#എം.ബി. സന്തോഷ്
നീതിയും രാഷ്ട്രീയവും തമ്മിലുള്ള ഇടപെടലുകളിലെ ബന്ധം നമ്മെ ഏറ്റവുമൊടുവിൽ ബോധ്യപ്പെടുത്തിയത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേരള സന്ദർശനത്തിലെ ജാമ്യ വ്യവസ്ഥകളാണ്.
നേരത്തെ, ജാമ്യം ലഭിച്ചപ്പോൾ 20 പൊലീസ് ഉദ്യോഗസ്ഥര്‍ മദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടയ്ക്കണമെന്നാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇതുൾപ്പെടെ ചെലവ് ഒരു കോടിയിലേറെ വേണ്ടിവരുമെന്ന് കണക്കാക്കിയിരുന്നു.
"കർണാടക സർക്കാർ ആവശ്യപ്പെടുന്ന ഇത്രയും വലിയ തുക കെട്ടിവയ്ക്കാനാവില്ല. ഇത്രയും ഭീമമായ തുക കെട്ടിവച്ചാൽ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. എന്നെ സഹായിക്കാന്‍ മനസുള്ള ഒരുപാട് പേര് ഇവിടെയുണ്ട്. എങ്കിലും, ഈ നീതി നിഷേധത്തോട് ഞാൻ ഇനിയും സന്ധി ചെയ്ത് ഇങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിച്ചാല്‍ നാളെ മറ്റൊരാൾക്ക് ഈ അവസ്ഥ വരും. കഠിനമായ നീതി നിഷേധം അനുഭവിച്ച് ജയിലില്‍ കഴിയുന്ന ഒരുപാടുപേര് ഇവിടെയുണ്ട്. അവര്‍ക്കാണ് ഈ നീതി നിഷേധം സംഭവിക്കുന്നതെങ്കില്‍ ആരും സഹായിക്കാനില്ലാതെ അവര്‍ ജയിലിലില്‍ തന്നെ തുടര്‍ന്നേനെ. അതിനാല്‍ ഈ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്കു പോകാന്‍ ഞാൻ തയാറല്ല'- അന്ന് മദനി പറഞ്ഞു. തുടർന്നാണ് അപ്പോഴത്തെ യാത്ര മുടങ്ങിയത്.
അതിനു ശേഷമായിരുന്നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപി തോറ്റു, കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു. അതോടെ കേരളത്തില്‍ മദനിക്ക് വരുന്നതിന് 6.76 ലക്ഷം രൂപയായി ചെലവ് നിശ്ചയിച്ചത് അതേ കർണാടക പൊലീസ്! 60ൽ നിന്ന് 6.7 ലക്ഷത്തേയ്ക്കുള്ള നീതിയുടെ ഈ യാത്രയെ ഏതു പേരിൽ വിശേഷിപ്പിക്കാനാവും?
മദനിയെ ആദ്യമായി കാണുന്നത് പത്തനംതിട്ടയിൽ വച്ചാണ്. അന്ന് "മംഗള'ത്തിന്റെ പത്തനംതിട്ട ലേഖകൻ. മുസ്ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്ലാമിക് സേവക് സംഘ് (ഐഎസ്എസ്) രൂപവത്കരിച്ച് കേരളമാകെ വാക്കുകളിൽ തീയുണ്ടനിറച്ച് മദനി പാഞ്ഞുനടക്കുന്ന കാലമായിരുന്നു അത്. അക്കാലത്ത് ഒപ്പമുണ്ടായിരുന്നവരിൽ "മാധ്യമം' ലേഖകനായിരുന്ന ഖാൻ ഷാജഹാൻ, ആർഎസ്എസ് രീതിയിൽ സേനയുണ്ടാക്കി സായുധമായി സംഘടിപ്പിക്കുന്നത് സമുദായത്തെ ദോഷകരമായി ബാധിക്കുമെന്ന നിലപാടെടുത്തു. പിന്നീട് അതായിരുന്നു ശരിയെന്ന് സമുദായം തിരിച്ചറിഞ്ഞു. ഖാൻ ഷാജഹാൻ ഇന്ന് നമ്മോടൊപ്പമില്ല, ആദരാഞ്ജലി...
