മാധവ് ഗാഡ്ഗിൽ 
Special Story

വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തം: മാധവ് ഗാഡ്ഗിൽ

മാറിമാറിവന്ന കേരള സർക്കാരുകൾ, 2011ലെ റിപ്പോർട്ടിൽ വ്യക്തമായി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു, പരിസ്ഥിതോലോല പ്രദേശങ്ങളെ സംരക്ഷിക്കാനുള്ള നിർണായക ശുപാർശകൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.

അജയൻ

''പശ്ചിമഘട്ടമാകെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ശരിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിൽ മഹാദുരന്തങ്ങളുണ്ടാകാൻ ഒരുപാടുകാലമൊന്നും വേണ്ടി വരില്ല, നാലഞ്ച് വർഷത്തിനുള്ളിൽ തന്നെ അതു സംഭവിക്കും.''

- മാധവ് ഗാഡ്ഗിൽ (2013)

മാധവ് ഗാഡ്ഗിലിന്‍റെ നേതൃത്വത്തിൽ 2011ൽ തയാറാക്കിയ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിൽ നൽകിയ മുന്നറിയിപ്പുകൾ വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്. പതിമൂന്ന് വർഷം പിന്നിടുമ്പോഴും റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയിട്ടില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ചടങ്ങു പോലെ അതിൻമേലുള്ള വാദപ്രതിവാദങ്ങൾ ആവർത്തിക്കുക മാത്രം ചെയ്തുപോരുന്നു. ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ ഭീതിദമായ തനിയാവർത്തനങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. 2018ലെ മഹാപ്രളയം മുതലിങ്ങോട്ട് കാർമേഘങ്ങളെ കേരളീയർ അഭൂതപൂർവമായ ഭീതിയോടെ കണ്ടുതുടങ്ങിയിരിക്കുന്നു; ഓരോ പെരുമഴയും പ്രളയത്തിന്‍റെയും ഉരുൾപൊട്ടലിന്‍റെയും ഭീഷണികളായി മാറുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഉരുൾപൊട്ടലുകളിൽ മുന്നൂറോളം മനുഷ്യജീവനുകൾ പൊലിഞ്ഞിട്ടുണ്ട് കേരളത്തിൽ. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ സംഭവിക്കാവുന്ന മഹാദുരന്തങ്ങളുടെ തിരനോട്ടമാണിത്.

ഗാഡ്ഗിലിന്‍റെ മുന്നറിയിപ്പുകൾ

മനുഷ്യർ ചെയ്ത പ്രവൃത്തികളുടെ ദൗർഭാഗ്യകരമായ ഫലം തന്നെയാണ് വയനാട്ടിൽ കണ്ടതെന്ന് മാധവ് ഗാഡ്ഗിൽ മെട്രൊ വാർത്തയോടു പ്രതികരിച്ചു.

ഇതു മനുഷ്യനിർമിത ദുരന്തമാണ്. 2011ലെ റിപ്പോർട്ടിൽ വ്യക്തമായി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച കേരള സർക്കാരുകൾ, പരിസ്ഥിതോലോല പ്രദേശങ്ങളെ സംരക്ഷിക്കാനുള്ള നിർണായക ശുപാർശകൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.

ദുരന്തമേഖലയ്ക്ക് അധികം അകലെയല്ലാതെയുള്ള പാറമടകൾ ഉരുൾപൊട്ടലിന്‍റെ കാരണങ്ങളിലൊന്നാണെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നു. ഈ പാറമടകളിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പക്ഷേ, പ്രവർത്തിച്ചിരുന്ന കാലത്ത് അവിടെ നടത്തിയ സ്ഫോടനങ്ങളുടെ അനുരണനങ്ങൾ ചുറ്റുമുള്ള വിശാലഭൂമികയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്.

ദുരന്തമേഖലയ്ക്ക് അധികം അകലെയല്ലാതെയുള്ള പാറമടകൾ ഉരുൾപൊട്ടലിന്‍റെ കാരണങ്ങളിലൊന്നാണ്
മാധവ് ഗാഡ്ഗിൽ, മെട്രൊ വാർത്തയോട്

പുരാതനമായ എടയ്ക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്നത് മുണ്ടക്കൈ ദുരന്തഭൂമിക്കടുത്തുള്ള അമ്പുകുത്തിമലയിലാണ്. ഈ മലയുടെ വലിയൊരു ഭാഗം നേരത്തെ തന്നെ പാറമട ലോബികൾ കൈയടക്കിക്കഴിഞ്ഞതാണ്. 2018ലെ പ്രളയത്തിനു മുൻപ് തയാറാക്കിയ ഒരു റിപ്പോർട്ട് പ്രകാരം, പശ്ചിമഘട്ടത്തിലെ പാറമടകളുടെ വ്യാപ്തി 7,200 ഹെക്റ്ററോളം വരും. മേഖലയുടെ മുഴുവൻ പരിസ്ഥിതി സന്തുനത്തിനും ഭീഷണിയാകാവുന്നിടത്തോളം വിസ്തൃതമാണിത്. ഇതിനു പുറമേയാണ് തണ്ണീർത്തട നിയമങ്ങളിൽ വെള്ളം ചേർത്ത്, നെൽപ്പാടങ്ങൾ മണ്ണിട്ടു നികത്താൻ സർക്കാർ നൽകിവരുന്ന അനുമതി.

