസ് -ഐഎസ്എഫ് സഖ്യത്തിനു ലഭിച്ച ഏക സീറ്റ് പ്രാദേശിക കക്ഷിയുടേതായി. ഇടതിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമാണു വട്ടപ്പൂജ്യമായിപ്പോയ അവർക്കു നേരിടേണ്ടിവന്നത്. സിപിഎം വോട്ട് 5 ശതമാനത്തിൽ താഴെയായി, കോൺഗ്രസിനു 3 ശതമാനത്തിൽ താഴെയും!
കോൺഗ്രസിനോടു ചേർന്നു മത്സരിച്ചിട്ടും ജനപിന്തുണ തിരിച്ചുപിടിക്കാൻ കഴിയുന്നില്ല എന്നത് സിപിഎമ്മിനെ പഴയ ശക്തികേന്ദ്രങ്ങളിൽ അസ്വസ്ഥപ്പെടുത്തുക തന്നെ ചെയ്യും. വോട്ടും സീറ്റും കുറയുമ്പോൾ ഇനിയെന്ത് എന്ന വലിയ ചോദ്യമാണ് അവർക്കു മുന്നിലുള്ളത്.