അന്ന് മദനിയുടെ പ്രസംഗം റിപ്പോർട്ട് ചെയ്യുമ്പോഴനുഭവിച്ച ധാർമിക പ്രതിസന്ധിയുണ്ട്. മദനി പറഞ്ഞത് അതേപടി എഴുതാനാവില്ല. അത്രയ്ക്ക് പ്രകോപനപരമായിരുന്നു. പ്രസംഗം അടുത്ത ദിവസം അച്ചടിച്ചുവന്നപ്പോൾ ആദ്യം അഭിനന്ദിച്ചത് ഖാൻ ഷാജഹാനാണ്.
പിന്നീട്, "കേരളകൗമുദി' തിരുവനന്തപുരം ബ്യൂറോയിൽ പ്രവർത്തിക്കുമ്പോൾ പവർഹൗസ് റോഡിനടുത്തുള്ള ഹോട്ടലാണ് മദനിയുടെ സ്ഥിരം പത്രസമ്മേളന വേദി. മദനിക്ക് സുരക്ഷ എന്ന പേരിൽ അദ്ദേഹത്തിന്റെ സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടിക്കലിനെ തുടർന്ന് മാധ്യമ പ്രവർത്തകർ ഒരുതവണ ഇറങ്ങിപ്പോക്കിന്റെ വക്കോളം എത്തിയതാണ്. അന്ന് മാധ്യമപ്രവർത്തകരോട് ക്ഷമ പറഞ്ഞ് സുരക്ഷാ പ്രവർത്തകരെ അവിടെനിന്ന് മാറ്റിയത് യശശ്ശരീരനായ പൂന്തുറ സിറാജ്.
മദനിക്കെതിരെ 1992 ആഗസ്റ്റ് 6ന് വധശ്രമം നടക്കുകയും അദ്ദേഹത്തിന്റെ വലതുകാൽ നഷ്ടമാവുകയും ചെയ്തു. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐഎസ്എസ് നിരോധിച്ചതിന് പിന്നാലെ അദ്ദേഹം അറസ്റ്റിലായി. തുടർന്ന്, രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞ മദനി അടുത്ത വർഷത്തെ അംബേദ്കർ ജയന്തിയ്ക്ക് പിഡിപി എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നൽകി. "അവർണന് അധികാരം പീഡിതർക്ക് മോചനം' എന്നായിരുന്നു മുദ്രാവാക്യം.
കോഴിക്കോട് മുതലക്കുളം മൈതാനത്ത് 1992ൽ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് 1998 മാർച്ച് 31ന് എറണാകുളം കലൂരിലെ വസതിയിൽ നിന്ന് മദനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്ഫോടനങ്ങളിൽ 58 പേർ മരിക്കുകയും 200ലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയിൽ അദ്ദേഹവും പ്രതിയായി. ഈ കേസിൽ 2007 ഓഗസ്റ്റ് 1ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. മദനിക്ക് 9 വർഷവും 3 മാസവും ജയിലിൽ കഴിയേണ്ടിവന്നു. അതിന്റെ മനുഷ്യാവകാശ ലംഘനം ചർച്ച ചെയ്യപ്പേടേണ്ടതും നഷ്ടപരിഹാരം ലഭിക്കേണ്ടതുമല്ലേ?
ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പൊലീസ് 2010 ആഗസ്റ്റ് 17ന് മദനിയെ അറസ്റ്റ് ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആ കേസിൽ 2014ൽ ഉപാധികളോടെ ജാമ്യം ലഭിച്ച മദനി 9 വർഷമായി ബംഗളൂരുവിൽ വാടകയ്ക്കു താമസിക്കുകയാണ്. നഗരം വിട്ട് പോകരുതെന്നായിരുന്നു സുപ്രീം കോടതി മുന്നോട്ട് വച്ച ജാമ്യ ഉപാധി. വിചാരണയുടെ അന്തിമവാദം മാത്രം ബാക്കി നില്‍ക്കെ മദനി ബംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യകതയെന്താണ് എന്നായിരുന്നു ജസ്റ്റിസ് അജയ് റസ്ത്തോഗി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മാർച്ച് 27ന് ചോദിച്ചത്.