ദുരന്തത്തിന്‍റെ കാരണങ്ങൾ

പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ച് വയനാട്ടിൽ നടത്തിവരുന്ന പല പ്രവൃത്തികളും ഈ ദുരന്തത്തിന് ഉത്പ്രേരകങ്ങളായിട്ടുണ്ട്. അതിവിശാലമായ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും വേണ്ടി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുമെല്ലാം ഇതിൽപ്പെടും.

ഈ ദുരന്തങ്ങൾക്കെല്ലാം പിന്നിൽ മനുഷ്യന്‍റെ ഇടപെടലുകൾക്കുള്ള പങ്ക് പല ശാസ്ത്രജ്ഞരും എടുത്തുപറയുന്നുണ്ട്. ഭൂവിനിയോഗത്തിലുണ്ടായ വലിയ വ്യത്യാസങ്ങൾ, പാറമടകളുടെ ആധിക്യം, മലകൾ ഇടിച്ചുനിരത്തിയുള്ള നിർമാണ പ്രവർത്തനങ്ങൾ, പരിസ്ഥിതി പരിഗണിക്കാതെയുള്ള റോഡ് നിർമാണം, ടൂറിസത്തിന്‍റെ മറവിൽ അശാസ്ത്രീയമായ റിസോർട്ട് പ്രവർത്തനങ്ങൾ എന്നിവയെല്ലാം പശ്ചിമഘട്ടത്തെ ദുർബലപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം മൺസൂണിന്‍റെ ഘടനയിലുണ്ടായ മാറ്റങ്ങൾ കൂടിയാകുമ്പോൾ ചുരുങ്ങിയ സമയംകൊണ്ട് പെരുമഴകൾ പെയ്തിറങ്ങുന്ന പ്രതിഭാസവും തീവ്രമായത് ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും ആക്കം കൂട്ടുകയാണ്.

മേഖലയിലെ ഭൂപ്രകൃതിയെക്കുറിച്ച് വ്യക്തമായ അറിവുള്ള ഒരു പരിസ്ഥിതി വിദഗ്ധൻ ചൂണ്ടിക്കാട്ടിയത് മലമുകളിൽ നിന്നുണ്ടായ ഉരുൾപൊട്ടലിന്‍റെ പ്രത്യേകതയെക്കുറിച്ചാണ്. വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ മേൽമണ്ണും പാറക്കല്ലുമെല്ലാം ഒലിച്ചിറങ്ങി ഒരു ഗ്രാമത്തിനു മീതേക്കാണ് പതിച്ചത്. വീടുകളും മറ്റു കെട്ടിടങ്ങളും മരങ്ങളുമെല്ലാം കടപുഴക്കിക്കൊണ്ട് ചാലിയാർ വരെ ആ മരണക്കുതിപ്പ് തുടർന്നു.

മുണ്ടക്കൈ ഗ്രാമത്തെയാകെ നാമാവശേഷമാക്കിക്കൊണ്ട് കുത്തിയൊലിച്ച മലെവള്ളപ്പാച്ചിലിൽപ്പെട്ട 20 പേരുടെ മൃതദേഹങ്ങൾ സൂചിപ്പാറ വെള്ളച്ചാട്ടവും കടന്ന് 20 കിലോമീറ്റർ താഴെ ചാലിയാറിൽനിന്നാണ് കണ്ടെത്തിയത്

മുണ്ടക്കൈ ഗ്രാമത്തെയാകെ നാമാവശേഷമാക്കിക്കൊണ്ട് കുത്തിയൊലിച്ച മലെവള്ളപ്പാച്ചിലിൽപ്പെട്ട 20 പേരുടെ മൃതദേഹങ്ങൾ സൂചിപ്പാറ വെള്ളച്ചാട്ടവും കടന്ന് 20 കിലോമീറ്റർ താഴെ ചാലിയാറിൽനിന്നാണ് കണ്ടെത്തിയത് എന്നതുതന്നെ ഈ ദുരന്തത്തിന്‍റെ വലുപ്പം വ്യക്തമാക്കുന്നു.

മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം കൂടി മലവെള്ളപ്പാച്ചിലിൽ തകർന്നുപോയതിനെക്കുറിച്ചാണ് ഒരു വോളന്‍റിയർ പരിതപിച്ചത്. 2018ലെ പ്രളയകാലത്ത് നിലമ്പൂരിലെ മുണ്ടേരിയിൽ ആദിവാസി കോളനി ഒറ്റപ്പെടാൻ കാരണമായതും ഇങ്ങനെയൊരു പാലം തകർന്നതായിരുന്നു. ആ പാലമാകട്ടെ, ഇന്നും പുനർനിർമിച്ചിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

അവഗണിച്ച മുന്നറിയിപ്പുകൾ

കൽപ്പറ്റയിലെ ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി 16 മണിക്കൂർ മുൻപേ പ്രവചിച്ചിരുന്നതാണ് ഈ ദുരന്തത്തിനുള്ള സാധ്യത. കേരളത്തിനു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഇന്ത്യൻ പാർലമെന്‍റിലാണ്.