ലഷ്കർ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന തടിയന്റവിടെ നസീർ തീവ്രവാദത്തിലേക്ക് എത്തിയത് മദനി സ്ഥാപിച്ച സംഘടനകളിലൂടെയാണെന്നു ചൂണ്ടിക്കാട്ടുന്ന കർണാടക പൊലീസ്, കുറ്റകൃത്യങ്ങളിൽ ഇരുവർക്കും പങ്കുണ്ടെന്നും ആരോപിക്കുന്നു. അതിന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കുന്ന തെളിവുകളുണ്ടെങ്കിൽ കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടണം. അതിനു പകരമുള്ള കൊല്ലാക്കൊല അനുവദിക്കാൻ പാടില്ല. ഒരു വ്യാഴവട്ടത്തിലേറെ അദ്ദേഹം അനുഭവിക്കേണ്ടിവന്ന കരുതൽ തടവും നാടുകടത്തലും അങ്ങേയറ്റം നീതിനിഷേധമാണ്.
കേരളത്തിലെ ആദ്യകാല ദൃശ്യമാധ്യമ ലേഖകരിലൊരാളായ കെ.കെ. ഷാഹിനയുടെ അനുഭവം: ബംഗളുരു കേസില്‍ മദനിക്കെതിരായുള്ള പ്രധാന കുറ്റാരോപണം തടിയന്റവിട നസീറുമായി സ്ഫോടനം ആസൂത്രണം ചെയ്യാനായുള്ള ഗൂഢാലോചന നടത്തി എന്നതാണ്. മദനി കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെച്ച് നസീറുമായി ഗൂഢാലോചന നടത്തി എന്നതിനു പൊലീസിന്റെ സാക്ഷി ഫ്ലാറ്റുടമ ജോസ് വര്‍ഗീസാണ്. എന്നാല്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് കന്നടയില്‍ എഴുതിയ സാക്ഷിമൊഴി പൊലീസ് ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറയുകയും ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കുകയും ചെയ്തു. മദനിയുടെ സഹോദരനും തന്റെ മൊഴി വളച്ചൊടിച്ചു എന്ന് കോടതിയില്‍ പരാതി നല്കി.
കര്‍ണാടകത്തിലെ മടിക്കേരിയില്‍ നസീറുമായി മദനി കൂടിക്കാഴ്ച നടത്തി എന്നതിനു പൊലീസ് നല്കിയ 2 സാക്ഷികളാണ് തോട്ടം തൊഴിലാളിയായ റഫീക്കും ബിജെപി പ്രവര്‍ത്തകനായ യോഗാനന്ദയും. ഈ 2 പേരുമായി നടത്തിയ അഭിമുഖം ഷാഹിനെയെ കര്‍ണാടക പൊലീസിന്റെ വേട്ടയാടലിനിടയാക്കി. "താന്‍ മദനിയെ കണ്ടു' എന്നാണ് തന്റെ സാക്ഷിമൊഴിയെന്ന് യോഗാനന്ദ അറിയുന്നതു തന്നെ ഷാഹിന അതേക്കുറിച്ച് ചോദിക്കുമ്പോഴാണ്! റഫീക്ക് തന്നെ പൊലീസ് പീഡിപ്പിച്ച് കള്ളം പറയിപ്പിക്കുകയായിരുന്നുവെന്ന് ഷാഹിനയോട് സമ്മതിച്ചു. ഇതെല്ലാം ഷാഹിന രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയും "തെഹല്‍ക'യില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ ഫലമെന്താണെന്നോ? ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചു എന്നാരോപിച്ച് ഷാഹിനയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുക്കുക മാത്രമല്ല ചെയ്തത്, മടിക്കേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു!
മദനിയെ വെറുതെ വിടണമെന്നേയല്ല ഇതിന്റെ അർഥം. കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കണം എന്നു തന്നെയാണ് നിലപാട്. ഒപ്പം, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന ഇന്ത്യൻ ജുഡീഷ്യറിയുടെ സത്ത മാനിക്കപ്പെടണം. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പൊലീസ് ഉണ്ടാക്കാറുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിയായിരിക്കേ മാർക്കണ്ഡേയ കട്ജു നിരീക്ഷണം നടത്തിയത് മദനിയുടെ കേസിലെ വാദം കേൾക്കലിനിടയിലാണെന്നും ഓർക്കണം.