കൽപ്പറ്റയിലെ ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി 16 മണിക്കൂർ മുൻപേ പ്രവചിച്ചിരുന്നതാണ് ഈ ദുരന്തത്തിനുള്ള സാധ്യത

തൃശൂരിനെയും പാലക്കാടിനെയും ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിന്‍റെ മാതൃകയിൽ വയനാട്ടിലെ മലകൾ തുരങ്കപാത നിർമിക്കാനുള്ള നിർദേശം തയാറാക്കിയ പിണറായി സർക്കാർ ജനങ്ങൾക്കു വിശദീകരണം നൽകാൻ ബാധ്യസ്ഥമാണ്. ഇപ്പോൾ ദുരന്തമുണ്ടായ പ്രദേശത്തിനടുത്തുകൂടിയാണ് നിർദിഷ്ട തുരങ്കപാത. അതുകൊണ്ടു തന്നെ അപകടകരമായ ഇത്തരം പ്രവൃത്തികൾ സർക്കാർ ഉപേക്ഷിക്കേണ്ടതുണ്ട്.

പരിഹാരം, പ്രതിരോധം

കേരളത്തിൽ ഭൂവിനിയോഗം സംബന്ധിച്ച വ്യക്തമായ നയം അടിയന്തരമായി തയാറാക്കേണ്ടതുണ്ടെന്നാണ് ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽനിന്നുള്ള പ്രശസ്ത ഭൗമശാസ്ത്രജ്ഞനും, യുഎസിലെ കൺസോർഷ്യം ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്‍റ് ഡയറക്റ്ററുമായ സി.പി. രാജേന്ദ്രൻ അഭിപ്രായപ്പെടുന്നത്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഉടനടി സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരവധിവസിപ്പിക്കണം. ഇത്തരം കാര്യങ്ങൾ താത്കാലിക പരിഹാരങ്ങളിലെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. ആവശ്യത്തിനു ഡേറ്റ ലഭ്യമാണ്. ഡിജിറ്റൽ എലിവേഷൻ മോഡലുകളുണ്ട്. ഇതൊക്കെ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് ഇല്ലാത്തത്.

ഇങ്ങനെയൊരു പശ്ചാത്തലത്തിൽ, ഇതുവരെ എന്തൊക്കെ ചെയ്തെന്നും ചെയ്തില്ലെന്നും വിശദീകരിക്കാനുള്ള ബാധ്യത ഭൂവിനിയോഗ ബോർഡിനും ദുരന്തരനിവാരണ വിഭാഗത്തിനും മറ്റു സർക്കാർ വിഭാഗങ്ങൾക്കുമുണ്ട്.

ഡിജിറ്റൽ എലിവേഷൻ മോഡലുകളുണ്ട്. ഇതൊക്കെ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് ഇല്ലാത്തത്.
സി.പി. രാജേന്ദ്രൻ

മാഫിയകളാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അത് അവസാനിപ്പിക്കണം. സ്ഥിതിഗതികൾ ഗുരുതരമാണ്. അത് പരമാവധിയിലെത്തിക്കഴിഞ്ഞു. അതു കാരണമുള്ള ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദരിദ്ര സമൂഹങ്ങളെയാണ്- രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായുള്ള പാറമട പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ ശാസ്ത്രീമായി വിശകലനം ചെയ്യപ്പെടണം. പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഏതു പ്രവർത്തനത്തിനും അനുമതി നൽകേണ്ടത് കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടാവണം- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ വേണ്ട നടപടികളിലാണ് സംസ്ഥാനം ഗണ്യമായ നിക്ഷേപം നടത്തേണ്ടതെന്നാണ് മെട്രൊ വാർത്തയോടു സംസാരിച്ച വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടിയത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലളുടെ മാപ്പിങ് പുതുക്കണം. ഭൂവിനിയോഗത്തിന്‍റെ ഘടന പുനരവലോകനം ചെയ്യണം. നദിയും പുഴയും മറ്റു ജലസ്രോതസുകളും കൈയേറുന്നവർക്കെതിരേ കടുത്ത നടപടി വേണം. താഴേത്തട്ടിൽ പൊതുജന പങ്കാളിത്തമുള്ള ദുരന്ത നിവാരണ സെല്ലുകൾ രൂപീകരിക്കണം. പരിസ്ഥിയെക്കുറിച്ചുള്ള പരമ്പരാഗത വിജ്ഞാനം കൂടി ദുരന്ത നിവാരണത്തിലും പ്രതിരോധത്തിലും ഉൾക്കൊള്ളിക്കുകയും വേണം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...